''എന്നെ 'കളക്ടര്‍ ബ്രോ' എന്നു വിളിക്കേണ്ട, 'ജോസേട്ടാ' എന്നു വിളിച്ചോളൂ...'' കോഴിക്കോട്ടുകാരോട് പുതിയ കളക്ടറുടെ അഭ്യര്‍ത്ഥന

'നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും' എന്ന ഒരാളുടെ പോസ്റ്റ് ഭയങ്കര വെല്ലുവിളി തന്നെയാണ്. എന്തായാലും താന്‍ തോല്‍ക്കാനില്ല. അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക. ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു. ഒടുവില്‍, 'എന്നാ ഒന്ന് നോക്കിക്കളയാം...' എന്നു പറയുന്ന യു വി ജോസ് താനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെ ഒപ്പമുണ്ടാകുമെന്നും ഉറപ്പ് നല്‍കുന്നു.

തന്നെ 'കളക്ടര്‍ ബ്രോ' എന്നു വിളിക്കേണ്ട, പകരം 'ജോസേട്ടാ' എന്നു വിളിച്ചോളൂ എന്ന് കോഴിക്കോടിന്റെ പുതിയ കളക്ടര്‍ യു വി ജോസ്. കളക്ടര്‍ കോഴിക്കോട് എന്ന ഔദ്യോഗിക ഫേബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. തന്നോട് പലരും ചോദിച്ചു 'കളക്ടര്‍ ബ്രോ' എന്നു വിളിച്ചോട്ടെ എന്ന്, എന്നാല്‍ അതു വേണ്ട, അത് ശരിയുമല്ല, ആ പേര് പ്രശാന്തിനു മാത്രം കൊടുക്കുക എന്നാണ് യു വി ജോസിന്റെ അഭിപ്രായം.

അതിനു പകരം ആരോ പറഞ്ഞതു പോലെ 'ജോസേട്ടാ'യെന്നു വിളിച്ചോളൂ. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും ബ്രോ വേണ്ട എന്നും യു വി ജോസ് പറയുന്നു. കളക്ടര്‍ ബ്രോ എന്നറിയപ്പെട്ടിരുന്ന എന്‍ പ്രശാന്തിനെ മാറ്റി പകരം ടൂറിസം ഡയറക്ടറായിരുന്ന യു വി ജോസിനെ നിയമിച്ചു എന്ന വാര്‍ത്തയോടുള്ള ജനങ്ങളില്‍ പലരുടേയും പ്രതികരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ മറുപടി.


പലരുടേയും പോസ്റ്റുകള്‍ കണ്ടപ്പോള്‍ ആദ്യം പേടിച്ചുപോയെന്നും നിങ്ങളുടെ സ്വന്തം 'കലക്ടര്‍ ബ്രോ'യെ മാറ്റി, പകരം 'വില്ലന്‍' റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്‍പം വിഷമം തോന്നിയെന്നും പുതിയ കളക്ടര്‍ പറയുന്നു. എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയേ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്ന്- യു വി ജോസ് മനസ്സു തുറക്കുന്നു.

'നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും' എന്ന ഒരാളുടെ പോസ്റ്റ് ഭയങ്കര വെല്ലുവിളി തന്നെയാണ്. എന്തായാലും താന്‍ തോല്‍ക്കാനില്ല. അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക. ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു. 'എന്നാ ഒന്ന് നോക്കിക്കളയാം...' എന്നു പറയുന്ന യു വി ജോസ് താനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകുമെന്നും ഉറപ്പ് നല്‍കുന്നു. നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ. പിന്നെ മാറ്റിപ്പറയല്ലേ എന്നു പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ മാസം 15നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എന്‍ പ്രശാന്തിനെ മാറ്റി ടൂറിസം ഡയറക്ടറായിരുന്ന യു വി ജോസിനു കോഴിക്കോട് കളക്ടറുടെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്.

യു വി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്


Read More >>