ജിഷ്ണുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നു; മാനേജ്‌മെന്റിന്റെ വിലക്ക് ലംഘിച്ച് കോമോസ് ടെക്‌നിക്കല്‍ ഫെസ്റ്റുമായി വിദ്യാര്‍ഥികള്‍

'കോമോസ്' എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങുകയെന്നതായിരുന്നു ജിഷ്ണുവിന്റെ ആഗ്രഹം. സ്വപ്‌നം ബാക്കി വെച്ച് ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അത് സാക്ഷാത്ക്കരിക്കാനുള്ള പ്രയത്‌നത്തിലാണ് സഹപാഠികളും കൂട്ടുകാരും. എന്നാല്‍ കോമോസ് എന്ന പേരില്‍ ടെക് ഫെസ്റ്റ് നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചെങ്കിലും ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നെഹ്രു കോളേജ് മാനേജ്‌മെന്റ്. അതുകൊണ്ടുതന്നെ ലക്കിടി മോനുണ്ണിക്കാവ് ക്ഷേത്ര മൈതാനത്ത് ഈ മാസം 27ന് 'കോമോസ്' ടെക് ഫെസ്റ്റ് നടത്തുമെന്ന് വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ നാരദാന്യൂസിനോട് പറഞ്ഞു.

ജിഷ്ണുവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നു; മാനേജ്‌മെന്റിന്റെ വിലക്ക് ലംഘിച്ച് കോമോസ് ടെക്‌നിക്കല്‍ ഫെസ്റ്റുമായി വിദ്യാര്‍ഥികള്‍

പാമ്പാടി നെഹ്രു കോളേജില്‍ മാനേജ്‌മെന്റ് കുരുതികൊടുത്ത ബി ടെക് ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നു. 'കോമോസ്' എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങുകയെന്നതായിരുന്നു ജിഷ്ണുവിന്റെ ആഗ്രഹം.

തന്റെയൊപ്പം പഠിച്ച കൂട്ടുകാര്‍ക്കൊക്കെ അവിടെ ജോലി നല്‍കുക, ആധുനിക ടെക്‌നോളജിക്ക്‌
കരുത്താകുന്ന ആപ്പുകളുടെ കണ്ടുപിടുത്തതിലൂടെ ഡിജിറ്റല്‍ മേഖലയ്ക്ക് താങ്ങാവുക, ഇതൊക്കെ പലപ്പോഴും ജിഷ്ണു കൂട്ടുകാരോട് പറയാറുണ്ടായിരുന്നു. 'കോമോസ്' എന്ന സ്വപ്‌നം ബാക്കി വെച്ച് ജിഷ്ണു ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അത് സാക്ഷാത്ക്കരിക്കാനുള്ള പ്രയത്‌നത്തിലാണ് സഹപാഠികളും കൂട്ടുകാരും.


'കോമോസ്' എന്ന പേരില്‍ ടെക് ഫെസ്റ്റ് നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചെങ്കിലും ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നെഹ്രു കോളേജ് മാനേജ്‌മെന്റ്. അതുകൊണ്ടുതന്നെ ലക്കിടി മോനുണ്ണിക്കാവ് ക്ഷേത്ര മൈതാനത്ത് ഈ മാസം 27ന് 'കോമോസ്' ടെക് ഫെസ്റ്റ് നടത്തുമെന്ന് വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ നാരദാന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ അവര്‍ക്കിടയില്‍ നിന്നുതന്നെ പണം പിരിച്ചാണ് പരിപാടിക്ക് ഫണ്ട് കണ്ടെത്തുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ ഇങ്ങനെയൊരു ടെക്‌നിക്കല്‍ ഫെസ്റ്റ് നടക്കുന്നത്.

സംസ്ഥാനത്തെ പരമാവധി ടെക്‌നിക്കല്‍ വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. കോളേജില്‍ പരിപാടി നടത്തുന്നത് മാനേജ്‌മെന്റ് തടഞ്ഞതോടെയാണ് ക്ഷേത്രമൈതാനത്ത് നടത്താന്‍ തീരുമാനിച്ചത്. ജിഷ്ണുവിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ ടെക്‌നോളജിയോട് അടങ്ങാത്ത അഭിനിവേശം ജിഷ്ണുവിലുണ്ടായിരുന്നു. 2015ലെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിഷ്ണുവിന്റെ കണ്ടുപിടുത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്‌ മാതൃകയില്‍ ഇലക്‌ട്രോണിക്‌സ് മീറ്റര്‍ നിര്‍മ്മിച്ചായിരുന്നു ജിഷ്ണു ശ്രദ്ധേയനായത്. ആവശ്യാനുസരണം റീചാര്‍ജ്‌ ചെയ്തുകൊണ്ടുള്ള പ്രീ പെയ്ഡ് വൈദ്യുതി മീറ്ററിന്റെ മാതൃകയായിരുന്നു കണ്ടുപിടിച്ചത്. വൈദ്യുതി മോഷണം തടയുന്നതിനുള്‍പ്പെടെ ഇത് ഗുണകരമാകും.

പേരോട് എംഐഎം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായപ്പോഴായിരുന്നിത്. ഇത്തരം
ജനോപകാരപ്രദമായ ആപ്പുകള്‍ കണ്ടുപിടിക്കുന്നതിലൂടെ കോമോസിന് വലിയ സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 'കോമോസ്' എന്ന പേര് പോലും നിശ്ചയിച്ചത് ജിഷ്ണു തന്നെയായിരുന്നെന്ന് ബന്ധുവായ ശ്രീജിത്ത് പറയുന്നു.

വലിയ ഐടി സങ്കല്‍പ്പങ്ങളും ടെക്‌നിക്കല്‍ സാധ്യതകളുമായി ജീവിച്ച ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മകള്‍ക്ക് നിറം പകരാനാണ് മാനേജ്‌മെന്റ് കണ്ണുരുട്ടുമ്പോഴും ഒരു പറ്റം വിദ്യാര്‍ഥികള്‍ ടെക് ഫെസ്റ്റുമായി മുന്നോട്ടുപോകുന്നത്. കോളേജിന് പുറത്ത് നിന്നുള്‍പ്പെടെ ഈ പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Story by
Read More >>