ഊണ് റാഹത്തായി! പനയൂരിലെ പപ്പേട്ടനും കമലാക്ഷിയമ്മയും ജോയ് മാത്യുവിന്റെ പോസ്റ്റില്‍ താരങ്ങളായി

ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനു പോയ നടന്‍ ജോയ്മാത്യു ഒരു ചായക്കട കണ്ടു. അതിനുള്ളില്‍ രണ്ടു മനുഷ്യരേയും കണ്ടു. ജോയ്മാത്യു അവരെ അവതരിപ്പിക്കുന്നു

ഊണ് റാഹത്തായി! പനയൂരിലെ പപ്പേട്ടനും കമലാക്ഷിയമ്മയും ജോയ് മാത്യുവിന്റെ പോസ്റ്റില്‍ താരങ്ങളായി

ചുറ്റും മറ്റാരും കാണാതെ ഇങ്ങനെ ചിലരുണ്ടാകും. പപ്പേട്ടനേയും കമലാക്ഷി അമ്മയേയും പോലെ. അലസമായൊരു നോട്ടം അവരെ കണ്ടെത്തിയേക്കാം. ഒറ്റപ്പാലത്ത് പനയൂര്‍ എന്ന സ്ഥലത്ത് ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ ഷൂട്ടിനു പോയ ജോയ് മാത്യു ഒരു ചെറിയ ചായക്കട കാണുന്നു.സിനിമാ നടനല്ലാത്ത കാലത്ത് അലഞ്ഞുണ്ടാക്കിയ അനുഭവം വെച്ച് ഒറ്റ നോട്ടത്തില്‍ ജോയേട്ടന് കാര്യം പിടികിട്ടി- ഉച്ചയ്ക്കിവിടെ നല്ലൊരു നാടന്‍ ഊണു കിട്ടും. രുചിയോട് കമ്പമുള്ളവര്‍ക്ക് അത്തരം ചില തിരിച്ചറിവുകളുണ്ടാകും. ചിലപ്പോളാ കടയുടെ ഇരിപ്പു കണ്ടിട്ടാകും. അല്ലെങ്കില്‍ അവിടുത്തെ അടുക്കളയില്‍ നിന്നുള്ള ഒരു മണമാകാം. അതുമല്ലെങ്കില്‍ കടയിലെ പാചകക്കാരനെ കാണുമ്പോഴുള്ള, ഇയാക്ക് കൈപ്പുണ്യമുണ്ടെന്ന തോന്നലാകാം- എന്തായാലും ഉച്ചയൂണ് അവിടുന്നാക്കി.


ജോയ് മാത്യു എന്ന നടനെയോ സംവിധായകനെയോ തിരിച്ചറിയാനുള്ള സിനിമാ പരിചയമൊന്നും പപ്പേട്ടനോ കമലാക്ഷിയമ്മയ്‌ക്കോ ഇല്ല. ഒരു പക്ഷാഭേദവുമില്ലാത്ത പന്തിയില്‍ ജോയേട്ടന് കുശാലായി ഊണു കിട്ടി. പുത്തരിയുടെ ചോറ്, നാടന്‍ കറികള്‍, അയല പൊരിച്ചത്, പപ്പടം, വീട്ടിലെ പശുവിന്റെ പാലിലുണ്ടാക്കിയ നാടന്‍ മോരും രസവും. മോരും രസവും കൂട്ടിയൊരു പിടി കൂടി. വീട്ടിലെ കിണറ്റിലെ വെള്ളം കുടിക്കാനും കിട്ടി- പാചകം മുഴുവനും പപ്പേട്ടനും കമലാക്ഷിയമ്മയും മാത്രമാണ് പാചകവും വിളമ്പലും കഴുകലുമെല്ലാം.

കോഴിക്കോടന്‍ ഭാഷയില്‍ ജോയേട്ടനാ ഊണിനെ ഇങ്ങനെ പുകഴ്ത്തുന്നു- ഊണ് റാഹത്തായി.

ഊണിനോ അന്‍പത് രൂപ മാത്രം.

ഇതെങ്ങനെ മുതലാകും. എത്രപേര് ഊണു കഴിക്കാനുണ്ടാകുമെന്ന് ജോയേട്ടന്‍ ചോദിച്ചു. പപ്പേട്ടന്റെ ഉത്തരം കേട്ട് ജോയേട്ടന്‍ ഞെട്ടി. പിന്നെ പറയുന്നതെല്ലാം കേട്ട് ഞെട്ടി.  പോസ്റ്റിൻറെ പൂർണരൂപം വായിക്കാം:
ഇന്ന് ഒറ്റപ്പാലത്ത്‌ പനയൂർ എന്നിടത്ത്‌
"ചക്കര മാവിൻ കൊബത്ത്‌"എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ -അടുത്തുള്ള ചെറിയ ചായക്കട കണ്ടപ്പഴേ മനസ്സ്‌ പറഞ്ഞു- ഇവിടെ നല്ല നാടൻ ഊണു കിട്ടാൻ സാദ്ധ്യതയുണ്ട്‌-
സംഗതി ശരിയാണൂ-നല്ല പുത്തരിയുടെ ചോർ,
നാടൻ കറികൾ,
തോരൻ ,അയല പൊരിച്ചത്‌, പപ്പടം , വീട്ടിലെ പശുവിന്റെ പാലിൽ നിന്നുണ്ടാക്കിയ നല്ല
നാടൻ മോരും
പിന്നെ രസവും .കുടിക്കാനാണെങ്കിലോ സ്വന്തം വീട്ടിലുള്ള കിണറ്റിലെ പച്ചവെള്ളം- എല്ലാം പാകം ചെയ്യുന്നത്‌ പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും-
കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഊൺ റാഹത്തായി. ആകെ അൻപത്‌ രൂപ-
പണം കൊടുക്കുംബോൾ ഞാൻ പത്മനാഭേട്ടനോട്‌ ചോദിച്ചു ആകെ എത്ര പേർ ഊണുകഴിക്കാൻ വരും ?"
മൂപ്പർ പറഞ്ഞു " പത്ത്‌ പന്ത്രണ്ട്‌ പേരൊക്കയുണ്ടാകും"
ഞാൻ ഞെട്ടി
മൂപ്പർ പറഞ്ഞു " ഞാനിത്‌ ലാഭത്തിനുവേണ്ടി നടത്തുന്നതല്ല
എനിക്ക്‌ എഴുപത്തി രണ്ടു വയസ്സായി
ഇനി ലാഭമുണ്ടാക്കി എങ്ങോട്ട്‌ കൊണ്ടുപോകാനാ? കുറച്ചാളുകൾക്ക്‌ ചോറു കൊടുക്കുംബോൾ ഒരു സുഖം ,
അത്രതന്നെ"
-വീട്ടിൽ രണ്ടു പശു രണ്ട്‌ പോത്ത്‌ പിന്നെ വറ്റാത്ത ഒരു കിണറും" പശു പാൽ തരും പക്ഷേ എന്തിനാ പോത്തുകൾ , കൃഷിപ്പണിയുണ്ടോ എന്ന എന്റെ ചോദ്യത്തിനു പത്മനാഭേട്ടന്റെ ഉത്തരം ഇങ്ങിനെയായിരുന്നു "പണ്ടുണ്ടായിരുന്നു ഇപ്പോൾ കൃഷിപ്പണിയില്ലല്ലൊ ഉണ്ടെങ്കിൽതന്നെ പോത്തുകളും മറ്റും വേണ്ടല്ലോ എന്നാലും നമ്മൾ കടയടച്ച്‌ വീട്ടിലേക്ക്‌ ചെല്ലുംബോൾ നമ്മുടെ വീട്ടുമൃഗങ്ങൾ നമ്മളെ തൊട്ടും തലോടിയും നമുക്ക്‌ വല്ലാത്തൊരു സ്നേഹം തരും-മൂന്ന് പേണ്മക്കൾ ഉണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു -വീട്‌ ശൂന്യമായി അപ്പോൾ ഞങ്ങൾക്ക്‌ മിണ്ടിപ്പറയാൻ ഇവരൊക്കെയേയുള്ളൂ"
ചില മനുഷ്യർ അങ്ങിനെയാണു
ലാഭക്കൊതിയിൽ നെട്ടോട്ടമോടുന്ന നമ്മളിൽ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ.
മനസ്സറിഞ്ഞ്‌ വിളബുന്നവർ വിരളമാകുന്ന ഈ കാലത്ത്‌ പത്മനാഭേട്ടനും കമലാക്ഷിയമ്മയും
അന്നം വിളബിത്തരുംബോൾ മനസ്സ്‌ കൊണ്ട്‌
ഞാൻ എന്റെ വീട്ടിലെത്തുന്നു-
ഞാനെന്റെ അഛനമ്മാരുടെ സാമീപ്യം അനുഭവിക്കുന്നു;
നന്ദി

Story by