എനിക്കറിയില്ല കേട്ടോ! ദൈവത്തിന് പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍; ഒന്നുമറിയില്ലെന്ന് ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നടത്തുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി

എനിക്കറിയില്ല കേട്ടോ! ദൈവത്തിന് പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍; ഒന്നുമറിയില്ലെന്ന് ദേവസ്വം മന്ത്രി

കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പോലീസുകാരെ ഉപയോഗിച്ച് ദൈവങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനമായ പോലീസുകാരെ ഉപയോഗിച്ച് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്നലെ നാരദ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചില ക്ഷേത്രങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാറുണ്ട്. എന്നാല്‍ പോലീസുകാരെ ഉപയോഗിച്ച് ദൈവങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുണ്ടെന്ന കാര്യം അറിയില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.


എറണാകുളത്തപ്പന്‍ ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രം പോലുള്ള കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും പോലീസുകാരെ ഉപയോഗിച്ച് ദൈവങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്നതായി ഇന്നലെ നാരദാ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. മതേതരമായ പോലീസ് സംവിധാനത്തെ മതാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംഭവം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിട്ടുള്ളത്. സംഭവത്തെക്കുറിച്ച് മന്ത്രിയുമായിനടന്ന സംഭാഷണം.

നാരദ: കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതായുള്ള ഒരു വാര്‍ത്ത നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനെക്കുറിച്ച് എന്താണ് താങ്കളുടെ പ്രതികരണം?
മന്ത്രി: ഇല്ല അറിയില്ല. പോലീസിന്റെ ഗാര്‍ഡുണ്ടാകും. പക്ഷെ ഗാര്‍ഡ് ഓഫ് ഓണര്‍, ദൈവങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന അങ്ങനൊരു സംവിധാനമുണ്ടോ. എനിക്കറിയില്ല കെട്ടോ.
നാരദ: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്.
മന്ത്രി: ഏതമ്പലത്തിലാണ് നടക്കുന്നത്?
നാരദ: എറണാകുളത്തപ്പന്‍ ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ പോലുള്ള പല പ്രമുഖ ക്ഷേത്രങ്ങളിലുണ്ട്.
മന്ത്രി: ഓ. ഞാനത് നോക്കാം. എനിക്കറിയില്ല കെട്ടോ. ഞാനത് നോക്കാം. ഞാന്‍ അന്വേഷിക്കാം. ചില അമ്പലങ്ങള്‍ക്ക് പോലീസിന്റെ ഗാര്‍ഡുണ്ട്. പക്ഷെ ദൈവങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്നത് എനിക്കറിയില്ല. ഞാനേതായാലും അന്വേഷിക്കാം