ട്രംപിനു പിന്നാലെ അഞ്ച് രാജ്യങ്ങളെ കുവൈറ്റ് വിലക്കിയെന്ന് റിപ്പോര്‍ട്ട്; പാക് പൗരന്മാരെ വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്ഥാന്‍

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവരെ കുവൈറ്റ് വിലക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍. പാക് പൗരന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ രംഗത്തെത്തി.

ട്രംപിനു പിന്നാലെ അഞ്ച് രാജ്യങ്ങളെ കുവൈറ്റ് വിലക്കിയെന്ന് റിപ്പോര്‍ട്ട്; പാക് പൗരന്മാരെ വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്ഥാന്‍

അമേരിക്കയ്ക്ക് പിന്നാലെ അഞ്ച് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ വിലക്കാന്‍ ഗള്‍ഫ് രാജ്യമായ കുവൈറ്റും തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനാണ് കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വാര്‍ത്തകള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇനി വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈറ്റ് തീരുമാനമെടുത്തത്. ഐഎസ് പോലുള്ള ഭീകരസംഘടനകളിലുള്ളവര്‍ അഭയാര്‍ത്ഥികളായി നുഴഞ്ഞുകയറാനുള്ള സാധ്യതയും കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കുവൈറ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പാക് പൗരന്മാര്‍ക്കുള്ള വിസ നിഷേധിച്ചെന്ന് വാര്‍ത്ത തള്ളി പാകിസ്ഥാന്‍ രംഗത്തെത്തി. അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്നും മുമ്പും ഇതുപോലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുവൈറ്റിലെ പാക് അംബാസിഡര്‍ ഗുലാം ദസ്തഗിര്‍ പറഞ്ഞു.

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് മുമ്പ് അമേരിക്ക നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍, ലിബിയ, സോമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് അമേരിക്ക വിലക്കിയത്. പാകിസ്ഥാനില്‍ നിന്നുള്ളവരെ വിലക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുമ്പ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് മുസ്ലീം ഭൂരിപക്ഷരാജ്യമായ കുവൈറ്റും പാകിസ്ഥാന്‍ അടക്കം അഞ്ച് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.