ചായപ്പീടികയിലെ കുഞ്ഞിക്ക, സുരേന്ദ്രനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് ലേശം വ്യത്യസ്തമായാണ്

രണ്ടുപാടും വണ്ടികൾ ചീറിപ്പായുന്ന ഹൈവേയുടെ സമീപമാണ് കുഞ്ഞിക്കായുടെ ഈ പീടിക. ഇപ്പോള്‍ തലയ്ക്കു മുകളിലൂടെ മെട്രോയുമുണ്ട്! തലങ്ങും വിലങ്ങും വണ്ടികള്‍ ചീറി പായുന്ന കൊച്ചി-ആലുവ റോഡില്‍ പ്രായമുള്ളവരാരെങ്കിലും റോഡ്‌ മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്നത് കണ്ടാല്‍ കുഞ്ഞിക്ക അവരെ സഹായിക്കുന്നതും കാണാം. ദിനംപ്രതി ഇരുപതു മുതൽ മുപ്പതു പ്രാവശ്യം കുഞ്ഞിക്ക ഇങ്ങനെ റോഡ്‌ മുറിച്ചു കടന്നിട്ടുണ്ടാകും.

ചായപ്പീടികയിലെ കുഞ്ഞിക്ക, സുരേന്ദ്രനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് ലേശം വ്യത്യസ്തമായാണ്

പത്തനാപുരത്ത് നിന്നും ആലുവയിലേക്ക് താമസം മാറ്റിയപ്പോൾ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്‌ നേതാവുമായ ബാബു പുത്തനങ്ങാടിയും, യുവനേതാവായ വില്യം ആലത്തറയും കൂടിയാണ് കുഞ്ഞിക്കായുടെ പീടികയിലേക്ക് എന്നെ ആദ്യം കൊണ്ടു പോകുന്നത്. ഈ പരിചയം ആരംഭിച്ചിട്ട് ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ കഴിയുന്നു.

നാല് സഹോദരങ്ങള്‍ ചേർന്ന് നടത്തുന്ന ഒരു ഉഗ്രൻ നാടന്‍ ചായക്കടയാണ് കുഞ്ഞിക്കായുടെ പീടിക. എപ്പോഴും ചുറുചുറുക്കും അതിലധികം ഉന്മേഷവും തുടിക്കുന്ന ചിരിയുമായി എപ്പോഴും കുഞ്ഞിക്ക അവിടെയുണ്ട്.


സഹോദരന്മാരില്‍ മൂത്ത ആളാണ് കുഞ്ഞിക്ക. ഇദ്ദേഹമാണ് ഈ കടയിലെ ഓള്‍-ഇന്‍-ഓള്‍. മുഖം നിറഞ്ഞ ചിരിയുമായി ഇദ്ദേഹം ഭക്ഷണവും ചായയും വിളമ്പും. ഒരാൾ ഭക്ഷണം കഴിച്ചു പോയശേഷം കുഞ്ഞിക്ക തന്നെ മേശ വൃത്തിയാക്കി അവര്‍ കൈ കഴുകി വരുമ്പോഴേക്കും പണം വാങ്ങി പെട്ടിയിൽ വയ്ക്കും. ഇദ്ദേഹത്തിന്‍റെ ഒരു അനുജൻ കടയുടെ വാതിലില്‍ തന്നെ ചായ അടിച്ചും ഓംലെറ്റ്‌ ഉണ്ടാക്കിയും നില്‍ക്കുന്നുണ്ടാകും. കട എന്ന് പറയുമ്പോള്‍ രണ്ടു ചെറിയ ബെഞ്ചും നടുക്കൊരു മേശയും മാത്രം ഒതുങ്ങുന്ന ഒരു തനി നാടന്‍ പീടിക. ഇതിനുള്ളില്‍ തന്നെ പലഹാരങ്ങള്‍ നിറച്ച കണ്ണാടി അലമാരയുണ്ട്. ചായയും ഓംലെറ്റും പാകം ചെയ്യുന്ന സ്റ്റവ് പുറത്തെ വരാന്തയിലാണ്.

മൂന്നാമന്‍ മറ്റുള്ളവര്‍ ആഹാരം കഴിച്ച പാത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ ഇട്ടു കഴുകി വൃത്തിയായി അടുക്കി വയ്ക്കുന്നു. കൂടാതെ ഇതിനുള്ള വെള്ളം എത്തിക്കുകയും പരിസരം വൃത്തിയാക്കിയിടുകയും ചെയ്യുന്നു. നാലാമന്‍ മുകളിലത്തെ നിലയില്‍ പ്രധാനവിഭവങ്ങള്‍ പാചകം ചെയ്യുകയായിരിക്കും.

ഈയുള്ളവൻ ഒരിക്കൽ ചോദിച്ചു ചെലവ് കഴിഞ്ഞു ഓരോരുത്തര്‍ക്കും എത്ര വച്ചു കിട്ടും? 350 മുതൽ 400 രൂപാ വരെ ഒരോരുത്തര്‍ക്കും കിട്ടുമെന്ന് കുഞ്ഞിക്കയുടെ ചിരിയോടോപ്പമുള്ള മറുപടി. കിട്ടുന്ന ലാഭം തുല്യമായി വീതിക്കും. ഒരാള്‍ക്ക്‌ എന്തെങ്കിലും പ്രത്യേക ആവശ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ അത് കണ്ടറിഞ്ഞു സഹായിക്കും.

രണ്ടുപാടും വണ്ടികൾ ചീറിപ്പായുന്ന ഹൈവേയുടെ സമീപമാണ് കുഞ്ഞിക്കായുടെ ഈ പീടിക. ഇപ്പോള്‍ തലയ്ക്കു മുകളിലൂടെ മെട്രോയുമുണ്ട്! തലങ്ങും വിലങ്ങും വണ്ടികള്‍ ചീറി പായുന്ന കൊച്ചി-ആലുവ റോഡില്‍ പ്രായമുള്ളവരാരെങ്കിലും റോഡ്‌ മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്നത് കണ്ടാല്‍ കുഞ്ഞിക്ക അവരെ സഹായിക്കുന്നതും കാണാം. ദിനംപ്രതി ഇരുപതു മുതൽ മുപ്പതു പ്രാവശ്യം കുഞ്ഞിക്ക ഇങ്ങനെ റോഡ്‌ മുറിച്ചു കടന്നിട്ടുണ്ടാകും.

ചായ കുടിക്കാൻ കാശില്ലാതെ ആരെങ്കിലും കടയുടെ മുന്നില്‍ നില്‍ക്കുന്നത് കണ്ടാല്‍ കുഞ്ഞിക്ക അവരുടെ അടുത്തു ചെന്നു ഒരു കുശലം പറച്ചിലുണ്ട്. ആള്‍ കുഴപ്പമില്ല എന്ന് തോന്നിയാല്‍ കുഞ്ഞിക്ക അവര്‍ക്ക് ഒരു ചായ ഫ്രീയായി നല്‍കുമെന്ന് മാത്രമല്ല, വണ്ടിക്കൂലിക്കുള്ള കാശും കൂടി കൊടുത്തു വിടും. ഈയുള്ളവന്‍ നേരിട്ട് ഇക്കാര്യം പല പ്രാവശ്യം കണ്ടിട്ടുണ്ട്.
അവിടെയുള്ള ചിലർ പറയുന്നത് കേട്ടു- കുഞ്ഞിക്ക മാര്‍ക്കറ്റിങ്ങിന്റെ കക്ഷിയാണ് എന്ന്. ഇദ്ദേഹം അപാര സോപ്പിംഗ് ആണ് പോലും! മോനെ, മോളെ, സാറേ എന്നല്ലാതെ മറ്റൊരു അഭിസംബോധനയും കുഞ്ഞിക്കായില്‍ നിന്നും പ്രതീക്ഷിക്കേണ്ട. പണം കൊടുക്കാതെ പോകുന്നവരെയും കുഞ്ഞിക്ക അങ്ങനെ വിളിക്കൂ.

ഇതിൽ അദ്ഭുതപ്പെടുത്തിയത് രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്ന കട രാത്രി 8ന് അടയ്ക്കുമ്പോൾ അതേ ചിരിയും അതേ മോനെ, മോളെ സാറേ വിളിയുമായി കുഞ്ഞിക്ക ഊര്‍ജ്ജസ്വലനായിരിക്കും എന്നുള്ളതാണ്. ഈ മനുഷ്യനെ കുറിച്ച് ഏതെങ്കിലും മാനേജ്മെന്റ് സ്കൂളുകള്‍ റിസേർച്ച് ചെയ്തെങ്കില്‍ മാത്രമേ ഇതിന്‍റെ ഗുട്ടന്‍സ് പിടിക്കിട്ടുകയുള്ളൂ.

ഇക്കഴിഞ്ഞ ദിവസം എനിക്ക് ബീഫ് കഴിക്കണം എന്നൊരു തോന്നല്‍! ഒപ്പം കുഞ്ഞിക്കായുടെ ചായ കൂടി. ഒന്നു കറങ്ങി വരാന്‍ തീരുമാനിച്ചു. കുറെ നാളായി കണ്ടിട്ടെങ്കിലും കുഞ്ഞിക്കാ ഒട്ടും അമാന്തിക്കാതെ അതേ പഴയ ചിരിയുമായി ഞങ്ങളെ വരവേറ്റു. ആദ്യം ചായയെത്തി..ഒപ്പം ആ ഹൃദ്യമായ സ്വരവും-
"സാറേ ചൂട് ബീഫ് കറിയുണ്ട്, ഒപ്പം രണ്ടു പത്തിരി കൂടി എടുക്കട്ടെ?"

ഇത് കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞിക്ക വക ഒരു ചോദ്യം മുഖ്യമന്ത്രിയെ നമ്മുടെ സുരേന്ദ്രനും കൂട്ടരും കർണ്ണാടകയിൽ പോയി തടയുന്നത് വളരെ മോശമായിപ്പോയി..ലെ? കേരളത്തിൽ തടയട്ടെ ഞാനും കൂടാം നമ്മുടെ നാടും വീടുമല്ലെ?

ഈ പറയുന്ന കാര്യത്തില്‍ എനിക്ക് പ്രതിഷേധം ഉണ്ട്. സുരേന്ദ്രന്റെ പാർട്ടിക്കാരും ഇവിടെ ചായ കുടിക്കാൻ വരാറുണ്ട്. ഇനിയും അവർക്ക് ഞാന്‍ ചായ കൊടുക്കും പക്ഷെ ഒരു പ്രാവശ്യമെങ്കിലും പണം വാങ്ങില്ല. അതാ ഞമ്മടെ പ്രതിഷേധം! അവന്മാര്‍ അറിയട്ടെ..ഈ കാണിച്ചുക്കൂട്ടുന്നതിനൊന്നും ഞമ്മടെ പിന്തുണയില്ലെന്ന്!