തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ എത്തിയ കമല്‍സിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

ഇന്നു രാത്രി ഏഴു മണിയോടെയാണ് സംഭവം.കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ് പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കൈയേറ്റം ചെയ്‌തെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമാണ് കമല്‍ സിയ്ക്കെതിരെയുള്ള ആരോപണം

തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ എത്തിയ കമല്‍സിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ എഴുത്തുകാരന്‍ കമല്‍ സിയെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കൈയേറ്റം ചെയ്‌തെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ്.

കന്റോണ്‍മെന്റ് പൊലീസാണ് കമല്‍സിയെ അറസ്റ്റ് ചെയ്ത്. കമല്‍ സിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളായ ഐപിസി  സെക്ഷന്‍ 323, 332  സെക്ഷന്‍ 447 എന്നിവയും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നു രാത്രി ഏഴോടെയാണ് സംഭവം.


യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളായ അഷ്മിതയും സൂര്യഗായത്രിയും കമ്മീഷണര്‍ക്ക് പരാതി നല്‍കാനെത്തിയിരുന്നു. ഇവര്‍ക്കൊപ്പം കമ്മീഷണറുടെ അടുക്കലേക്കു കയറിയ കമല്‍സി അദ്ദേഹവുമായി വാക്കേറ്റമുണ്ടാവുകയും ഇതോടെ കമ്മീഷണര്‍ ഇറങ്ങിപ്പോവാന്‍ പറയുകയും ചെയ്‌തെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസിലെത്തിയ അസി.കമ്മീഷണറുമായും കമല്‍സി തട്ടിക്കേറിയെന്നും ഉന്തുംതള്ളുമുണ്ടായെന്നും അസഭ്യം പറഞ്ഞെന്നും പൊലീസ് പറയുന്നു.

കമല്‍സി മദ്യപിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ക്കൊണ്ടുപോയി പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മീഷണര്‍ പറഞ്ഞെന്നും അസി.കമ്മീഷണര്‍ ബൈജു പറയുന്നു. അതുപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അസി.കമ്മീഷണര്‍ കന്റോണ്‍മെന്റ് പൊലീസിനു നിര്‍ദേശം നല്‍കുകയുമായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം.

പ്രാഥമിക പരിശോധനയില്‍ കമല്‍ സി മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായതായി കന്റോണ്‍മെന്റ് എസ്‌ഐ ഷാഫി നാരദ ന്യൂസിനോടു പറഞ്ഞു. കമല്‍സിയെ ഇന്നുതന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്നെ മനപ്പൂര്‍വ്വം പ്രതിയാക്കിയതാണെന്നും പൊലീസ് തന്നെ തിരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നു എന്നും കമല്‍സി പറഞ്ഞു. കഴിഞ്ഞദിവസം ഡിജിപി സര്‍ക്കുലര്‍ ഇറക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് തന്നെ അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് ജീപ്പിലിട്ടു മര്‍ദ്ദിച്ചു. ജാമ്യക്കാരെ വിളിക്കാന്‍ പോലും സമ്മതിച്ചില്ലെന്നും കമല്‍സി ആരോപിച്ചു.

Read More >>