ജിഷ്ണുവിന്റെ മരണം; കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്റെ പിടിപ്പുകേട് മൂലമാണിതെന്നാണ് ആരോപണം.

ജിഷ്ണുവിന്റെ മരണം; കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷണു പ്രണോയി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. വിമാനത്താവളങ്ങളിലും സര്‍ക്കുലര്‍ വിതരണം ചെയ്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് ഉള്‍പ്പെടെ ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്.

കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി ആര്‍ ഒ സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ദിപിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഇവരില്‍ ഒരാളെ പോലും ഇതുവരെ പിടികൂടാനായില്ല. ഈ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനം.


ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് വകുപ്പുകളും ജാമ്യം ലഭിക്കാത്തവയാണ്. കോപ്പിയടിച്ചെന്ന കെട്ടുകഥ മെനഞ്ഞ് മാനേജ്‌മെന്റ് ജിഷ്ണുവിനെ കുടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷ്ണുവിനോട് മാനേജ്‌മെന്റിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും പൊലീസ് പറയുന്നു.

അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന വിവരങ്ങളും പുറത്ത് വന്നു. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പലിനെ മാത്രമാണ് ജില്ലാ കളക്ടര്‍ വിളിച്ചിരുന്നതും.

ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയതുമില്ല. ഇത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതിനു പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ തീരുമാനം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണെന്നും വിമര്‍ശനമുണ്ട്. കൃഷ്ണദാസിന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

കൃഷ്ണദാസിനും പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കൊലപാതകമാണോ എന്നു സംശയിപ്പിക്കുന്ന നിലയില്‍ കോളേജിലെ ഇടിമുറിയില്‍ നിന്നും ജിഷ്ണുവിന്‍റെ രക്തസാംപിള്‍ ലഭിച്ചിട്ടുമുണ്ട്.

Read More >>