ആടുജീവിതം ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തരുതെന്ന്‌ മലയാളി വ്യവസായി ഭീഷണിപ്പെടുത്തിയതായി ബെന്യാമിന്‍

ഗള്‍ഫ്‌ നാടുകളോടുള്ള മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വരുമെന്നും തന്റെ വ്യവസായ വളര്‍ച്ചയെ ഇത്‌ ബാധിക്കുമെന്നും പറഞ്ഞാണ്‌ ഈ വ്യവസായി തന്നെ ഭീഷണിപ്പെടുത്തിയത്‌. അറേബ്യന്‍ ഫാക്ടര്‍ പോലൊരു നോവല്‍ ഗള്‍ഫില്‍ നിന്നെഴുതാന്‍ കഴിയില്ലെന്ന ഭയത്താലാണ്‌ പ്രവാസം അവസാനിപ്പിച്ചത്‌.

ആടുജീവിതം ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തരുതെന്ന്‌ മലയാളി വ്യവസായി ഭീഷണിപ്പെടുത്തിയതായി ബെന്യാമിന്‍

തന്റെ കൃതിയായ 'ആടുജീവിതം' ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തരുതെന്ന്‌ പറഞ്ഞ്‌ മലയാളി വ്യവസായി ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരന്‍ ബെന്യാമിന്‍. കോഴിക്കോട്‌ നടക്കുന്ന സാഹിത്യോത്സവത്തില്‍ വിദ്യാര്‍ഥികളുടെ സെഷനില്‍ പി ടി മുഹമദ്‌ സാദിഖുമായുള്ള മുഖാമുഖത്തിലായിരുന്നു ബെന്യാമിന്റെ പ്രതികരണം.

ഗള്‍ഫ്‌ നാടുകളോടുള്ള മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വരുമെന്നും തന്റെ വ്യവസായ വളര്‍ച്ചയെ ഇത്‌ ബാധിക്കുമെന്നും പറഞ്ഞാണ്‌ ഈ വ്യവസായി തന്നെ ഭീഷണിപ്പെടുത്തിയത്‌. അറേബ്യന്‍ ഫാക്ടര്‍ പോലൊരു നോവല്‍ ഗള്‍ഫില്‍ നിന്നെഴുതാന്‍ കഴിയില്ലെന്ന ഭയത്താലാണ്‌ പ്രവാസം അവസാനിപ്പിച്ചത്‌. ബെന്യാമിന്‍ പറയുന്നു.


നാട്ടിലെത്തിയപ്പോള്‍ എഴുത്തിനോട്‌ കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ നീതി പുലര്‍ത്താനാവുന്നില്ലെന്നും ബെന്യാമിന്‍ പറഞ്ഞു. സുരക്ഷിതയിടങ്ങളില്‍ നിന്ന്‌ എഴുത്തുകാരന്‌ നിര്‍ഭയത്തോടെ എഴുതാന്‍ പറ്റാത്ത അവസ്ഥയാണ്‌. ചരിഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞിഴഞ്ഞാണ്‌ താന്‍ സാഹിത്യലോകത്തെത്തിയത്.

സാഹിത്യവേദിയാകുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലേക്ക്‌ പോകാന്‍ മടിയില്ല. പാകിസ്ഥാനിലേക്ക്‌ പോയ അനുഭവമാണ്‌ തന്റ 'ഇരട്ടമുഖമുള്ള നഗരം' എന്ന കൃതിയെന്നും സാഹിത്യകാരന്‍മാര്‍ പാകിസ്ഥാനിലേക്ക്‌ പോകേണ്ടതുണ്ടോയെന്ന മുഹമദ്‌ സാദിഖിന്റെ ചോദ്യത്തിന്‌ അദേഹം മറുപടിയായി പറഞ്ഞു.

ആദ്യകൃതി തിരസ്‌ക്കരിക്കപ്പെടുന്നുവെങ്കില്‍ അത്‌ പുതിയ കൃതിക്കുള്ള ഊര്‍ജ്ജമായി കാണണമെന്ന്‌ ബെന്യാമിന്‍ വിദ്യാര്‍ഥികളോട്‌ പറഞ്ഞു. യുവതലമുറ വ്യത്യസ്ഥ നിരീക്ഷണങ്ങള്‍ക്കൊണ്ടും അഭിപ്രായങ്ങള്‍ക്കൊണ്ടും സാഹിത്യലോകത്തേക്ക്‌ കടന്നുവരുന്നുവെന്നതില്‍ സന്തോഷമുണ്ട്‌.

കുട്ടിക്കാലത്ത്‌ കപില്‍ദേവിനെപ്പോലെ ഒരു ക്രിക്കറ്റ്‌ താരമാകാനയിരുന്നു ആഗ്രഹമെങ്കിലും പില്‍ക്കാലത്ത്‌ എഴുത്തുകാരനാതിലും ആ റോള്‍ താന്‍ ഇഷ്ടപ്പെടുന്നതായും അതില്‍ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.