കുഞ്ഞാലിക്കുട്ടി ദേശീയതലത്തിലെത്തുമ്പോള്‍ സംസ്ഥാന സാരഥ്യം ഇ ടിയുടെയും മജീദിന്റേയും കൈയില്‍; നേതൃനിരയില്‍ നിന്ന് എം കെ മുനീറിനെ വെട്ടും

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനൊപ്പം ഇ ടിയും കുഞ്ഞാലിക്കുട്ടിയുടെ കുറവ് നികത്തും. അതേസമയം, പാര്‍ട്ടിയില്‍ പ്രബലവിഭാഗത്തിന്റെ അപ്രീതിയ്ക്ക് കാരണമായ എം കെ മുനീര്‍ എംഎല്‍എയ്ക്ക് തല്‍ക്കാലം ഉന്നത സ്ഥാനങ്ങള്‍ ലഭിച്ചേക്കില്ലെന്നാണ് വിവരം. മുസ്ലിംലീഗ് എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെന്ന് വായിച്ചിരുന്ന കേരള രാഷ്ട്രീയത്തില്‍ പാണക്കാട് തങ്ങന്‍മാര്‍പോലും അദേഹത്തിന്റെ വാക്കുകള്‍ക്കപ്പുറം നില്‍ക്കാറില്ല

കുഞ്ഞാലിക്കുട്ടി ദേശീയതലത്തിലെത്തുമ്പോള്‍ സംസ്ഥാന സാരഥ്യം ഇ ടിയുടെയും മജീദിന്റേയും കൈയില്‍; നേതൃനിരയില്‍ നിന്ന് എം കെ മുനീറിനെ വെട്ടും

മുസ്ലിംലീഗിന്റെ ദേശീയ ശബ്ദമായി പി കെ കുഞ്ഞാലിക്കുട്ടി മാറുമ്പോള്‍ സംസ്ഥാന നേതൃത്വം ഇ ടി മുഹമദ് ബഷീറിന്റെയും കെ പി എ മജീദിന്റെയും കൈയില്‍ ഭദ്രമാകും. ചെന്നൈയില്‍ നടന്ന മുസ്ലിംലീഗ് ദേശീയ എക്‌സിക്യൂട്ടിവിലാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇ അഹമദിന്റെ ഒഴിവില്‍ എന്തുകൊണ്ടും യോഗ്യന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ദേശീയ ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായി ഇ ടി മുഹമദ് ബഷീറിനെ തെരഞ്ഞെടുത്തെങ്കിലും നിലവില്‍ അദേഹം സംസ്ഥാനത്തിന്റെ ചുക്കാന്‍ തന്നെയാവും പിടിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനൊപ്പം ഇ ടിയും കുഞ്ഞാലിക്കുട്ടിയുടെ കുറവ് നികത്തും. അതേസമയം പാര്‍ട്ടിയില്‍ പ്രബല വിഭാഗത്തിന്റെ അപ്രീതിയ്ക്ക് കാരണമായ എം കെ മുനീര്‍ എംഎല്‍എയ്ക്ക് തല്‍ക്കാലം ഉന്നതസ്ഥാനങ്ങള്‍ ലഭിച്ചേക്കില്ലെന്നാണ് വിവരം. മുസ്ലിംലീഗ് എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെന്ന് വായിച്ചിരുന്ന കേരള രാഷ്ട്രീയത്തില്‍ പാണക്കാട് തങ്ങന്‍മാര്‍പോലും അദേഹത്തിന്റെ വാക്കുകള്‍ക്കപ്പുറം നില്‍ക്കാറില്ല.

1987ല്‍ പഴയ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 91ല്‍ കുറ്റിപ്പുറത്ത് നിന്ന് നിയമസഭയെ പ്രതിനിധീകരിച്ചു. 96ലെ യുഡിഎഫ് വിരുദ്ധ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞാലിക്കുട്ടിയും പരാജയത്തിന്റെ കൈപ്പറിഞ്ഞു. വേങ്ങരയില്‍ നിന്ന് 2011ലും 2016ലും കുഞ്ഞാലിക്കുട്ടി ലീഗിന്റെ കൊടിപറത്തി.

പാര്‍ട്ടിയില്‍ സ്ഥാനങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും പി കെ കുഞ്ഞാലിക്കുട്ടിയോളം ശക്തന്‍മാര്‍ ഉണ്ടായിട്ടില്ല. ഐസ്‌ക്രീം പാര്‍ലര്‍ വിവാദം ഉയര്‍ന്നപ്പോള്‍പോലും പികെ കുഞ്ഞാലിക്കുട്ടി തന്റെ നില ഭദ്രമാക്കുകയായിരുന്നു. അതേസമയം, പാര്‍ട്ടിക്കകത്ത് വിമതനീക്കങ്ങള്‍ നിരവധി നടത്തിയ നേതാവായിരുന്നു എം കെ മുനീര്‍.

സി എച്ചിന്റെ മകന്‍ എന്ന നിലയിലും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും വിലപേശലിന്റെ രാഷ്ട്രീയം അദേഹം പരമാവധി ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യാവിഷന്‍ നിശ്ചലമായതോടെ പകുതി ശക്തി ചോര്‍ന്നിരുന്നു. സി എച്ചിന്റെ മകന്‍ എന്നതിലപ്പുറമൊരു പരിഗണന കുറച്ചുകാലമായി മുനീറിന് പാര്‍ട്ടിയില്‍ ലഭിക്കാറുമില്ല.

അതിനു കാരണം പി കെ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു.  പി കെ കുഞ്ഞാലിക്കുട്ടിയെ വെട്ടി മുന്നേറാന്‍ മുനീറിനെന്നല്ല, ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ അത്രത്തോളം ശക്തനാണ് അദേഹം.  പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ നേതൃനിരയിലെത്താനാവുമെന്ന മുനീറിന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

Read More >>