കാട്ടില്‍ കയറി തോക്കും പിടിച്ചിരുന്നാല്‍ വിപ്ലവം വരുമോ? മാവോയിസ്റ്റുകളോട് കെ എന്‍ രാമചന്ദ്രന്‍

മാവോയിസം കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയും യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് സാമൂഹ്യപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഭരണകൂടം വേട്ടയാടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് എഴുപതുകളില്‍ നിരവധി നക്‌സല്‍ മൂവ്‌മെന്റുകകളില്‍ പങ്കാളിയായിരുന്ന സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി കെ എന്‍ രാമചന്ദ്രന്‍. ഭരണകൂട ഭീകരതയ്ക്കു വളംവച്ചു കൊടുക്കുന്ന പ്രവര്‍ത്തനമാണ് മാവോയിസ്റ്റുകളുടേതെന്ന് തുറന്നടിക്കുന്ന അദേഹം കാട്ടില്‍ക്കയറിയിരുന്നാല്‍ വിപ്ലവം വരില്ലെന്നും പരിഹസിക്കുന്നു. കെ എന്‍ രാമചന്ദ്രനുമായി നാരദാ ന്യൂസ് പ്രതിനിധി എസ്. വിനേഷ് കുമാര്‍ നടത്തിയ അഭിമുഖം

കാട്ടില്‍ കയറി തോക്കും പിടിച്ചിരുന്നാല്‍ വിപ്ലവം വരുമോ? മാവോയിസ്റ്റുകളോട് കെ എന്‍ രാമചന്ദ്രന്‍

എറണാകുളത്തേക്കു കൊണ്ടുപോകുന്ന വഴിയില്‍ പൊലീസ് വാഹനത്തില്‍ നിന്നു രക്ഷപ്പെടാനൊരു ശ്രമം നടത്തി. കുറ്റിപ്പുറത്തിനടുത്തു വച്ചായിരുന്നു സംഭവം. മൂത്രമൊഴിക്കാന്‍ നിര്‍ത്തിയ സ്ഥലത്തിനപ്പുറത്തൊരു മതിലുണ്ടായിരുന്നു. അവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമം നടത്തി. ജോയി രക്ഷപ്പെടാതെ അവിടെ നിന്നു. മതില്‍ചാടിയ എന്റെ മേല്‍ രണ്ടു പൊലീസുകാര്‍ ചാടി വീണു. ഓടിയ വേണുവും പിടിയിലായി. തൂക്കിക്കൊല്ലാന്‍ വിധിച്ചവരെ പാര്‍പ്പിക്കുന്ന സെല്ലിലാണ് പിന്നെ ഞങ്ങളെ ഇട്ടത്.

(കെ എന്‍ രാമചന്ദ്രന്‍ - നക്‌സല്‍ചരിതം, അടിയന്തിരാവസ്ഥയ്ക്ക് ശേഷം)
  • കേരളത്തില്‍ നക്‌സല്‍പ്രവര്‍ത്തനം സജീവമായ എഴുപതുകളില്‍ താങ്കളുള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണല്ലൊ. അതിന്റെയൊരു തുടര്‍ച്ചയായി ഇപ്പോഴത്തെ മാവോയിസ്റ്റ് മൂവ്‌മെന്റിനെ വിലയിരുത്താനാകുമോ?


അതെ. ആ കാലത്ത് അത് ഒരു അനിവാര്യതയായിരുന്നു. അടിയന്തിരവസ്ഥയ്ക്ക് ശേഷം നക്‌സല്‍ മുന്നേറ്റങ്ങള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നിട്ടിരുന്നു. എന്നാലിപ്പോഴത്തെ അവസ്ഥ നേരെ മറിച്ചാണ്. കാട്ടില്‍ക്കയറി തോക്കുംപിടിച്ചിരുന്നാല്‍ വിപ്ലവം വരുമെന്ന് ധരിക്കുന്ന ചിലരുടെ ദിവാസ്വപ്‌നമാണ് ഇപ്പോള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനമെന്ന പേരില്‍ നടക്കുന്നത്. അതിനെ ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. ആകെ കുറച്ചു കാടുകള്‍ മാത്രമാണ് നമുക്കുള്ളത്. അതില്‍ കയറി ഒളിച്ചിരുന്ന് എന്തു വിപ്ലവമാണ് ഇവരൊക്കെ നടത്തുന്നത്. അസുഖം ബാധിച്ച കുപ്പു ദേവരാജിനും അജിതയ്ക്കും നിലമ്പൂര്‍ കാട്ടില്‍ ടെന്റ് കെട്ടിക്കൊടുത്ത് എന്തു സുരക്ഷയാണിവര്‍ ഒരുക്കിയത്? സ്വാഭാവികമായും പൊലീസ് കാടിന് അകത്തു കയറിയാല്‍ വെടിവെയ്ക്കുമെന്നത് അവര്‍ക്ക് അറിയാത്ത കാര്യമല്ലല്ലൊ. ഇതിനെയൊന്നും വിപ്ലവ പ്രവര്‍ത്തനമെന്നു പറയാന്‍ കഴിയില്ല. മാവോ പോലും ഉപേക്ഷിച്ച ഉന്മൂലന സിദ്ധാന്തം കാലഹരണപ്പെട്ടത് ഇക്കൂട്ടര്‍ക്ക് അറിയാത്തതല്ല. ആയുധം താഴെ വച്ച് ജനാധിപത്യത്തിന്റെ ഭാഗമാകട്ടെ മാവോയിസ്റ്റുകള്‍.  • മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനരീതിയുമായി ഒരുതരത്തിലും സിപിഐഎംഎല്ലിന് യോജിക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ പറഞ്ഞല്ലൊ. പ്രത്യയശാസ്ത്രപരമായി വിയോജിക്കാനാവില്ലെങ്കിലും?


ഒന്നു മനസ്സിലാക്കേണ്ടത്, സിപിഐ(എംഎല്‍) നക്‌സല്‍ബാരിയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട സംഘടനയാണ്. ചാരു മജുംദാറെ കൊലപ്പെടുത്തിയതോടെ ശിഥിലമായ സിപിഐ(എംഎല്‍), പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ കൂടിച്ചേര്‍ന്ന് 2004 ലാണ് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുണ്ടാകുന്നത്. നക്‌സല്‍ബാരി കാലത്ത് ഞങ്ങള്‍ സ്വീകരിക്കുകയും ഇപ്പോള്‍ ഞങ്ങള്‍ തിരസ്‌കരിക്കുകയും ചെയ്ത ഉന്മൂലന ലൈനാണ് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി ഇപ്പോഴും പിന്തുടരുന്നത്. ആധുനികമായ ആയുധങ്ങളുപയോഗിച്ച് അവര്‍ ഉന്മൂലനം തുടരുകയാണിപ്പോള്‍. അതു തെറ്റാണ്. സിപിഐ, സിപിഐഎം പാര്‍ട്ടികളുടെ വലതുപക്ഷ അവസരവാദപരമായ നിലപാടുപോലെത്തന്നെ സിപിഐ മാവോയിസ്റ്റിന്റെ ഉന്മൂലന ലൈനും ശരിയായ ജനാധിപത്യക്രമത്തിലല്ല നീങ്ങുന്നത്. ഞങ്ങള്‍ക്കത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് മാവോയുടെ കാഴ്ച്ചപ്പാടിനു തന്നെ വിരുദ്ധമാണെന്നു ഞാന്‍ പറഞ്ഞല്ലൊ.

  • മാവോയിസ്റ്റുകള്‍ പിന്തുടരുന്ന ഉന്മൂലന ലൈനിനോടു മാത്രമാണോ എതിര്‍പ്പുള്ളത്?


അതു മാത്രമല്ല. വേറെയും പ്രശ്‌നങ്ങളുണ്ട്. മാര്‍ക്‌സിസം വലിയൊരു ശക്തിയായിരുന്നു. 1950ല്‍ ലോകത്തിന്റെ മൂന്നിലൊന്നു രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് ചേരിയിലായിരുന്നു. മറ്റു രാജ്യങ്ങളിലാവട്ടെ ദേശീയ വിമോചന പ്രക്ഷോഭങ്ങളുണ്ടാകുകയും ചെയ്തു. ശക്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ടായതുകൊണ്ടാണ് ലോകം മുഴുവന്‍ സോഷ്യലിസ്റ്റ് ധാര വിജയിക്കുകയും സാമ്രാജ്യത്വം കുഴിച്ചുമൂടപ്പെടുകയും ചെയ്തത്. ഈ അവസ്ഥ എങ്ങനെ തകര്‍ന്നു?

ചൈന ഉള്‍പ്പെടെ മുതലാളിത്ത ചേരിയിലേക്ക് മാറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം തന്നെ തിരുത്തല്‍വാദത്തിന് അടിമപ്പെടുകയും ചെയ്തു. ലെനിന്‍ മുന്നോട്ടുവച്ച വികസന സങ്കല്‍പ്പത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വേറിട്ട് പോവുകയായിരുന്നു. ജനാധിപത്യത്തിന് സ്‌പെയ്‌സ് കുറഞ്ഞ് ജനാധിപത്യവിരുദ്ധതയിലേക്ക് നീങ്ങി. അത് സോഷ്യലിസ്റ്റ് രാജ്യങ്ങളെ ബ്യൂറോക്രാറ്റിക് ഡിക്റ്റേറ്റര്‍ഷിപ്പാക്കി മാറ്റി. മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത് സമത്വപരമായ വികസന സങ്കല്‍പ്പമാണ്. ആ നിലപാടില്‍ നിന്ന് വ്യതിചലിച്ച് മുതലാളിത്തത്തിലേക്ക് നീങ്ങി.

ഞാന്‍ പറഞ്ഞുവന്നത്, ഇതിനു ബദലായി നിലകൊള്ളാതെ ആയുധം എടുക്കുന്നതിനോട് ഒരുരീതിയിലും യോജിക്കാനാവില്ല.

  • വിപ്ലവവും ഭരണവും നേപ്പാളില്‍ ഉള്‍പ്പെടെ പരീക്ഷിച്ച് പരാജയപ്പെട്ടതാണല്ലൊ. എന്നിട്ടും മാവോയിസ്റ്റുകള്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?


തീര്‍ച്ചയായും. ജനാധിപത്യത്തിന്റെ ഭാഗഭാക്കാകാതെ ആയുധമെടുത്ത് കാട്ടില്‍ക്കയറിയിരുന്നിട്ട് എന്തു കാര്യമാണുള്ളത്. ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറാവണം. കാട്ടില്‍ക്കയറി ആരെയാണു മോചിപ്പിക്കേണ്ടത്. ആരുടെയും മോചനം കരാറെടുത്തവരല്ല കമ്മ്യൂണിസ്റ്റുകാര്‍. ഇന്ത്യയില്‍ കാടുകള്‍ തന്നെ കുറഞ്ഞുവരുമ്പോഴാണ് കാട്ടില്‍ക്കയറി വിപ്ലവം നടത്തുന്നത്.

വിപ്ലവവും സാമൂഹ്യമാറ്റവും ജനങ്ങളുടെ ഉത്സവമാണ്. അതിനു ജനങ്ങളെ മുന്നില്‍ നിന്നു നയിക്കാതെ ഒളിച്ചിരുന്നാണോ വിപ്ലവപ്രവര്‍ത്തനം നടത്തേണ്ടത്? സമരത്തിലൂടെ മോചനം നേടാന്‍ പിന്നോക്ക വിഭാഗത്തിനൊപ്പം നില്‍ക്കുകയാണു ചെയ്യേണ്ടത്. അതിനു ജനാധിപത്യത്തെ അംഗീകരിക്കുകതന്നെ വേണം. ഇവരു പറയുന്നതെന്താ, ആദിവാസികളോട്? നിങ്ങള്‍ മിണ്ടാതിരുന്നാല്‍ മതി. ഞങ്ങള്‍ മോചനം നേടിത്തരാമെന്നൊക്കെയാണ്. എന്തു മാവോയിസ്റ്റ് പ്രവര്‍ത്തനമാണിത്.  • വര്‍ഗീസിന്റെയെല്ലാം കാലത്തുള്ള നക്‌സല്‍ മൂവ്‌മെന്റിന് സമാനമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നാണ് മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത്?


ഒരിക്കലും ഇല്ല. സഖാവ് വര്‍ഗീസ് എന്താണു ചെയ്തത്? ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് വര്‍ഗീസ് സംഘടനയിലേക്കു വരുന്നത്. ആദിവാസികള്‍ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു അദേഹം. അടിയോരുടെ പെരുമന്‍. വര്‍ഗീസിന്റെ മരണവാര്‍ത്തയറിഞ്ഞ് പല ഊരുകളിലും ഭക്ഷണംപോലും ഉണ്ടാക്കാതെ ആദിവാസികള്‍ പട്ടിണി കിടന്ന് ദുഃഖം രേഖപ്പെടുത്തിയിരുന്നു. അത്രത്തോളം ജനകീയനായിരുന്നു വര്‍ഗീസ്. ഇപ്പോള്‍ കുപ്പുസ്വാമിയെ പൊലീസ് കൊലപ്പെടുത്തിയപ്പോള്‍ ആരാണ് അത്രത്തോളം ദുഃഖിച്ചത്? മാവോയിസ്റ്റുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്.

നക്‌സല്‍ബാരിയുടെ മഹത്വം എന്താണെന്ന് വച്ചാല്‍ 1967 മെയ് 25ന് ശേഷം ഇന്ത്യയിലുണ്ടായ ശക്തമായ മുന്നേറ്റമായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരും യുവാക്കളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പടെ നക്‌സല്‍ബാരിയെ സപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ലക്ഷക്കണക്കിന് ആദിവാസികള്‍ നക്‌സല്‍ബാരിയില്‍ അണിനിരന്നു. ആ മുന്നേറ്റത്തെ ശരിയായി മുന്നോട്ടുകൊണ്ടുപോകാതെ ഉന്മൂലന ലൈന്‍ വച്ചു. അതോടെ ജനങ്ങള്‍ അകന്നുതുടങ്ങി. ശത്രുവിനു നമ്മളെ അടിക്കാന്‍ വടിയായി. അതുകൊണ്ടുതന്നെ ഉന്മൂലന ലൈന്‍ തിരുത്താന്‍ നമ്മള്‍ തയ്യാറായി. ചിലരത് ഇപ്പോഴും കൊണ്ടു നടക്കുന്നു. പിന്നെങ്ങനെ ജനങ്ങള്‍ കൂടെ നില്‍ക്കും?

  • കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ഒരു സായുധപോരാട്ടം നടത്താനുള്ള സ്‌പെയ്‌സ് ഇല്ല. ഈ സത്യം നിലനില്‍ക്കുമ്പോഴും പുതുതലമുറയിലെ ഒരു വിഭാഗം ഇപ്പോഴും മാവോയിസ്റ്റുകളുടെ ഗറില്ലാപോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതെന്തുകൊണ്ടാണ്?


മാവോയിസവുമായി ബന്ധപ്പെട്ട് അഞ്ച് ആധികാരിക ഗ്രന്ഥങ്ങളുണ്ട്. പുതിയ തലമുറ ഇതെങ്കിലും പഠിക്കാന്‍ തയ്യാറാവണം. മാവോ മാസ്സ് ലൈനിന്റെയാളാണ്. നിങ്ങളൊരിക്കലും ചൈനയെ കോപ്പിയടിക്കരുതെന്നാണ് തന്നെ സന്ദര്‍ശിച്ച വിപ്ലവകാരികളോടു മാവോ പറഞ്ഞിട്ടുള്ളത്. ചൈന ഒരു സ്‌പെഷ്യല്‍ കേസാണ്.

ഇന്ത്യ പോലുള്ള രാജ്യത്ത് മൂന്നോ നാലോ പേരെ വച്ച് സ്‌ക്വാഡ് ഉണ്ടാക്കി എകെ 47 ഗണ്‍ കൊടുത്താല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല.

മാവോയിസ്റ്റുകള്‍ക്ക് ഒരു രീതിയിലുമുള്ള ജനകീയ അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയ കാടുകളില്‍ തമ്പടിക്കുന്നു. നിലമ്പൂരില്‍ ആനമണ്ടത്തരമല്ലെ ഇവര്‍ കാണിച്ചത്? രോഗം ബാധിച്ച അജിതയെയും കുപ്പുസ്വാമിയെയും കാട്ടില്‍ക്കൊണ്ടുപോയി താമസിപ്പിച്ച് അതിവിപ്ലവം കാണിച്ച ഏഭ്യന്‍മാരാണ് മാവോയിസ്റ്റുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറുതെയിരിക്കുമോ? നക്‌സലൈറ്റുകളെ കൊലപ്പെടുത്തിയാല്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തില്‍ നിന്ന് 200 കോടിയുടെ ഫണ്ട് കിട്ടും. ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് 130 കോടി ജനങ്ങള്‍ക്കു വേണ്ടി വിപ്ലവം നടത്തുക? അതിലൂടെ എന്തു സോഷ്യലിസമാണ് ഇവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്? ഇതു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

  • സംസ്ഥാനത്തെ പല ആദിവാസി കോളനികളിലും ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ഭരണകൂട ഭീകരത അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്നു.


ഭരണകൂട ഭീകരത ഒരു വശത്ത്. മറ്റൊരു ഭാഗത്ത് മാവോയിസ്റ്റുകള്‍ എന്നു പറയുന്നവര്‍ സൃഷ്ടിക്കുന്ന ഭീതി. ഛത്തീസ്ഗഢിലെ ബസ്തറിലെ അവസ്ഥ നോക്കൂ. അവിടെ ചെറിയ പോക്കറ്റ് സ്‌ക്വാഡുകള്‍ മാത്രമാണുള്ളത്. അത് ഉപയോഗപ്പെടുത്തുന്നതു സര്‍ക്കാറാണ്. അവിടെ മാവോയിസ്റ്റുകളുടെ തേരോട്ടമാണ്. എത്ര സ്ത്രീകളെയാണവര്‍ ബലാത്സംഘം ചെയ്തത്. എന്തു ഭീകരമാണ് അവസ്ഥ. മാവോയിസ്റ്റുകളെ നേരിടാനുള്ള മിലിറ്ററി പരിശീലന ക്യാമ്പ് കാങ്കറയില്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള സൈനികരും സ്ത്രീകളെ ബലാത്സംഘം ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എസ് ആര്‍ കമ്പനി ഉള്‍പ്പെടെ ബസ്തറിലെ ഇരുമ്പയിര് കൊള്ളയടിച്ച് കൊണ്ടുപോകുന്നുണ്ട്. കോര്‍പറേറ്റുകളോടു കോടികള്‍ വാങ്ങി അവിടുത്തെ മാവോയിസ്റ്റുകള്‍ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെയും ലക്ഷ്യം വയ്ക്കുന്നത് അത് തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • കേരളത്തില്‍ മാവോയിസ്റ്റുകളോട് അനുഭാവമുള്ള സംഘടനകള്‍ മതതീവ്രവാദികള്‍ക്കൊപ്പം കൈകോര്‍ക്കുന്ന അവസ്ഥയുണ്ട്. പ്രത്യയശാസ്ത്രപരമായി എങ്ങനെ യോജിക്കാനാവും ഇവര്‍ക്ക്?


അതെ. മാര്‍ക്‌സിസത്തെ അധഃപതിപ്പിക്കുന്ന നടപടിയാണിത്. എ വാസുവിനെപ്പോലുള്ളവരാണ് ഇതിന്റെയാളുകള്‍. അദേഹം ഇപ്പോള്‍ എസ്‌ഡിപിഐയുടെ ആളാണ്. കമ്മ്യൂണിസ്റ്റുകളെല്ലാം തന്നെ എല്ലാ മതവാദങ്ങള്‍ക്കും എതിരാണ്. മതം ഒരിക്കലും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കില്ല. മതത്തില്‍ വിശ്വസിക്കാം. പക്ഷേ മതേതരമാവണം. അങ്ങനെ പൊതുനിയമത്തിലേക്ക് വരണം. നരേന്ദ്രമോദി പറയുന്ന പൊതുനിയമമല്ലെന്നുകൂടി പറയട്ടെ. അത്തരത്തിലൊരു ജനാധിപത്യത്തിലേക്കാണ് കമ്മ്യൂണിസ്റ്റുകള്‍ നീങ്ങേണ്ടത്. അല്ലാതെ മതതീവ്രവാദികളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയല്ല വേണ്ടത്.

പശ്ചിമേഷ്യയിലെ കമ്മ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ത്തതാരാണെന്ന് ഇവര്‍ക്ക് അറിയുമോ? ഇസ്ലാമിക തീവ്രവാദികളാണ്. ഇസ്രായേലിന്റെ സയണിസത്തെ പ്രതിരോധിക്കാന്‍ അമേരിക്കയാണ് ഇസ്ലാമിക മൗലികവാദത്തെ പ്രോത്സാഹിപ്പിച്ചത്. അമേരിക്കയുടെ സഹായത്തോടെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളെയും മതതീവ്രവാദികള്‍ തകര്‍ത്തു തരിപ്പണമാക്കി. ഇതൊക്കെയാണോ ഇവര്‍ സ്വപ്‌നം കാണുന്ന വിപ്ലവം?

കേരളത്തിലെ മുസ്ലിങ്ങള്‍ വ്യത്യസ്തമാണ്. അവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കേരളത്തിലെ മുസ്ലിങ്ങള്‍ അതുകൊണ്ടുതന്നെ ഇര എന്ന വാക്കിനു പുറത്തുതന്നെയാണ്. പക്ഷേ അവരെ വെറുപ്പോടെ നോക്കുന്ന ഒരവസ്ഥയുണ്ട്. അതു വര്‍ഗീയമാണ്. അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.  • സംഘപരിവാര്‍ ഭീഷണി കേരളത്തില്‍പ്പോലും ശക്തമായിക്കൊണ്ടിരിക്കുകയല്ലേ?


തീര്‍ച്ചയായും. കേരളത്തില്‍ ഒരു ബദല്‍ കൊണ്ടുവരാനുള്ള നീക്കമാണിതിനു പിന്നില്‍. ഏറെ അപകടകരമാണിത്. പത്തു വര്‍ഷത്തെ പുഴുത്ത നാറിയ യുപിഎ ഭരണമാണ് മോദിയെ അധികാരത്തിലെത്തിച്ചത്. അവിടെ ഇടതുപക്ഷങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവെയ്ക്കാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷ വര്‍ഗീയധ്രുവീകരണവും ഇതിനോടൊപ്പം ചേര്‍ത്താണ് ബിജെപി അധികാരത്തില്‍ വന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷം വളരെ സേച്ഛാധിപത്യപരമായ ലൈനിലേക്ക് പോവുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ വിടവിലൂടെയാണ് സംഘപരിവാര്‍ കയറിവരുന്നത്. ഇതു തടയണമെങ്കില്‍ ശക്തമായൊരു ബദല്‍ ഉണ്ടാകുകതന്നെ വേണം. ജനകീയ ബദല്‍ സാധ്യതയാണ് ഉണ്ടാവേണ്ടത്.

  • മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സാമൂഹ്യപ്രവര്‍ത്തകരെ ഉള്‍പ്പെടെ യുഎപിഎ ചുമത്തി ഭരണകൂടം വേട്ടയാടുന്നു. 


യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണിതു ചെയ്യുന്നത്. ആദിവാസി വിഷയങ്ങള്‍, പരിസ്ഥിതി, ഭൂവിഷയം ഇതെല്ലാം കത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കുന്നവരാണ് പലപ്പോഴും യുഎപിഎയ്ക്ക് ഇരയാവുന്നത്. വ്യവസ്ഥിതിയ്‌ക്കെതിരെയുള്ള പോരാട്ടം വഴിതിരിച്ചുവിടാന്‍ സേഫ്റ്റി വാൽവുകള്‍ ഭരണകൂടത്തിന് ആവശ്യമാണ്. അതാണിപ്പോള്‍ നടക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഇതുവരെയുള്ള ഭരണം തികച്ചും പരാജയമാണ്. ഇവിടുത്തെ പൊലീസ് സേനയാണ് ഏറ്റവും വലിയ ഭീകരസേന. വ്യവസ്ഥിതിയാണ് ഏറ്റവും ഭീകരമായ സ്ഥിതി.

some photos courtesy: google