വയറ്റിൽ മുഴയെന്ന് സ്കാനിങ് റിപ്പോർട്ട്; ശസ്ത്രക്രിയയിൽ ഒന്നും കണ്ടെത്താനായില്ല; റിപ്പോർട്ട് മാറിയെന്ന് ആരോപണം

വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടിയെത്തിയ സ്ത്രീയോട് ഡോക്ടർ സ്കാനിങ് പരിശോധന നടത്താൻ ആവശ്യപ്പെടുകയായിരുന്നു. സ്കാനിങ് റിപ്പോർട്ടിൽ മുഴ കണ്ടെത്തിയതിനെത്തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയയാകാൻ ആവശ്യപ്പെട്ടത്. എന്നാൽ ശസ്ത്രക്രിയ ചെയ്തപ്പോൾ മുഴ ഇല്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

വയറ്റിൽ മുഴയെന്ന് സ്കാനിങ് റിപ്പോർട്ട്; ശസ്ത്രക്രിയയിൽ ഒന്നും കണ്ടെത്താനായില്ല; റിപ്പോർട്ട് മാറിയെന്ന് ആരോപണം

വയറ്റിൽ മുഴയുണ്ടെന്ന് സ്കാനിങ്ങിൽ കണ്ടെത്തിയ സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. വടകര സ്വദേശിനിയായ വസന്തയെയാണ് വയറ്റിൽ മുഴയുണ്ടെന്ന സ്കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. എന്നാൽ ശസ്ത്രക്രിയയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

വയറുവേദനയെത്തുടർന്ന് വടകരയിലെ ഒരു ഡോക്ടറെ സമീപിച്ചപ്പോൾ ഡോക്ടർ സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സ്കാനിങ് പരിശോധനയിലാണ് വയറ്റിൽ മുഴയുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർ നിർദേശിച്ചത്. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും എന്നതിനാൽ സൗജന്യചികിത്സക്കായി സർക്കാർ ആശുപത്രിയെ സമീപിക്കാൻ ഡോക്ടർ തന്നെയാണ് ആവശ്യപ്പെട്ടത്.


തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച ഇവരോട് ശസ്ത്രക്രിയ നടത്തണമെന്ന ഉപദേശം തന്നെയാണ് ലഭിച്ചത്. എന്നാൽ ശസ്ത്രക്രിയ ആരംഭിച്ചപ്പോൾ തന്നെ രോഗിയുടെ വയറ്റിൽ മുഴയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അനാവശ്യമായി ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് ബന്ധുക്കൾ ബഹളം വച്ചു.

സ്കാനിങ് റിപ്പോർട്ടിൽ ഉണ്ടായ പിഴവാണ് ഇത്രയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചത് എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. നിലവാരമില്ലാത്ത ലാബുകൾ നൽകുന്ന റിപ്പോർട്ടുകളെ ആശ്രയിച്ച് ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത് എന്നും ആരോപണമുണ്ട്.
സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.