പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെ പാലക്കാട് ഒമ്പത് എംഎല്‍എമാര്‍; ഒരു പദ്ധതിക്കു പോലും ഭരണാനുമതി വാങ്ങാതെ പട്ടാമ്പി

സംപൂജ്യരുടെ പട്ടികയില്‍ മന്ത്രി എ കെ ബാലന്‍, മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍, തൃത്താല എംഎല്‍എ വി ടി ബല്‍റാം തുടങ്ങി ജില്ലയിലെ പ്രമുഖരെല്ലാം ഉണ്ട്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലെങ്കിലും മറ്റിനത്തില്‍ 89.97 ശതമാനം ചെലവഴിച്ച് ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍ കണക്കില്‍ മുന്നിലെത്തുകയും ചെയ്തു.

പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെ പാലക്കാട് ഒമ്പത് എംഎല്‍എമാര്‍; ഒരു പദ്ധതിക്കു പോലും ഭരണാനുമതി വാങ്ങാതെ പട്ടാമ്പി

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെ പാലക്കാട്‌ ജില്ലയിലെ ഒമ്പത് എംഎല്‍എമാര്‍. ശനിയാഴ്ച്ച കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിച്ച പദ്ധതി നിര്‍വ്വഹണ പുരോഗതി റിപ്പോര്‍ട്ടിലാണ് എംഎല്‍എമാരുടെ  ഫണ്ട് ചെലവഴിക്കാത്ത സംപൂജ്യ കണക്ക് പുറത്തായത്.സംപൂജ്യരുടെ പട്ടികയില്‍ മന്ത്രി എ കെ ബാലന്‍, മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍, തൃത്താല എംഎല്‍എ വി ടി ബല്‍റാം തുടങ്ങി ജില്ലയിലെ പ്രമുഖരെല്ലാം ഉണ്ട്.  എന്നാല്‍ നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലെങ്കിലും മറ്റിനത്തില്‍ 89.97 ശതമാനം ചെലവഴിച്ച് ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍ കണക്കില്‍ മുന്നിലെത്തുകയും ചെയ്തു. ജില്ലയിലെ ആകെയുള്ള 12 എംഎല്‍എമാരില്‍ ഒമ്പത് പേര്‍ ഇടതുപക്ഷത്തു നിന്നുള്ളവരാണ്. ഇതില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍ മാത്രമാണ്  ഫണ്ട് വിനിയോഗിച്ചത്.
മൂന്ന് യുഡിഎഫ് എംഎല്‍എമാരില്‍ ഒരു രൂപ പോലും ഫണ്ട് ചെലവഴിക്കാത്തത് തൃത്താല എംഎല്‍എ വി ടി ബല്‍റാം മാത്രമാണ്. ഈ പൂജ്യം പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പട്ടാമ്പി എംഎല്‍എയും ജെഎന്‍യു സമരനായകന്‍ കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ ആണ്. മറ്റുള്ളവരെല്ലാം 2016- 17 വര്‍ഷത്തില്‍ ചില പദ്ധതികള്‍ക്ക് ഭരണാനുമതി  വാങ്ങിയിട്ടുണ്ടെങ്കില്‍ പട്ടാമ്പി മണ്ഡലത്തില്‍ ജില്ലാ വികസന സമിതി ഉപയോഗിച്ച് ചെയ്യുന്ന ഒരു പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചിട്ടില്ല.

ആലത്തൂര്‍ കഴിഞ്ഞാല്‍ പേരിനെങ്കിലും ഫണ്ട് വിനിയോഗിച്ചിട്ടുള്ളത് മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലുമാണ്. 89.97 ശതമാനമുള്ള ആലത്തൂര്‍ കഴിഞ്ഞാല്‍ 19.95 ശതമാനം തുക ചെലവാക്കി മണ്ണാര്‍ക്കാട് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മണ്ണാര്‍ക്കാട് ഭരണാനുമതി കിട്ടിയ 20 നിര്‍മ്മാണ് പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് 12.41 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്. 12 നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി വരുന്നുണ്ട്. 


സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'ദിശ'യിലൂടെയാണ് ആലത്തൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, എല്‍സിഡി പ്രൊജക്ടര്‍, വാഹനങ്ങള്‍ എന്നിവ വാങ്ങാനാണ് ആലത്തൂര്‍ മണ്ഡലത്തില്‍ അധികവും തുക ചെലവഴിച്ചിരിക്കുന്നത്. എന്നിരുന്നാലും 12 നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി വരുന്നുണ്ട്.

ആലത്തൂര്‍ കഴിഞ്ഞാല്‍ മറ്റെല്ലാ ഇടത് എംഎല്‍എമാരും പട്ടികയില്‍ സംപൂജ്യരാണ്. ഭരണാനുമതി കിട്ടി പൂര്‍ത്തിയായിവരുന്ന പദ്ധതികളും ശരാശരി കുറവാണ്. പട്ടാമ്പി എംഎല്‍എ ഒരു പദ്ധതിക്കും അനുമതി വാങ്ങാതെ പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ അനുമതി നേടിയിട്ടുള്ളത് 20 പദ്ധതികളുമായി മണ്ണാര്‍ക്കാടാണ്.

ഇത് വി എസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ഏഴും തരൂരില്‍ എട്ടുമാണ്. ചെലവാക്കിയ ഫണ്ടില്‍ സംപൂജ്യനായ ചിറ്റൂര്‍ എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടു  പദ്ധതികളുമായി താഴെനിന്ന് രണ്ടാമനാണ്. തൃത്താലയില്‍ അഞ്ചു പദ്ധതികള്‍ക്കെ ഭരണാനുമതിയായിട്ടുള്ളു. എന്നാല്‍ നിര്‍മ്മാണ പദ്ധതികള്‍ നടന്നുവരികയാണെന്നും പൂര്‍ത്തിയായാലെ ഫണ്ട് വിഹിതം ചെലവാക്കിയതായി കാണുകയുള്ളുവെന്നുമാണ് സംപൂജ്യനായതിനെകുറിച്ച് ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി പ്രതികരിച്ചത്.

Read More >>