ജിഷ്ണുവിനെ 'ഒറ്റാന്‍' നെഹ്രുകോളേജില്‍ കള്ളസാക്ഷി; തെളിവ് നശിപ്പിക്കാന്‍ പൊലീസ് താക്കോല്‍ നല്‍കി

പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ മാനോജ്മെന്റ് കള്ളസാക്ഷിയെ രംഗത്തിറക്കിയെന്ന് ആരോപണം. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുള്ളത് പരിഗണിക്കാതെ ജിഷ്ണു മരിച്ച നിലയില്‍ കണ്ടെത്തിയ മുറികളുടെ താക്കോലും പൊലീസ് മാനേജ്മെന്റിന് നല്‍കിയെന്നും ആരോപണം.

ജിഷ്ണുവിനെ

ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ കോളേജ് കള്ളസാക്ഷിയെ കളത്തിലിറക്കിയെന്ന് ആരോപണം. നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ കേസ് അട്ടിമറിക്കാന്‍ കോളേജിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് ഇലട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കള്ളസാക്ഷി പറയാന്‍ അന്വേഷണ സംഘത്തിനു മുമ്പില്‍ കോളേജ് മാനേജ്മെന്റ് ഹാജരാക്കിയതായാണ് സൂചന. ജിഷ്ണുവിനു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചു മര്‍ദ്ദനമേറ്റിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് മാനേജ്മെന്റ്് കള്ളസാക്ഷിയെ നിയോഗിച്ചിരിക്കുന്നത്.


കോപ്പിയടി ആരോപിച്ചു ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് നാല്‍പ്പതോളം സഹപാഠികള്‍ പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടതിനു താന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഉണ്ടായിരുന്നുവെന്നും ജിഷ്ണുവിനെയും സുഹൃത്തിനെയും കൊണ്ടുവരുന്നത് കണ്ടെന്നും ഇവര്‍ പെട്ടന്നു തന്നെ മുറിയില്‍ നിന്നു പോയെന്നുമാണ് ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി പൊലീസിനോടു പറഞ്ഞത്.


തങ്ങളെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കൊണ്ടുവരുന്ന സമയത്തു അവിടെ ആരും ഉണ്ടായിരുന്നില്ല എന്നാണ് ജിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി.

[caption id="" align="aligncenter" width="595"]
ജിഷ്ണുവിൻറെ ഹോസ്റ്റല്‍ മുറി[/caption]

കള്ളസാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥിക്കു ജിഷ്ണു പ്രണോയിയോടുള്ള പൂര്‍വ വൈരാഗ്യം മാനേജ്‌മെന്റ് ചൂഷണം ചെയ്യുകയാണെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജിഷ്ണുവും വിദ്യാര്‍ത്ഥിയും തമ്മില്‍ കോളേജില്‍ വച്ചു അടിപിടിയുണ്ടായിട്ടുണ്ട്. 6.1.17 ല്‍ നടന്ന പരീക്ഷയില്‍ ഈ വിദ്യാര്‍ത്ഥി കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ പിടികൂടിയെന്നും ഈ സംഭവത്തില്‍ നിന്നു രക്ഷപെടുത്താമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം നല്‍കിയാണ് കള്ളസാക്ഷി പറയിപ്പിച്ചതെന്നും സഹപാഠികള്‍ ആരോപിക്കുന്നുണ്ട്.

ജിഷ്ണു മരിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും കോളേജ് മാനേജ്‌മെന്റില്‍ നിന്നു ഒരാളെപ്പോലും ചോദ്യം ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജിഷ്ണുവിന്റെ മുറിയില്‍ താമസിച്ച വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരമല്ല. മറ്റൊരു മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി പ്രകാരമാണ്.

ജിഷ്ണുവിന്റെ മരണത്തിനു ശേഷം തെളിവുകള്‍ ഇല്ലാതാക്കാന്‍ മാനേജ്‌മെന്റിന് ആവശ്യത്തിനു സമയം പൊലീസ് നല്‍കിയെന്നും ആരോപണമുണ്ട്.


ജിഷ്ണു മരിച്ച നിലയില്‍ കാണപ്പെട്ട കുളിമുറിയില്‍ രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നു വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നു വാങ്ങിയ പൂട്ട് ഉപയോഗിച്ചാണ് പൊലീസ് മുറി സീല്‍ ചെയ്തത്. വാര്‍ഡന്റെ കൈയില്‍ നിന്നു മുഴുവന്‍ താക്കോലും വാങ്ങണമെന്നു ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ പൊലീസിനെ നിയമം പഠിപ്പിക്കേണ്ടെന്നാണ് ചേലക്കര സിഐ പറഞ്ഞത്.

[caption id="" align="aligncenter" width="598"] ജിഷ്ണു തൂങ്ങിമരിച്ചുവെന്ന് പറയപ്പെടുന്ന കൊളുത്തുകൾ[/caption]