കാട്ടാമ്പള്ളി; ലക്‌ഷ്യം തെറ്റിയ ഒരു പദ്ധതിയും കുടിവെള്ളം മുട്ടിയ ജനതയും

ലക്‌ഷ്യം തെറ്റുകയും ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ളം മുട്ടിക്കുകയും ചെയ്ത ചരിത്രവും വർത്തമാനവുമാണ് കാട്ടാമ്പള്ളി റെഗുലേറ്റർ കം ബ്രിഡ്ജിനുള്ളത്. പാലവും അതിന്റെ മുകളിലൂടെ കടന്നുപോവുകയും ചെയ്യുന്ന റോഡും കണ്ണൂർ നഗരത്തിന്റെ തന്നെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമ്പോഴും ഉപ്പുവെള്ളം കണ്ണീർക്കടലാക്കുന്ന ജീവിതവുമായി ഒരു പ്രദേശം പ്രതീക്ഷയറ്റ് ജീവിക്കുകയാണ്.

കാട്ടാമ്പള്ളി; ലക്‌ഷ്യം തെറ്റിയ ഒരു പദ്ധതിയും കുടിവെള്ളം മുട്ടിയ ജനതയും

ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭ കണ്ണൂരിന് നൽകിയ വികസന സമ്മാനമാണ് കാട്ടാമ്പള്ളി റെഗുലേറ്റർ കം ബ്രിഡ്ജ്. കമ്മീഷൻ ചെയ്ത് അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. പുഴക്ക് കുറുകെ നിർമിച്ച പാലവും റോഡും കണ്ണൂർ നഗരത്തെ ഇരിക്കൂർ അടക്കമുള്ള മലയോരമേഖലയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുകയും വികസനത്തിന് കാരണമായെങ്കിലും പദ്ധതി പരിപൂർണമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും പ്രദേശത്തെ നൂറുകണക്കിന് മനുഷ്യരുടെ കുടിവെള്ളം മുട്ടിക്കുകയും ചെയ്‌തു.

നെൽകൃഷി വിപ്ലവം മോഹിച്ച് തുടങ്ങിയ ബൃഹത് പദ്ധതി
ഉപ്പുവെള്ളം കയറി കൃഷി ചെയ്യാനാവാതിരുന്ന 2000 ഹെക്ടർ കൈപ്പാടുകളെ മോചിപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാട്ടാമ്പള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കപ്പെടുന്നത്. ചിറക്കൽ, നാറാത്ത്, കണ്ണാടിപ്പറമ്പ്, ചേലോറ തുടങ്ങിയ പ്രദേശത്തെ പാടങ്ങളിൽ രണ്ടാം വിള കൃഷി ചെയ്ത് ഉത്പാദനം ഇരട്ടിയാക്കാനും ലക്ഷ്യമിട്ടിരുന്നു.

1958 ജനുവരിയിൽ അന്നത്തെ കേരളാ ഗവർണർ ബി രാമകൃഷ്ണറാവുവാണ് പദ്ധതിയുടെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് എകെജി ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കെടുത്തുകൊണ്ടുള്ള വൻ ശ്രമദാനത്തിന്റെ ഫലമായാണ് റെഗുലേറ്റർ ബ്രിഡ്ജിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പൂർത്തിയാക്കുന്നത്. 1966 ഒക്ടോബർ ഒൻപതിന് ഗവർണറുടെ ഉപദേശകൻ എൻഇഎസ് രാഘവാചാരി പദ്ധതി നാടിനു സമർപ്പിച്ചു.

ലക്‌ഷ്യം തെറ്റിയ പദ്ധതി; താളം തെറ്റിയ കൃഷി
പദ്ധതി കൊണ്ട് ഏതാണ്ട് രണ്ടു വർഷത്തോളം ചില പ്രദേശങ്ങളിൽ നെൽകൃഷിക്ക് ഗുണമുണ്ടായി. ഉപ്പുവെള്ളം കായാറാതിരുന്നാൽ കൂടുതൽ കൃഷി ചെയാം എന്ന എന്ന പദ്ധതിയുടെ അടിസ്ഥാന ലക്‌ഷ്യം തെറ്റായിരുന്നു എന്ന് സൂചിപ്പിക്കുന്ന സംഗതികളാണ് പിന്നീട് നടന്നത്. ഉപ്പുവെള്ളം ലഭിക്കാതെ ആയിരക്കണക്കിനേക്കർ വയലിലെ മണ്ണ് പൊട്ടിക്കാനാവാത്തവിധം കട്ടപിടിക്കുകയും കൃഷിയോഗ്യമല്ലാതായി തീരുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി നിരവധി കമ്മീഷനുകൾ വന്നുപോയി. എന്നാൽ ഉപ്പുവെള്ളം കയറിയാലേ കൃഷി നടക്കൂ എന്നും കാട്ടാമ്പള്ളിയിലേത് ഒരു തെറ്റായ പദ്ധതിയാണെന്നും തുറന്നുപറയാൻ കമ്മീഷനുകളോ സർക്കാരോ തയ്യാറായില്ല.

2006 - 11 കാലത്തെ ഇടതുപക്ഷ സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരൻ കൃഷി ശാസ്ത്രജ്ഞൻ ഡോ. പിവി ബാലചന്ദ്രനെ പ്രശ്നത്തെക്കുറിച്ച് പഠിക്കാനായി ഏകാംഗകമ്മീഷനായി നിയമിച്ചു. നെൽപാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് ഡോ. പിവി ബാലചന്ദ്രൻ തുറന്നു പറഞ്ഞു. അങ്ങനെ റെഗുലേറ്ററിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി വയലിൽ ഉപ്പുവെള്ളം കയറ്റിവിട്ടു. കട്ടപിടിച്ച് കിടന്ന മണ്ണ് ഉടക്കാനും ഉഴുതുമറിക്കാനും സാധിച്ചു. ഇതിന്റെ ഫലമായി അഞ്ഞൂറിലധികം ഏക്കർ പാടത്ത് വിജയകരമായി നെൽകൃഷി വിളവെടുക്കാൻ സാധിച്ചു.

വെള്ളം വെള്ളം സർവത്ര, തുള്ളികുടിക്കാൻ ഇല്ലത്രേ
പദ്ധതി കമ്മീഷൻ ചെയ്തതോടെ പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ തുടങ്ങി. പദ്ധതി പ്രദേശത്തെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തി റോഡുകൾ നിർമിക്കാനും കെട്ടിടങ്ങൾ ഉണ്ടാക്കാനും തുടങ്ങിയിരുന്നു. ഇതോടെ തണ്ണീർത്തടത്തിലെ സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുകയും കൃഷിയിടത്തിലേക്ക് കയറ്റുന്ന ഉപ്പുവെള്ളം കെട്ടിക്കിടക്കുകയും ഇത് സ്ഥിതിയെ കൂടുതൽ രൂക്ഷമാകുകയും ചെയ്തു.

കെട്ടിക്കിടന്ന വെള്ളം വറ്റുംതോറും ഉപ്പും ലവണങ്ങളും മണ്ണിൽ അടിയുകയും വീണ്ടും വെള്ളം കയറുമ്പോൾ കൂടുതൽ കഠിനമാവുകയും ചെയ്തു. ഇതോടെ കിണർവെള്ളത്തിൽ സോപ്പ് പോലും പാതയാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. കുടിക്കാനും കുളിക്കാനും എന്നുവേണ്ട ഒരു ആവശ്യത്തിന് പോലും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. പ്രദേശത്തേക്ക് പുറമെ നിന്നും പെൺകുട്ടികളെ വിവാഹം ചെയ്തയക്കാത്ത സാഹചര്യംപോലും ഉണ്ടായി.

ഡാമിനോടെന്ന പോലെ പ്രദേശത്തെ ജനങ്ങളോടും തികച്ചും അവഗണനയാണ് മാറി മാറി വന്ന സർക്കാരുകൾ കാണിച്ചത്. പ്രദേശത്തുള്ളവർക്ക് കുടിവെള്ളം എത്തിക്കാമെന്ന് ഓരോ തിരഞ്ഞെടുപ്പ് കാലത്തും വാഗ്ദാനം ലഭിക്കുമെങ്കിലും ജനങ്ങൾക്ക് ഇപ്പോൾ വാഗ്ദാനങ്ങൾ നടക്കാത്ത സ്വപ്‌നമാണെന്ന്‌ നന്നായി അറിയാം.

വാഗ്ദാനങ്ങൾ അല്ലാ; വേണ്ടത് അടിയന്തിര നടപടികൾ
അഞ്ഞൂറോളം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കാനാവശ്യമായ ശുപാർശകളും ഒപ്പം കൃഷിയാവശ്യങ്ങൾ പൂർണമായും നേടിയെടുക്കാൻ ആവശ്യമായ നിർദേശങ്ങളും ഡോ. പിവി ബാലചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്. എൽഡിഎഫ് സർക്കാരും പിന്നീട് വന്ന യുഡിഎഫ് സർക്കാരും റിപ്പോർട്ടിന്മേൽ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചില്ല. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപീകരിച്ച കാട്ടാമ്പള്ളി നെൽകൃഷി വികസന സമിതിയുടെ കൈയ്യിലുണ്ടായിരുന്ന തുക, ആവശ്യമുള്ളപ്പോള്‍ തരാമെന്നു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയതായും ആക്ഷേപമുയര്‍ന്നിരുന്നു.

കുട്ടനാടന്‍ മാതൃകയില്‍ ബണ്ട് കെട്ടി ആവശ്യമായ സമയത്ത് മഴക്കാലത്ത് ശുദ്ധജലം ശേഖരിച്ച് തോടുകളും ചാലുകളും മുഖേന രണ്ടും മൂന്നും വിളവുകളെടുക്കാനും ഡോ. ബാലചന്ദ്രൻ ശുപാർശ ചെയ്തിരുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ചിറക്കലിനെ ഉപ്പുവെള്ളത്തില്‍ നിന്നു രക്ഷിക്കാന്‍ പ്രത്യേക ബണ്ട് കെട്ടാനും തൈക്കണ്ടിച്ചിറ, കല്ലുകെട്ട് ചിറ, പത്തായച്ചിറ വിസിബി നിർമിക്കാനും ശുപാർശ ഉണ്ടായിരുന്നു. നാറാത്ത് ഭാഗത്ത് കെട്ടിക്കിടക്കുന്ന ഉപ്പുവെള്ളം ഒഴുക്കിവിടാൻ പുതിയ മൂന്ന് ഷട്ടറുകൾ നിർമിക്കാനും നിർദേശമുണ്ടായിരുന്നു.

ഡോ. ബാലചന്ദ്രൻ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘവും നാറാത്തെ വള്ളുവൻകടവ് അടക്കമുള്ള കുടിവെള്ള പ്രശനം ഉള്ള മേഖലകളിൽ ശുദ്ധജലമെത്തിക്കാമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ലീഗ് നേതാവ് കെഎം ഷാജിയും പറഞ്ഞ് കാലമേറെയായില്ല. ഇടതുപക്ഷം ഭരണത്തിലെത്തി. കെഎം ഷാജി നാറാത്ത് ഉൾപ്പെടുന്ന അഴീക്കോട് മണ്ഡലത്തിലെ എംഎൽഎയുമായി. വഴിതെറ്റിയ പദ്ധതിക്ക് പരിഹാരമുണ്ടാവുമെന്ന ഒരു പ്രതീക്ഷയുമില്ലാതെ പ്രദേശവാസികൾ പദ്ധതിയെയും ശപിച്ചുകൊണ്ട് ജീവിതം തുടരുകയാണ്.

Read More >>