നാലരപ്പതിറ്റാണ്ടിനുശേഷം കേരള സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങ് തിരിച്ചുവരുന്നു; അതും പ്രൗഢഗംഭീരമായി

2016ല്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 200 ഓളം പേര്‍ക്കാണ് ഈ വര്‍ഷം ബിരുദം നല്‍കുന്നത്. ഈ വര്‍ഷം ഗവേഷണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്തവര്‍ഷവും ബിരുദം നല്‍കും. ഇത്തരത്തില്‍ ഇനി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്താനാണ് തീരുമാനം.

നാലരപ്പതിറ്റാണ്ടിനുശേഷം കേരള സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങ് തിരിച്ചുവരുന്നു; അതും പ്രൗഢഗംഭീരമായി

നാലരപ്പതിറ്റാണ്ടിനു ശേഷം കേരള സര്‍വ്വകലാശാല പ്രൗഢഗംഭീരമായൊരു ബിരുദദാന ചടങ്ങിനു വേദിയാകുന്നു. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ബിരുദദാന ചടങ്ങ് കാലങ്ങളായി കേരള സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ വര്‍ഷം മുതല്‍ അത് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. സര്‍വ്വകലാശാലയ്ക്കു കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം മുതല്‍ ബിരുദം ദാനം ചെയ്യുന്നത്.


1971ലാണ് അവസാനമായി ഇവിടെ ബിരുദദാന ചടങ്ങ് നടന്നത്. അന്ന് ഡിഗ്രി മുതലുള്ള എല്ലാ കോഴ്‌സുകളുടേയും ബിരുദദാനം ഒരുമിച്ചായിരുന്നു നടന്നത്. ഇപ്പോള്‍ കോഴ്‌സുകളുടേയും വിദ്യാര്‍ത്ഥികളുടേയും എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരമൊരു ശ്രമം പ്രായോഗികമല്ല. അതിനാലാണ് പിഎച്ച്ഡിക്കാരെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്നതെന്ന് സിന്‍ഡിക്കേറ്റ് അംഗം എ എ റഹീം നാരദാ ന്യൂസിനോടു പറഞ്ഞു.

വിഷയത്തില്‍ ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ എ എ റഹീം ഔട്ട് ഓഫ് അജണ്ടയായി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇനി അടുത്തുതന്നെ ചേരുന്ന അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് സാന്റിങ് കമ്മിറ്റിയില്‍ ചടങ്ങിന്റെ തിയ്യതിയും കാര്യപരിപാടികളും തീരുമാനിക്കുമെന്നും എ എ റഹീം അറിയിച്ചു.

2016ല്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 200 ഓളം പേര്‍ക്കാണ് ഈ വര്‍ഷം ബിരുദം നല്‍കുന്നത്. ഈ വര്‍ഷം ഗവേഷണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്തവര്‍ഷവും ബിരുദം നല്‍കും. ഇത്തരത്തില്‍ ഇനി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്താനാണ് തീരുമാനം.

കേവലം സര്‍ട്ടിഫിക്കറ്റ് വിതരണം മാത്രമായിരിക്കില്ല പുതിയ ചടങ്ങിലുണ്ടായിരിക്കുക. വിദേശ സര്‍വ്വകലാശാലകളുടെ മാതൃകയില്‍ ഉന്നത ഭരണകര്‍ത്താക്കളെ പങ്കെടുപ്പിച്ച് പ്രൗഢഗംഭീരമായി തന്നെ പരിപാടി നടത്താനാണ് ആലോചിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പേരാണ് കേരള സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നത്. അതുകൊണ്ടുതന്നെ ബൃഹത്തായ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നതോടുകൂടി സര്‍വ്വകലാശാലയുടെ പ്രൗഢിയും യശസ്സും ഉയരുമെന്നാണ് സിന്‍ഡിക്കേറ്റ് വിലയിരുത്തല്‍.

Read More >>