എഫ്‌ഐബിക്കു വേണ്ടി ഇ ടെൻഡർ അട്ടിമറിച്ച് അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറേറ്റ്; പുറംകരാർ ചാകരയ്ക്ക് സർക്കാർ വക വള്ളവും വലയും

കൂടിപ്പോയാല്‍ ഒരാഴ്ച കൊണ്ടു തീര്‍ക്കേണ്ട നടപടിക്രമങ്ങളാണ് അനാവശ്യമായി അഞ്ചരമാസം പിടിച്ചുവയ്ക്കുകയും ഒടുവില്‍ അട്ടിമറിക്കുകയും ചെയ്തതെന്നാണ് ആരോപണം. ടെന്‍ഡര്‍ പരിശോധിക്കാനായി പല സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി സമയബന്ധിതമായി ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയ ശേഷം വെറും ഔപചാരികമായ അനുമതിക്കു വേണ്ടിയാണ് കൃഷി ഡയറക്ടര്‍ക്ക് ഫയല്‍ അയച്ചതെന്നും എന്നാല്‍ അവിടെ പിടിച്ചുവയ്ക്കപ്പെടുകയായിരുന്നുവെന്നുമാണ് ആരോപണം.

എഫ്‌ഐബിക്കു വേണ്ടി ഇ ടെൻഡർ അട്ടിമറിച്ച് അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറേറ്റ്; പുറംകരാർ ചാകരയ്ക്ക് സർക്കാർ വക വള്ളവും വലയും

കുട്ടനാട്ടിലെ കര്‍ഷകരെ കൃഷിയിലെ കീട- രോഗ ബാധയെക്കുറിച്ച് ബോധവത്ക്കരിക്കാനുള്ള ഡോക്യുമെന്ററി നിര്‍മാണത്തിന്റെ ഇ-ടെന്‍ഡര്‍ അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറേറ്റ് അട്ടിമറിച്ചെന്നു പരാതി. ഇ- ടെന്‍ഡറിനു അപ്പിയര്‍ ചെയ്ത സ്ഥാപനങ്ങളാണ് സൗകര്യങ്ങളൊന്നുമില്ലാത്ത ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (എഫ്‌ഐബി)യിലെ ഉന്നതർക്കു വേണ്ടി അഗ്രിക്കള്‍ച്ചര്‍ ഡയറക്ടറേറ്റിന്റെ നീക്കം മൂലം വഞ്ചിതരായത്. മാത്രമല്ല, രണ്ടു വിളക്കാലം (നെല്‍കൃഷി) തുടര്‍ച്ചയായി പിന്തുടര്‍ന്നു തയ്യാറാക്കി 2017 മാര്‍ച്ചിനു മുമ്പു തീര്‍ക്കേണ്ട ഡോക്യുമെന്റേഷന്‍ പ്രക്രിയയുടെ കാലാവധി തീരുകയും ചെയ്തു. ഇതോടെ കര്‍ഷകര്‍ക്കു ലഭിക്കേണ്ട ആനുകൂല്യം തടയപ്പെടുകയും ചെയ്‌തെന്നാണ് ആരോപണം.


തങ്ങളെ അറിയിക്കാതെ ടെന്‍ഡര്‍ കാന്‍സല്‍ ചെയ്‌തെന്നു മാത്രമല്ല, നിരതദ്രവ്യം (ഏണെസ്റ്റ് മണി ഡിപ്പോസിറ്റ്-ഇഎംഡി)  പോലും തിരിച്ചു നല്‍കാനുളള മര്യാദയും കാണിച്ചിട്ടില്ല.  ഇ-ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായും ഡോക്യുമെന്ററിക്കുള്ള ചുമതല എഫ്‌ഐബിക്കു നല്‍കിയെന്നുമുള്ള അറിയിപ്പ് ലഭിക്കുന്നത് ടെന്‍ഡ് കൈപ്പറ്റി അഞ്ചരമാസത്തിനു ശേഷമാണ്. അതും നേരിട്ടല്ല, ടെന്‍ഡര്‍ കേരളാ എന്ന വെബ്‌സൈറ്റില്‍ കയറി നോക്കിയപ്പോഴാണ്  ടെന്‍ഡറിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വിവരം അറിഞ്ഞത്.

സത്യത്തില്‍ ഇത്തരമൊരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള  ക്യാമറാ സംവിധാനമോ സജ്ജീകരണങ്ങളോ സാങ്കേതികവിദ്യകളോ എഫ്‌ഐബിക്ക് ഇല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുറംകരാറുകളാണ് എഫ്ഐബിയിലെ ഉന്നതരുടെ ചാകര. പുതിയ സർക്കാരിനെയും ഇവർ കുപ്പിയിലാക്കിയെന്നാണ് ആരോപണൺ.

പുതിയ എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയ ശേഷം കൃഷി വകുപ്പിന്റെ ചുമതല ലഭിച്ച വി എസ് സുനില്‍കുമാര്‍ എഫ്‌ഐബിയുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്നും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും ആരോപണമുണ്ട്. സ്വന്തമായി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍തന്നെ പണി മുഴുവന്‍ പുറംകരാറുകാരെ ഉപയോഗിച്ചാണ് ചെയ്യിപ്പിക്കുന്നതെന്ന വാര്‍ത്ത
 നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു.കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് കീടബാധയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ഒരു ഡോക്യുമെന്ററി തയ്യാറാക്കാൻ 2016 ആഗസ്റ്റ് 16നാണ് ആലപ്പുഴ മങ്കൊമ്പില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റ്  ഇ-ടെന്‍ഡര്‍ വിളിച്ചത്. അതിനു മുമ്പ് ജൂലൈ 18ന് ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാതിരുന്നതോടെയാണ് വീണ്ടും ശ്രമിച്ചത്. തുടര്‍ന്നാണ് കൊച്ചി കലൂരുള്ള മദര്‍ മീഡിയ, കോഴിക്കോടുള്ള ഗ്രീന്‍ ടെക്‌സ് എന്നീ സ്ഥാപനങ്ങള്‍ അപ്പിയര്‍ ചെയ്യുന്നത്. ഇവരുടെ ടെന്‍ഡ് വാങ്ങിവച്ചെങ്കിലും പിന്നീട് അഞ്ചരമാസം ഒരു വിവരവും ഉണ്ടായിരുന്നില്ല. ആദ്യമേ തന്നെ എഫ്‌ഐബിക്കു ചുമതല നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കില്‍ ഇ-ടെന്‍ഡര്‍ നാടകത്തിലൂടെ ഈ സ്ഥാപനങ്ങളെ മെനക്കെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

അഞ്ചുലക്ഷം രൂപയുടെ ടെന്‍ഡറിനായുള്ള അപേക്ഷയില്‍ മദര്‍ മീഡിയ നിരദദ്രവ്യമായി നല്‍കിയത് 12,000 രൂപയായിരുന്നു (ക്വോട്ട് ചെയ്യുന്ന തുകയുടെ അഞ്ച് ശതമാനം). ഗ്രീൻ ടെക്സ്  15,000 രൂപയും. ഇതുകൂടാതെ ടെന്‍ഡര്‍ ഫോമിന് 1500 രൂപ വീതവും  ചെലവായി. ഈ തുക മടക്കിക്കിട്ടില്ലെങ്കിലും ടെന്‍ഡര്‍ ലഭിക്കാത്ത ആളുടെ നിരദ ദ്രവ്യം അക്കൗണ്ടിലേക്കു തിരികെയെത്തുകയാണ് വേണ്ടത്. ടെന്‍ഡര്‍ ലഭിച്ച വ്യക്തിയുടെ നിരദദ്രവ്യം ആകെ തുകയുടെ അഡ്വാന്‍സായി വകയിരുത്തുകയും ചെയ്യും. എന്നാല്‍ ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതായ അറിയിപ്പ് പുറത്തുവന്നിട്ടും ഈ തുക ഇതുവരെ തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. ക്യാന്‍സല്‍ ചെയ്യുന്ന ആ നിമിഷം തന്നെ പണം അക്കൗണ്ടിലേക്കു മടങ്ങിയെത്തേണ്ടതാണ്.

കൂടിപ്പോയാല്‍ ഒരാഴ്ച കൊണ്ടു തീര്‍ക്കേണ്ട നടപടിക്രമങ്ങളാണ് അനാവശ്യമായി അഞ്ചരമാസം പിടിച്ചുവയ്ക്കുകയും ഒടുവില്‍ അട്ടിമറിക്കുകയും ചെയ്യുകയായിരുന്നു. ടെന്‍ഡര്‍ പരിശോധിക്കാനായി പല സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിരുന്നു.  സമയബന്ധിതമായി ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയ ശേഷം വെറും ഔപചാരികമായ അനുമതിക്കു വേണ്ടിയാണ് കൃഷി ഡയറക്ടര്‍ക്ക് ഫയല്‍ അയച്ചത്. അതൊരു അവസരമാക്കി ടെൻഡർ തന്നെ റദ്ദാക്കുകയാണ് കൃഷി ഡയറക്ടറേറ്റ് ചെയ്തത്.

[caption id="attachment_78262" align="alignnone" width="2063"] 2016 ജൂലൈ 18ലെ ടെന്‍ഡര്‍ നോട്ടീസ്‌[/caption]

എങ്ങനെയാണ് ഡോക്യുമെന്ററി തയ്യാറാക്കേണ്ടത്


കുട്ടനാട് കേന്ദ്രീകരിച്ച് നെല്‍കൃഷിയിലുള്ള കീട-രോഗ ബാധകളെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവു നല്‍കാന്‍ പ്രത്യേക ക്യാമറ സംവിധാനങ്ങള്‍, ലെന്‍സുകള്‍ എന്നിവ ഉപയോഗിച്ച് രണ്ടു വിളക്കാലം മുഴുവന്‍ കൃഷി പിന്തുടര്‍ന്ന് വീഡിയോ തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഏറെ കരുതലും ക്ഷമയും വേണ്ട ഒരു ജോലിയാണിത്. ശേഷം, ഈ വീഡിയോ പ്രത്യേക സോഫ്റ്റ്വെയര്‍ പ്രോഗ്രാമിലൂടെ സമന്വയിപ്പിച്ച് ഡി.വി.ഡികള്‍, ടച്ച് സ്‌ക്രീന്‍ സംവിധാനം, മൊബൈല്‍ അപ്ലിക്കേഷന്‍ തുടങ്ങിയവയ്ക്ക് ഉപയുക്തമാകുന്ന തരത്തില്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രവര്‍ത്തനമാണിത്.

എഫ്‌ഐബിയെ കൊണ്ട് ഇതൊന്നും പറ്റില്ലെന്നു പറയുന്നതിന്റെ കാരണം

ഐടി അധിഷ്ഠിത വിജ്ഞാന വ്യാപനത്തിനു വേണ്ടി തുടങ്ങിയതാണെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥാപനമാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. വര്‍ഷാവര്‍ഷം ബജറ്റ് വിഹിതമായി നാലു കോടിയോളം രൂപയാണ് സര്‍ക്കാര്‍ സഹായമായി ലഭിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ഡയറി വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം എന്നിവയ്ക്കു വേണ്ടി 1969ലാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്ഥാപിച്ചത്. എന്നാല്‍ ഏറെക്കുറെ എല്ലാ പണികളും പുറംകരാര്‍ മൂലമാണ് ഇവിടെ നിര്‍വഹിക്കുന്നത്.

[caption id="attachment_78261" align="alignnone" width="1621"] ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ[/caption]

പത്തുവര്‍ഷമായി വാടകയ്‌ക്കെടുത്ത വീഡിയോ ക്യാമറയാണ് എഫ്‌ഐബി ഉപയോഗിക്കുന്നതെന്നും നാരദാ ന്യൂസ് നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.  സ്ഥാപനത്തില്‍ നിന്നു വിരമിച്ച വീഡിയോഗ്രാഫറുടെ ക്യാമറയാണത്. പണ്ടു സ്വന്തമായി ഒരു വീഡിയോ ക്യാമറ എഫ്‌ഐബിക്കുണ്ടായിരുന്നു. ആറു മാസത്തിനുള്ളില്‍ അതു കേടായി. പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടിയൊന്നും ആരുമെടുത്തില്ല.  അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ കര്‍ഷകരെ ബോധവത്ക്കരിക്കാനുള്ള ഡോക്യുമെന്ററി തയ്യാറാക്കാന്‍ വീഡിയോ പിടിക്കാനെന്നല്ല, ചെറിയൊരു കാര്യത്തിനു പോലും എഫഐബി 'പരിധിക്കു പുറത്താണ്'.

മാത്രമല്ല, ഇത്തരമൊരു മേഖലയില്‍ പ്രവൃത്തി-അനുഭവ പരിചയം എഫ്‌ഐബിക്ക് ഇല്ല. സ്വന്തമായി ഒരു വീഡിയോ ക്യാമറയോ ഇത്തരം ശാസ്ത്രീയ ചിത്ര നിര്‍മാണത്തിനു വേണ്ട സാമഗ്രികളോ ഒരു വീഡിയോ ഗ്രാഫറോ, എഡിറ്റിങ് സംവിധാനമോ, സോഫ്റ്റ്വെയര്‍ പ്രോഗ്രാമിങ് സൗകര്യങ്ങളോ ഒന്നുമില്ലാത്ത എഫ്‌ഐബിക്ക് ഇത്തരമൊരു പ്രവൃത്തി നല്‍കുന്നത്  പുറംകരാറിനുവേണ്ടിയാണെന്നു വ്യക്തം.

അതേസമയം, മുന്‍വര്‍ഷം "ആത്മ" പദ്ധതിയുടെ സംസ്ഥാനതല ഡോക്യുമെന്റേഷന്‍ നടത്താന്‍ ക്ഷണിച്ച ഇ-ടെന്‍ഡറും അകാരണമായി ഇപ്രകാരം ക്യാന്‍സല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രൊഫഷണല്‍ ആയി ചെയ്യാന്‍ കഴിയാതെവരുന്ന കാര്യങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന നിരക്കിനുള്ളില്‍ നിന്നു ഏറ്റെടുത്തു നിര്‍വഹിക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത് ആത്യന്തികമായി സമൂഹത്തിനു ഗുണം ചെയ്യുക മാത്രമാണെന്നാണ് ടെന്‍ഡര്‍ അപ്പിയര്‍ ചെയ്ത സ്ഥാപനങ്ങളുടെ അഭിപ്രായം.

ഇവിടെ ഇത്തരത്തില്‍ എത്തുന്ന ഏജന്‍സികളില്‍ നിന്നും പ്രോജക്ട് ആശയങ്ങളും നടത്തിപ്പ് തന്ത്രങ്ങളും എഴുതിവാങ്ങുകയും അവരെക്കൊണ്ട് ടെന്‍ഡര്‍ ഫോമിന്റെ വില, ഇഎംഡി (നിരദദ്രവ്യം) തുടങ്ങിയവ ഈടാക്കുകയും ചെയ്ത ശേഷം മാസങ്ങള്‍ കഴിഞ്ഞ് പ്രത്യേക കാരണങ്ങളൊന്നും പറയാതെ അത് സര്‍ക്കാര്‍ ചെയ്‌തോളാമെന്ന് പറയുന്നതിലെ സാംഗത്യവും ചോദ്യംചെയ്യപ്പെടുന്നു.

Read More >>