കല്യാശേരിയിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് സിപിഐഎം നേതാക്കളുടെ ഒത്താശ; തൊഴിൽ ലഭിക്കുമെന്ന് വിശ്വസിച്ച് സമരത്തിൽനിന്നു പിൻവാങ്ങിയ പാർടി അനുഭാവികൾ ദുരിതത്തിൽ

എന്നാൽ ചില ഉന്നത സിപിഐഎം നേതാക്കൾ വിഷയത്തിൽ ഇടപെട്ടതോടെ ചിത്രം മാറി. പഞ്ചായത്തിലും കോടതിയിലും ഉൾപ്പെടെ നിലനിന്നിരുന്ന എതിർപ്പുകളെല്ലാം അപ്രസക്തമായി. ഇരുനൂറ്റമ്പതു പേർക്ക് നേരിട്ടും നൂറ്റമ്പതു പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് കമ്പനിയും നേതാക്കളും പ്രദേശത്തെ പാർടി പ്രവർത്തകരെ ധരിപ്പിച്ചു.

കല്യാശേരിയിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് സിപിഐഎം നേതാക്കളുടെ ഒത്താശ; തൊഴിൽ ലഭിക്കുമെന്ന് വിശ്വസിച്ച് സമരത്തിൽനിന്നു പിൻവാങ്ങിയ പാർടി അനുഭാവികൾ ദുരിതത്തിൽ

സിപിഐഎമ്മിന്റെ ശക്തികേന്ദ്രവും മുതിർന്ന നേതാവ് ഇകെ നായനാരുടെ ജന്മഗ്രാമവുമായ കണ്ണൂർ കല്ല്യാശേരിയിൽ പാർടി നേതാക്കളുടെ സഹായത്തോടെ ഒരേക്കറോളം നെൽവയൽ നികത്തി നിർമ്മിച്ച എ-വൺ മാർബിൾ ആൻഡ് ഗ്രാനൈറ്റ് കമ്പനിയുടെ വില്പനശാല പൂട്ടി. ഭൂമി മറ്റൊരു മാർബിൾ-ടൈൽസ്-സാനിറ്ററി വിപണന കമ്പനിക്ക് വിറ്റു. ആറു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന വില്പനശാലയിലെ  തൊഴിലാളികളെല്ലാം പ്രദേശവാസികളായ സിപിഎം പ്രവർത്തകരാണ്.


നെൽവയൽ നികത്താനൊരുങ്ങുമ്പോൾ സിപിഐഎമ്മിന്റെ പ്രാദേശിക ഘടകങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തു വന്നിരുന്നു. പാർട്ടിയും കർഷകസംഘവും ഡിവൈഎഫ്‌ഐയും ശക്തമായ ചെറുത്തുനിൽപ്പു നടത്തി. ധാരാളം ജലലഭ്യതയുള്ള ഇരുവിള കൃഷി ചെയ്യുന്ന നെൽവയൽ യാതൊരു കാരണവശാലും നികത്താൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച് മണ്ണിടൽ തടസ്സപ്പെടുത്തുകയും കൊടിനാട്ടുകയും ചെയ്തു.


എന്നാൽ ചില ഉന്നത സിപിഐഎം നേതാക്കൾ വിഷയത്തിൽ ഇടപെട്ടതോടെ ചിത്രം മാറി. പഞ്ചായത്തിലും കോടതിയിലും ഉൾപ്പെടെ നിലനിന്നിരുന്ന എതിർപ്പുകളെല്ലാം അപ്രസക്തമായി. ഇരുനൂറ്റമ്പതു പേർക്ക്  നേരിട്ടും നൂറ്റമ്പതു പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് കമ്പനിയും നേതാക്കളും പ്രദേശത്തെ പാർടി പ്രവർത്തകരെ ധരിപ്പിച്ചു.

എന്നാൽ  എതിർപ്പു നിലച്ച് നിർമ്മാണം പൂർത്തിയായതോടെ കമ്പനി കാലു മാറി. ഉറപ്പു നൽകിയതിന്റെ നാലിലൊന്നു പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുളളൂ.  ആദ്യ കാലങ്ങളിൽ നന്നായി പ്രവർത്തിച്ചിരുന്ന കമ്പനി ഉടമകളുടെ നിഷ്‌ക്രിയത്വം കാരണം മന്ദഗതിയിലാവുകയും കഴിഞ്ഞ ആറു മാസമായി പൂട്ടിക്കിടക്കുകയും ചെയ്തു. ഇതോടെ, വയലും പോയി, തൊഴിലും പോയി എന്ന അവസ്ഥയിലായി തൊഴിലാളികൾ.

കണ്ണൂർ നഗരത്തിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഭൂമിയുടെ സാധ്യതകൾ മാത്രം തേടിയാണ് മാർബിൾ കമ്പനി കല്ല്യാശ്ശേരിയിലെത്തിയത്. നേതാക്കളുടെ പിന്തുണയും തൊഴിൽ എന്ന വാഗ്ദാനവും എതിർപ്പുകളെ ഇല്ലാതാക്കിയതോടെ ഭൂമി മണ്ണിട്ട് നികത്താനും നിയമപ്രശ്നങ്ങൾ ഇല്ലാതെ വില്പനശാല തുറക്കാനും കമ്പനിക്ക് സാധിച്ചു. തുടക്കത്തിൽ നാടൊട്ടുക്ക് പരസ്യവും ഉപഭോക്താക്കളെ ആകർഷിക്കാക്കാൻ വലിയ പദ്ധതികളും ഒക്കെ ഉണ്ടായെങ്കിലും എല്ലാം കുറഞ്ഞുവരാനും നിൽക്കാനും ഏറെക്കാലമെടുത്തില്ല. നഷ്ടത്തിലായതിന്റെ പേരിലല്ല കമ്പനി പൂട്ടിയതെന്ന് തൊഴിലാളികളും പറയുന്നുണ്ട്.
രാഷ്ട്രീയ-സാമൂഹ്യ എതിർപ്പുകളെയും നിയമപരമായ പ്രശ്നങ്ങളെയും ഏറ്റവും എളുപ്പത്തിൽ മറികടന്ന് ഭൂമി സ്വന്തമാക്കാനുള്ള തന്ത്രങ്ങളായിരുന്നു റിയൽ എസ്റ്റേറ്റ് മാഫിയ പയറ്റിയത് എന്നു വ്യക്തം.

ദേശീയ പാതയോരത്ത് കണ്ണായ സ്ഥലത്താണ് ഈ ഭൂമി. കണ്ണൂരിലെ തന്നെ മാർബിൾ-ഗ്രാനൈറ്റ്-സാനിറ്ററി ഉത്പന്നങ്ങളുടെ വില്പനരംഗത്തെ ഭീമനായ കമ്പനിയാണ് ഇപ്പോഴീ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത് എന്നാണറിയുന്നത്.  നോട്ടു പിൻവലിക്കൽ പ്രതിസന്ധികൾക്കിടയിലും ഉയർന്ന തുകയ്ക്കായിരുന്നു കച്ചവടം.  പണമിടപാടുകൾ പൂർത്തിയായെങ്കിലും ഭൂമിയുടെ രജിസ്‌ട്രേഷൻ ഇതുവരെയും നടന്നിട്ടില്ല.

നിലവിൽ സ്ഥലം വാങ്ങിയിരിക്കുന്ന കമ്പനി മാർബിൾ വില്പനശാല നടത്താനായാണ് സ്ഥലം ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ലെക്‌സും വൻകിട ഹോട്ടലും ഫ്‌ളാറ്റും വരാൻപോകുന്നുവെന്നും ശ്രുതിയുണ്ട്. തൊഴിൽനഷ്ടപ്പെട്ട തൊഴിലാളികൾ പരസ്യപ്രതികരണത്തിന് ഇപ്പോൾ തയ്യാറാകുന്നില്ലെങ്കിലും പ്രക്ഷോഭത്തിന്റെ പാതയിൽ തന്നെയാണ്.

പാർട്ടിയുടെ കീഴ്ഘടകങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ഭൂമിക്കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്ത ഉന്നത നേതാക്കൾക്കെതിരെയും സിപിഐഎം അണികളിൽ അമർഷം ശക്തമാണ്. വരുംദിനങ്ങളിൽ പാർട്ടിക്കുള്ളിൽ ഇത് സജീവ ചർച്ചകൾക്ക് കാരണമാകും.

Read More >>