കേസ് നടത്തിപ്പിൽ ഡിജിപി പൂർണ പരാജയമെന്ന് ആരോപണം; സർക്കാരിന്റെ അസംതൃപ്തിയ്ക്കു തെളിവായി ജിഷ്ണു കേസിൽ പുതിയ പ്രോസിക്യൂട്ടർ

കൃഷ്ണദാസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുന്നതെങ്ങനെ എന്ന് കേസ് പരിഗണിച്ച ജഡ്ജി ആവർത്തിച്ചു ചോദിച്ചിട്ടും ഡിജിപി വ്യക്തമായ മറുപടി നൽകിയില്ലെന്ന് ഹൈക്കോടതിയിലെ അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്റെ ദീർഘമായ തൊഴിൽ പരിചയം വിശദീകരിക്കാനാണ് അദ്ദേഹം സമയം ചെലവഴിച്ചതെന്നും വിമർശനമുണ്ട്.

കേസ് നടത്തിപ്പിൽ ഡിജിപി പൂർണ പരാജയമെന്ന് ആരോപണം; സർക്കാരിന്റെ അസംതൃപ്തിയ്ക്കു തെളിവായി ജിഷ്ണു കേസിൽ പുതിയ പ്രോസിക്യൂട്ടർ

ജിഷ്ണു കേസിൽ നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഇടക്കാലം ജാമ്യം ലഭിച്ചത് ഡിജിപിയുടെ വീഴ്ചയാണെന്ന ആരോപണം ശക്തിപ്പെടുത്തി, കേസ് നടത്തിപ്പ് പൂർണമായും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. സി. പി. ഉദയഭാനുവിനെ നിയമവകുപ്പ് ചുമതലപ്പെടുത്തി. എന്നാൽ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിയമനമെന്നും മറിച്ചുള്ള വ്യാഖ്യാനങ്ങൾ അടിസ്ഥാനരഹിതമെന്നും നിയമമന്ത്രിയുടെ ഓഫീസ് നാരദാ ന്യൂസിനോടു പ്രതികരിച്ചു.


കൃഷ്ണദാസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുന്നതെങ്ങനെ എന്ന് കേസ് പരിഗണിച്ച ജഡ്ജി ആവർത്തിച്ചു ചോദിച്ചിട്ടും ഡിജിപി വ്യക്തമായ മറുപടി നൽകിയില്ലെന്ന് ഹൈക്കോടതിയിലെ അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനു പകരം തന്റെ ദീർഘമായ തൊഴിൽ പരിചയം വിശദീകരിക്കാനാണ് അദ്ദേഹം സമയം ചെലവഴിച്ചതെന്നും വിമർശനമുണ്ട്.

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ നിരത്തിയാണ് കൃഷ്ണദാസ് ജാമ്യം നേടിയതെന്നും വാർത്തയുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം നല്‍കണമെന്നായിരുന്നു കൃഷ്ണദാസിന്റെ അപേക്ഷ. ഇതു പരിഗണിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ യോഗത്തിലേയ്ക്ക് പ്രിൻസിപ്പലിനു മാത്രമായിരുന്നു ക്ഷണം. കൃഷ്ണദാസിനെ ക്ഷണിച്ചിരുന്നില്ലെന്നു മാത്രമല്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നേ യോഗം കഴിയുകയും ചെയ്തിരുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഡിജിപിയ്ക്കു കഴിഞ്ഞതുമില്ല.

ഡിജിപി കൃത്യമായി കോടതിയിൽ ഹാജരാകുന്നില്ലെന്നും വിമർശനമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന ടി. ആസിഫലിയുമായി താരതമ്യപ്പെടുത്തിയും അഡ്വ. മഞ്ചേരി ശ്രീധരൻ നായരുടെ കോടതിയിലെ സാന്നിധ്യം ചർച്ചയാകുന്നുണ്ട്. യുഡിഎഫ് സർക്കാരിന് രാഷ്ട്രീയമായ മേൽക്കൈ നേടിക്കൊടുക്കാൻ തന്റെ ഔദ്യോഗിക പദവി ടി. ആസിഫലി നന്നായി ഉപയോഗിച്ചിരുന്നു എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അത്തരം മുൻകൈകളൊന്നും പുതിയ ഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലത്രേ. കേസുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഒരു അലംഭാവം ഡിജിപിയ്ക്കുണ്ട് എന്നും ആരോപണമുണ്ട്.

വാർത്തയോടുളള പ്രതികരണം ആരാഞ്ഞ് നാരദാ ന്യൂസ് അഡ്വ. മഞ്ചേരി ശ്രീധരൻ നായരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Read More >>