ജനുവരി 31ലെ യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കുന്നതിലും ഒളിച്ചുകളിച്ച് മാനേജ്‌മെന്റ്; രാജി വയ്ക്കുംവരെ സമരമെന്നു വിദ്യാര്‍ത്ഥികള്‍

മിനിട്ട്‌സ് ഹാജരാക്കാന്‍ അനുവദിച്ച സമയം പര്യാപ്തമല്ലെന്ന വാദമുന്നയിച്ച മാനേജ്‌മെന്റ് ആകെയുള്ള 21 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ എല്ലാവരും സ്ഥലത്ത് ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം വേണമെന്നും സബ് കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരാണ് യോഗത്തിന്റെ മിനിട്ട്‌സ് എങ്കിലും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.

ജനുവരി 31ലെ യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കുന്നതിലും ഒളിച്ചുകളിച്ച് മാനേജ്‌മെന്റ്; രാജി വയ്ക്കുംവരെ സമരമെന്നു വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി സബ് കളക്ടറുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുമായി നടത്താനിരുന്ന ചര്‍ച്ച വഴിമുട്ടി. മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമെടുത്ത യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തതോടെയാണ് ചര്‍ച്ച നടക്കാതെപോയത്.

രാവിലെ 11നാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. മിനിട്ട്‌സ് ഹാജരാക്കാന്‍ അനുവദിച്ച സമയം പര്യാപ്തമല്ലെന്ന വാദമുന്നയിച്ച മാനേജ്‌മെന്റ് ആകെയുള്ള 21 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ എല്ലാവരും സ്ഥലത്ത് ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം വേണമെന്നും സബ് കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരാണ് യോഗത്തിന്റെ മിനിട്ട്‌സ് എങ്കിലും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.


ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താനായിരുന്നു എസ്എഫ്‌ഐയുമായി ജനുവരി 31നു നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെ തീരുമാനം. ഇതുപ്രകാരം പകരം ചുമതല വൈസ് പ്രിന്‍സപ്പിലിനു നല്‍കിയതായും ഫാക്കല്‍റ്റി സ്ഥാനത്തുപോലും ഇക്കാലയളവില്‍ അവര്‍ ഉണ്ടാവില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. ഇതുകൂടാതെ മറ്റുചില തീരുമാനങ്ങളും എടുത്തതായി മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ നിലവില്‍ സമരം നടത്തിവരുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. അതല്ലെങ്കില്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ രണ്ട് ആവശ്യങ്ങളും ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചെങ്കിലും മാനേജ്‌മെന്റ് നിരസിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം തുടരാന്‍ തീരുമാനിച്ചു. രാജി വയ്ക്കുംവരെ സമരം തുടരുമെന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റി മാത്യു നാരദാ ന്യൂസിനോടു വ്യക്തമാക്കി.

ജനുവരി 31നു നടന്ന യോഗത്തില്‍ പല തീരുമാനങ്ങളെടുത്തായി മാനേജ്‌മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്നിന്റേയും രേഖകളില്ല. അന്വേഷണത്തിനായി അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും അതിനു രേഖയില്ല. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റ് എല്ലാ രേഖകളും ഹാജരാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഇന്നു നടക്കുന്നതായി പറയുന്ന ചര്‍ച്ചയുടെ കാര്യം തങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ക്രിസ്റ്റി മാത്യു വ്യക്തമാക്കി.

Read More >>