ലോ അക്കാദമി സമരത്തെ ഒറ്റികൊടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു; സിപിഐഎമ്മിനും എസ്എഫ്‌ഐക്കുമെതിരേ പരോക്ഷവിമര്‍ശനവുമായി വീണ്ടും ജനയുഗം

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലര്‍ പ്രവര്‍ത്തിച്ചെന്നുംമുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ടവര്‍ അവധാനതയോടെയും മുഷ്‌ക്കില്ലാതെയും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിനുമുമ്പേ സമരം അവസാനിക്കുമായിരുന്നുവെന്നും ജനയുഗം സൂചിപ്പിക്കുന്നു.

ലോ അക്കാദമി സമരത്തെ ഒറ്റികൊടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു; സിപിഐഎമ്മിനും എസ്എഫ്‌ഐക്കുമെതിരേ പരോക്ഷവിമര്‍ശനവുമായി വീണ്ടും ജനയുഗം

ലോ അക്കാദമി വിഷയം ഒത്തുതീര്‍ന്നതിനു പിന്നാലെ സിപിഐഎമ്മിനും എസ്എഫ്‌ഐക്കുമെതിരേ പരോക്ഷവിമര്‍ശനവുമായി വീണ്ടും സിപിഐയുടെ മുഖപത്രമായ ജനയുഗം. ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ തകര്‍ക്കാനും ഒറ്റുകൊടുക്കാനുമുള്ള നീക്കങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായെന്നു മുഖപ്രസംഗം പറയുന്നു. ജനയുഗത്തില്‍ വരുന്ന കോളമല്ല, മുഖപ്രസംഗമാണ് സിപിഐയുടെ നിലപാടെന്നു കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണു മുഖപ്രസംഗവുമായി ജനയുഗം എത്തിയത്.


വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലര്‍ പ്രവര്‍ത്തിച്ചെന്നുംമുഖപ്രസംഗത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ടവര്‍ അവധാനതയോടെയും മുഷ്‌ക്കില്ലാതെയും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിനുമുമ്പേ സമരം അവസാനിക്കുമായിരുന്നുവെന്നും ജനയുഗം സൂചിപ്പിക്കുന്നു.

പെണ്‍കുട്ടികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്ന സമീപനങ്ങളും ജയില്‍ മുറികള്‍ക്കു സമാനമായ ഹോസ്റ്റല്‍ അനുഭവങ്ങളും ലോ അക്കാദമിയിലുണ്ടെന്നത് വിദ്യാര്‍ഥികള്‍ നേരത്തേ തന്നെ പരാതിയായി ഉന്നയിച്ചുവെങ്കിലും അതെല്ലാം ജലരേഖകളായി മാറുകയായിരുന്നു. അതിന് പ്രധാന കാരണമായത് മാനേജ്‌മെന്റിന്റെ പിടിപാടുകളായിരുന്നുവെന്നും വെളിപ്പെടുത്തപ്പെട്ടു. പട്ടിക ജാതി പീഡന നിയമപ്രകാരം നല്‍കപ്പെട്ട പരാതികള്‍ പോലും വെളിച്ചം കാണാതെ പോയ സ്ഥിതിയുണ്ടായി. ഈയൊരു സാഹചര്യത്തിലാണ് എഐഎസ്എഫ് നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സമാനവും പരിഹൃതമാകേണ്ടതുമാണെങ്കിലും അതിന് കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ വരന്പുകളിടാന്‍ ചില കോണുകളില്‍നിന്ന് ശ്രമങ്ങളുമുണ്ടായി. പക്ഷേ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരം തുടരുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സമരമുഖത്ത് ഉറച്ചുനിന്നത്. എന്നാല്‍ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പല വഴിക്കാണ് നടത്തിയത്. സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ടെന്നും ജനയുഗം പറയുന്നു.

ലേഖനത്തിൻ്റെ പൂർണ്ണരൂപം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തിവന്ന പ്രക്ഷോഭം വിജയത്തിൽ അവസാനിച്ചിരിക്കുന്നു. ഒരുമാസത്തോളം നീണ്ട സമരം വിജയപര്യവസായിയാകുമ്പോൾ അത്‌ വിദ്യാർഥി സമരചരിത്രത്തിലെ വേറിട്ട അധ്യായമാകുകയാണ്‌.

ലോ അക്കാദമിയിൽ നടമാടുന്ന അനീതിക്കെതിരെയായിരുന്നു എല്ലാ വിദ്യാർഥി സംഘടനകളും സമരം നയിച്ചത്‌. വിവിധ രീതികളിലുള്ള പീഡന മുറകളാണ്‌ കോളജിൽ അരങ്ങേറിയതെന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌. സ്വന്തക്കാർക്ക്‌ എന്തുമാകാമെന്ന സ്ഥിതിയായിരുന്നു അവിടെ. ഇഷ്ടപ്പെടാത്തവർക്കായി പല തരത്തിലുള്ള ശിക്ഷണ രീതികളുണ്ടായി. ഇന്റേണൽ മാർക്കിലും ഹാജർ നൽകുന്നതിലും നിക്ഷിപ്തവും വ്യക്തിപരവുമായ താൽപര്യങ്ങൾ, അത്‌ പലപ്പോഴും സാംസ്കാരിക കേരളത്തിന്‌ തന്നെ അപമാനമാകുന്ന രീതിയിൽ ജാതീയമായ വേർതിരിവിന്റെ അടിസ്ഥാനത്തിലും. തങ്ങളെ വീട്ടുജോലിക്കാരെ പോലെ കണ്ട അനുഭവങ്ങളും വിദ്യാർഥികൾ പങ്കു വയ്ക്കുകയുണ്ടായി. തന്റെ പദവിയും സാമൂഹ്യസ്വാധീനവും ഉപയോഗിച്ച്‌ ചട്ടങ്ങളേയും കീഴ്‌വഴക്കങ്ങളേയും കാറ്റിൽപറത്തുകയാണ്‌ ഇവിടത്തെ പ്രിൻസിപ്പാൾ ചെയ്തുപോന്നത്‌. അതൊക്കെ കൊണ്ടാണ്‌ ലക്ഷ്മിനായർ പ്രിൻസിപ്പാൾ സ്ഥാനത്ത്‌ തുടരരുതെന്ന ആവശ്യം ശക്തമായി വിദ്യാർഥികൾ ഉന്നയിച്ചത്‌.

പെൺകുട്ടികളുടെ സ്വകാര്യതയിലേയ്ക്ക്‌ കടന്നുകയറുന്ന സമീപനങ്ങളും ജയിൽ മുറികൾക്കു സമാനമായ ഹോസ്റ്റൽ അനുഭവങ്ങളും ലോ അക്കാദമിയിലുണ്ടെന്നത്‌ വിദ്യാർഥികൾ നേരത്തേ തന്നെ പരാതിയായി ഉന്നയിച്ചുവെങ്കിലും അതെല്ലാം ജലരേഖകളായി മാറുകയായിരുന്നു. അതിന്‌ പ്രധാന കാരണമായത്‌ മാനേജ്മെന്റിന്റെ പിടിപാടുകളായിരുന്നുവെന്നും വെളിപ്പെടുത്തപ്പെട്ടു. പട്ടിക ജാതി പീഡന നിയമപ്രകാരം നൽകപ്പെട്ട പരാതികൾ പോലും വെളിച്ചം കാണാതെ പോയ സ്ഥിതിയുണ്ടായി.

ഈയൊരു സാഹചര്യത്തിലാണ്‌ എഐഎസ്‌എഫ്‌ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്‌. തൊട്ടുപിറകേ മറ്റു വിദ്യാർഥി സംഘടനകളും സമരരംഗത്തിറങ്ങി. വിദ്യാർഥികളുടെ ആവശ്യങ്ങൾ സമാനവും പരിഹൃതമാകേണ്ടതുമാണെങ്കിലും അതിന്‌ കക്ഷിരാഷ്ട്രീയത്തിന്റെ അതിർ വരമ്പുകളിടാൻ ചില കോണുകളിൽ നിന്ന്‌ ശ്രമങ്ങളുമുണ്ടായി. പക്ഷേ വിദ്യാർഥികൾ ഒറ്റക്കെട്ടായി സമരം തുടരുകയായിരുന്നു. മാനേജ്മെന്റിന്റെയും പ്രിൻസിപ്പാളിന്റെയും ചെയ്തികൾ അങ്ങനെയാണ്‌ കേരളത്തിന്റെയാകെ ശ്രദ്ധയിലേയ്ക്ക്‌ വരുന്നതും കേരളം മുഴുവൻ സമരത്തിന്‌ പിന്നിൽ അണിനിരക്കുന്നതും. സമരത്തിന്റെ തീക്ഷ്ണതയും ഓരോ ദിവസവുമുള്ള വർധിത വീര്യവും കാരണം ആദ്യഘട്ടത്തിൽ മാറിനിന്നവരും സമരത്തിലേക്ക്‌ വരുന്ന സാഹചര്യമുണ്ടായി.

വിദ്യാർഥിനികൾ ഉൾപ്പെടെ എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ്‌ സമരമുഖത്ത്‌ ഉറച്ചു നിന്നത്‌. എന്നാൽ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങൾ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തിൽ നിന്ന്‌ പിന്മാറ്റാനുള്ള ശ്രമങ്ങൾ പല വഴിക്കാണ്‌ നടത്തിയത്‌. സമ്മർദങ്ങൾ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങൾ ഉണ്ടായെന്ന്‌ വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്‌.

വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന്‌ പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവർത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി. അതുകൊണ്ടാണ്‌ സമരം ഒരു മാസത്തോളം നീണ്ടുപോയത്‌. അന്വേഷണത്തിൽ കുറ്റകരമായ നടപടികൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായെന്ന്‌ കണ്ടെത്തിയിട്ടും നടപടി വേണ്ടെന്ന തീരുമാനമെടുത്തതുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ ഇതിന്‌ തെളിവായി ചൂണ്ടിക്കാട്ടാനുണ്ട്‌. മുഷ്ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവർ സമീപിച്ചിരുന്നുവെങ്കിൽ എത്രയോ നേരത്തേ തന്നെ അവസാനിക്കുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാർഥി സമരം. അതുകൊണ്ടുതന്നെ അനാവശ്യവിവാദങ്ങൾക്കും ഇടയുണ്ടാക്കി. പക്ഷേ അതൊന്നും വകവയ്ക്കാതെയും എല്ലാവിധത്തിലുമുള്ള എതിർപ്പുകളെയും അവഗണിച്ചും വിദ്യാർഥികൾ ഒറ്റക്കെട്ടായി മുന്നോട്ടുപോയി എന്നതുകൂടിയാണ്‌ ഈ സമരവിജയത്തിന്റെ പ്രത്യേകത.

ലോ അക്കാദമിയിലെ വിദ്യാർഥിസമരവും തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണവുമൊക്കെ കേരളത്തിലെ സ്വകാര്യ -സ്വാശ്രയ കോളജുകളിൽ നടക്കുന്ന വിദ്യാർഥി വിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുന്നുണ്ട്‌. വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യതാൽപര്യങ്ങൾ ആധിപത്യം നേടിയതിന്റെ ദുരന്തഫലങ്ങളാണ്‌ ലോ അക്കാദമിയും പാമ്പാടി നെഹ്‌റു കോളജും ടോംസ്‌ കോളജുമുൾപ്പെടെയുള്ളവ. സാമ്പത്തിക താൽപര്യങ്ങൾ മാത്രം വിദ്യാഭ്യാസ മേഖലയിൽ നിറഞ്ഞതിന്റെ ദുരന്തഫലം കൂടിയാണത്‌. അതുകൊണ്ടുതന്നെ ഇന്നലെ ലോ അക്കാദമിയിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചുവെങ്കിലും കേരളമാകെ ഈ പോരാട്ടം തുടരണമെന്ന ആഹ്വാനം വിദ്യാർഥി സംഘടനകൾക്കും പൊതുസമൂഹത്തിനും മുന്നിലേയ്ക്ക്‌ വയ്ക്കുന്നുണ്ട്‌.

എല്ലാ എതിർപ്പുകളെ അതിജീവിച്ചും കുപ്രചരണങ്ങളെ അവഗണിച്ചും ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തെ വിജയത്തിലേയ്ക്ക്‌ നയിച്ച എല്ലാ പോരാളികളും അഭിനന്ദനമർഹിക്കുന്നു.