ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം നടന്നിട്ട്‌ ഇന്നേക്ക് 50 നാള്‍; കുറ്റക്കാര്‍ ഇപ്പോഴും പുറത്തുതന്നെ

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയായും അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും കേസെടുത്തു എന്നതൊഴിച്ചാല്‍ ഇക്കാലയളവിനിടെ തുടര്‍നടപടികളൊന്നും തന്നെയുണ്ടായില്ല എന്നതാണ് വസ്തുത. പ്രതികളില്‍ പി കൃഷ്ണദാസിന് മാത്രമാണ് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല മുന്‍കൂര്‍ജാമ്യം ലഭിച്ചിട്ടുളളത്. എന്നാല്‍ രണ്ടാം പ്രതി കോളേജ് പി ആര്‍ ഒ സഞ്ജിത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരില്‍ ഒരാളെപ്പോലും അറസ്റ്റ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല.

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം നടന്നിട്ട്‌ ഇന്നേക്ക് 50 നാള്‍; കുറ്റക്കാര്‍ ഇപ്പോഴും പുറത്തുതന്നെ

പാമ്പാടി നെഹ്രു കോളേജിലെ ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം നടന്നിട്ട്‌ അമ്പത് ദിവസം പിന്നിട്ടിട്ടും കുറ്റക്കാരായ കോളേജ് അധികാരികള്‍ ഇപ്പോഴും പുറത്തുതന്നെ. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന കാര്യത്തില്‍ ഇപ്പോഴും ശരിയായ നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്നതുള്‍പ്പടെ മാനേജ്‌മെന്റ് ഉയര്‍ത്തിയ വാദങ്ങളെല്ലാം ഇതിനകം പൊളിഞ്ഞിട്ടുണ്ട്.


സംഭവത്തില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയായും അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും കേസെടുത്തു എന്നതൊഴിച്ചാല്‍ ഇക്കാലയളവിനിടെ തുടര്‍നടപടികളൊന്നും തന്നെയുണ്ടായില്ല എന്നതാണ് വസ്തുത. പ്രതികളില്‍ പി കൃഷ്ണദാസിന് മാത്രമാണ് ഹൈക്കോടതിയില്‍ നിന്നും ഇടക്കാല മുന്‍കൂര്‍ജാമ്യം ലഭിച്ചിട്ടുളളത്. എന്നാല്‍ രണ്ടാം പ്രതി കോളേജ് പി ആര്‍ ഒ സഞ്ജിത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരില്‍ ഒരാളെപ്പോലും അറസ്റ്റ്‌
ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവരെല്ലാംതന്നെ ഒളിവിലാണെന്ന പൊലീസ് ഭാഷ്യം സംശയാസ്പദമാണ്.

ഇതിനിടെ കോളേജ് പിആര്‍ഒ ആയ സഞ്ജിതിന്റെ ഓഫീസ് മുറിയില്‍ നിന്നും ചോരക്കറയും കണ്ടെത്തിയിരുന്നു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ വിശ്വനാഥന്റെ മകനാണ് സഞ്ജിത്. തുടര്‍ അന്വേഷണവും പ്രതികളുടെ അറസ്റ്റും ഉണ്ടാകാത്തതിന്റെ കാരണം ഉന്നത നീക്കങ്ങളുടെ ഫലമാണെന്നാണ് വിലയിരുത്തല്‍. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ.പി ഉദയഭാനുവിനെ നിയമിച്ചതാണ് ആകെയുള്ള ആശ്വാസം. അന്വേഷണ ഉദ്യോഗസ്ഥയായ ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനെ ബന്ധുക്കള്‍ ഉള്‍പ്പെടെ
വിശ്വാസത്തിലെടുത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഇവരുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സേനയിലെത്തന്നെ ചിലര്‍ ഗൂഢനീക്കം നടത്തി. ഇതിന്റെ തെളിവുകള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിച്ചതും പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ അപാകതയുമെല്ലാം വിരല്‍ ചൂണ്ടുന്നത് നെഹ്രു ഗ്രൂപ്പിന്റെ ഉന്നതതല സ്വാധീനത്തിലേക്കാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് അന്വേഷണത്തിന്റെ പരിധിയല്‍ കൊണ്ടുവന്നിട്ടില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുവായ ശ്രീജിത്ത് നാരദ ന്യൂസിനോട് പറഞ്ഞു.

ജിഷ്ണുവിന്റെ മരണശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് തവണ കോഴിക്കോട് ജില്ലയിലെത്തിയെങ്കിലും ഒരു തവണപോലും വളയത്തുള്ള വീട് സന്ദര്‍ശിക്കാത്തതില്‍ സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകരുള്‍പ്പെടെ കടുത്ത അമര്‍ഷത്തിലാണ്. അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് കാണിച്ച് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. അതേസമയം, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വി എസ് അച്യൂതാനന്ദന്‍ ജിഷ്ണുവിന്റെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

മന്ത്രി എ കെ ബാലന്റെ ഭാര്യ ജമീല നിലവില്‍ നെഹ്രു ഗ്രൂപ്പിന്റെ ദാസ് മെഡിക്കല്‍ കോളേജ് ഡയറക്ടറാണ്. സംഭവത്തെത്തുടര്‍ന്ന് അവര്‍ രാജിവെയ്ക്കുമെന്ന പ്രചാരണമിറങ്ങിയെങ്കിലും അതുണ്ടായില്ല. ജമീലയിപ്പോള്‍ അവധിയിലാണ്. ഭരണ-പ്രതിപക്ഷ മുന്നണികളിലെ പല പ്രമുഖര്‍ക്കും നെഹ്രു കോളേജ് മാനേജ്‌മെന്റുമായി അടുത്തബന്ധമുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെയുള്ള അറസ്റ്റ് വൈകുന്നതിന്റെ കാരണങ്ങള്‍ കൂട്ടിവായിക്കേണ്ടത്. ഇന്‍ക്വസ്റ്റ് വേളയില്‍ പകര്‍ത്തിയ പലചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥയെ കാണിക്കാതെ മറച്ചുവെച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക വിങ്ങിനെ ഏല്‍പ്പിക്കുമെന്നും ഇതിന് വേണ്ടി അഞ്ചംഗസംഘത്തെ നിയോഗിക്കുമെന്നും തൃശൂര്‍ റൂറല്‍ എസ് പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ അത്തരം നടപടികളൊന്നും തന്നെയുണ്ടായിട്ടില്ല.

പല അന്വേഷണ നടപടികളും വൈകുന്നതിന്റെ കാരണം ഉന്നതതല ഇടപെടല്‍ മൂലമാണെന്നാണ് ജിഷ്ണുവുമായി ബന്ധപ്പെട്ടവര്‍ വിശ്വസിക്കുന്നത്. ജിഷ്ണുവിനെ മനഃപ്പൂര്‍വ്വം കോപ്പിയടി വിവാദത്തില്‍ ഉള്‍പ്പെടുത്തിയാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. കോളേജ് അധികൃതരില്‍ നിന്ന് കടുത്ത പീഢനമേറ്റാണ് ജിഷ്ണു മരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നെഹ്രു ഗ്രൂപ്പിന് ഭരണതലത്തില്‍ വലിയ സ്വാധീനം തന്നെയാണുള്ളത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ തൊടാന്‍ ഇടതുസര്‍ക്കാര്‍പോലും ഭയക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്.

Read More >>