വയനാടന്‍ കാടുകള്‍ കത്തുന്നു; രണ്ടു മാസത്തിനിടെ 89 സ്ഥലങ്ങളില്‍ തീപിടിച്ചു

കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിന്റെ പക്കലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജനുവരി മുതല്‍ ഫെബ്രുവരി ഇതുവരെ വരെ വയനാട്ടില്‍ 89 ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്. ഹെക്ടര്‍ കണക്കിന് വനവും സ്വകാര്യ തോട്ടങ്ങളും അഗ്നിക്കിരയായി. ബത്തേരിയില്‍ മാത്രം രണ്ട് ദിവസത്തിനുള്ളില്‍ എട്ടിടത്താണ് തീപിടിച്ചത്

വയനാടന്‍ കാടുകള്‍ കത്തുന്നു; രണ്ടു മാസത്തിനിടെ 89 സ്ഥലങ്ങളില്‍ തീപിടിച്ചു

വരള്‍ച്ചയും ശുദ്ധജലക്ഷാമവും മൂലവും പൊറുതിമുട്ടുമ്പോള്‍ വന്‍ തീപിടുത്തവും വയനാടിനു തിരിച്ചടിയാവുന്നു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന ബന്ദിപ്പൂരില്‍ നിന്നാണ് അതിര്‍ത്തി വനങ്ങളിലേക്ക് കാട്ടുതീ എത്തിയത്. ബന്ദിപ്പൂരില്‍ തീയണയ്ക്കുന്നതിനിടെ കര്‍ണ്ണാടക ഫോറസ്റ്റ് ഗാര്‍ഡ് പൊള്ളലേറ്റ് മരിക്കുകയും റെയ്ഞ്ചര്‍ക്കും വാച്ചര്‍ക്കും മാരകമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. വയനാട് വന്യജീവിസങ്കേതവുമായി ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളിലാണ് കാട്ടുതീ വ്യാപിച്ചത്. ജൈവസമ്പുഷ്ടമായ ചെമ്പ്രമലയിലും തീപിടുത്തമുണ്ടായി.


കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിന്റെ പക്കലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജനുവരി മുതല്‍ ഫെബ്രുവരി ഇതുവരെ വരെ വയനാട്ടില്‍ 89 ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്. ഹെക്ടര്‍ കണക്കിന് വനവും സ്വകാര്യ തോട്ടങ്ങളും അഗ്നിക്കിരയായി. ബത്തേരിയില്‍ മാത്രം രണ്ട് ദിവസത്തിനുള്ളില്‍ എട്ടിടത്താണ് തീപിടിച്ചത്.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ കല്‍ക്കര വനത്തിലാണ് കാട്ടുതീ വ്യാപകമായത്. വയനാട്ടിലെ ചെമ്പ്ര പീക്ക് കൂടാതെ പനമരം പരിയാരത്ത് റബര്‍ തോട്ടത്തിനും തീപിടിച്ചു. കോട്ടത്തറ-പിണങ്ങോട് റോഡില്‍ മൂരിക്കാപ്പ് കുന്നിന്‍മുകളിലും കാട്ടുതീ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളിത്തോട് കാപ്പിത്തോട്ടത്തിലും തീ പടര്‍ന്നിരുന്നു. ഇതെല്ലാം യഥാസമയം കെടുത്താനായെങ്കിലും വനം-അഗ്നിശമനാസേന വലിയ വെല്ലുവിളിയാകും വരുംദിവസങ്ങളില്‍ നേരിടുക. വേനലിന്റെ തുടക്കത്തില്‍ത്തന്നെ വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചെറിയതോതിലുള്ള കാട്ടുതീ മാത്രമേ ഫയര്‍ലൈന്‍ പ്രവര്‍ത്തനം കൊണ്ട് പ്രതിരോധിക്കാനാവുകയുള്ളു. ബന്ദിപ്പൂരില്‍ നിന്ന് വ്യാപിച്ചത് വലിയ തോതിലുള്ള കാട്ടുതീ തന്നെയാണെന്നാണ് വനംവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

1960 മുതലാണ് മനുഷ്യനിര്‍മ്മിതമായ കാട്ടുതീ വ്യാപകമായത്. 1983 മാര്‍ച്ചിലും 2003 ഡിസംബറിലും വയനാട്ടിലുള്‍പ്പെേെട പരക്കെ കാട്ടുതീ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം ഏറ്റവും വലിയ കാട്ടുതീയുണ്ടായത് 2014ലാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്ത് സംഘടിതമായി ചില ശക്തികള്‍ വയനാടന്‍ കാടിന് തീയിട്ടതാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം തുടര്‍ന്നതല്ലാതെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും പിടികൂടാനായില്ല. വനമേഖലയില്‍ മാത്രം 1200 ഹെക്ടര്‍ വനം അഗ്നിക്കിരയായിരുന്നു. അതേസമയം 2015ലും 2016ലുംം കാട്ടുതീയെ പ്രതിരോധിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നു. എന്നാലിത്തവണ വേനലിന്റെ തുടക്കത്തില്‍ത്തന്നെ അഗ്നിയുടെ താണ്ഡവം തുടങ്ങിക്കഴിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലാണ് തുടക്കത്തില്‍ത്തന്നെ കാട്ടുതീ വ്യാപകമായതെന്നതാണ് വനംവകുപ്പിനെ കുഴയ്ക്കുന്നത്. 2014ല്‍ തോല്‍പ്പെട്ടി റെയ്ഞ്ചിലെ തിരുനെല്ലി, അപ്പപ്പാറ ഭാഗങ്ങളിലാണ് ആദ്യമായി കാട്ടുതീ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ ബത്തേരിയിലാണ് ആദ്യം തീപിടിച്ചത്.

Story by
Read More >>