ജിഷ്ണുവിനെ കരുതിക്കൂട്ടി കുടുക്കിയത്; സൂത്രധാരന്‍ കൃഷ്ണദാസ്; പ്രവീണിനെ ഇന്‍വിജിലേറ്ററാക്കിയത് ജിഷ്ണുവിനെ കുടുക്കാനെന്നും പൊലീസ് റിപ്പോര്‍ട്ട്

കുടുംബാംഗങ്ങളുടെയും സഹപാടികളുടെയും ആരോപണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചതിന് കോപ്പിയടിയുമായി ബന്ധപ്പെടുത്തി മാനേജ്‌മെന്റ് ജിഷ്ണുവിനെ കരുതിക്കൂട്ടി കുടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷ്ണുവിനെ കരുതിക്കൂട്ടി കുടുക്കിയത്; സൂത്രധാരന്‍ കൃഷ്ണദാസ്; പ്രവീണിനെ ഇന്‍വിജിലേറ്ററാക്കിയത് ജിഷ്ണുവിനെ കുടുക്കാനെന്നും പൊലീസ് റിപ്പോര്‍ട്ട്

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെ കരുതിക്കൂട്ടി മാനേജ്‌മെന്റ് കുടുക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. എ എസ് പി കിരണ്‍ നാരായണന്‍ വടക്കാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോളേജിന്റെ പല തീരുമാനങ്ങളേയും നവമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് പ്രതികാരമായി ജിഷ്ണു കോപ്പിയടിച്ചെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു മാനേജ്‌മെന്റിന്റെ ലക്ഷ്യം. കോളേജില്‍ നടന്ന സമരങ്ങളില്‍ ജിഷ്ണു പങ്കെടുത്തതും മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചു.


കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ആണ് ജിഷ്ണുവിനെ കുടുക്കിയതിനു പിന്നിലെ സൂത്രധാരന്‍. ജിഷ്ണുവിനെ കുടുക്കാനുള്ള നീക്കത്തെ പ്രിന്‍സിപ്പല്‍ വരദരാജന്‍ എതിര്‍ത്തെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടായിരുന്നു മാനേജ്‌മെന്റിന്. കൃഷ്ണദാസിന്റെ നിര്‍ദ്ദേശപ്രകാരം വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവും, അധ്യാപകന്‍ പ്രവീണും ചേര്‍ന്നാണ് മനഃപൂര്‍വ്വം ജിഷ്ണുവിനെ കുടുക്കാനുള്ള നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇതിനായാണ് അധ്യാപകന്‍ പ്രവീണിനെ ഇന്‍വിജിലേറ്ററായി നിയോഗിച്ചത്. പരീക്ഷയ്ക്ക് ശേഷം വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദമേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം തെളിവില്ലാതാക്കാനായി സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുകയായിരുന്നു.

കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.കൃഷ്ണദാസടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനം, ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജിഷ്ണുവിനെ കുടുക്കുന്നതില്‍ ചെയര്‍മാന്‍ കൃഷ്ണദാസും, പിആര്‍ഒ സഞ്ജിത്തും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്തതോടെ ഇവരുടെ അറസ്റ്റും ഉടനുണ്ടായേക്കും. തമിഴ്‌നാട്ടിലുള്‍പ്പെടെ ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.

Read More >>