മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന മന്ത്രിയുടെ ആവശ്യം തള്ളി വിദ്യാര്‍ത്ഥികള്‍; ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോയി; ലാ അക്കാദമി സമരം തുടരും

അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പലിനെ പുറത്താക്കിയെന്ന മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കണമെന്ന മന്ത്രിയുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ തള്ളി. ഈ സാഹചര്യത്തില്‍ 25 ദിവസമായി നടക്കുന്ന വിദ്യാര്‍ത്ഥി സമരം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റിന് അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നെന്നും സമരക്കാര്‍ വ്യക്തമാക്കി.

മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന മന്ത്രിയുടെ ആവശ്യം തള്ളി വിദ്യാര്‍ത്ഥികള്‍; ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോയി; ലാ അക്കാദമി സമരം തുടരും

തിരുവനന്തപുരം ലോ അക്കാദമിയില്‍ മാനേജ്‌മെന്റ്-വിദ്യാര്‍ത്ഥി പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ മധ്യസ്ഥ ചര്‍ച്ചയും പരാജയം. നാടകീയ രംഗങ്ങള്‍ക്കാണ് ഇന്നത്തെ ചര്‍ച്ച വേദിയായത്. ഉച്ചയ്ക്കു ശേഷം രണ്ടരയോടെ തുടങ്ങിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണുണ്ടായത്. രാജി ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ ക്ഷുഭിതനായ വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.


അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പലിനെ പുറത്താക്കിയെന്ന മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കണമെന്ന മന്ത്രിയുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ തള്ളി. തീരുമാനം അംഗീകരിച്ച് തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.

ലക്ഷ്മി നായര്‍ സ്വയം കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അവരെ പുറത്താക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു വിദ്യാര്‍ത്ഥിനി ആര്യ ആവശ്യപ്പെട്ടു. രാജിയില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിന് ഇല്ലെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയതോടെ മന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. മന്ത്രിയുടെ തീരുമാനം ഉള്‍ക്കൊള്ളാനാവില്ലെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ 25 ദിവസമായി നടക്കുന്ന വിദ്യാര്‍ത്ഥി സമരം തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റിന് അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നെന്നും സമരക്കാര്‍ വ്യക്തമാക്കി. അതേസമയം, ലോ അക്കാദമിയില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

എന്നാല്‍ സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട് തള്ളി എസ്എഫ്‌ഐ രംഗത്തെത്തി. മാനേജ്‌മെന്റിന്റേത് അനുയോജ്യമായ നടപടിയാണ്. യോഗ്യനായ ഒരു പ്രിന്‍സിപ്പലിനെ എത്രയും വേദം നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു.

Read More >>