ചാടിയാല്‍ ഗര്‍ഭപാത്രം തെന്നി മാറുമെന്നു പ്രചരിപ്പിച്ച രജിത് കുമാറിന്റെ 'ലേഡീസ് ഒണ്‍ലി' ക്ലാസുകള്‍ തുടരുന്നു

സ്ത്രീവിരുദ്ധ പ്രസംഗത്തിലൂടെ 'കു'പ്രസിദ്ധനായ രജിത് കുമാറിന് നിറയെ വേദികളും നിര്‍ബന്ധിത കേള്‍വിക്കാരും. പെണ്‍കുട്ടികളില്‍ സദാചാരം അടിച്ചേല്‍പ്പിക്കാന്‍ ചില മതസംഘടനകളാണ് ടിയാനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുന്നത്.

ചാടിയാല്‍ ഗര്‍ഭപാത്രം തെന്നി മാറുമെന്നു പ്രചരിപ്പിച്ച രജിത് കുമാറിന്റെ

സ്ത്രീവിരുദ്ധ പ്രസ്താവനകളാല്‍ 'കു'പ്രസിദ്ധനായ ഡോ. രജിത് കുമാര്‍ പെണ്‍കുട്ടികള്‍ക്കായുള്ള സന്മാര്‍ഗ ക്ലാസുകള്‍ തുടരുന്നു. അമ്മയെ സ്‌നേഹിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനികളോട് മാതൃസ്‌നേഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് രജിത് കുമാറിന്റെ വീഡിയോ ആരംഭിക്കുന്നത്. പ്രഭാഷണം കേള്‍ക്കുന്ന വിദ്യാര്‍ത്ഥിനികളെ വ്യക്തിപരമായി പരാമര്‍ശിച്ചാണ് ഇദ്ദേഹം മാതൃസ്‌നേഹം വളര്‍ത്തുന്നത്. പ്രസംഗത്തിലേക്ക്:

ഓരോരുത്തരോടുമുള്ള ചോദ്യം, നീ നിന്റെ അമ്മയെ എത്രമാത്രം സ്‌നേഹിക്കുന്നു. ആ അമ്മയുടെ മനസ്, ആ അമ്മയുടെ ആഗ്രഹം. അതുകണ്ടിട്ടുള്ള മക്കള്‍ ഒരു കാലത്തും അമ്മയെ പറ്റിക്കില്ല. നീ എന്താ ഇന്നലെ വരെ പറഞ്ഞത്. എന്റെ അമ്മയെന്നെ അടിച്ചു അതുകൊണ്ടാണ് ഞാന്‍ അവന്റെ കൂടെ ഒളിച്ചോടിയതെന്ന്. എന്റെ അമ്മയെന്നെ ചീത്ത വിളിച്ചു അതുകൊണ്ടാണ് അവിടുന്നെടുത്തു ചാടിയത്. നീ നിന്റെ അമ്മയോടു പോയി പറ നിന്നെ നാലു തല്ലു തല്ലാന്‍. അമ്മയുടെ എല്ലാമാണ് നീ. അതു മനസ്സിലാക്കാത്ത നിനക്കെങ്ങനെ നല്ല മക്കളുണ്ടാവും. നിങ്ങളോടു നിങ്ങളുടെ അമ്മമാര്‍ക്ക് ദേഷ്യമുണ്ടായിരുന്നെങ്കില്‍ അവര്‍ നിങ്ങളെ ഗര്‍ഭ പാത്രത്തില്‍ പത്തുമാസം ചുമക്കുമായിരുന്നോ. ഗര്‍ഭപാത്രത്തില്‍ ചുമക്കുന്ന സമയത്ത് അമ്മമാര്‍ക്ക് ഇരിക്കാന്‍ പറ്റിയിരുന്നില്ല. നേരെ ചൊവ്വെ കെടക്കാന്‍ കഴിയുമായിരുന്നില്ല.

പ്രസംഗം കേള്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കണ്ണുകള്‍ നിറയുന്നതും ചിലര്‍ മുഖം തുടയ്ക്കുന്നതും ക്ലോസ് അപ്പ് ഷോട്ടിലൂടെ അവതരിപ്പിച്ചുമുണ്ട്. അമ്മമാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവതികളാക്കുന്നതിനിടയിലൂടെ സ്വന്തം പുസ്തകത്തിന്റെ കച്ചവടവും രജിത് കുമാര്‍ നടത്തുന്നുണ്ട്.

https://youtu.be/v7C7-8V78bc

നിങ്ങള്‍ ഏതുപാര്‍ട്ടിയായലും മതമായാലും എനിക്കൊന്നുമില്ല. പക്ഷെ ഞാന്‍ വേദങ്ങളിലെ വചനങ്ങളെ ശക്തമായി ശ്വസിക്കുന്നു, പറയുന്നു. മക്കളെ, ഏറ്റവും നന്നായി ജീവിക്കേണ്ട കാലം വാര്‍ദ്ധക്യമാണ്. ഈ വാര്‍ദ്ധ്യകമെന്നത് നിങ്ങള്‍ മനസിലാക്കി വെച്ചിരിക്കുന്നതാണ് തെറ്റ്. ഒന്നു കേട്ടോളൂ എന്റെ തിരിച്ചറിവുകള്‍ എന്ന ഈ പുതിയ ബുക്കിലുണ്ട് എങ്ങനെ നൂറു വയസ്സുവരെ ഒരു രോഗവുമില്ലാതെ ജീവിക്കാമെന്ന്. നൂറുവയസ്സുവരെ. ഉപനിഷത് സീക്രട്ട്‌സ്. പോയിന്റ്‌സ് ആണ് എല്ലാം.

2013 ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യ ബോധന യാത്രയില്‍ രജിത് കുമാര്‍ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ചത് ചര്‍ച്ചയായിരുന്നു. താനുള്‍പ്പെടുന്ന പുരുഷ വര്‍ഗത്തിനു ജസ്റ്റ് പത്തു മിനുട്ട് മതി സ്‌പേം എന്നു പറയുന്നതിനെ പെണ്‍കുട്ടിയുടെ യൂട്രസിനു ഉള്ളിലേക്കു അയയ്ക്കാനെന്നും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും പറഞ്ഞതോടെ സദസിലിരുന്ന ആര്യ എന്ന വിദ്യാര്‍ത്ഥിനി പരസ്യമായി കൂവി പ്രതിഷേധിച്ചിരുന്നു.

പത്തുമാസക്കാലം സ്‌പേം വളരേണ്ടത് അമ്മ എന്ന പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത്, സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന്. ഇഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ടില്ല. പയ്യന്‍ ഇവിടുന്ന് ചാടുന്നതിന്റെ അപ്പുറം എനിക്കും ചാടണം. ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടി ഇറങ്ങുമ്പോലെ പെണ്‍കുട്ടികള്‍ ചാടി ഇറങ്ങിയാലുണ്ടല്ലോ, ഒന്നു സ്ലിപ്പ് ചെയ്തു ബാക്ക്‌ബോണ്‍ ഇടിച്ചു വീണാല്‍ നിന്റെ ഗർഭപാത്രം സ്ലിപ്പ് ചെയ്തു പോകും. അത് നേരേയാക്കാന്‍ നീ 3-5 ലക്ഷം മുടക്കേണ്ടിവരുമെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു.

അന്നത്തെ പ്രസംഗം ചര്‍ച്ചയായതോടെ രജത് കുമാര്‍ എന്ന പ്രാസംഗികനു വേദികള്‍ കൂടി. ഹയര്‍സെക്കന്ററി സ്‌കൂളുകളും വിമന്‍സ് കോളേജുകളും പെണ്‍കുട്ടികളെ സംസാരിച്ചു 'നന്നാക്കാന്‍' സമീപിക്കുന്നുണ്ട്. പ്രഭാഷണ സീഡികളും പുസ്തകങ്ങളും വില്‍ക്കാനുള്ള വേദിയുമാണിത്. ചില മതസംഘടനകള്‍ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടിയാന്റെ സദാചാരശാസനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുമുണ്ടത്രേ.

Story by