സ്വന്തം പേരിലുള്ള നവമാധ്യമ കൂട്ടായ്മ കണ്ണൂരിൽ പൊതുപരിപാടി സംഘടിപ്പിക്കുന്നു; രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങി കെ സുധാകരൻ

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ നഷ്ടപ്പെട്ട കെ സുധാകരനെ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 'കെഎസ് ബ്രിഗേഡ്' നവമാധ്യമങ്ങളിൽ കൂടി വ്യാപക പ്രചാരണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ പൊതുപരിപാടിയുമായി കെ സുധാകരന്റെ പേരിലുള്ള നവമാധ്യമ കൂട്ടായ്മ രംഗത്ത് വരുന്നത്.

സ്വന്തം പേരിലുള്ള നവമാധ്യമ കൂട്ടായ്മ കണ്ണൂരിൽ പൊതുപരിപാടി സംഘടിപ്പിക്കുന്നു; രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങി കെ സുധാകരൻ

കെ സുധാകരന്റെ പേരിലുള്ള 'കെഎസ് ബ്രിഗേഡ്' നവമാധ്യമ കൂട്ടായ്മ കണ്ണൂരിൽ വൻ പൊതുപരിപാടി സംഘടിപ്പിക്കുന്നു. സിപിഐഎം-കോൺഗ്രസ് അക്രമത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് രക്തസാക്ഷികളെ അനുസ്മരിക്കാനും രക്തസാക്ഷി കുടുംബങ്ങളെ സാന്ത്വനിപ്പിക്കാനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'തീയിൽകുരുത്ത താരകങ്ങൾ' എന്നു പേരിട്ടിരിക്കുന്ന പരിപാടി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സാന്നിധ്യത്തിലാണു നടക്കുന്നത്.

ഫെബ്രുവരി പതിനേഴിനു കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഉൾപ്പെടെ ദേശീയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ചിലവിട്ട് ഉദുമയിൽ ജനവിധി തേടിയ കെ സുധാകരൻ പരാജയപ്പെട്ടിരുന്നു. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ നഷ്ടപ്പെട്ട കെ സുധാകരനെ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 'കെഎസ് ബ്രിഗേഡ്' നവമാധ്യമങ്ങളിൽ കൂടി വ്യാപക പ്രചാരണം നടത്തിയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടും കേരളം ഭരിക്കുന്ന സിപിഐഎമ്മിനോടും ഒരേപോലെ പോരാടാൻ കരുത്തുറ്റ നേതൃത്വം വേണമെന്നും അതിനായി കെ സുധാകരനെ നേതൃത്വമേൽപ്പിക്കണമെന്നുമായിരുന്നു പ്രധാന പ്രചാരണം.

പരിപാടി കെ സുധാകരന്റെ രാഷ്ട്രീയ തിരിച്ചുവരവ് ലക്ഷ്യമിട്ടുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷത്തിന്റെ ചുമതലയിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോകുന്നു എന്ന ആരോപണം നിലനിൽക്കെ സിപിഐഎമ്മിനെയും ബിജെപിയെയും ഒരേപോലെ വിമർശിച്ചുകൊണ്ടുള്ള പരിപാടിയുമായി കെ സുധാകരൻ രംഗത്തുവരുന്നതിനെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.