നഗ്നസ്ത്രീയുടെ തിരുവത്താഴം ആയിരുന്നെങ്കില്‍ പത്രം കത്തിച്ചേനേ; ബാലികയെ ഗര്‍ഭിണിയാക്കിയത് കത്തോലിക്കാ യുവാക്കള്‍ അറിഞ്ഞില്ല

ഭാഷാപോഷിണിയിൽ 'നഗ്നസ്ത്രീയുടെ തിരുവത്താഴം' ചിത്രം അച്ചടിച്ചുവന്നപ്പോൾ കത്തോലിക്കാ യുവജനസംഘടനകൾ തെരുവിലിറങ്ങി പത്രം കത്തിച്ചിരുന്നു. അതേ യുവജനസംഘടനകളാണ് കൊട്ടിയൂരിൽ വൈദികൻ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തു വന്നപ്പോൾ നിശബ്ദരായിരിക്കുന്നത്.

നഗ്നസ്ത്രീയുടെ തിരുവത്താഴം ആയിരുന്നെങ്കില്‍ പത്രം കത്തിച്ചേനേ; ബാലികയെ ഗര്‍ഭിണിയാക്കിയത് കത്തോലിക്കാ യുവാക്കള്‍ അറിഞ്ഞില്ല

കൊട്ടിയൂരിനടുത്ത് ഇടവക വികാരി പതിനാറുകാരിയെ പീഡിപ്പിച്ച വാർത്ത പുറത്തുവന്നിട്ടും പ്രതിഷേധമില്ലാതെ കത്തോലിക്കാ യുവജന സംഘടനകൾ. വൈദികനെതിരെ സഭ നടപടിയെടുത്തല്ലോ എന്ന ഒഴുക്കൻ  മറുപടിയാണ് യുവജന സംഘടനകളുടേത്. സംഭവത്തിൽ പരസ്യമായ പ്രതിഷേധത്തിനില്ലെന്നാണ് യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നിലപാട്.

സംഭവത്തിന്റെ സത്യാവസ്ഥ മുഴുവൻ പുറത്തുവരട്ടെയെന്നാണ് കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ ചമ്പക്കര നാരദാ ന്യൂസിനോട് പറഞ്ഞത്. കെസിവൈഎം സത്യത്തിനൊപ്പം നിൽക്കും. മാധ്യമങ്ങൾ വഴിയാണ് കൊട്ടിയൂർ സംഭവം അറിഞ്ഞത്. ഇപ്പോൾ വൈദികനെതിരെ സഭ സ്വീകരിച്ച നിലപാടുകൾക്കൊപ്പമാണ്. സഭ വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബിബിൻ ചമ്പക്കര പറഞ്ഞു.


ഇടവക വികാരിയായിരുന്ന ഫാദർ റോബിൻ വടക്കുംചേരിയെ മാനന്തവാടി രൂപത സഭാചുമതലകളിൽ നിന്നൊഴിവാക്കിയിരുന്നു. പെൺകുട്ടിയോടൊപ്പമാണ് സംഘടനയെന്നും എന്നാൽ നിയമസഹായം നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ബിബിൻ വ്യക്തമാക്കി.

നേരത്തെ ഭാഷാപോഷിണിയിൽ നഗ്നസ്ത്രീയുടെ തിരുവത്താഴം കവർ ചിത്രമാക്കിയതിനെതിരെ കത്തോലിക്കാ യുവജനസംഘടനകൾ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. മലയാള മനോരമ ദിനപത്രം തെരുവിൽ കത്തിച്ചായിരുന്നു കെസിവൈഎം അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചത്. ഈ സംഘടനകളാണ് ഇപ്പോൾ ബാലികയെ പീഡിപ്പിച്ച വാർത്ത പുറത്തുവന്നിട്ടും തെരുവിലെ പ്രതിഷേധം വേണ്ടെന്ന നിലപാടെടുത്തിരിക്കുന്നത്.

Read More >>