മലയാള സിനിമയെ നിയന്ത്രിക്കുന്നത് കൊച്ചിയിലെ ഗുണ്ടാലോകം; സംരക്ഷണമൊരുക്കുന്നത് ചലച്ചിത്ര മേഖലയിലെ പ്രമുഖർ

നടി ഭാവനക്ക് നേരെ കൊച്ചിയിൽ നടന്ന അക്രമം സിനിമാ മേഖലയ്ക്കുള്ളിൽ വളരുന്ന ക്രിമിനൽ ഗുണ്ടാ സംഘങ്ങളെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. കടുത്ത നടപടികൾ സിനിമാ സംഘടനകളും പോലീസും സർക്കാരും സ്വീകരിച്ചില്ലെങ്കിൽ ക്രിമിനലുകൾ സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാകും.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് കൊച്ചിയിലെ ഗുണ്ടാലോകം;  സംരക്ഷണമൊരുക്കുന്നത് ചലച്ചിത്ര മേഖലയിലെ പ്രമുഖർ

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്രിമിനൽ ഗുണ്ടാ സംഘം തന്നെയാണ് നടി ഭാവനക്ക് നേരെ അക്രമം നടത്തിയത് എന്ന കാര്യം അത്യന്തം ഗൗരവമായാണ് കാണേണ്ടത്. ബോളിവുഡിൽ ആര് വാഴണമെന്നും ആര് വീഴണമെന്നും തീരുമാനിക്കുന്ന മുംബൈ അധോലോകത്തിന് സമാനമായി കൊച്ചിയിലും ക്രിമിനൽ സംഘങ്ങൾ വളർന്നു വരുന്നത് തടഞ്ഞേ മതിയാവൂ. സിനിമാ മേഖലയിലെ പ്രമുഖരുടെ പിന്തുണയോടെ വളർന്നു വരുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾ പരസ്യമായി 'ഹഫ്ത' പിരിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്താൽ ഈ നിലയ്ക്കാണെങ്കിൽ നാളേറെ വേണ്ട.


രക്തമൊഴുകിയ ബോളിവുഡ്

ബോളിവുഡിനെ ഒരു കാലത്ത് പരസ്യമായി നിയന്ത്രിച്ചിരുന്നത് മുംബൈ അധോലോകമാണ്. ഇപ്പോഴും അധോലോകത്തിന് ബോളിവുഡിൽ മേൽക്കയ്യുണ്ടെന്നാണ് പറയപ്പെടുന്നത്. 'ആദ്യ സെലിബ്രിറ്റി ഡോൺ' ഹാജി മസ്താൻ മുതൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽ പൊടിയിട്ട് മുങ്ങിയ ദാവൂദ് ഇബ്രാഹിം വരെയുള്ള അധോലോക രാജാക്കന്മാരുടെ പേരുമായി ബന്ധപ്പെട്ട് നടികളുടെയോ നടന്മാരുടെയോ പേരുകൾ നാം കേട്ടിരിക്കുന്നു.

ഗോസിപ്പ് കോളങ്ങളിൽ നിറയുന്നിടത്ത് മാത്രമല്ല 'തോക്കും ക്യാമറയും' തമ്മിലുള്ള ബന്ധം. സിനിമയെന്ന വ്യാപാരത്തിലെ പണത്തിനെ നിയന്ത്രിക്കുകയും തങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാത്തവരെ ഒതുക്കാനും മുംബൈ അധോലോകത്തിന് എന്നും സാധിച്ചിരുന്നു. 1997ൽ മ്യൂസിക് ബ്രാൻഡ് 'ടി സീരീസ്' ഓണർ ഗുൽഷൻ കുമാറിന്റെ കൊലപാതകം ഉൾപ്പെടെ അധോലോകത്തിന്റെ കയ്യുള്ള അക്രമങ്ങളും ഏറെയുണ്ട്.

അധോലോകത്തിന് വഴങ്ങാത്തവർക്ക് ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി. സിനിമ ചിത്രീകരിക്കാനും റിലീസ് ചെയ്യാനും അധോലോകത്തിന് 'ഹഫ്ത'. സിനിമയുടെ ലാഭത്തിന്റെ പങ്കും ആവശ്യപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല.  ലാഭത്തിൽ പങ്ക് ചോദിച്ചും ഹഫ്ത ആവശ്യപ്പെട്ടും അധോലോകത്ത് നിന്നും ഭീഷണി ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ടെന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്.

'ചോട്ടാ മുംബൈ'

മദ്രാസിലെ സ്റ്റുഡിയോ മതിൽക്കെട്ടുകൾ വിട്ടിറങ്ങിയ മലയാള സിനിമയെ ബോളിവുഡിനെ മുംബൈ എന്നോണം വളർത്തിയത് കൊച്ചിയാണ്. സിനിമയും സിനിമാ അനുബന്ധ വ്യവസായങ്ങളും ലേറ്റ് നൈറ്റ് പാർട്ടികളും പച്ചപിടിച്ച കൊച്ചിയെ കേരളത്തിന്റെ 'ഗുണ്ടാ ഹബ്' ആയി വിശേഷിപ്പിച്ചതും മലയാള സിനിമകൾ തന്നെയാണ്.

സൂപ്പർ താരങ്ങളും യുവതാരങ്ങളും കൊച്ചിയിലെ ഗുണ്ടകളുടെ വേഷം കെട്ടി. പണത്തിന്റെ കേന്ദ്രീകരണവും വിനിമയവും ഏറെയുള്ള ചലച്ചിത്ര ലോകത്തിന്റെ പിന്നാമ്പുറത്ത് അപ്പോഴേക്കും 'ക്രിമിനൽ- കലാ' ബന്ധം ദൃഢമായിരുന്നു.

ലൊക്കേഷനിൽ സുരക്ഷയൊരുക്കൽ, ഷൂട്ടിങ്ങിനായി ആഡംബരവാഹനങ്ങൾ സംഘടിപ്പിക്കൽ, താരങ്ങളുടെ പേഴ്സണൽ സെക്യൂരിറ്റി... അങ്ങനെ ഗുണ്ടകൾ നേരിട്ട് കൈവെക്കുന്ന മേഖലകൾ സിനിമാ ലോകത്ത് വിപുലമായി.

താര സുഹൃത്തുക്കൾ അഥവാ വിഐപി ഗുണ്ടകൾ

സിനിമാ ലോകത്ത് നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി സമസ്ത മേഖലകളിൽ ഉള്ളവർക്കും ഗുണ്ടാ ബന്ധം ഉണ്ട്. പല താരങ്ങൾക്കും അവരുടെ കടുത്ത ആരാധകരായ ഗുണ്ടകൾ ഉണ്ടത്രേ. സമ്പത്ത് കുമിഞ്ഞു കൂടിയ പല സെലിബ്രിറ്റികളുടെയും ബിനാമികളുടെ രൂപത്തിലും ഗുണ്ടാ നേതാക്കൾ തന്നെ. പല ഗുണ്ടകളുടെയും 'സ്റ്റാറ്റസ്' തീരുമാനിക്കുന്നതും സെലിബ്രിറ്റി ബന്ധങ്ങൾ ആണ്. ചില ഗുണ്ടകളെ പോലീസ് പിടിച്ചാൽ ഉടൻ സിനിമാ മേഖലയിൽ നിന്നും വിളി വരുമെന്ന് കൊച്ചിയിലെ പോലീസുകാർക്ക് തന്നെ അറിയാം.

പുതുതായി എത്തുന്ന നടന്മാർക്കും നടിമാർക്കും ഡ്രൈവർ, സ്വകാര്യ സുരക്ഷാ ഭടന്മാർ എന്നിവരെ ഒരുക്കിക്കൊടുക്കുന്നതും ഗുണ്ടാ സംഘങ്ങൾ തന്നെ. പലപ്പോഴും മുതിർന്ന നടന്മാർ, സംവിധായകർ എന്നിവരുമായും മറ്റും ബന്ധമുള്ള ഗുണ്ടാനേതാക്കൾ തന്നെയാണ് ഇത് ഏറ്റെടുക്കുക. ഇത്തരത്തിൽ സുരക്ഷയേറ്റെടുത്തുകഴിഞ്ഞാൽ ഇവരുടെ നീക്കങ്ങളും സഞ്ചാരവും എല്ലാം ഗുണ്ടാ സംഘങ്ങളുടെ നിരീക്ഷണത്തിലാവും.

ഗുണ്ടാനേതാക്കളായ സുഹൃത്തുക്കൾ താരങ്ങളെയും സംവിധായകനെയും നിർമാതാവിനെയും ലൊക്കേഷനിൽ സന്ദർശിക്കുന്ന പതിവുണ്ട്. ഇങ്ങനെ 'സ്റ്റാറ്റസ്' കൂടിയ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് ലൊക്കേഷനിൽ കാണിച്ചാൽ മറ്റുള്ളവർക്ക് തങ്ങളോട് ബഹുമാനം കൂടും എന്നൊക്കെയാണ് പലരുടെയും ചിന്ത.

ജൂനിയേഴ്സിനെ ഒതുക്കാനും നിയന്ത്രിക്കാനും ഇഷ്ടപ്പെട്ടവരെ വാഴ്ത്താനും അല്ലാത്തവരെ വീഴ്ത്താനും എല്ലാം മുതിർന്നവർ ഉപയോഗപ്പെടുത്തുന്നത് ഇത്തരം ഗുണ്ടാ കൊട്ടേഷൻ സംഘങ്ങളെയാണെന്നത് പരസ്യമായ രഹസ്യമാണ്.

മുൻകയ്യെടുക്കേണ്ടത് ചലച്ചിത്രലോകം

സിനിമയുടെ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടാൻ കഴിയുന്ന തരത്തിൽ ക്രിമിനൽ സംഘങ്ങൾക്ക് ചുവടുറപ്പിക്കാൻ കഴിഞ്ഞതിന്റെ പൂർണ ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കും സംഘടനകൾക്കും തന്നെയാണ്. ബ്ലാക്ക് മെയിലിങ് ഉൾപ്പെടെ അവർ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന അത്യന്തം അപകടകരമായ പ്രവർത്തനത്തെ കുറിച്ചുള്ള സൂചന മാത്രമാണ് ഭാവനക്ക് നേരെ നടന്ന അതിക്രമം.

നിലവിൽ ചലച്ചിത്ര ലോകത്തെ തന്നെ പലരുടെയും നിയന്ത്രണത്തിലോ കൺവെട്ടത്തോ തന്നെയുള്ള ക്രിമിനൽ ഗുണ്ടാ സംഘങ്ങൾ മുംബൈ അധോലോകത്തിന്റെ മാതൃകയിൽ സിനിമയെ നിയന്ത്രിക്കുന്ന നിലയിലേക്ക് വളരാൻ കാലമേറെയൊന്നും വേണ്ട. അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥയിലാകും മലയാളം സിനിമാ ഇൻഡസ്ട്രി.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യപ്പെടുന്ന കണക്കില്ലാത്ത പണം, ക്രിമിനൽ ആക്ടിവിറ്റികൾ എന്നിവ കർശനമായി നിയന്ത്രിക്കാൻ സർക്കാരും പോലീസും മുന്നിട്ടിറങ്ങണം. കുറ്റകൃത്യങ്ങൾ ഉടൻ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ താരങ്ങളും ബന്ധപ്പെട്ടവരും തയ്യാറാവണം. ഇതിനായുള്ള തീരുമാനം എല്ലാ സംഘടനകളും അടിയന്തിരമായി സ്വീകരിച്ചെ മതിയാവൂ.

Read More >>