ലോ അക്കാദമി സമരം: കണക്കെടുപ്പുകളിലെ അർത്ഥമില്ലായ്മ

ലോ അക്കാദമി വിഷയം എസ്എഫ്ഐക്കു സ്റ്റേക്ക് ഉള്ള വിഷയമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടന എന്ന നിലയിലും ആ ക്യാമ്പസിലെ പ്രധാന സമരസംഘടന എന്ന നിലയിലും ക്യാമ്പസുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ എസ്എഫ്ഐയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കേണ്ടത് അവശ്യമാണ്. എസ്എഫ്ഐയെ വിശ്വാസത്തിലെടുക്കാതെ നിലവിലെ സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പ് സാധ്യമാകുമെന്നു കരുതുന്നുണ്ടോ?

ലോ അക്കാദമി സമരം: കണക്കെടുപ്പുകളിലെ അർത്ഥമില്ലായ്മ

ഒരു സമരവും വിജയമോ പരാജയമോ എന്നു വിലയിരുത്തുന്നതിൽ അർത്ഥമില്ല. നിലനിൽക്കുന്ന വ്യസ്ഥയെക്കാൾ മെച്ചപ്പെട്ട അവസ്ഥയ്ക്കുവേണ്ടിയുള്ള കൂട്ടായ വിലപേശലാണ് ഏതു സമരവും. അതിൽ ഉണ്ടാകുന്ന ഓരോ ചെറുചലനവും നല്ലതുതന്നെയാണ്.

ഈ സമരം തുടങ്ങുമ്പോൾ വിദ്യാർത്ഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങളെന്തെല്ലാമായിരുന്നു?


 • അറ്റൻഡൻസ് മാസാമാസം പ്രസിദ്ധീകരിക്കണം.

 • ഇന്റേണൽ മാർക്ക് സുതാര്യമാകണം.

 • വിദ്യാർത്ഥികളുടെ സമാന്തരഭരണം അവസാനിപ്പിക്കണം.

 • അപ്രഖ്യാപിത രാഷ്ട്രീയ നിരോധനം പിൻവലിക്കണം.

 • നവമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിടാതിരിക്കണം.

 • മാനസികപീഡനം അവസാനിപ്പിക്കണം.

 • വ്യക്തിസ്വാതന്ത്ര്യം മാനിക്കണം.

 • സഭ്യമായ രീതിയിൽ മാനേജ്മെന്റ് പെരുമാറണം.

 • ക്ലാസ് റൂമിലൊഴികെയുള്ള ക്യാമറ ഒഴിവാക്കണം.

 • ടോയിലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം.


ഇതിൽ സിപിഐ(എം) എന്തൊക്കെ ചെയ്തു?

ഉത്തരവാദിത്വമുള്ള രാഷ്ട്രീയകക്ഷി എന്ന നിലയിൽ സിൻഡിക്കേറ്റിൽ ഇടപെട്ടു. കമ്മിറ്റിയെ വച്ച് തെളിവെടുപ്പു നടത്തി. പരീക്ഷാക്രമക്കേടു സംബന്ധിച്ച വിദ്യാർത്ഥികളുടെ പരാതി ന്യായമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് അഞ്ചുവർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നു പ്രിൻസിപ്പാൾ ലക്ഷ്മി നായരെ ഡീബാർ ചെയ്യാൻ തീരുമാനിച്ചു. അവരുടെ മരുമകളാകാൻ പോകുന്ന കുട്ടിയുടെ ഇന്റേണൽ മാർക് ലിസ്റ്റ് തിരുത്തിയത് ശ്രദ്ധയിൽ പെട്ടതിനാൽ അതു പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി. വിമൻസ് ഹോസ്റ്റലിലെ ക്യാമറ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഒരുപക്ഷെ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിരിക്കാം, ഒരു പ്രിൻസിപ്പാളിനെതിരെ ഇത്ര സീരിയസായ നടപടിക്കു സിൻഡിക്കേറ്റ് ശുപാർശ ചെയ്യുന്നത്. ഈ തീരുമാനമാണ് സമരത്തിന്റെ ഗതി മാറ്റിവിട്ടത്.

എന്നാൽ ഈ സിൻഡിക്കേറ്റിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും പ്രിൻസിപ്പാളിനെ പുറത്താക്കണമെന്നുമുള്ള ആവശ്യം ചാമക്കാല മുന്നോട്ടുവച്ചു. അതു പറഞ്ഞ് കോൺഗ്രസ് അംഗങ്ങളിൽ ഒരാളൊഴികെ പ്രമേയത്തെ എതിർത്തു വോട്ടുചെയ്തു. പ്രിൻസിപ്പാൾ രാജിവയ്ക്കണമെന്നു പ്രമേയം പാസാക്കാത്തതിൽ പ്രതിഷേധിച്ച് ലക്ഷ്മി നായരെ ഡീബാർ ചെയ്യാനുള്ള തീരുമാനത്തെ സിപിഐ അംഗം ലതാദേവി എതിർത്തു വോട്ടു ചെയ്തു.

യൂണിവേഴ്സിറ്റി ഡീബാർ ചെയ്ത പ്രിൻസിപ്പാളിനെ ഞങ്ങൾക്കുവേണ്ട എന്നാദ്യം പ്രഖ്യാപിച്ചത് എസ്എഫ്ഐ ആണ്. പ്രിൻസിപ്പാളിനെ മാറ്റണം എന്ന ആവശ്യം ആദ്യമായി സമരമുദ്രാവാക്യങ്ങളോടു കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. എസ്എഫ്ഐ സമരത്തിനിറങ്ങിയപ്പോഴാണ് നാരായണൻനായരുടെ മൂട്ടിൽ തീപിടിച്ചത്. അവർ ചർച്ചയ്ക്കു വിളിച്ചു. ചർച്ചയിൽ നിന്ന് എഐഎസ്എഫ് പ്രതിനിധി ഏകപക്ഷീയമായി ഇറങ്ങിപ്പോയി. അതിനൊപ്പം എംഎസ്എഫ്, എബിവിപി പ്രതിനിധികളും ചർച്ച ബഹിഷ്കരിച്ചു. എസ്എഫ്ഐ തുടർന്നും ചർച്ച ചെയ്തു.

എസ്എഫ്ഐയുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം അറിയിക്കാമെന്നു പറഞ്ഞ് അവർ രണ്ടാംഘട്ട ചർച്ച പൂർത്തീകരിച്ച് ഇറങ്ങി. പിറ്റേദിവസം ചർച്ച ചെയ്തെടുത്ത തീരുമാനം അറിയിക്കാൻ എസ്എഫ്ഐ വീണ്ടും മാനേജ്മെന്റിനെ കാണാനെത്തി. അത് അവർ വിളിച്ചിട്ടുപോകുന്നതല്ല, എന്നു ശ്രദ്ധിക്കണം. ആ ചർച്ച എസ്എഫ്ഐ ബഹിഷ്കരിക്കുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, ഡീബാർ ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നു ലക്ഷ്മീ നായരെ മാറ്റാമെന്നും ഇപ്പോഴുള്ള പഞ്ചവത്സര വിദ്യാർത്ഥികളിൽ അവസാനയാളും പോകുംവരെ, അതായത് അഞ്ചുവർഷത്തേക്ക് ഫാക്കൽറ്റി സ്ഥാനത്തു പോലും ഉണ്ടാവില്ലെന്നുമുള്ള ഉറപ്പ് മാനേജ്മെന്റ് നൽകുന്നത്.

എസ്എഫ്ഐക്ക് അവർ നൽകിയ ഉറപ്പുകൾ എന്തൊക്കെയായിരുന്നു എന്നു നോക്കാം

 • വൈസ് പ്രിൻസിപ്പാളിനു പ്രിൻസിപ്പാളിന്റെ ചുമതല നൽകി.

 • അറ്റൻഡൻസ് എല്ലാമാസവും പ്രസിദ്ധീകരിക്കും.

 • ഇന്റേണൽസ് അതാതു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെയാവും ഇടുക. അത് കോളം തിരിച്ചു പ്രത്യേകം രേഖപ്പെടുത്തും.

 • ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ grievence cell രൂപീകരിക്കും. വിദ്യാർത്ഥികളോടു കൂടി ആലോചിച്ച് മൂന്ന് അദ്ധ്യാപകരുടെ സമിതിക്ക് അതിനുള്ള ചുമതല നൽകും.

 • പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് യൂണിയൻ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം രണ്ടുവിദ്യാർത്ഥിപ്രതിനിധികൾ അടങ്ങുന്ന കോളേജ് കൗൺസിൽ രൂപീകരിക്കും.

 • സമരവുമായി ബന്ധ്പപെട്ടു വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാവില്ല.

 • സമരത്തെ തുടർന്നു മുടങ്ങിയ മൂട്ട് കോർട്ട്, കോർട്ട് വർക്ക്, ചേമ്പർ വർക്ക് തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും.

 • ഹോസ്റ്റലിനുള്ളിൽ ഒരു മുതിർന്ന അദ്ധ്യാപികയുടെ അദ്ധ്യക്ഷതയിൽ വാർഡനും മറ്റൊരു അദ്ധ്യാപികയും ഹോസ്റ്റൽ വിദ്യാർത്ഥിനി പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥിനികളുടെ അഭിപ്രായ രൂപീകരണത്തിലൂടെ ഹോസ്റ്റലിനു നിയമാവലി തയ്യാറാക്കും. ഹോസ്റ്റലിലെ നിയമനിർമ്മാണത്തിനും ഭേദഗതിക്കുമുള്ള പൂർണ്ണ അധികാരം സമിതിക്കായിരിക്കും (പെൺകുട്ടികളുടെ കർഫ്യൂ പിൻവലിക്കാൻ എസ്എഫ്ഐ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട് - ഏതു ലേഡീസ് ഹോസ്റ്റലിലുണ്ട്, ഇങ്ങനെയൊരു സംവിധാനം?)

 • ന്യായമായ ആവശ്യങ്ങൾക്കു വാർഡന്റെ സമ്മതത്തോടെ മാത്രം പുറത്തുപോകാം. (തോന്നിയതുപോലെ പുറത്തുപോകാം എന്ന് ഒരു ഹോസ്റ്റലിലും നിയമമില്ല.)

 • ഹോസ്റ്റൽ പരിസരത്തും സ്റ്റേഡിയത്തിലും വൈകിട്ട് ആറുമണിവരെ കളിക്കാനുള്ള സ്വാതന്ത്ര്യം ഹോസ്റ്റലേഴ്സിനുണ്ട്. (ഉച്ചയ്ക്ക് ഡേ ബാച്ചിന്റെ ക്ലാസ് അവസാനിക്കുന്ന വിധമാണ് ഇവിടുത്തെ അക്കാദമിക് ഡേ ക്രമീകരിച്ചിരിക്കുന്നത്)

 • എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിലും ലൈബ്രറി, എൻഎസ്എസ് തുടങ്ങിയതിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാതിനിധ്യം.

 • ഒന്നാംവർഷ അഡ്മിഷൻ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്. (അക്കാദമിയിലായിരുന്നു ഏറ്റവും അവസാനം തെരഞ്ഞെടുപ്പു നടന്നിരുന്നത്.)

 • സർവ്വകലാശാലയുടെ നിർദ്ദേശമനുസരിച്ചു മാത്രം ക്യാമറകളുടെ പ്രവർത്തനം.

 • പിറ്റിഎ രൂപീകരിക്കും. (എത്ര സ്വാശ്രയ കോളേജിലുണ്ട്, പിറ്റിഎ?)

 • സെമിനാറുകൾക്ക് നിർബന്ധിത ഫീസ് ഈടാക്കില്ല.

 • മൂട്ട് കോർട്ട് അംഗങ്ങൾ അടക്കം എല്ലാ വിദ്യാർത്ഥികൾക്കും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കും.

 • മൂട്ട് കോർട്ട്, ക്ലയന്റ് കൺസൽട്ടിങ് മത്സരങ്ങൾക്കുവേണ്ടി ഹോസ്റ്റൽ റൂം ഒഴിഞ്ഞുകൊടുത്തവർക്ക് മൂട്ട് കോർട്ടിൽ സഹായിച്ചതായി പരിഗണിച്ച് ആനുകൂല്യം.


ഇത്രയും സമരാനുകൂല്യങ്ങൾ എസ്എഫ്ഐ ഒറ്റയ്ക്കു ചർച്ച നടത്തി നേടിയെടുത്തു. ഇതു വിജയമല്ലെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തു ചെയ്യാൻ? പിന്നെന്താണ് സമരവിജയം കൊണ്ട് ഉദ്ദേശിക്കുന്നത്?

ഇതു കഴിഞ്ഞ് അടുത്ത സിൻഡിക്കേറ്റ് യോഗം ഫെബ്രുവരി 6നു ചേർന്നു. ആ യോഗത്തിൽ കോളേജ് സംബന്ധിച്ച രേഖകൾ അധികൃതർ ഹാജരാക്കി. ഈ രേഖകൾ പരിശോധിച്ചതിൽ നിന്ന് വൈസ് പ്രിൻസിപ്പാളിന് പ്രിൻസിപ്പാൾ സ്ഥാനം ഏറ്റെടുക്കാൻ മതിയായ യോഗ്യതകളില്ലെന്നു തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായ രീതിയിൽ യോഗ്യതകൾ പാലിച്ച് എത്രയും പെട്ടെന്നു പുതിയ പ്രിൻസിപ്പാളിനെ നിയമിക്കണമെന്ന് സിൻഡിക്കേറ്റിലെ സിപിഐഎം പ്രതിനിധികൾ ആവശ്യപ്പെട്ടു.

പുതിയ പ്രിൻസിപ്പാളിനെ നിയമിക്കണമെന്ന പ്രമേയത്തെ ലതാദേവി എതിർത്തു വോട്ടുചെയ്തു. കോൺഗ്രസ് അംഗങ്ങളിൽ ചിലരും എതിർത്തു വോട്ടു ചെയ്തു. ഫെബ്രുവരി 7ന്, അതായത് ഇന്നലെത്തന്നെ, പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാനുള്ള പരസ്യം ലോ അക്കാദമി നൽകി. ഫെബ്രുവരി 8ന് ആ പരസ്യം പത്രത്തിൽ അച്ചടിച്ചു വന്നു. അതായത്, പ്രിൻസിപ്പാളിനെ മാറ്റാനും പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാനുമുള്ള തീരുമാനം ഓൾറെഡി ലോ അക്കാദമി എടുത്തു കഴിഞ്ഞു. അതു വിദ്യാഭ്യാസമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ഒരു കടലാസിൽ എഴുതി ഒപ്പിട്ടതുകൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല. പ്രത്യേകിച്ചു ഗുണവുമില്ല.

ചുരുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ട വ്യവസ്ഥകൾ അംഗീകരിപ്പിച്ചു സമരം വിജയിപ്പിക്കാൻ എസ്എഫ്ഐക്കായി. അതിനു മേലെ ഈഗോയും കെട്ടിപ്പിടിച്ചു നിന്നവരുടെ ഈഗോ സാറ്റിസ്ഫൈ ചെയ്യാൻ അതിലെ ഇടയ്ക്കു വന്ന കേവലം ഒരേയൊരാവശ്യം മാത്രം, അതും നേരത്തെ തീരുമാനമായത്, ആവർത്തിച്ച് എഴുതി ഒപ്പിട്ടുനൽകാനും അതിൽ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടു തുല്യം ചാർത്തിക്കാനും മറ്റു സംഘടനകൾക്കായി.

"സമരം വിജയിച്ചെന്നു പറഞ്ഞു പോയ എസ്എഫ്ഐ രണ്ടാം കരാറിൽ എന്തിനൊപ്പിട്ടു?"

ഇതാണ്, എസ്എഫ്ഐയുടെ വിജയം വിജയമല്ല, തങ്ങളുടെ വിജയമാണു വിജയം എന്നു സ്ഥാപിക്കാൻ ചിലർ ഉയർത്തുന്ന ചോദ്യം. എസ്എഫ്ഐ സമരം ചെയ്തു. അതിൽ സംഘടന ഉയർത്തിയ വിഷയങ്ങളിൽ ഇരുകക്ഷികൾക്കും ബോധ്യമായ ഒത്തുതീർപ്പുണ്ടായി. ഇന്നതിന്നതൊക്കെയാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒത്തുതീർപ്പു വ്യവസ്ഥകൾ എന്ന് അറിയിക്കുന്ന രേഖ ലോ അക്കാദമി മാനേജ്മെന്റ് അവരുടെ ഔദ്യോഗിക ലെറ്റർപാഡിൽ വൃത്തിയായി ടൈപ്പ് ചെയ്ത് സീൽ വച്ച് ഡയറക്റ്ററുടെയും സൊസൈറ്റിയിലെ മറ്റു മൂന്ന് അംഗങ്ങളുടെയും ഒപ്പോടുകൂടി എസ്എഫ്ഐക്കു കൈമാറി.

എസ്എഫ്ഐക്കു സമരരംഗത്തു കിട്ടിയ ഉറപ്പ് പാലിക്കപ്പെട്ട അവസരങ്ങളും പാലിക്കപ്പെടാത്ത അവസരങ്ങളുമുണ്ട്. മുദ്രപത്രത്തിലെഴുതിത്തന്നാലും പാലിക്കപ്പെടണമെന്നു നിർബന്ധമില്ലാത്ത കാര്യമാണത്. എന്നാൽ ഒരു ജന്റിൽമാൻസ് എഗ്രിമെന്റ് എന്ന നിലയിൽ അതു മാനേജ്മെന്റ് പാലിക്കും എന്ന ധാരണയാണ് ആ സംഘടനയ്ക്കുള്ളത്. പുഴവറ്റുകയും അക്കരെനിൽക്കുന്ന പട്ടി തുടലുപൊട്ടിക്കുകയും ചെയ്താൽ എന്തുചെയ്യും എന്ന ഭീതി എസ്എഫ്ഐ ഭരിക്കുന്നില്ലെന്നു കാണാം. ധാരണ ലംഘിച്ചാൽ വീണ്ടും സമരം ചെയ്യാൻ എസ്എഫ്ഐക്കു മടിയുമില്ല.

ലക്ഷ്മീ നായരെ സംരക്ഷിക്കാനാണ് എസ്എഫ്ഐ ശ്രമിച്ചതെന്നാണു മറ്റൊരു വാദം. മൂന്നു സിൻഡിക്കേറ്റ് യോഗങ്ങളാണ് ഈ വിഷയം ചർച്ചയ്ക്കെടുത്തത്. ആദ്യ യോഗത്തിൽ തന്നെ സിപിഐഎം പ്രതിനിധികൾ ഇടപെട്ട് വിഷയം അന്വേഷിക്കാൻ ഉപസമിതിയെ നിയോഗിച്ചു. മൂന്നുദിവസം ഉപസമിതി തെളിവെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ സിൻഡിക്കേറ്റിൽ ലക്ഷ്മീ നായരെ അഞ്ചുവർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നു ഡീബാർ ചെയ്യാൻ തീരുമാനിച്ചു. അതു ഫലത്തിൽ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നു മാറ്റുന്നതിനു തുല്യമാണ്.

കോളേജ് സംബന്ധമായ മറ്റ് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ രേഖകൾ ഹാജരാക്കാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഉചിതമായ മേൽനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതടക്കമുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങളെ എതിർത്തു വോട്ടു ചെയ്യുകയാണ് കോൺഗ്രസ് പ്രതിനിധികളും സിപിഐ പ്രതിനിധിയും ചെയ്തത്.

വിദ്യാഭ്യാസവകുപ്പിന് നേരിട്ട് ഈ പ്രശ്നത്തിൽ ഇടപെടാൻ നിയമം അനുവദിക്കുന്നില്ല. ആയതിനാൽ സിൻഡിക്കേറ്റ് തന്നെ ഉചിതമായ തീരുമാനം എടുക്കണം എന്ന നിർദ്ദേശത്തോടെ വകുപ്പ് സിൻഡിക്കേറ്റിന്റെ അഭ്യർത്ഥന മടക്കി. ഇതനുസരിച്ച് മൂന്നാമത്തെ സിൻഡിക്കേറ്റ് നേരത്തെ നിശ്ചയിച്ചതിനേക്കാൾ മുന്നേ കൂടി. ഈ യോഗത്തിൽ കോളേജ് രേഖകൾ ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിൽ മതിയായ യോഗ്യതകളുള്ള അദ്ധ്യാപകനെ വ്യവസ്ഥാപിതമായ മാർഗത്തിൽ ഇന്റർവ്യൂ നടത്തി പ്രിൻസിപ്പാളായി നിയമിക്കാൻ സിൻഡിക്കേറ്റ് നിർദ്ദേശിച്ചു.

ഈ നിർദ്ദേശത്തെയും കോൺഗ്രസും സിപിഐയും എതിർത്തു വോട്ടുചെയ്തു. അതായത് ലക്ഷ്മീ നായർക്കു പകരം വേറെ പ്രിൻസിപ്പാളിനെ നിയമിക്കണം എന്ന സിൻഡിക്കേറ്റ് പ്രമേയത്തെയാണ് ഇതേ ആവശ്യം പുറത്തുന്നയിക്കുന്ന സംഘടനകൾ സിൻഡിക്കേറ്റിൽ എതിർത്തത്.

എന്നാൽ ഈ നിർദ്ദേശത്തിന്രെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് പ്രവർത്തിക്കുകയും പുതിയ പ്രിൻസിപ്പാളിനെ തേടി പത്രപ്പരസ്യം നൽകുകയും ചെയ്തു. ഈ പരസ്യം നൽകിയതിനു ശേഷവും സമരം നീട്ടിക്കൊണ്ടുപോകുന്നത് ബുദ്ധിയല്ലെന്നു മനസ്സിലാക്കി പെട്ടെന്നു പിന്മാറാനുള്ള അവസരം ഉണ്ടാക്കുകയാണ്, സമരത്തിൽതുടർന്ന സംഘടനകൾ ചെയ്തത്.

എസ്എഫ്ഐ പിന്മാറിയ ശേഷവും ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ രണ്ടുതവണയും എസ്എഫ്ഐ പങ്കെടുത്തു. ഇതെന്തിനാണ് എന്നാണു ചോദ്യം. ലോ അക്കാദമി വിഷയം എസ്എഫ്ഐക്കു സ്റ്റേക്ക് ഉള്ള വിഷയമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടന എന്ന നിലയിലും ആ ക്യാമ്പസിലെ പ്രധാന സമരസംഘടന എന്ന നിലയിലും ക്യാമ്പസുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ എസ്എഫ്ഐയുടെ കൂടി പങ്കാളിത്തം ഉറപ്പാക്കേണ്ടത് അവശ്യമാണ്. എസ്എഫ്ഐയെ വിശ്വാസത്തിലെടുക്കാതെ നിലവിലെ സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പ് സാധ്യമാകുമെന്നു കരുതുന്നുണ്ടോ? സ്വാഭാവികമായും ചർച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി ക്ഷണിച്ചപ്പോൾ സമരത്തിലുള്ള സംഘടനകളെയും സമരം പിൻവലിച്ച എസ്എഫ്ഐയേയും വിളിച്ചു.

എസ്എഫ്ഐക്ക് മറ്റു സംഘടനകളുടെ മുഖം രക്ഷിക്കാനുള്ള ഒത്തുതീർപ്പിൽ ഒരു പരാതിയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എഴുതിയുണ്ടാക്കിയ ഒത്തുതീർപ്പിൽ അവരും തുല്യം ചാർത്തി. അല്ലാതെ ഈഗോ കാട്ടി മാറിനിന്നില്ല. അത് ആ സംഘടനയുടെ വിദ്യാർത്ഥികളോടുള്ള ഉത്തരവാദിത്തം എടുത്തുകാട്ടുന്നു.

സമരം നീട്ടിക്കൊണ്ടുപോയ സംഘടനകൾക്ക് ഈ ഉറപ്പു ലഭിക്കും മുന്നേ തന്നെ, അതിനുള്ള പത്രപ്പരസ്യമടക്കം നൽകി, എസ്എഫ്ഐയും സിപിഐഎമ്മിനു മുൻതൂക്കമുള്ള സിൻഡിക്കേറ്റും സ്വീകരിച്ച നിലപാടുകൾക്ക് അനുസൃതമായി കാര്യങ്ങൾ മുന്നോട്ടു പോയിരുന്നു.

ഈ പറയുന്ന രണ്ടാം കരാർ എസ്എഫ്ഐയുമായുണ്ടാക്കിയ ധാരണയെ തകിടം മറിക്കുന്ന ഒന്നല്ല. ആദ്യത്തെ ധാരണ മാനേജ്മെന്റ് ലംഘിച്ചാൽ സംഘടനയെന്ന നിലയിൽ എസ്എഫ്ഐ ഇടപെട്ടില്ലെങ്കിലാണ് നിങ്ങൾക്ക് എസ്എഫ്ഐയുടേത് വഞ്ചനാപരമായ നിലപാടായിരുന്നു എന്ന് ആക്ഷേപിക്കാൻ കഴിയുക. വിദ്യാർത്ഥികൾ തുടക്കത്തിൽ ആവശ്യപ്പെട്ടതിനേക്കാൾ ഏറെ ഡിമാൻഡുകൾ അംഗീകരിപ്പിച്ചുകൊണ്ടാണ്, എസ്എഫ്ഐ ആദ്യ ധാരണയിൽ എത്തിച്ചേർന്നത്.