അഫ്സൽ ഗുരു തീവ്രവാദി ആയിരുന്നോ... അന്ത്യം വരെ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗൺഡിയ്ക്കു പറയാനുളളത്...

അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയതിനെത്തുടര്‍ന്ന് 2016ല്‍ ജെഎന്‍ യുവില്‍ നടന്ന സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു 69 വയസുകാരനായ കൊബാദ് ഗണ്‍ഡി. ആ പരിപാടിയുടെ പേരിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചു ക്യാമ്പസില്‍ നിന്നും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുമ്പോള്‍, അഫ്സല്‍ ഗുരുവിനെ വളരെ അടുത്തറിഞ്ഞ ഗണ്‍ഡിയുടെ ചിന്തകള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.

അഫ്സൽ ഗുരു തീവ്രവാദി ആയിരുന്നോ... അന്ത്യം വരെ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗൺഡിയ്ക്കു പറയാനുളളത്...

അഫ്സല്‍ ഗുരുവിന്റെ അവസാനനാളുകൾ തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും കൊബാദ് ഗണ്‍ഡി വിവരിക്കുന്നു:

2009 സെപ്റ്റംബര്‍ 21ന് രാവിലെ 7 മണിയോടെയാണ് എന്നെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നത്. അപമാനകരമായ കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം അവര്‍  അതീവസുരക്ഷയുള ജയില്‍ നമ്പര്‍ 3ല്‍ പ്രവേശിപ്പിച്ചു. അതിനുള്ളിലെ അന്തേവാസികള്‍ അവരവരുടെ സെല്ലുകളില്‍ ബന്ധിതരാണ്. ഞാന്‍ ബ്ലോക്ക്‌ A യിലേക്ക് പ്രവേശിക്കുമ്പോള്‍ സെല്‍ നമ്പര്‍ ഒന്നില്‍ "തീഹാറിലേക്ക് സ്വാഗതം, നിങ്ങദളെ ഞാന്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു" എന്ന് തോന്നിപ്പിക്കുന്ന നിറഞ്ഞ ചിരിയുമായി അഫ്സല്‍ ഗുരുവിനെ കണ്ടു. (രണ്ടു ബ്ലോക്കുകളാണ് ഈ വാര്‍ഡിനു ഉള്ളത്.)


എന്നെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിയാമെന്നും നാളെ രാവിലെ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ സെല്‍ നമ്പര്‍ നാലിലേക്ക് നയിക്കപ്പെട്ടു, ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തനായ അധോലോകനായകന്‍ എന്ന ഖ്യാതികേട്ട കിസാന്‍ പെഹല്‍വാന്‍ ഉള്‍പ്പെടെ അവിടെ വേറെ മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ രണ്ടു ഖാലിസ്ഥാനികള്‍ താമസിക്കുന്ന സെല്‍ നമ്പര്‍ 8 ലേക്ക് അവര്‍ എന്നെ മാറ്റി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭുല്ലാര്‍ എന്ന ഖാലിസ്ഥാനി സെല്‍ നമ്പര്‍ 2ലാണ് ഉള്ളത്. അന്ന് രാവിലെ ഞാന്‍ അഫ്സല്‍ ഗുരുവിനോപ്പം ചായ പങ്കിട്ടു. 2013 ഫെബ്രുവരി 9 ന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത് വരെ ഈ പതിവ് ഞങ്ങള്‍ തുടര്‍ന്നിരുന്നു.

തീഹാറില്‍ നിന്നും ഫ്ലാസ്കില്‍ ലഭിച്ചിരുന്ന വെള്ളം പോലെയുള്ള ഒരു ദ്രാവകത്തില്‍ ക്യാന്റീനില്‍ നിന്നും വാങ്ങിയ പാല്‍പ്പൊടി ചേര്‍ത്തു ടീ ബാഗും ഉപയോഗിച്ചു അഫ്സല്‍ ഗുരു കടുപ്പമുള്ള ചായയാക്കും. അടുത്ത ജയില്‍ അധികാരികള്‍ നല്‍കുന്ന രണ്ടു കഷണം ബ്രെഡും ഇങ്ങനെ ഉണ്ടാക്കുന്ന ചായയും അടുത്ത മൂന്ന് വര്‍ഷങ്ങളുടെ പ്രഭാതങ്ങളില്‍ ഞാന്‍ പങ്കിട്ടു. ഇതുകഴിയുമ്പോള്‍ തൊട്ടടുത്ത വാര്‍ഡുകള്‍ക്ക് മുന്‍പിലൂടെ ഒരു പ്രഭാതസവാരി. വര്‍ഷങ്ങള്‍ ഇതേ പതിവ് ഞങ്ങള്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം തൂക്കിലേറ്റപ്പെട്ട ഫാസി കോട്ടിയിലെ ജീവിതത്തിലും ഈ പതിവ് ശീലമാക്കിയിരുന്നു.

അഫ്സൽ ഗുരു തീവ്രവാദിയായിരുന്നില്ല, മനുഷ്യനായിരുന്നു

ഇക്കാലമത്രയും ഒരു മനുഷ്യത്വമുള്ള, ലോലഹൃദയനും ലാളിത്യവുമുള്ള ഒരു മനുഷ്യനെയാണ്‌ ഞാന്‍ അഫ്സല്‍ ഗുരുവില്‍ കണ്ടത്. തന്റെ അമ്മയോടും അധ്യാപികയായ ഭാര്യയോടും ഏകമകനോടും അളവറ്റ വൈകാരികതയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. രക്ഷാബന്ധന്‍ ദിവസത്തില്‍ തടവുപുള്ളികളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ഒരു ദിവസം കഴിയാനും തീഹാറില്‍ സ്ത്രീകള്‍ക്ക് അനുവാദമുള്ള ദിവസം, ഇവരെല്ലാം അഫ്സല്‍ ഗുരുവിനൊപ്പമായിരിക്കും. വളരെക്കുറച്ചു ആവശ്യങ്ങള്‍ മാത്രമുണ്ടായിരുന്നതിനാല്‍ തന്റെ കുറഞ്ഞ വേതനത്തില്‍ നിന്നും ഭാര്യ പ്രതിമാസം അയച്ചു നല്‍ക്കുന്ന ആയിരം രൂപയില്‍ അദ്ദേഹത്തിന്റെ ചെലവുകള്‍ ഒതുങ്ങി.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയുള്ള ഒരു തീവ്രമൌലികവാദിയായിരുന്നില്ല അഫ്സല്‍ ഗുരു. അദ്ദേഹം ദിവസവും അഞ്ച് നേരം നിസ്ക്കരിക്കുകയും ഇസ്ലാം മതാചാരങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന തീവ്രമുസല്‍മാനായിരുന്നു എന്നുള്ളത് സത്യമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനും ഭയം കൂടാതെ ഇനിയും പ്രതീക്ഷകള്‍ നിലനിര്‍ത്താനും, 'ജന്നത്ത്' എന്ന സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്വാസം സഹായിച്ചു.

തത്വജ്ഞാനപരമായി, മനുഷ്യത്വം സ്നേഹം തുല്യത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇസ്ലാമിന്‍റെ സൂഫി പാരമ്പര്യത്തിലായിരുന്നു അഫ്സല്‍ വിശ്വസിച്ചിരുന്നത്. ഇദ്ദേഹം റൂമിയുടെയും ഇക്ബാലിന്റെയും കടുത്ത ആരാധകനാണ്. റൂമിയുടെ ഉര്‍ദു പരിഭാഷയുടെ ആറു വാല്യങ്ങള്‍ അഫ്സല്‍ ഗുരുവിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇവ പലതും എനിക്ക് പ്രഭാതചായക്കൊപ്പം അഫ്സല്‍ പരിഭാഷപ്പെടുത്തി തരികയും ചെയ്തിട്ടുണ്ട്. സൈദ്ധാന്തികരും മൌലികവാദികളും വ്യാഖ്യാനിച്ചു വിരൂപമാക്കിയ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മനുഷ്യത്വമൂല്യങ്ങളെ അഫ്സലിലൂടെയാണ് ഞാന്‍ പഠിക്കുന്നത്.

തീവ്രവാദത്തെ എതിർത്ത അഫ്സൽ ഗുരു

ബോംബ്‌ സ്ഫോടനങ്ങളിലൂടെയും മറ്റും നിരപരാധികളെ കൊന്നൊടുക്കുന്ന മൌലികവാദ പ്രവര്‍ത്തനങ്ങളോട് അഫ്സലിന് യോജിപ്പുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റിനോടും അദ്ദേഹത്തിനു പ്രതിപത്തിയുണ്ടായിരുന്നില്ല. ഇവര്‍ ചിലപ്പോള്‍ റോയേക്കാള്‍ അധഃപതിക്കുമെന്നും പാകിസ്ഥാനിലേക്ക് ലയിക്കുന്നതിനല്ല, മറിച്ചു യഥാര്‍ത്ഥ 'ആസാദി' യ്ക്കു വേണ്ടി പോരാടുന്ന ബുദ്ധിജീവികളുടെ കൊലയ്ക്കും ഈ സംഘടനകള്‍ ഇടയാക്കുന്നു എന്നും അഫ്സല്‍ ഇടയ്ക്കിടെ പറയുമായിരുന്നു. 1990കളില്‍ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നടത്തിയ ഇരച്ചുകയറ്റത്തിനു ലഭിച്ച തിരിച്ചടി തന്നെ ഉദാഹരണം. അന്ന് ജെകെഎൽഎഫ് പാക് അനുകൂല സംഘടനയല്ലായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കൊലപ്പെടുത്തിയവരേക്കാൾ അധികം പേരെ ഐഎസ്ഐയും  കൊന്നൊടുക്കി എന്ന് അഫ്സല്‍ എനിക്ക് വിശദീകരിച്ചു തന്നു.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ജീവിതം എല്ലാ അര്‍ത്ഥത്തിലു ഒരു തുറന്ന ജയില്‍ പോലെയാക്കിയിരിക്കുകയാണ് എന്നും അഫ്സല്‍ വ്യക്തമായി വിശദീകരിച്ചു. കശ്മീരികളുടെയും പലസ്തീനികളുടെയും ജീവിതം ഒരുപോലെയാണ് എന്നാണ് അഫ്സല്‍ വിലയിരുത്തുന്നത്. കാശ്മീരികളുടെ പോരാട്ടത്തിനു പാകിസ്ഥാന്‍ മുന്നോട്ടു വയ്ക്കുന്ന സഹായം ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. ഇന്ത്യയോടുള്ള ശത്രുതയ്ക്കു അവര്‍ കശ്മീരികളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന വാദമാണ് അഫ്സലിന് ഉണ്ടായിരുന്നത്. ഇന്ത്യ-പാക്‌ വിദ്വേഷത്തിന്റെ ഇടയിലെ ബലിയ്ക്കുള്ള ആട്ടിൻകുട്ടിയായി കാശ്മീരിനെ മാറ്റിയിരിക്കുന്നു.

കമ്മ്യൂണിസം+ദൈവം= ഇസ്ലാം

കമ്മ്യൂണിസത്തിനോടും അഫ്സലിന് വലിയ ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. (മതമൌലികവാദികള്‍ക്ക് ഉണ്ടായിരുന്നത് പോലെയല്ല). കമ്മ്യൂണിസം+ദൈവം= ഇസ്ലാം എന്ന ഇക്ബാലിന്റെ വീക്ഷണത്തെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു അഫ്സല്‍. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ ഇദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു താനും! നോം ചോംസ്കിയെ പോലെയുള്ള പാശ്ചാത്യ എഴുത്തരുടെ രചനകള്‍ അഫസ്ല്‍ വായിക്കാറുണ്ട്. അദ്ദേഹം ഗസലുകള്‍ ഇഷ്ടപ്പെട്ടിരുന്നു. ജയിലിൽ അദ്ദേഹത്തെ കുറിച്ചു ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ തടവ്‌ ജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനങ്ങള്‍ പിന്നീടു ഉണ്ടായതുമില്ല.

അഫ്സല്‍ തൂക്കിലേറ്റപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ് ഞങ്ങളോട് പെട്ടെന്ന് ബ്ലോക്കിന്റെ പിന്നിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. (അവിടെയുണ്ടായിരുന്നവരെ അതിനു മുന്‍പായി മറ്റെവിടെക്കോ മാറ്റിയിരുന്നു.) ഞങ്ങള്‍ B ബ്ലോക്കിലേക്ക് മാറുമ്പോള്‍ ഫാസി കോട്ടിയിലേക്ക് നീങ്ങുന്ന വഴിയിലേക്ക് നോക്കിയിരുന്നു. ആ കെട്ടിടം അടച്ചിട്ട അവസ്ഥയിലായിരുന്നതിനാല്‍ അകത്തുനടക്കുന്നതൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫാസി കോട്ടിയില്‍ ദ്രുതഗതിയില്‍ പുനരുദ്ധാണ പ്രവൃത്തികള്‍ ആരംഭിച്ചു എന്ന് പിന്നീടു അറിഞ്ഞു. വിദേശത്തു നിന്നുള്ളവരാരോ ജയില്‍ സന്ദര്‍ശിക്കുന്നതിനാലാണ് ഈ ഒരുക്കങ്ങള്‍ എന്നാണ് ജയിലിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്; ചിലപ്പോള്‍ ഭുല്ലാര്‍ തൂക്കിലേറ്റപ്പെടാം എന്നും ശ്രുതിയുണ്ടായി.

എന്നാല്‍ ആരെങ്കിലും തൂക്കിലേറ്റപ്പെടുമെങ്കില്‍ അത് താനായിരിക്കുമെന്നു അഫ്സല്‍ പറയുമായിരുന്നു. അങ്ങനെയൊരു ഭീതി എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അഫ്സല്‍ ആ രാത്രിയിലും പതിവ് പോലെ സന്തുഷ്ടനായിരുന്നു.

അവസാന ദിവസം... അവസാന നിമിഷങ്ങൾ 

അടുത്ത ദിവസം രാവിലെ ജയില്‍ ജീവനക്കാര്‍ അര മണിക്കൂര്‍ വൈകിയാണ് സെല്ലില്‍ എത്തിയത്. അവര്‍ അഫ്സലിന്റെ ജയിലറ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ പരിശോധിക്കണമെന്നുണ്ടെങ്കില്‍ അത് കുറച്ചു കഴിഞ്ഞാകാം, ആദ്യം നമസ്കാരം നടക്കട്ടെ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അവര്‍ അഫ്സലിനെ പുറത്തിറക്കി ആ അറ മാത്രം പൂട്ടി മറ്റൊരു സെല്ലിലേക്കും വരാതെ മടങ്ങി. 'അത് സംഭവിക്കാന്‍ പോകുന്നു' എന്ന് ഞങ്ങളും തിരിച്ചറിയുകയായിരുന്നു.

അഫ്സലിനെ അവര്‍ A ബ്ലോക്കിലെ പഴയസെല്ലിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു വക്കീലന്മാര്‍ അദ്ദേഹത്തെ കണ്ടു. 8 മണിക്ക് തൂക്കിലേറ്റപ്പെടും എന്ന് അവര്‍ അഫ്സലിനെ അറിയിച്ചു.  തന്റെ കുടുംബത്തോടും മകനോടും ഫോണില്‍ സംസാരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പക്ഷെ അതിനു അവര്‍ അനുവാദം നല്‍കിയില്ല. മറ്റെല്ലാ നിയമനടപടികളും കോണ്ഗ്രസ് സര്‍ക്കാര്‍ നാമമാത്രമായി പൂര്‍ത്തീകരിച്ചു എന്ന് പിന്നീടു അറിഞ്ഞല്ലോ. അദ്ദേഹം ആദ്യം തന്റെ നിസ്കാരം നടത്തി, അവര്‍ നല്‍കിയ ചായയും ബിസ്ക്കറ്റും കഴിച്ചു. അതിനു ശേഷം കുളിച്ചു, അവസാനമായി നിസ്ക്കരിച്ചു.

8 മണിയാകാന്‍ 5 മിനിറ്റ് മാത്രമുള്ളപ്പോള്‍ അദ്ദേഹത്തെ അവര്‍ ഞങ്ങള്‍ എന്നും നടക്കാറുള്ള ആ ഗ്രൌണ്ടിലൂടെ കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്ന ഓരോ ജീവനക്കാരെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു, അവരോട് നല്ല രീതിയില്‍ പെരുമാറണമെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്സലിനെ ഈ പെരുമാറ്റം ജയില്‍ ജീവനക്കാരില്‍ മായത്ത നൊമ്പരമുണ്ടാക്കി എന്ന് പിന്നീടു ഞങ്ങള്‍ അറിഞ്ഞു. തങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. ഭയമേതുമില്ലാതെ മരണത്തിലേക്ക് നടന്നു നീങ്ങിയ ഒരു മനുഷ്യന്റെ കാഴ്ച അത്രയ്ക്ക് വേട്ടയാടുന്നതായിരുന്നു.

ജയിലില്‍ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാർ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്സലിനെയും അവര്‍ മറവു ചെയ്തു. വിരോധാഭാസകരമായ ഒരു കാര്യമുണ്ട്, ഇതേ മക്ബൂല്‍ ഭട്ടിനെ 'പാകിസ്ഥാന്‍ വിരോധി' എന്ന് മുദ്രകുത്തി മക്ബൂലിന്റെ കൃതികള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട് എന്നുള്ളതാണ്.

തീഹാറിലെ ഏഴു വര്‍ഷം നീണ്ട തടവുജീവിതത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും മനുഷത്വം ഉള്ളതും ലാളിത്യമുള്ളതും കപടതയില്ലാത്തതുമായ ഒരു മനുഷ്യനുമായുള്ള സഹവാസം അങ്ങനെ അവസാനിച്ചു. എല്ലാ കാശ്മീരികളും അഫ്സലിനെ പോലെയായിരുന്നില്ല, ഒരാള്‍ ഒഴികെ- റഫീക്ക്! അഫ്സലുമായി റഫീക്കിന് എന്തെല്ലാമോ സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അഫസലിനെ പോലെ വായനാശീലം ഉണ്ടായിരുന്നവര്‍ ആരുമില്ല.
കശ്മീരിന്റെ യഥാര്‍ത്ഥ സേവകരെ മറന്നുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുള്ള മുറവിളിയെ കോണ്ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്‍ വാദികളായവരുടെ കൈകളില്‍ എത്തിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല

കൊബാദ് ഗണ്‍ഡിയെക്കുറിച്ച്

അതീവ നിശ്ചയദാര്‍ഢ്യവും ശരിയായ ശിക്ഷണവുമുള്ള ഒരു സാധാരണക്കാരനാണ് കൊബാദ് എന്ന് ഭാര്യാസഹോദരനും പ്രശസ്ത തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് സുനില്‍ ഷാന്‍ബാഗ് പറയുന്നത്.

നിരോധിത സംഘടനയായ സിപിഎം (മാവോയിസ്റ്റ്) പോളിറ്റ്ബ്യുറോ അംഗമായ കൊബാദ് ഗണ്‍ഡി 2009 സെപ്റ്റംബര്‍ 21ന് ന്യൂഡല്‍ഹിയിലാണ് അറസ്റ്റിലാകുന്നത്. മുംബൈയിലെ ധനാഢ്യമായ ഒരു പാര്‍സി കുടുംബാംഗമായ ഗണ്‍ഡി, കോണ്‍ഗ്രസ്‌ നേതാവായ സഞ്ജയ്‌ ഗാന്ധിയുടെ സഹപാഠിയാണ്.

കൊബാദിന്റെ പിതാവ് ഗ്ലാക്സോ കമ്പനിയില്‍ സീനിയര്‍ എക്സിക്യൂട്ടീവായിരുന്നു. മുംബൈയിലെ വർളിയിലെ ആഡംബര അപാര്‍ട്മെന്റിലായിരുന്നു ജീവിതം.  മഹാരാഷ്ട്രയിലെ ഹില്‍ സ്റ്റേഷനുകളായ മഹാബലേശ്വറിലും പഞ്ചഗനിയിലും നക്ഷത്ര ഹോട്ടലുകള്‍ ഉള്ള ഈ കുടുംബത്തിലെ വിദ്യാസമ്പന്നനായ ഒരു യുവാവ് മാവോയിസത്തിലേയ്ക്കു തിരിയുന്നത് അപ്രതീക്ഷിതമായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന ഒരു ജനതയെ ലണ്ടനില്‍ അക്കാലത്ത് പരിചയപ്പെടാന്‍ കഴിഞ്ഞതാകാം തന്റെ രാജ്യത്തെ നീതി ലഭിക്കാത്തവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കൊബാദിന് ഉണ്ടാക്കിയത്.

ലണ്ടനില്‍ നിന്നു ചാറ്റര്‍ഡ് അക്കൌണ്ടന്‍സി യോഗ്യത ഗണ്‍ഡി ഇന്ത്യയില്‍ എത്തിയപ്പോള്‍ വിപ്ലവപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. മാവോയിസ്റ്റ് ചിന്തകളെ പിന്‍തുണയ്ക്കുന്ന ബുദ്ധിജീവി എന്നാണ് കൊബാദ് ഗണ്‍ഡി അറിയപ്പെടുന്നത്.

വിപ്ലവപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം മുംബൈയുടെ കോളനികളില്‍ സന്ദര്‍ശിച്ചു അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതേ വിപ്ലവമനോഭാവമുള്ള അനുരാധ ഷാന്‍ബാഗിനെ കണ്ടുമുട്ടുന്നതും അവരെ  ജീവിതപങ്കാളിയാക്കിയതും ഈ സമയത്താണ്. 1970കളില്‍ ഭരണഘടനാ സ്വാതന്ത്ര്യത്തിന്‍റെ മുദ്രാവാക്യം മുഴക്കി ഗണ്‍ഡി-അനുരാധ ദമ്പതികള്‍ നടത്തിയ നീക്കം ഇവരെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാക്കിയിരുന്നു. CPDR ന്റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ഉറപ്പിച്ചതിന് ശേഷം 1980കളില്‍ ഇരുവരും നാഗ്പൂരിലേക്ക് മാറി, ഇവിടെ വച്ചു അവര്‍ ഒളിവില്‍ പോയിരുന്നു.

വിപ്ലവപോരാട്ടത്തിനു തടസ്സമാകാതിരിക്കാന്‍ തങ്ങള്‍ക്കു കുട്ടികള്‍ വേണ്ടെന്നും ഇവര്‍ നിശ്ചയിച്ചിരുന്നു.
നഗരത്തിലായാലും വനത്തിലായാലും തന്റെ വായനാ ശീലത്തിന് കൊബാദ് മുടക്കം വരുത്തിയിരുന്നില്ല. ഇടയ്ക്ക് കുറച്ചുകാലം അസുഖബാധിതനായിരുന്നപ്പോഴും വായിക്കുകയും എഴുതുകയും ചെയ്യാന്‍ കൊബാദ് ഉത്സാഹം കാണിച്ചു. ആരോഗ്യക്കാര്യങ്ങളില്‍ അതീവശ്രദ്ധാലുവാണ് ഇദ്ദേഹം.

അഫ്സല്‍ ഗുരു അനുകൂലിക്കുന്നവര്‍ ദേശദ്രോഹികളായി മുദ്ര ചാര്‍ത്തപ്പെടുന്ന കാലത്തില്‍, തന്റെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ് എന്ന് കൊബാദ് കരുതുന്നു.