കുത്തിക്കൊന്നതിനു കത്തിയുടെ പേരില്‍ ആരും കേസ് എടുക്കാറില്ലെന്നു കെ പി ശശികല; നാരദാന്യൂസ് ആരുടെയോ കൈയിലെ കത്തിയാണെന്നും വിമർശനം

വല്ലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ സംഘടനാ പ്രവര്‍ത്തനത്തിനു പോകുന്നു എന്ന ആരോപണത്തെ കുറിച്ച് കഴിഞ്ഞ മാസം 24നു നാരദാ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിന്റെ പിറ്റേന്നു മുതല്‍ ശശികല ടീച്ചര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇക്കാര്യം രണ്ടു ദിവസം മുമ്പ് നാരദാ ന്യൂസ് വീണ്ടും റിപ്പോർട്ടു ചെയ്തു. ശശികല ടീച്ചറോടു സംസാരിച്ചതിനു ശേഷം തന്നെയാണ്, രണ്ടു റിപ്പോർട്ടുകളും തയ്യാറാക്കിയത്. എന്നാല്‍ രണ്ടാമത്തെ വാര്‍ത്തയില്‍ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തി ശശികല ടീച്ചര്‍ നാരദാ ന്യൂസുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം പൂർണ്ണരൂപത്തിൽ ചുവടെ.

കുത്തിക്കൊന്നതിനു കത്തിയുടെ പേരില്‍ ആരും കേസ് എടുക്കാറില്ലെന്നു കെ പി ശശികല; നാരദാന്യൂസ് ആരുടെയോ കൈയിലെ കത്തിയാണെന്നും വിമർശനം

കെ പി ശശികല 


(ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ)

നാരദാ ന്യൂസ് കണ്ടു. എന്നെ കുറിച്ചുള്ള വാര്‍ത്തയും. എന്നെ ഒരു വിഐപിയാക്കിയതില്‍ സന്തോഷം. നിങ്ങള്‍ക്ക് ഒരു പ്രത്യേക അഭിനന്ദനം. എനിക്ക് ഇത്രയും മൈലേജ് തന്നതിന്. എന്നെ കുറിച്ചുള്ള വാര്‍ത്ത ഞാന്‍ തന്നെ സ്‌കൂളിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടു. ഒരു കമന്റും എഴുതി. എന്നെ കുറിച്ചറിയാന്‍ നാരദാ ന്യൂസ് വായിക്കൂ എന്ന്, എല്ലാവരും വായിക്കട്ടെ.  ഞാനാ വാര്‍ത്തയുടെ പ്രിന്റെടുത്ത് ഇവിടെ മൂന്നാലു പഞ്ചായത്തില്‍ വിതരണം ചെയ്താലോ എന്ന് ആലോചിക്കുകയാണ്.

കുത്തിക്കൊന്നതിനു കത്തിയുടെ പേരില്‍ ആരും കേസ് എടുക്കാറില്ല. നിങ്ങള്‍ ആരുടെയോ കൈയിലെ കത്തിയാണ്. ആ കത്തി പിടിച്ച കൈകളാണ് കണ്ടെത്തേണ്ടത്. അതു ഞാന്‍ കണ്ടെത്തുക തന്നെ ചെയ്യും.

എനിക്കു നിങ്ങളോട് ഒരു പരാതിയും ഇല്ല.  ഈ രംഗത്ത് ഇനിയും വലിയ ഭാവികള്‍ ഉള്ളയാളല്ലെ നിങ്ങള്‍? പക്ഷെ പത്രപ്രവര്‍ത്തനത്തിനു ചില മര്യാദകള്‍ ഉണ്ട്. ആ മര്യാദകള്‍ പഠിക്കണം. ഞാന്‍ 36 കൊല്ലമായി അവിടെ ജോലി ചെയ്യുന്ന ആളാണ്. ഞാന്‍ എന്താണെന്നു വല്ലപ്പുഴയില്‍ അന്വേഷിച്ചാല്‍ അറിയാം. ടീച്ചര്‍ എങ്ങിനെയായിരുന്നു, പഠിപ്പിക്കല്‍ എങ്ങിനെയായിരുന്നുവെന്നു ചോദിക്കൂ. എന്നെ പറ്റി ഏതെങ്കിലും ഏഷണിക്കാര്‍ പറഞ്ഞതു വാര്‍ത്തയാക്കുകയാണോ ചെയ്യുക? എന്നെ കുറിച്ചുള്ള വാര്‍ത്ത ഞാൻ ആസ്വദിച്ചു. എനിക്കതില്‍ കുഴപ്പമൊന്നുമില്ല. വളരെ നന്നായി  ആസ്വദിച്ചു.

പക്ഷെ നിങ്ങള്‍ ഒന്നറിയണം. അതു വായിക്കുന്നവരില്‍ ഞാന്‍ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിനു ശിഷ്യര്‍ ഉണ്ട്. അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ അവിടേയും ഒട്ടേറെ ശിഷ്യര്‍ ഉണ്ടായിരുന്നു. അവർറിയാം ഞാന്‍ ആരാണെന്ന്, ഞാനെങ്ങനെ പഠിപ്പിച്ചു എന്ന്.
ഞാന്‍ പഠിപ്പിക്കാത്ത ഒരു കുട്ടിയും വല്ലപ്പുഴയില്‍ ഇല്ല. ഫിബ്രവരി, മാര്‍ച്ച് മാസത്തില്‍ ഞാന്‍ സ്ഥിരം ലീവെടുക്കും. ഞങ്ങളുടെ പഞ്ചായത്തുതല സമ്മേളനം നടക്കുന്ന സമയമാണത്. ഞാനാകെ ലീവ് എടുക്കുന്നത് ഈ മാസങ്ങളിലാണ്.

രണ്ടു ദിവസം മുമ്പു വാര്‍ത്തയ്ക്കു വേണ്ടി നിങ്ങള്‍ എന്നെ വിളിച്ചു. ഞാന്‍ അപ്പോള്‍ മംഗലാപുരത്തു നിന്നും മടങ്ങി വരികയായിരുന്നു. ആദ്യത്തെ വാര്‍ത്ത - എഴുപതിനായിരം വാങ്ങി ഒപ്പിട്ടു മുങ്ങുന്നു എന്ന വാർത്ത - എഴുതാന്‍ വിളിച്ചപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തു നിന്നും വരികയായിരുന്നു.  ഞാനന്നു ലീവ് കൊടുത്തു പോയതായിരുന്നു.

എന്നെ പറ്റി എഴുതും മുമ്പ് പത്തു കുട്ടികളെ, ഞാന്‍ പഠിപ്പിച്ച കുട്ടികളെ, കാണാമായിരുന്നു. ഞാന്‍ ഈ വര്‍ഷം കുട്ടികളെ പഠിപ്പിച്ചിട്ടില്ല. ഈ വര്‍ഷം പഠിപ്പിക്കാന്‍ എനിക്കു ടൈംടേബിള്‍ ഇല്ലായിരുന്നു. ഈ വര്‍ഷം ജൂണില്‍ പത്തു ദിവസം മാത്രമേ ഞാന്‍ പഠിപ്പിച്ചിട്ടുള്ളു. ജൂണ്‍ 13 മുതല്‍ അക്കാദമിക് കാര്യങ്ങള്‍ നോക്കലായിരുന്നു ചുമതല. കഴിഞ്ഞ വര്‍ഷം വരെ ഞാന്‍ പഠിപ്പിച്ച കുട്ടികളെ കാണൂ.
.
പത്രക്കാര്‍ എഴുതുന്നതു പോലെ ആള്‍ക്കാര്‍ താഴേക്കു പോയിരുന്നുവെങ്കില്‍ മോദി ഇപ്പോള്‍ പാതാളത്തിലേക്ക് എത്തിയേനെ. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്കെതിരെ എന്തും എഴുതിക്കോ. ഞാന്‍ വിളിച്ചു ചോദിക്കില്ല. പക്ഷെ 36 വര്‍ഷം പഠിപ്പിച്ച അധ്യാപികയെ കുറിച്ചാവുമ്പോള്‍ എന്റെ വാക്കുകള്‍ കൂടി നിങ്ങള്‍ കേള്‍ക്കണം. സംഘടനയുടെ പേരില്‍ നിത്യേന നൂറുകണക്കിനു പുളിച്ച തെറികള്‍ ഞാന്‍ കേള്‍ക്കുന്നതാണ്. വായിക്കുന്നതുമാണ്. എനിക്കതില്‍ ഒരു കുഴപ്പവുമില്ല. സത്യം പറയുമ്പോള്‍ തെറി കേള്‍ക്കേണ്ടി വരും.

പക്ഷെ സ്‌കൂളിനെതിരെ വാര്‍ത്ത തരുന്നതില്‍ താങ്കളെ ആരോ ചട്ടുകമാക്കുകയാണ്. സ്‌കൂളിനെതിരെ അയാള്‍ക്ക് ലക്ഷ്യങ്ങളുണ്ട്. അതു മൂര്‍ച്ച കൂട്ടാന്‍ വേണ്ടി അയാള്‍ ശ്രമിക്കുകയാണ്.

എന്നോടു സംഘടനയില്‍ നിന്നു കുറച്ചു കാലമായി പറയുന്നതാണ്, നിര്‍ബന്ധമായി വളണ്ടറി റിട്ടയര്‍മെന്റ് ചെയ്യാന്‍. ഇനി സ്‌കൂളില്‍ നിന്നും എനിക്കൊന്നും കിട്ടാനില്ല. 30 കൊല്ലത്തിനേ മാക്‌സിമം പെന്‍ഷന്‍ കിട്ടൂ. ഞാന്‍ 36 കൊല്ലമായി. നിങ്ങള്‍ പറഞ്ഞ എഴുപതിനായിരം രൂപ ശമ്പളവും ഇനി കൂടില്ല. ഈ ലീവ് തീരുന്നതോടെ വളണ്ടറി റിട്ടയര്‍മെന്റ് എടുക്കാനുള്ള തീരുമാനത്തിലായിരുന്നു ഞാന്‍. പക്ഷേ താങ്കളുടെ വാര്‍ത്തയോടു കൂടി ഞാന്‍ ആ തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നു. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ രണ്ടു വര്‍ഷം കൂടി ഞാന്‍ സ്‌കൂളില്‍ കാണും.

ലീഗ് നേതാവിന് ബി.എഡ് ഇല്ലാത്തതൊന്നും എന്റെ പ്രശ്‌നങ്ങളല്ല, അതൊക്കെ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കേണ്ട കാര്യങ്ങളാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായ ഞാനും ലീഗ് ജില്ലാ നേതാവായ സലാം മാഷും തമ്മില്‍ 33 വര്‍ഷത്തെ ബന്ധമുണ്ട്. ഞങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ ഞങ്ങളില്‍ നിന്നു പുറത്തേക്കു വരില്ല. ഞങ്ങള്‍ രാഷ്ട്രീയ മര്യാദകള്‍ പാലിച്ചു കൊണ്ടാണു ജോലി ചെയ്യുന്നത്. അന്ന് പി ടി എ യില്‍ എനിക്കെതിരെ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വന്നു എന്നു പറഞ്ഞപ്പോഴാ ഞാന്‍ അന്നു സലാം മാഷെ പറ്റി നിങ്ങളോടു പറഞ്ഞത്. പിന്നെയാണു ഞങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ആസൂത്രിത പരിപാടിയാണെന്നു മനസിലായത്.

നാരദന്‍ എന്നാല്‍ നാരദനെ പറ്റിയുള്ള ജ്ഞാനം ദാനം ചെയ്യുന്നവന്‍ എന്നാണ്. മനുഷ്യരെ പറ്റി പഠിച്ചവന്‍. ഹ്യൂമണ്‍ സൈക്കോളിസ്റ്റ്. ഒരു അര്‍ത്ഥത്തില്‍ നിങ്ങളും മനഃശാസ്ത്രം പഠിച്ചു തന്നെയാണല്ലോ ഇതൊക്കെ ചെയ്യുന്നത്.

നിങ്ങള്‍ ഇതൊക്കെ റെക്കോര്‍ഡ് ചെയ്യുന്നുണ്ടാവും എന്ന് എനിക്ക് അറിയാം. നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് എന്തു ചെയ്താലും എനിക്കതില്‍ പരാതിയില്ല.

(തയ്യാറാക്കിയത്: സുകേഷ് ഇമാം)