'ആരോ എന്റെ റൂമിലേക്ക് കയറിയിട്ടുണ്ട്, പിന്നെ വിളിക്കാം'-ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ അവസാന വാക്കുകള്‍

ബോസിന് തന്നോടുള്ള വിദ്വേഷം കൊണ്ട് അധിക ജോലി ഏല്‍പ്പിച്ചതാണ് ഓഫ് ദിനത്തിലും ഓഫീസിലെത്തേണ്ടി വന്നതെന്ന് രസില മരിക്കുന്നതിന് തൊട്ടുമുമ്പ് കസിനോട് ഫോണില്‍ പറഞ്ഞു.

ആരോ താന്‍ ജോലി ചെയ്യുന്ന റൂമിലേക്ക് പ്രവേശിച്ചിട്ടുള്ളതായും പിന്നീട് വിളിക്കാമെന്നുമാണ് ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട രസില രാജു അവസാനമായി പറഞ്ഞ വാക്കുകള്‍. അസം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ റൂമിലേക്ക് പ്രവേശിച്ചപ്പോള്‍ ഫോണില്‍ കസിനുമായി സംസാരിക്കുകയായിരുന്നു രസില. തുടര്‍ന്ന് ഇയാള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കഴുത്തില്‍ കമ്പ്യൂട്ടറിന്റെ കേബിള്‍ മുറുക്കി രസിലയെ കൊല്ലുകയായിരുന്നു.

തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനായി ഓഫ് ദിനമായിട്ടും ജോലി ചെയ്യാന്‍ ബോസ് ആവശ്യപ്പെട്ടിരുന്നതായി രസില കസിന്‍ അഞ്ജലിയോട് ഫോണില്‍ പറഞ്ഞിരുന്നു. ബംഗളുരുവിലേയ്ക്കുള്ള തന്റെ ട്രാന്‍സ്ഫര്‍ ഉത്തരവ് ഫെബ്രുവരി ആദ്യ ആഴ്ച ലഭിക്കുമെന്നും രസില അഞ്ജലിയോട് പറഞ്ഞു. രസിലയെ സൈക്കിയ ബാബന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖത്തും നെഞ്ചത്തും ശക്തമായ മര്‍ദ്ദനമേറ്റിട്ടുണ്ട്.

ടീം ലഞ്ചില്‍ പങ്കെടുക്കാത്തതിന് തന്നോട് ടീം മാനേജര്‍ വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്ന് രസില പിതാവ് രാജുവിനോട് നേരത്തെ പറഞ്ഞിരുന്നു. ജനുവരി 29നാണ് രസില രാജനെ പുണെ ഇന്‍ഫോസിസില്‍ കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ സൈക്കിയ ബാബനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.