ജാതീയ അധിക്ഷേപം; കഴിഞ്ഞവര്‍ഷം സമരം ചെയ്യാതിരുന്നത് ഒറ്റപ്പെടുമോ എന്ന ഭയവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കൊണ്ടെന്നു വിവേക്

കൊടുത്ത വാര്‍ത്ത തിരുത്തി നല്‍കി എന്ന പേരിലായി പിന്നീടുള്ള കളിയാക്കലുകള്‍. തീര്‍ന്നില്ല; നിന്റെ കൂടെയുള്ള എസ്‌സി-എസ്ടിക്കാരന് ഗ്രാന്റ് വേണ്ട, പിന്നെ നിനക്കുമാത്രം എന്തിനാണ് ഗ്രാന്റ് എന്നുപറഞ്ഞായിരുന്നു പിന്നീട് കുത്തുവാക്കുകള്‍. തുടര്‍ന്ന്, ഈ വര്‍ഷം അവസാനം ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കില്ലെന്നു നോട്ടീസ് ഇറക്കി. എല്ലാ ക്ലാസിലും വായിച്ചു. തുടര്‍ന്ന്, താനടക്കമുള്ളവരുടെ ഒരാഴ്ചത്തെ ഹാജര്‍ വെട്ടിക്കുറച്ചു. ഇത്തരത്തില്‍ പലതരം പ്രതികാര നടപടികള്‍, ആക്ഷേപങ്ങള്‍, ഭീഷണികള്‍...

ജാതീയ അധിക്ഷേപം; കഴിഞ്ഞവര്‍ഷം സമരം ചെയ്യാതിരുന്നത് ഒറ്റപ്പെടുമോ എന്ന ഭയവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കൊണ്ടെന്നു വിവേക്

തിരുവനന്തപുരം ലോ അക്കാദമിയില്‍ എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം പ്രിന്‍സിപ്പലില്‍ നിന്നും ജാതീയ അധിക്ഷേപവും കളിയാക്കലും ഉണ്ടായപ്പോള്‍ സമരം ചെയ്യാതിരുന്നത് ഒറ്റപ്പെടുമോ എന്ന ഭയവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കൊണ്ടാണെന്ന് ഇരയായ വിവേക്. ലോ അക്കാദമിയില്‍ നാലാംവര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ വിവേകിന് കഴിഞ്ഞവര്‍ഷം ആദ്യമാണ് പ്രിന്‍സിപ്പലില്‍ നിന്നും ജാതീയ അധിക്ഷേപം നേരിടേണ്ടിവന്നത്. ഇതോടൊപ്പം ഗ്രാന്റ് ഇല്ലെന്നു പറഞ്ഞു പഠനത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെന്നും വിവേക് നാരദാ ന്യൂസിനോടു പറഞ്ഞു.


2013ലാണ് താന്‍ ലോ അക്കാദമിയില്‍ അഡ്മിഷന്‍ നേടിയത്. എയ്ഡഡ് കോളേജ് ആണെന്നു കരുതിയാണ് താന്‍ ഇവിടെയെത്തിയത്. എന്നാല്‍ അഡ്മിഷന്റെ സമയത്ത് എസ്‌സി-എസ്ടി ഗ്രാന്റ് ഇല്ലെന്നും വേറെയെവിടെയെങ്കിലും പോയ്‌ക്കോളൂ എന്നുമായിരുന്നു മാനേജ്‌മെന്റ് പറഞ്ഞത്. ഇക്കാര്യം എഐഎസ്എഫ് നേതൃത്വത്തെ അറിയിക്കുകയും അവര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് കണ്‍സഷനോടുകൂടി പഠിക്കാമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഗ്രാന്റ് ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു.

എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഗ്രാന്റ് കിട്ടാതായതോടെ സംഘടനയുടെ യൂണിറ്റ് സമ്മേളനം വിളിച്ച് വിഷയത്തില്‍ പ്രമേയം പാസ്സാക്കി പത്രവാര്‍ത്ത നല്‍കി. പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാര്‍ത്തയാണ് നല്‍കിയത്. വാര്‍ത്ത കണ്ടതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ തന്നേയും മറ്റു പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളേയും ചര്‍ച്ചയ്ക്കു വിളിക്കുകയും വാര്‍ത്ത പിന്‍വലിക്കണമെന്നും അടുത്തവര്‍ഷം മുതല്‍ 50,000 രൂപ തന്നാലേ പഠിപ്പിക്കുകയുള്ളൂ എന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായും വിവേക് പറഞ്ഞു.

മാത്രമല്ല, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ കോളേജ് തകര്‍ക്കാനാണു വരുന്നതെന്നു പറഞ്ഞു കളിയാക്കുകയും ചെയ്തു. അന്ന് ആറ് എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കോളേജില്‍ ഉണ്ടായിരുന്നത്. അതിനാല്‍ പ്രതികാര നടപടികള്‍ ഭയന്നിട്ടാണ് പിറ്റേദിവസം മാനേജ്‌മെന്റ് പറഞ്ഞപോലെ പ്രസ്താവന തിരുത്തി നല്‍കിയത്. ഗ്രാന്റ് കിട്ടാത്തത് കോളേജിന്റെ അനാസ്ഥ മൂലമല്ലെന്ന് ലോ അക്കാദമിയുടെ ലെറ്റര്‍ പാഡില്‍ എഐഎസ്എഫിന്റെ പേരില്‍ വാര്‍ത്തയുണ്ടാക്കി തന്നെക്കൊണ്ടുതന്നെ പത്രങ്ങളില്‍ കൊടുപ്പിക്കുകയായിരുന്നു ലക്ഷ്മി നായര്‍ ചെയ്തത്.

കൊടുത്ത വാര്‍ത്ത തിരുത്തി നല്‍കി എന്ന പേരിലായി പിന്നീടുള്ള കളിയാക്കലുകള്‍. തീര്‍ന്നില്ല; നിന്റെ കൂടെയുള്ള എസ്‌സി-എസ്ടിക്കാരന് ഗ്രാന്റ് വേണ്ട, പിന്നെ നിനക്കുമാത്രം എന്തിനാണ് ഗ്രാന്റ് എന്നുപറഞ്ഞായിരുന്നു പിന്നീട് കുത്തുവാക്കുകള്‍. തുടര്‍ന്ന്, ഈ വര്‍ഷം അവസാനം ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കില്ലെന്നു നോട്ടീസ് ഇറക്കി. എല്ലാ ക്ലാസിലും വായിച്ചു. തുടര്‍ന്ന്, താനടക്കമുള്ളവരുടെ ഒരാഴ്ചത്തെ ഹാജര്‍ വെട്ടിക്കുറച്ചു. പ്രതികാര നടപടികള്‍ സഹിക്കാതായതോടെ, വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് കുടില്‍ക്കെട്ടി സമരം ചെയ്യാന്‍ തീരുമാനിച്ചു. തീരുമാനം അറിയിക്കാന്‍ പിറ്റേന്ന് ലക്ഷ്മി നായരെ സമീപിച്ചപ്പോള്‍, അവര്‍ ഇതൊക്കെ തലേന്നുതന്നെ അറിഞ്ഞിരുന്നു.

'നിങ്ങള്‍ കുടില്‍ക്കെട്ടി സമരം ചെയ്താലും ഞാന്‍ തോല്‍ക്കില്ല, കോളേജ് കുറച്ചുനാള്‍ അടച്ചിടേണ്ടിവരും. എനിക്കു വേറെ പണിയറിയാം. നിങ്ങളായിരിക്കും ബുദ്ധിമുട്ടാന്‍പോവുന്നത്. ഞാനൊരു സ്ത്രീയാണ്, ഏതു കോടതിയും എന്നോടൊപ്പം നില്‍ക്കും' എന്നിങ്ങനെയായിരുന്നു ലക്ഷ്മി നായരുടെ ഭീഷണി. ഇത്തരത്തില്‍ പലതരം പ്രതികാര നടപടികള്‍, ആക്ഷേപങ്ങള്‍, ഭീഷണികള്‍...

സത്യത്തില്‍ അന്ന് സമരം ചെയ്യാന്‍ പേടിയായിരുന്നു. കോളേജില്‍ ഒറ്റപ്പെടുമോ എന്ന ഭയവും ഭാവിയെ കുറിച്ചുള്ള ആശങ്കയുമായിരുന്നു കാരണം. അതിനാല്‍, സമരം ചെയ്യാമെന്നു എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇപ്പോള്‍ വേണ്ട എന്നു താന്‍ പറയുകയായിരുന്നു. പിന്നീട് എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങുന്ന ഒരു സമയം വരുമെന്നും അന്ന് ഈ വിഷയം പുറത്തറിയിക്കാമെന്നും കേസ് കൊടുക്കാമെന്നും താന്‍ അറിയിക്കുകയായിരുന്നു.

ഇന്ന് ആ സമയം എത്തി. ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പ്രതികാര നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോഴാണ് ഇതൊക്കെ പുറംലോകത്തെ അറിയിക്കാന്‍ തനിക്കു ധൈര്യമുണ്ടായതെന്ന് വിവേക് ചൂണ്ടിക്കാട്ടി. ഇന്ന് പെണ്‍കുട്ടികള്‍ പോലും ഭയമില്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയപ്പോള്‍ തനിക്കും സ്വാതന്ത്ര്യവും ലഭിച്ചു. ഇതുവരെ ഗ്രാന്റ് കിട്ടിയിട്ടില്ല. എപ്പോള്‍ കിട്ടുമെന്നോ എത്രനാള്‍ ഇങ്ങനെ പഠിക്കാമെന്നോ അറിയില്ല.

ഓരോ ക്ലാസിലും ഒന്നോ രണ്ടോ എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികള്‍ വീതമാണ് ആകെയുള്ളത്. സംവരണ പ്രകാരം ഏഴോ എട്ടോ വിദ്യാര്‍ത്ഥികളാണ് ഒരു ക്ലാസില്‍ ഉണ്ടാവേണ്ടത്. ഗ്രാന്റ് ഇല്ലാത്തതിനാല്‍ അഡ്മിഷനെടുക്കാന്‍ തയ്യാറാവാത്ത വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ ജനറല്‍ ക്വാട്ടയില്‍ മറിച്ചുവില്‍ക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നും വിവേക് ആരോപിച്ചു. നിയമ നടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനം. ആരൊക്കെ പറഞ്ഞാലും പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ല. ഇനി വരാന്‍പോവുന്ന കുട്ടികള്‍ക്കുകൂടി വേണ്ടിയാണ് തന്റെ പോരാട്ടമെന്നും കോടതിയില്‍ പോയി തോറ്റാലും കേസ് പിന്‍വലിക്കില്ലെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകരന്റെ പ്രതികരണം
വിവേകിന്റെ വിഷയത്തില്‍ അന്ന് സമരം ചെയ്യാതിരുന്നത് എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ ഭയന്നാണ്. സമരം ചെയ്യാന്‍ യൂണിറ്റ് കമ്മിറ്റിക്ക് സംസ്ഥാന ഘടകം അനുമതി നല്‍കിയതാണ്. എന്നാല്‍ പ്രിന്‍സിപ്പലിന്റെ നീക്കങ്ങളെ അവര്‍ക്കു ഭയമായിരുന്നു. എതിര്‍ശബ്ദമുയര്‍ത്തിയതിന്റേയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുമൊക്കെ പല എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കുനേരെയും മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഐക്യപ്രക്ഷോഭം ഉയര്‍ന്നുവരുന്ന സമയത്തിനായി അവര്‍ കാത്തിരുന്നത്.

Read More >>