സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; സിഐടിയു സംഘടന പങ്കെടുക്കുന്നില്ല

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; സിഐടിയു സംഘടന പങ്കെടുക്കുന്നില്ല

സംസ്ഥാനത്ത് സിഐടിയു യൂണിയന്‍ ഒഴിച്ചുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൂന്നു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും.

സിഐടിയു സംഘടനയായ കെഎസ്ആര്‍ടിഇഎ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


മിക്ക കെഎസ്ആർടിസി സ്റ്റാൻ്റുകളിലും സമരാനുകൂലികൾ ബസ് തടയുന്നുണ്ട്. സമരം ചെയ്യുന്നവരുടെ ബസുകൾ മറ്റ് ബസുകൾ എടുക്കാൻ പറ്റാത്ത തരത്തിലാണ് സ്റ്റാൻറുകളിൽ പാർക്ക് ചെയ്തിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  ദീർഘദൂര സർവ്വീസുകൾ പോലും സ്റ്റാന്റിൽ കയറിയാൽ തടയുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ കോട്ടയം വഴിയുള്ള സർവീസുകൾ ഭൂരിഭാഗവും തിരുവനന്തപുരം സെൻട്രലിൽ ഉൾപ്പെടെ നിർത്തിവച്ചിരിക്കുയാണ്.

കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന സമരത്തിൽ കാസർഗോഡ് ഡിപ്പോ ഏതാണ്ട് നിശ്ചലമായി. നിരവധി ജില്ലാ സർവീസുകൾക്ക് പുറമെ കോട്ടയം സർവീസും നിർത്തലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ജീവനക്കാരുടെ പ്രതിനിധികളുമായി പണിമുടക്ക് ഒഴിവാക്കുന്നതിന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിന് ജീവനക്കാര്‍ തീരുമാനിച്ചത്.