കോടതിയെ സമീപിച്ചാൽ ലക്ഷ്മി നായർ വീണ്ടും വിയർക്കും; വഴിത്തിരിവായത് സർവകലാശാലയുടെ ഡീബാർ നടപടി

എൽഎൽബി, എൽഎൽഎം കുട്ടികളുടെ ഇന്റേണൽ മാർക്ക് സർവകലാശാലയിലേയ്ക്ക് ഒപ്പിട്ട് അയയ്ക്കേണ്ടത് പ്രിൻസിപ്പലാണ്. ആ ചുമതലയിൽ നിന്നാണ് സർവകലാശാല അഞ്ചുവർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഒത്തുതീർപ്പിന്റെ ഭാഗമായി രാജിവെച്ചാലും എല്ലാം കെട്ടടങ്ങുമ്പോൾ തിരികെ പ്രതിഷ്ഠിക്കാൻ മാനേജ്മെന്റിനുളള അവകാശം സർവകലാശാല സമർത്ഥമായി മരവിപ്പിച്ചതോടെ അധികാരക്കസേര ഒഴിഞ്ഞേ തീരൂ എന്ന അവസ്ഥയായി.

കോടതിയെ സമീപിച്ചാൽ ലക്ഷ്മി നായർ വീണ്ടും വിയർക്കും; വഴിത്തിരിവായത് സർവകലാശാലയുടെ  ഡീബാർ നടപടി

സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മി നായരെ അഞ്ചുവർഷത്തേയ്ക്കു ഡീബാർ ചെയ്ത കേരള സർവകലാശാലാ തീരുമാനത്തോടെ നാളുകൾ എണ്ണപ്പെട്ട പ്രിൻസിപ്പൽ പദത്തിന്റെ ആയുസാണ് കഴിഞ്ഞ ദിവസത്തെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി അവസാനിച്ചത്. പോയ പദവി കോടതിവഴി തിരിച്ചു പിടിക്കണമെങ്കിൽ ആദ്യം സർവകലാശാലയുടെ തീരുമാനം അസ്ഥിരപ്പെടുത്തണം. അതത്ര എളുപ്പമല്ല. സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ നിന്ന് കടുത്ത പരാമർശങ്ങളുണ്ടായാൽ അതും നാണക്കേടാകും.


എൽഎൽബി, എൽഎൽഎം കുട്ടികളുടെ ഇന്റേണൽ മാർക്ക് സർവകലാശാലയിലേയ്ക്ക് ഒപ്പിട്ട് അയയ്ക്കേണ്ടത് പ്രിൻസിപ്പലാണ്. ആ ചുമതലയിൽ നിന്നാണ് സർവകലാശാല അഞ്ചുവർഷത്തേയ്ക്ക് ലക്ഷ്മി നായരെ വിലക്കിയത്. ഒത്തു തീർപ്പിന്റെ ഭാഗമായി രാജിവെച്ചാലും എല്ലാം കെട്ടടങ്ങുമ്പോൾ തിരികെ പ്രതിഷ്ടിക്കാൻ മാനേജ്മെന്റിനുളള അവകാശം സർവകലാശാല സമർത്ഥമായി മരവിപ്പിച്ചതോടെ അധികാരക്കസേര ഒഴിഞ്ഞേ തീരൂ എന്ന അവസ്ഥയായി.

പ്രിൻസിപ്പലിനെ ഒഴിവാക്കണമെന്ന ആവശ്യം ഒത്തുതീർപ്പു വ്യവസ്ഥയിൽ മാനേജ്മെന്റ് ആദ്യംതന്നെ അംഗീകരിക്കാൻ കാരണം ഇതാണ്. എന്നാൽ അധ്യാപികയായി അവർ കാമ്പസിൽ ഉണ്ടാകുമെന്ന് മാനേജ്മെന്റ് വാശി പിടിച്ചു. സർവകലാശാല ഡീബാർ ചെയ്ത കാലയളവായ അഞ്ചുവർഷത്തേയ്ക്ക് അവർ അധ്യാപികയായും ഉണ്ടാകാൻ പാടില്ലെന്ന കർശന നിലപാട് എസ്എഫ്ഐയും സ്വീകരിച്ചു.

വിദ്യാർത്ഥികളുടെ ഈ വിട്ടുവീഴ്ചയില്ലായ്മയ്ക്കു മുന്നിലും മാനേജ്മെന്റിന് വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് സമരം ഒത്തുതീർപ്പാകാൻ വഴി തെളിഞ്ഞത്. ലക്ഷ്മി നായർ രാജിവെച്ചതാണോ മാനേജ്മെന്റ് ഒഴിവാക്കിയതാണോ മാറിനിന്നതാണോ എന്നതൊക്കെ കേവലം സാങ്കേതികവിഷയങ്ങൾ മാത്രമാണ്. ഇനി അഞ്ചുവർഷം പ്രിൻസിപ്പൽ കസേരയിലോ അധ്യാപികയുടെ അവകാശത്തോടെയോ അവർക്ക് എൽഎൽബി, എൽഎൽഎം കുട്ടികളുമായി ഇടപെടാനാവില്ല.

ഈയൊരു ഒത്തുതീർപ്പ് രക്ഷിതാക്കൾക്കും ആശ്വാസമാകും. സമരവുമായി ബന്ധപ്പെട്ട പ്രതികാര നടപടികൾ ഭയന്നാണ് അഞ്ചുവർഷം ലക്ഷ്മി നായർ അധ്യാപികയായിപ്പോലും കാമ്പസിലുണ്ടാകരുത് എന്ന് വിദ്യാർത്ഥികൾ വാശിപിടിച്ചത്. ലക്ഷ്മി നായരെ ഭയക്കാതെ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥികൾക്കും കോഴ്സു തീർന്നു പുറത്തിറങ്ങാമെന്ന സ്ഥിതിയായി.

ഇക്കാര്യങ്ങൾ കൊണ്ടാണ് സമരം തുടരുന്ന വിഭാഗത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംശയങ്ങളുയരുന്നത്. ലക്ഷ്മി നായർ രാജിവെയ്ക്കണമെന്നാണ് അവരുടെ ആവശ്യം. ഇല്ലാത്ത പദവി ഇനിയെങ്ങനെ രാജിവെയ്ക്കുമെന്ന ചോദ്യവും പ്രസക്തം.

Read More >>