ലോ അക്കാദമിക്ക് തിരിച്ചടി; ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കണമെന്ന് റവന്യുസെക്രട്ടറിയുടെ ശുപാര്‍ശ;നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റവന്യു മന്ത്രി

ലോ അക്കാദമിയുടെ ഉപയോഗിക്കാത്ത ഭൂമി നിയമവകുപ്പുമായി ആലോചിച്ച് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്റെ ശുപാര്‍ശ. ഗവര്‍ണര്‍ രക്ഷാധികാരിയായിരുന്ന സ്വകാര്യ ട്രസ്റ്റ് ആയി മാറിയത് രജിസ്‌ട്രേഷന്‍ വകുപ്പ് അന്വേഷിക്കും.

ലോ അക്കാദമിക്ക് തിരിച്ചടി; ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കണമെന്ന് റവന്യുസെക്രട്ടറിയുടെ ശുപാര്‍ശ;നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റവന്യു മന്ത്രി

പേരൂര്‍ക്കട ലോ അക്കാദമിയ്ക്ക് നല്‍കിയ ഭൂമിയില്‍ പത്ത് ഏക്കറോളം വിനിയോഗിച്ചിട്ടില്ലെന്നും നിയമവകുപ്പുമായി ആലോചിച്ച് ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ.

അക്കാദമിയിലേക്കുള്ള പ്രധാന കവാടവും മതിലും പണിതിരിക്കുന്നത് പുറമ്പോക്കിലാണ്, ഇത് പൊളിക്കണമെന്നും റവന്യു മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.


ബാങ്കും കാന്റീനും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്.കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായിട്ടല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കാന്റീനും ബാങ്കും ഒഴിപ്പിക്കണം. മതിലും കവാടവും പൊളിച്ചുകളയാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള നിയമവശങ്ങളും രൂപീകരണ സമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തണമെന്നും റവന്യു സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്‌ട്രേഷന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ മന്ത്രി ജി സുധാകരന് കൈമാറിയിട്ടുണ്ട്. ഭൂമി തിരിച്ചെടുക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനൊന്ന് ഏക്കര്‍ 49 സെന്റ് സ്ഥലമാണ് 1968 ല്‍ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത്. 1984ലാണ് ഈ ഭൂമി അക്കാദമിക്ക് പതിച്ചു നല്‍കിയത്. ഇതില്‍ പത്ത് സെന്റില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ച് ഹോട്ടല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും വിവാദമായപ്പോള്‍ പേര് മാറ്റി കാന്റീന്‍ എന്നാക്കുകയായിരുന്നു. ഇതിന്റെ മുകള്‍ നിലയില്‍ അക്കാദമി ഗസ്റ്റ് റൂമാണ . താഴെ ഹോട്ടലിനോട് ചേര്‍ന്നാണ് സംസ്ഥാന സഹകരണബാങ്ക് ശാഖ പ്രവര്‍ത്തിക്കുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടഞ്ഞ്, ഈ കെട്ടിടം ഒഴിപ്പിച്ച്, കലക്ടറുടെ കസ്റ്റഡിയിലാക്കണം. അക്കാദമിക്ക് അവകാശമില്ലാത്ത 28 സെന്റ് ഭൂമിയിലാണ് വലിയ കവാടവും മതിലും പണിതിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തനവും മതില്‍ നിര്‍മിച്ചതും മാത്രമേ കരാര്‍ വ്യവസ്ഥാലംഘനത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ.

ഭൂമി പതിച്ചു നല്‍കുമ്പോള്‍ മൂന്നു വ്യവസ്ഥകളാണ് വച്ചിരുന്നത്. ഭൂമി അന്യാധീനപ്പെടുത്തരുത്, നിര്‍ദേശിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിക്കരുത്, വ്യവസ്ഥ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കാതെ തിരിച്ചെടുക്കാം എന്നിവയായിരുന്നു വ്യവസ്ഥകള്‍.

Read More >>