കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തില്‍ നാഴികകല്ലായി കുതിരാന്‍ തുരങ്കം തുറന്നു; സഞ്ചാരയോഗ്യമായത് 962 മീറ്റര്‍ പാത

ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ് ഇപ്പോള്‍ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. കുതിരാന്‍ മല തുരന്നുള്ള ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണത്തിനു പിന്നില്‍ നൂറുകണക്കിനു തൊഴിലാളികളുടെ പത്തുമാസക്കാലത്തെ അക്ഷീണപ്രയത്നമാണുള്ളത്. ഒരേസമയം ഇരുവശത്തു നിന്നും രാപ്പകല്‍ ഭേദമന്യേ നടന്ന അധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഒരു കാരണവശാലും പാറ താഴേക്ക് ഇടിയാത്ത രീതിയിലും ഭൂകമ്പത്തെ ചെറുക്കുന്ന വിധത്തിലുമാണ് തുരങ്കം സജ്ജമാക്കുന്നത്.

കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തില്‍ നാഴികകല്ലായി കുതിരാന്‍ തുരങ്കം തുറന്നു; സഞ്ചാരയോഗ്യമായത് 962 മീറ്റര്‍ പാത

കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായി കുതിരാന്‍ തുരങ്കം തുറന്നു. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ് ഇപ്പോള്‍ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ ഇടതുവശത്തെ തുരങ്കമാണ് തുറന്നത്.

ഇന്നലെ പുലര്‍ച്ചെ നടത്തിയ സ്‌ഫോടനത്തില്‍ അവസാന പാളി പാറയും പൊട്ടിയതോടെയാണ് തുരങ്കം തുറന്നത്. രാവിലെ 7.15ന് കല്ലുകള്‍ നീക്കം ചെയ്തതോടെ തുരങ്കം ഇരുഭാഗത്തേക്കും ഗതാഗത യോഗ്യമായി. കുതിരാന്‍ മല തുരന്നുള്ള ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണത്തിനു പിന്നില്‍ നൂറുകണക്കിനു തൊഴിലാളികളുടെ പത്തുമാസക്കാലത്തെ അക്ഷീണപ്രയത്‌നമാണുള്ളത്. ഒരേസമയം ഇരുവശത്തു നിന്നും രാപ്പകല്‍ ഭേദമന്യേ നടന്ന അധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ഇരുമ്പുപാലം മുതല്‍ നരികിടന്നയവിടെ വരെയുള്ള തുരങ്കപാതയാണ് തുറന്നിരിക്കുന്നത്. ഇനി അവശേഷിക്കുന്ന തുരങ്കത്തില്‍ 250 മീറ്ററോളം പൂര്‍ത്തിയാവാനുണ്ട്. 700 മീറ്ററാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്. തുരങ്കത്തിന്റെ പണി പൂര്‍ത്തിയായ മുറയ്ക്ക് നാലു മീറ്റര്‍ താഴ്ചയില്‍ റോഡിന്റെ പണികളും പാറകള്‍ അടര്‍ന്നുവീഴാതിരിക്കാനുള്ള റിബ്ബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും തുടങ്ങും. പിന്നീട് തുരങ്കത്തിനകത്ത് വായു പുറംതള്ളാനുള്ള സൗകര്യം ഉണ്ടാക്കും. വെളിച്ചത്തിനായി ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കും.

തുരങ്കത്തിനുള്ളിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഹൈടെക് സംവിധാനമാണ് ഒരുക്കുന്നത്. നിരീക്ഷണത്തിനായി 10 സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും. കാമറയിലെ ദൃശ്യങ്ങള്‍ കാണാന്‍ പുറത്ത് സ്‌ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറയ്ക്കില്ല. ഇതോടൊപ്പം, പൊടി വലിച്ചെടുത്ത് പുറത്തുകളയാനുള്ള ബ്ലോവറുകള്‍ തുരങ്കത്തിന്റെ ഇരുവശത്തും സ്ഥാപിക്കുകയും ചെയ്യും. തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 8 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുള്ള ബൈപാസിന്റെ നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.24 മീറ്റര്‍ അകലമാണ് രണ്ടു തുരങ്കങ്ങളും തമ്മിലുള്ളത്. 28 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. ഇരുമ്പുപാലത്തിന്റെ ഭാഗത്തുനിന്നാണ് തുരങ്കനിര്‍മാണം ആരംഭിച്ചത്. ഇതിന് ഇരുമ്പുപട്ട കൊണ്ട് കവചമൊരുക്കിയിരുന്നു. ഒരു കാരണവശാലും പാറ താഴേക്ക് ഇടിയാത്ത രീതിയിലും ഭൂകമ്പത്തെ ചെറുക്കുന്ന വിധത്തിലുമാണ് തുരങ്കം സജ്ജമാക്കുന്നത്.

2016 മെയ് 13ന് ആരംഭിച്ച തുരങ്ക നിര്‍മാണം പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 88 ദിവസം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. രണ്ടാമത്തെ തുരങ്കത്തിന്റേയും പണി പൂര്‍ത്തിയാവുന്നതോടെ ഇവ മണ്ണുത്തി വടക്കുഞ്ചേരി ആറുവരി ദേശീയപാതയുടെ ഭാഗമാകും. ഇതോടെ സുഗമമായ ഗതാഗതം സാധ്യമാകുമെന്നാണ് പ്രതീക്ഷ.