ജിഷ്ണുവിന്റെ ബാക്കിയായ സ്വപ്നങ്ങൾക്ക് ചിറകു നൽകി ടെക് ഫെസ്റ്റുമായി സഹപാഠികൾ

ജിഷ്ണുവിന്റെ ബാക്കിയായ സ്വപ്നങ്ങൾക്ക് ചിറകു നല്‍കി ടെക് ഫെസ്റ്റുമായി സഹപാഠികൾ ഒരുമിച്ചു. ജിഷ്ണു ഭാവിയിൽ തുടങ്ങാനിരുന്ന സ്വന്തം കമ്പനിയ്ക്കായി കരുതിവെച്ച 'കോമോസ്' എന്ന പേരിലാണ് കൂട്ടുകാർ ടെക് ഫെസ്റ്റ് നടത്തിയത്. വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായിരുന്നു 'കോമോസ് ടു കെ സെവന്റീൻ ടെക് ഫെസ്റ്റ്'. ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും ചേർന്ന് ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജിഷ്ണുവിന്റെ ബാക്കിയായ സ്വപ്നങ്ങൾക്ക് ചിറകു നൽകി ടെക് ഫെസ്റ്റുമായി സഹപാഠികൾ

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഓര്‍മയ്ക്കു മുന്നില്‍ കൂട്ടുകാരുടെ സ്‌നേഹക്കൂട്ടായ്മ. ജിഷ്ണു ഭാവിയില്‍ തുടങ്ങാനിരുന്ന സ്വന്തം കമ്പനിക്കു വേണ്ടി കണ്ടുവെച്ച 'കോമോസ്'  എന്ന പേരില്‍ ടെക്‌ഫെസ്റ്റ് നടത്തിയാണ് ജിഷ്ണു ബാക്കി വെച്ചുപോയ സ്വപ്‌നങ്ങള്‍ക്ക് സഹപാഠികള്‍ നിറം പകര്‍ന്നത്.

കോളേജ് മാനേജ്‌മെന്റിന്റേയോ അധ്യാപകരുടേയോ പിന്തുണയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചത്. മാനേജ്‌മെന്റിന്റെ സമ്മതം കിട്ടാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്ത് ലക്കിടി മൂന്നുണ്ണിക്കാവ് മൈതാനത്ത് വെച്ചാണ് ഫെസ്റ്റ് നടത്തിയത്.
അമ്പലമുറ്റത്ത് ആല്‍മരങ്ങള്‍ക്ക് ചുവട്ടില്‍  ഒരുക്കിയ പന്തലില്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും അച്ഛന്‍ അശോകനും ചേര്‍ന്ന് ടെക്‌ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐഎസ്ആര്‍ഒയിലെ റിട്ട. ശാസ്ത്രഞ്ജന്‍  ഡോ. വെങ്കിട്ട കൃഷ്ണന്‍ മുഖ്യാതിഥിയായി. ചലചിത്രതാരം ദ്യശ്യയും ഫെസ്റ്റിന് ആശംസകള്‍ അര്‍പ്പിക്കാനെത്തി.

'മരിക്കുന്നതു വരെ ഞങ്ങള്‍ ജിഷ്ണുവിനെ പേര് വിളിച്ചിരുന്നില്ല. പാമ്പാടി കോളേജില്‍ ചേര്‍ക്കാന്‍ കൊണ്ടുവരുമ്പോള്‍ കോളേജില്‍ പരിചയപ്പെടുത്താന്‍ ആ പേര് വിളിച്ചു. പിന്നെ മരിച്ച ശേഷമാണ് ഞങ്ങള്‍ ആ പേര് വിളിക്കുന്നത്. അതുവരെ ഞങ്ങള്‍ക്ക് 'മോനു' ആയിരുന്നു അവന്‍. എന്നാലിപ്പോള്‍ ജിഷ്ണു, അവന്റെ പേര് നാടിന്റേയും കേരളത്തിന്റേയും അഭിമാനമായി മാറി, സ്വാശ്രയ കോളേജുകളിലെ ചൂഷണങ്ങള്‍ പുറത്തുവരാന്‍ ജിഷ്ണു കാരണമായതായി അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. എല്ലാ വര്‍ഷവും ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കു വേണ്ടി ഇതുപോലെ ടെക്‌ഫെസ്റ്റ്  നടത്താന്‍ നമുക്ക് കഴിയട്ടെ എന്നും ശ്രീജിത്ത് ആശംസിച്ചു.മകന്റെ ഓര്‍മ്മകളില്‍ വിതുമ്പിപ്പോയഅച്ഛന്‍ അശോകിന് ജിഷ്ണുവിനെ കുറിച്ച്  ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ടെക്‌ഫെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ജിഷ്ണുവിന്റെ സഹപാഠികള്‍ അവന്റെ സ്മരണകള്‍ക്ക് മുന്നില്‍ മെഴുകുതിരി പ്രകാശിപ്പിച്ചു. നാല്‍പ്പതോളം പ്രോജക്ടുകളാണ്‌
ടെക്‌ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരുന്നത്. ഷോര്‍ട്ട് ഫിലിം മേളയും ഉണ്ടായിരുന്നു.
അധ്യാപകരും മാനേജ്‌മെന്റും പരിപൂര്‍ണ്ണമായി വിട്ടുനിന്ന ടെക്‌ഫെസ്റ്റ് നടത്താന്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമാണ് സഹകരിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ അമ്പല മൈതാനം സൗജന്യമായി വിട്ടുനല്‍കുകയും ചെയ്തു.

Read More >>