×

കമല്‍സിയുടെ ഭാര്യയും ചിന്തയുടെ വരനും; ഇഷ്ടപ്പെട്ടില്ലെങ്കിലും ചിലത് പറയാനുണ്ട്!

പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ കമല്‍സി ചവറ പോയില്ലെന്നതും ചിന്ത ജെറോം കാത്തലിക് വിവാഹസൈറ്റില്‍ വരനെ തേടി പരസ്യം കൊടുത്തു എന്നതും വിചാരണ ചെയ്യപ്പെടുകയാണല്ലോ- വ്യക്തികളേയും അവരുടെ സാമൂഹ്യ ഇടപെടലുകളേയും കുറിച്ച് ചിലതു പറയുകയാണ് സെബിന്‍ എ ജേക്കബ്.

വ്യക്തികൾ നിലപാടു രൂപീകരിക്കുന്നത് രണ്ടുവിധമാണ്. 1) വ്യക്തിഗതമായ വികാരത്തിന്റെ പുറത്ത്, 2) വിഷയാധിഷ്ഠിതമായ യുക്തിവിചാരത്തിന്റെ പുറത്ത്. Subjective and Objective എന്നു നമ്മളതിനെ പറയും. വസ്തുനിഷ്ഠമായി സാമൂഹ്യവിഷയങ്ങളെ സമീപിക്കുന്നവർ തന്നെ അവരവരെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളിൽ വ്യക്തിനിഷ്ഠമായ നിലപാടാവും സ്വീകരിക്കുക. അതായത്, യുക്തിഭദ്രമായി മാത്രം ചിന്തിക്കുന്നവരെന്നോ വൈകാരികമായി മാത്രം ചിന്തിക്കുന്നവരെന്നോ ആരെയും കള്ളിതിരിക്കുന്നതിൽ അർത്ഥമില്ല. പരിശീലനത്തിലൂടെ അവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്നു മാത്രം.

ഒരാളുടെ രാഷ്ട്രീയ അഭിപ്രായത്തെ അയാളുടെ വ്യക്തിജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നതിൽ അർത്ഥമുണ്ടോ എന്ന ചോദ്യവും ഇതിനനുബന്ധമായി ഉയരുന്നതാണ്. ഉദാഹരണത്തിനു വ്യക്തിജീവിതത്തിൽ സ്ത്രീവിരുദ്ധനായ ഒരാൾക്കു സ്ത്രീവിമോചനത്തിനായി വാദിക്കാനാവുമോ? ഇത് ഒരു dilemna ആണ്. ആരു പറയുന്നു എന്നതിലല്ല, എന്തു പറയുന്നു എന്നതിലാണ് കാര്യം എന്ന അഭിപ്രായമാണ്, ഈ ലേഖകനുള്ളത്. വസ്തുനിഷ്ഠ യാഥാർത്ഥ്യം ആരു പറഞ്ഞാലും അതിൽ പറയുന്നയാളുടെ വ്യക്തിമാഹാത്മ്യം അപ്രസക്തമാണ്. അതിൽ ഒരു വൈരുദ്ധ്യവും വിചാരിക്കേണ്ടതില്ല.

രണ്ടു സംഭവങ്ങളെ കൂട്ടിവച്ചുകൊണ്ട് ഇതു വിശദീകരിക്കാൻ ശ്രമിക്കാം. കമൽ സി ചവറയുടെ ഭാര്യ പദ്മ, താൻ കഴിഞ്ഞ ഒരു മാസമായി ഒന്നരമാസമായ കുഞ്ഞിനേയുംകൊണ്ട് കോഴിക്കോട് ഒറ്റയ്ക്കു കഴിയുകയാണെന്നും കമൽ തിരിഞ്ഞുനോക്കുന്നില്ലായെന്നും ഫേസ്ബുക്കിൽ എഴുതി. അതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ ചറപറാ പറന്നുനടക്കുകയാണ്. എല്ലാ വിപ്ലവകാരികളുടെയും കാര്യം ഇങ്ങനെയാണല്ലേ എന്ന പരിഹാസം മുതൽ വീട്ടിലെ കാര്യം നേരെയാക്കിയിട്ടു നാട്ടുകാര്യം നോക്കാനിറങ്ങിയാൽ മതി എന്ന തിട്ടൂരം വരെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നുണ്ട്.

കമൽ സി ചവറയുടെ ഭാര്യ പദ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രസവിച്ചു കിടക്കുന്ന ഒരു സ്ത്രീയുടെ ദൈന്യത പദ്മയുടെ സ്നേഹശാഠ്യത്തിലുള്ളപ്പോൾ അതിനെ അവഗണിച്ചു കമൽ സി ചവറ പോകുന്നത്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്കാണ്. നിരാഹാരത്തിനു ശേഷം ക്ഷീണിതനാണെന്നും ബൈക്ക് ഓടിച്ചു തിരികെ വരാനാവില്ലെന്നും പറഞ്ഞാണ് ആറു ദിവസത്തെ നിരാഹാരമവസാനിപ്പിച്ച കമൽ തൃശ്ശൂരു നിന്നു കോഴിക്കോടു പോകുന്നതിനു പകരം ദൂരം ‘നന്നേകുറഞ്ഞ’ തിരുവനന്തപുരത്തിനു വച്ചുപിടിച്ചത്. അവിടെ വാലന്റൈൻസ് ഡേയിൽ അഷ്മിതയോട്, ‘അർബുദം പോലെ പടരുന്ന പ്രണയം’ പറയാൻ പോയ ഒരുവനു കൂട്ടായിട്ടാണ് കഥാനായകന്റെ യാത്ര. അതായത്, ആ പെൺകുട്ടികളുടെ പോരാട്ടത്തെ ഹൈജാക്ക് ചെയ്യാൻ പോയ തനി രാഷ്ട്രീയക്കാരനായ ഒരു കാമുകന്റെ സൈഡ് കിക്ക്!


ആ സൈഡ് കിക്ക് പരാമർശം മനഃപൂർവ്വം നടത്തിയതാണ്. ഇരകൾക്ക്  പോരാടുന്നവർക്കു നന്നേ വിയർക്കേണ്ടിവരും, അത്തരം ആളുകൾ വരുത്തുന്ന കുഴപ്പങ്ങളെ പ്രതിരോധിക്കാൻ…

ഏതായാലും ഇത്, പദ്മയുടെ വിമർശനവും ജാനകിയുടെ വിമർശനവും കമൽസിയെ പരിഹസിക്കാൻ ഒരു താപ്പായി എന്നതു വസ്തുതയാണ്. താൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയനൈതികത വ്യക്തിജീവിതത്തിൽ പുലർത്തുന്നയാളല്ല, കമൽസി എന്നു വ്യാഖ്യാനിക്കാനുതകുന്ന ഉദാഹരണവുമാണ്. അയാൾ ഭാര്യയോടു നീതിപുലർത്തുന്നില്ല എന്നതിനെ നിസാരവത്കരിക്കേണ്ടതില്ല. അതുണ്ടാവേണ്ടതാണ്.

എന്നാൽ അതുകൊണ്ടു മാത്രം, കേരള പൊലീസ് അയാളുടെ മേലെ തുടക്കത്തിൽ ചുമത്താൻ ഉദ്ദേശിച്ച സെഡീഷൻ ചാർജ്ജും അതിനെതിരെ അയാളുയർത്തിയ പ്രതിഷേധവും ആവിയായിപ്പോകേണ്ടതുണ്ടോ? ഇല്ല എന്നുതന്നെയാണ് എന്റെ നിലപാട്. അയാൾക്കു വ്യക്തിപരമായി എന്ത് അക്കൗണ്ടബിലിറ്റിയാണുള്ളത് എന്ന ചോദ്യം അയാളെയും അയാളുമായി ചുറ്റിപ്പറ്റി നിൽക്കുന്നവരെയും മാത്രം ബാധിക്കുന്ന കാര്യമാണ്.

അതേ സമയം മുന്നേ പ്രസിദ്ധീകരിച്ച ഒരു സാഹിത്യരചനയിൽ (ഒന്നാംകിടയോ നാലാംകിടയോ ആവട്ടെ – അതിന്റെ മൂല്യവിചാരം ലേഖനത്തിന്റെ ഉദ്ദേശമല്ല) കടന്നുവരുന്ന ഒരു ഭാഗം ഫേസ്ബുക്കിൽ ഇട്ടതു ചൂണ്ടിക്കാട്ടി അതിന്റെ രചയിതാവിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത് അയാളെ മാത്രം ബാധിക്കേണ്ട കാര്യമല്ല. അതിൽ പൊതുസമൂഹത്തിനു മൊത്തത്തിൽ താത്പര്യമുണ്ടാവേണ്ടതുണ്ട്. അത്തരമൊരു വിഷയത്തിൽ പൊതുസമൂഹത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്ന ഒരു സമരത്തിൽ (അകപ്പെട്ടുപോയതാണെങ്കിൽ കൂടി) പങ്കുവഹിച്ച ഒരാളുടെ ത്യാഗത്തെ വിലകുറച്ചുകാണേണ്ടതില്ല. അയാളുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ സിപിഐഎം പിബിയംഗം എം എ ബേബിയും തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും നേരിട്ടെത്തി എന്നു പറയുമ്പോൾ ആ പ്രസ്ഥാനം അദ്ദേഹത്തിന്റെ സമരത്തിനെ എത്രമാത്രം വിലമതിക്കുന്നു എന്നതുകൂടിയാണു കാട്ടിത്തരുന്നത്. ആ ഉത്തരവാദിത്തം തുടർന്നയാൾ കാണിച്ചോ എന്ന ചോദ്യം പോലും വ്യക്തിപരമാണ്. അത് സമൂഹത്തെ പൊതുവിൽ ബാധിക്കുന്നതല്ല.

രണ്ടാമത്തെ സംഭവം ചിന്ത ജെറോമിന്റെ പേരിൽ ചാവറ മാട്രിമോണിയിൽ പ്രത്യക്ഷപ്പെട്ട വിവാഹപ്പരസ്യമാണ്. വരനെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം നൽകിയിരിക്കുന്നത് കത്തോലിക്കരായ ക്രിസ്ത്യാനികൾ മാത്രം ആശ്രയിക്കുന്ന ഒരു മാട്രിമോണിയൽ സൈറ്റിലാണ്. ആ പരസ്യം താനല്ല കൊടുത്തതെന്നും തന്റെ പേരിൽ ബന്ധുക്കളാരെങ്കിലും കൊടുത്തിട്ടുണ്ടോ എന്നു തനിക്കറിയില്ലെന്നുമുള്ള വാദവുമായി ചിന്ത രംഗത്തെത്തിയിട്ടുണ്ട്. അതവിടെ നിൽക്കെത്തന്നെ, അതു ചിന്തയുടെ അറിവോടെ വന്നതാണെന്ന പ്രിമൈസിൽ ഈ വിഷയം കാണുവാനാണ് ഞാനിവിടെ താത്പര്യപ്പെടുന്നത്.

അതുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന വിമർശം, സുരേഷ് ഗോപിയേയും മോഹൻലാലിനെയും ജാതി പറഞ്ഞു വിമർശിച്ച ചിന്ത ജെറോം എന്ന വിപ്ലവകാരിക്ക് സ്വജാതിവിവാഹത്തിനുവേണ്ടി അന്വേഷണം നടത്തുന്നതിൽ പന്തികേടൊന്നും തോന്നുന്നില്ലേ എന്നതായിരുന്നു. അക്രമണോത്സുകമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ ഹിന്ദുത്വ അവതരിക്കപ്പെടുകയും കപടദേശീയതയും സാവർണ്ണ്യോദ്ഘോഷവും അടക്കമുള്ള അതിന്റെ വക്രയുക്തി ചോദ്യം ചെയ്യപ്പെടാതെ കടന്നുപോവുകയും ചെയ്യുമ്പോൾ അതിനെ നേരിട്ടെതിർക്കാൻ ഉശിരുള്ള പെണ്ണൊരുത്തി വാൿശരങ്ങളുമായി എത്തിയിരുന്നു എന്ന പിന്നാമ്പുറം പൊടുന്നനെ സ്മൃതികളിലേക്കു വരികയാണ്. അതു ചെന്നു തറച്ച ജാതിബോധങ്ങളിൽ അതുണ്ടാക്കിയ ആഘാതമാണ് ഇന്നിപ്പോൾ ചിന്തയ്ക്കെതിരായ ട്രോളുകളായി തിരികെയെത്തുന്നത്.

താൻ നടത്തിയ ആ രാഷ്ട്രീയ വിമർശത്തിന്റെ പേരിൽ പരിചിത സമുദായത്തിൽ നിന്നുള്ള വിവാഹത്തിൽ നിന്നു വിട്ടുനിന്നുകൊണ്ട് വിപ്ലവകാരി എന്ന നിലയിൽ മാതൃക കാണിക്കണം എന്നാണു നമ്മൾ ചിന്തയോട് ആവശ്യപ്പെടുന്നത്. ഇണയെ പരസ്യത്തിലൂടെ കണ്ടെത്തുന്ന പരിപാടിയോടു വലിയ താത്പര്യമുള്ളയാളല്ല ഞാൻ. അത് ഒരു വ്യക്തിക്കു സ്വയമേവ കണ്ടെത്താൻ കഴിയേണ്ടതാണ് എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണുതാനും. എന്നാൽ മേലെഴുതിയത് ഒരു പ്രത്യേകതരം നിർബന്ധമാണ്.

ചാവറ മാട്രിമോണിയുടെ ഐഡിയുള്ള പരസ്യം പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്ന നിലയിൽ ഉള്ളത് ഉപയോഗിച്ചുള്ള ചോദ്യംചെയ്യൽ

ലത്തീൻ കത്തോലിക്ക സമുദായത്തിൽ ജനിച്ചുവളർന്നയാളാണു ചിന്ത. രാഷ്ട്രീയമായി ഇടതുപക്ഷത്ത് എത്തിയെന്നുമാത്രം. എംഫിൽ നേടിയിട്ടുണ്ട്. ഗവേഷകയുമാണ്. ലത്തീൻ കത്തോലിക്കർ എന്നത് ജാതികേരളത്തിൽ അത്ര കേമപ്പെട്ട പ്രൊഫൈലല്ല. അതായത് നായർ പോലെയോ സുറിയാനി ക്രിസ്ത്യാനി പോലെയോ ഒരു മേൽജാതിസ്വത്വം തീറെഴുതിക്കിട്ടിയ സമുദായമല്ല, അത്. ചിന്തയുടെ സമുദായം അതാണെന്നും ഇന്നയിന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും സമാനമായ വിദ്യാഭ്യാസ യോഗ്യതകളോ അല്ലെങ്കിൽ എംടെക്കോ എംബിബിഎസോ ഉള്ള വരനെയാണു തേടുന്നതെന്നുമാണ് പരസ്യത്തിന്റെ ക്രക്സ്. റോമൻ കത്തോലിക്കർ, മാർത്തോമ്മാ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നിന്നാണ് വരനെ അന്വേഷിക്കുന്നത് എന്ന അധികവിവരം കൂടി അതിലുണ്ട്. ജാതിയേയും മതത്തേയും എതിർക്കുന്നയാൾക്ക് അതിന് അവകാശമുണ്ടോ എന്നതാണ് ചോദ്യം.

അതിൽ വലിയ പ്രശ്നമൊന്നും ഈയുള്ളവനു തോന്നുന്നില്ല. അവർക്ക് ഒരാളെ പ്രേമിച്ചു ജീവിതത്തിലേക്കു കൂട്ടാൻ കഴിയുന്നില്ലെങ്കിൽ പിന്നെ വീട്ടുകാർക്കു വഴങ്ങുക എന്നതാവും കരണീയം. അപ്പോൾ അവരുടെ ആവശ്യങ്ങളെ കൂടി തൃപ്തിപ്പെടുത്തേണ്ടതായി വരാം. ഹിന്ദുത്വ എന്ന അക്രമണാത്മക പ്രത്യയശാസ്ത്രത്തെ എതിർക്കുമ്പോൾ ഹിന്ദുമതത്തെയാണ് എതിർക്കുന്നത് എന്നു പറയുന്നത് ശരിയല്ല. അതേപോലെ ജാതീയതയെ എതിർക്കുന്നതും ജാതിയില്ലെന്നു നടിക്കുന്നതും രണ്ടുകാര്യങ്ങളാണ് എന്നാണു ഞാൻ കരുതുന്നത്. സംഘപരിവാറിനെയും മേൽജാതിവികാരങ്ങളേയും വാക്കുകൾ കൊണ്ട് ആക്രമിച്ചതിന്റെ പേരിൽ സഖാക്കളടക്കം ചിന്തയുടെ പ്രവർത്തിക്ക് മൈനസ് മാർക്ക് ഇടുന്നതു കാണുമ്പോൾ ഭയമാണു വരുന്നത്.

ഇന്ത്യൻ സെക്കുലറിസമെന്നാൽ ഹിന്ദുമതം മുന്നോട്ടുവയ്ക്കുന്ന നോർമലൈസേഷനു വിധേയമായ ഒന്നാകണം എന്നു നമുക്കു നിർബന്ധമുള്ളതുപോലെ… അതായത്, ഹിന്ദുമതത്തിലെ ഏതെങ്കിലും ജാതിയിൽ ജനിച്ചുവളർന്ന ഒരു സഖാവിന് അതേ സമുദായത്തിൽ നിന്നു തന്നെ വരനെ/ വധുവിനെ അന്വേഷിക്കുന്നതിൽ, അല്ലെങ്കിൽ വിവാഹം കഴിക്കുന്നതിൽ നമ്മൾ പ്രത്യക്ഷത്തിൽ തെറ്റൊന്നും കാണുന്നില്ല. അതു നാട്ടുനടപ്പല്ലേ എന്നു വിചാരിച്ച് നാം കണ്ണടയ്ക്കും. നാട്ടുനടപ്പനുസരിച്ചു പുടവ കൊടുക്കുകയും താലികെട്ടുകയും ചെയ്യും. അതേ സമയം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് എപ്പോഴും മതേതരത്വം തെളിയിക്കാനായി മിശ്രവിവാഹം നടത്തുക എന്ന ആവശ്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും. ഇതാണ് യഥാർത്ഥത്തിൽ ഇരട്ടത്താപ്പ്.

തന്റെ ആശ്രമത്തിൽ കൂടെയുള്ളവർക്കെല്ലാം നിർബന്ധിത ബ്രഹ്മചര്യം അടിച്ചേൽപ്പിക്കയും അതേ സമയം തന്നെ കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്ത രണ്ടു കുഞ്ഞു പെണ്ണുങ്ങളുടെയൊപ്പം നൂൽബന്ധമില്ലാതെ സഹശയനം നടത്തുകയും ചെയ്തയാളാണ് എം കെ ഗാന്ധി. മനുഷ്യന് ഇന്ദ്രിയനിയന്ത്രണം സാധ്യമാണോ എന്ന പരീക്ഷണത്തിലാണു താൻ എന്നാണ് അതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം. എന്നുകരുതി അയാളുടെ രാഷ്ട്രീയ പ്രയോഗങ്ങളിലെ കുശാഗ്രത റദ്ദായി പോകുന്നുണ്ടോ? പ്രമുഖ വിദേശ പത്രങ്ങളിൽ നൽകിയ അളന്നുതൂക്കിയ അഭിമുഖങ്ങളിലൂടെയും OpEd ലേഖനങ്ങളിലൂടെയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഉള്ളംകൈയിലിട്ട് അമ്മാനമാടിയ ഗാന്ധിയുടെ കരിസ്മാറ്റിക് നേതൃത്വം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറച്ചൊന്നുമല്ല, സഹായിച്ചത്.

കമൽസിയേയും ചിന്ത ജെറോമിനെയും ഗാന്ധിയോട് ഉപമിച്ചു എന്നു പറഞ്ഞ് ആരും വരേണ്ടതില്ല. അതല്ല, കാര്യം. കൊള്ളാവുന്ന സമൂഹസൃഷ്ടിക്കായി നിലനിൽക്കുന്ന അധികാരബന്ധങ്ങളെ പൊള്ളിക്കുന്ന നിലപാടുകളുമായി മുന്നോട്ടുവരുന്നയാളുകൾക്കു പോലും ചിലപ്പോൾ വ്യക്തിപരമായ കാര്യങ്ങളിൽ ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവരാം. അത് അവരുടെ കുറവായിരിക്കാം. എങ്കിൽ പോലും ആ കുറവിന്റെ പേരിൽ അവരുയർത്തിയ പ്രശ്നങ്ങൾ ഇല്ലാതെയാവുന്നില്ല എന്നു പറയുകയായിരുന്നു.

എൻഎസ്എസ് പ്രതിനിധിസഭ ചേർന്നുകൊണ്ടിരിക്കെ മന്നത്തപ്പന്റെ സ്മാരകത്തിൽ ചെന്നു രാഷ്ട്രീയ നാടകം കളിച്ചശേഷം സുരേഷ് ഗോപി താനുമൊരു നായരാണ്, ‘ചെവിയിൽ പൂടയുള്ള നായർ’ എന്ന അശ്ലീലക്കരച്ചിൽ നടത്തുമ്പോൾ അയാളുടെ നായർ സ്വത്വത്തെ പൊള്ളിക്കുന്ന മറുപടിയാണ് ഉയർത്തേണ്ടത്.

ജിംഗോയിസത്തിന്റെ തേരിലേറി മോഹൻലാൽ കൊണാണ്ടർ കളിക്കുമ്പോൾ ജാതിഗർവ്വിൽ നിന്ന് ഉയിർകൊള്ളുന്ന ആ അധികാരധാർഷ്ഠ്യത്തെ ജാതിപറഞ്ഞുതന്നെ വിമർശിക്കേണ്ടതായി വരും. അതിന്റെ പേരിൽ ഒരാളുടെ സ്വകാര്യതയായ വിവാഹത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മതേതര ശാഠ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന നിലയിൽ മാത്രമേ ആ വ്യക്തി പെരുമാറാൻ പാടുള്ളൂ എന്നും അല്ലാത്ത പക്ഷം ഞങ്ങൾ സഭാവ് എന്നു വിശേഷിപ്പിക്കുമെന്നും പറയുന്നത് തികഞ്ഞ വർഗീയതയിൽ കുറഞ്ഞ ഒന്നുമല്ല.

Top