പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂവില്‍ വന്‍ ക്രമക്കേട്; എഴുത്തുപരീക്ഷയിലെ മുന്‍നിരക്കാര്‍ പലരും അവസാനപട്ടികയില്‍ തഴയപ്പെട്ടു

മെഡിക്കല്‍ കോളേജിലേക്കുള്ള ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം പിഎസ്‌സിയെ ഒഴിവാക്കി സ്ഥാപന അധികൃതര്‍ നേരിട്ടാണ് നടത്തിയത്. ജനുവരിയില്‍ നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ത്ഥി അവസാന പട്ടികയില്‍ അഞ്ചാം സ്ഥാനത്തും എഴുത്തുപരീക്ഷയില്‍ 53ാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥി അവസാന പട്ടികയില്‍ ഒന്നാമതും എത്തിയതാണ് ക്രമക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എഴുത്തുപരീക്ഷയില്‍ ആദ്യ 15 പേരില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മാത്രമാണ് അവസാന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂവില്‍ വന്‍ ക്രമക്കേട്; എഴുത്തുപരീക്ഷയിലെ മുന്‍നിരക്കാര്‍ പലരും അവസാനപട്ടികയില്‍ തഴയപ്പെട്ടു

പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാരുടെ നിയമനത്തിനുള്ള ഇന്റര്‍വ്യൂവില്‍ വന്‍ ക്രമക്കേടെന്നു പരാതി. ജൂനിയര്‍ റഡിസന്റ് തസ്തികയിലേക്കാണ് പിന്‍വാതില്‍ നിയമനം എന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. എഴുത്തുപരീക്ഷയില്‍ മാര്‍ക്കും റാങ്കും കുറഞ്ഞവര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴുള്ള അവസാന പട്ടികയില്‍ മുന്നിലെത്തുകയും ഉയര്‍ന്ന മാര്‍ക്കുള്ളവരില്‍ പലരും താഴ്ന്ന റാങ്കിലേക്ക് എത്തിപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് വെളിവാക്കുന്ന എഴുത്തുപരീക്ഷ-ഇന്റര്‍വ്യൂ എന്നിവയുടെ  മാര്‍ക്ക്- റാങ്ക് ലിസ്റ്റുകള്‍ പുറത്തുവന്നു.


മെഡിക്കല്‍ കോളേജിലേക്കുള്ള ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം പിഎസ്‌സിയെ ഒഴിവാക്കി സ്ഥാപന അധികൃതര്‍ നേരിട്ടാണ് നടത്തിയത്. ജനുവരിയില്‍ നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ത്ഥി അവസാന പട്ടികയില്‍ അഞ്ചാം സ്ഥാനത്തും എഴുത്തുപരീക്ഷയില്‍ 53ാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥി അവസാന പട്ടികയില്‍ ഒന്നാമതും എത്തിയതാണ് ക്രമക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എഴുത്തുപരീക്ഷയില്‍ ആദ്യ 15 പേരില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മാത്രമാണ് അവസാന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതുപോലെ എഴുത്തുപരീക്ഷയില്‍ അവര്‍ക്കു ലഭിച്ചതിനേക്കാള്‍ വളരെ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ അവസാന ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.

ജനുവരിയില്‍ എഴുത്തു പരീക്ഷ നടത്തി 400ല്‍ അധികം ആളുകളുടെ ലിസ്റ്റ് ഇട്ടിരുന്നു. അവരെ ഈമാസം ഏഴിനാണ് ഇന്റര്‍വ്യൂ നടത്തിയത്. തുടര്‍ന്ന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂ ദിവസം നടന്ന തിരിമറികളെകുറിച്ച് അന്നുതന്നെ അതില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. അക്കാദമിക് യോഗ്യതയുടേയും എഴുത്തുപരീക്ഷാ റാങ്കിന്റേയും അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് തോന്നിയപടിയായിരുന്നു അവസാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ പരാതി.

മലപ്പുറം തിരൂര്‍ സ്വദേശിയായ എം സഫീര്‍ ആണ് തന്റെ ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് സഫീറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു അവസാന റാങ്ക് ലിസ്റ്റ്. എഴുത്തുപരീക്ഷയില്‍ 179 മാര്‍ക്ക് നേടി മൂന്നാം റാങ്ക് കരസ്ഥമാക്കിയ സഫീര്‍ അവസാനപട്ടികയില്‍ ഇടംനേടിയത് 44ാമനായി !!!

13 ജൂനിയര്‍ റെസിഡന്റ് പോസ്റ്റിലേക്ക് 400ല്‍ അധികം ഡോക്ടര്‍മാര്‍ അപേക്ഷകരായി ഉള്ളതിനാല്‍ ഒരു ഒബ്ജക്ടീവ് പരീക്ഷ നടത്തിയാണ് കോളേജ് അധികൃതര്‍ ഇന്റര്‍വ്യൂവിനുള്ള ആളുകളെ തെരഞ്ഞെടുത്തത്. അതില്‍ മൂന്നാം റാങ്ക് ആയിരുന്നു തനിക്കെന്നും ആ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇന്റര്‍വ്യൂ എന്ന് കോളേജ് വെബ്‌സൈറ്റിലും നോട്ടീസ് ബോഡിലും കണ്ടതാണെന്നും എന്നാല്‍ ഈമാസം ഏഴിനുള്ള ഇന്റര്‍വ്യൂ ക്യാന്‍ഡിഡേറ്റ് ലിസ്റ്റില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും എം സഫീര്‍ പറയുന്നു. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് കാണിച്ച് ക്ലര്‍ക്കിനോടു കാര്യം തിരക്കിയപ്പോള്‍ അയാള്‍ പലതും പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെന്നും അവസാനം എഴുത്തുപരീക്ഷയില്‍ മൂന്നാംറാങ്ക് ആണെന്നു പറഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ ക്യാന്‍ഡിഡേറ്റ് ലിസ്റ്റില്‍ 48ാമനായി തന്റെ പേര് എഴുതിച്ചേര്‍ത്തെന്നും സഫീര്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് അയാളുടെ പിശക് മറച്ചുവയ്ക്കാനും തന്റെ യഥാര്‍ത്ഥ മാര്‍ക്ക് അനുസരിച്ച് ആദ്യം കയറ്റി വിടേണ്ടതിനാലും തനിക്ക് അസുഖമാണെന്നു പറഞ്ഞ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സഫീറിന്റെ ആരോപണം. തുടര്‍ന്ന് ഇന്റര്‍വ്യൂവിനു വിളിച്ചപ്പോള്‍ അക്കാദമിക് ആയ ചോദ്യങ്ങള്‍ക്കു പകരം മറ്റു പലതുമാണ് ചോദിച്ചതെന്നും പിന്‍വാതില്‍ നിയമനമാണെന്ന സംശയം ബലപ്പെടുത്തുന്ന മറുപടികളാണ് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ഉണ്ടായതെന്നും സഫീര്‍ ചൂണ്ടിക്കാട്ടുന്നു. 'അതൊക്കെ ചുമ്മാ നടത്തിയ ഒരു എക്‌സാമല്ലെ, അതിലെ റാങ്കില്ലൊന്നും ഒരു കാര്യവുമില്ല' എന്നായിരുന്നു തന്റെ എഴുത്തുപരീക്ഷാ റാങ്കിനെ കുറിച്ചു പറഞ്ഞപ്പോഴുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളിലൊരാളുടെ പ്രതികരണം.

തരംതാഴ്ന്ന പെരുമാറ്റമായിരുന്നു താന്‍ അനുഭവിച്ചത്. ഒരു ഇന്റര്‍വ്യൂവിന്റെ യാതൊരു ചേരുവയും അവിടെ ഇല്ലായിരുന്നു. അവിടെ നിന്നും പൂരിപ്പിച്ച ഒരു ഫോം മാത്രമാണ് അവര്‍ വാങ്ങിച്ചത്. തന്റെ ഒരു സര്‍ട്ടിഫിക്കേറ്റ് പോലും അവര്‍ പരിശോധിച്ചില്ല. തന്നോട് ആതുര സേവനവുവായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ചോദിച്ചില്ല. പിന്നെ ഒരൊറ്റ ചോദ്യം, 'നാടെവിടെ?' 'തിരൂര്‍, മലപ്പുറം' എന്നു മറുപടി പറഞ്ഞപ്പോള്‍ 'നേരെ മോന്‍ തിരൂരെത്താന്‍ നോക്ക് ' എന്ന് പറഞ്ഞ് ഇറക്കി വിടുകയാണ് ചെയ്തതെന്നും സഫീര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് ഒരു ഡോക്ടറുടെ മാത്രം അനുഭവമാണ്. എഴുത്തുപരീക്ഷയില്‍ ഇതുകൂടാതെ 75 റാങ്കിനു മുകളിലുള്ള അഞ്ചുപേരാണ് അവസാന പട്ടികയില്‍ ഇടംപിടിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ അവസാന പട്ടികയില്‍ തരംതാഴ്ത്തിയിരിക്കുന്നതായും കാണാം.ആകെ 270 മാര്‍ക്കിലാണ് എഴുത്തുപരീക്ഷ നടത്തിയത്. ഇതില്‍ 182 മാര്‍ക്ക് ഒന്നാമതെത്തിയ ഡോ. വി പി വര്‍ഷയ്ക്ക് അവസാന റാങ്ക് ലിസ്റ്റില്‍ അഞ്ചാം റാങ്കാണ് ലഭിച്ചത്. 167 മാര്‍ക്ക് വാങ്ങി എട്ടാമതെത്തിയ ഡോ. റോസ് സ്വീറ്റി റാഫേല്‍ മൂന്നാമതെത്തിയപ്പോള്‍ 145 മാര്‍ക്ക് വാങ്ങി 25ാമതെത്തിയ ഡോ. എം അഞ്ജന രണ്ടാം റാങ്കില്‍ എത്തിയിരിക്കുന്നു. എഴുത്തുപരീക്ഷയില്‍ 117 മാര്‍ക്കു വാങ്ങി 78ാമനായ വ്യക്തിക്ക് നാലാം റാങ്ക്, 110 മാര്‍ക്ക് വാങ്ങി 95ാമതെത്തിയ വ്യക്തി ഏഴാമതും 110 മാര്‍ക്ക് 96ാമതെത്തിയ വ്യക്തി ഒമ്പതാമതും 115 മാര്‍ക്ക് വാങ്ങി 89ാമതെത്തിയ വ്യക്തി 11ാമതും 108 മാര്‍ക്ക് വാങ്ങി 102ാമതെത്തിയ വ്യക്തി 13ാമതും റാങ്ക് ലഭിച്ചാണ് അവസാന പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.

എഴുത്തുപരീക്ഷയിലെ റാങ്കും ഇന്റര്‍വ്യൂവിനു ശേഷമുള്ള റാങ്കും തമ്മിലുള്ള വൈരുദ്ധ്യമാണ് തങ്ങളുടെ നിഗമനങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. എഴുത്തുപരീക്ഷയില്‍ ആദ്യ 15 സ്ഥാനം നേടിയ ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവിനു ശേഷമുള്ള റാങ്ക് ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

1. ഡോ. വര്‍ഷ വി പി 182- ഫൈനല്‍ റാങ്ക് 5
2. ഡോ. അഖില എല്‍ 180 -ഫൈനല്‍റാങ്ക് 23
3. ഡോ. സഫീര്‍ എം 179 -ഫൈനല്‍ റാങ്ക് 44
4. ഡോ. ശ്യാം എസ് 178 -ഫൈനല്‍ റാങ്ക് 21
5. ഡോ. അജിത് - 168 - ഫൈനല്‍ റാങ്ക് ലിസ്റ്റില്‍ ഇല്ല (ആബ്‌സന്റാകാം)
6. ഡോ. ഹാഷിം - 168 - ഫൈനല്‍ റാങ്ക് 89
7. ഡോ. ആരതി വില്‍സണ്‍ -168 - ഫൈനല്‍ റാങ്ക് 31
8. ഡോ. റോസ് സ്വീറ്റി - 167 - ഫൈനല്‍ റാങ്ക് 3
9. ഡോ. ശ്രുതി ചന്ദ്രന്‍ - 164 - ഫൈനല്‍ റാങ്ക് 17
10. ഡോ. സ്റ്റെഫിന്‍ എം 163- ഫൈനല്‍  റാങ്ക് 32
11. ഡോ. വിനോദ് -159 - ഫൈനല്‍ റാങ്ക് 75
12. ഡോ. ആദില്‍ കെ ടി 158- ഫൈനല്‍  ലിസ്റ്റില്‍ ഇല്ല
13. ഡോ നവ്യ - 155 - ഫൈനല്‍ റാങ്ക് 20
14. ഡോ.കുര്യന്‍ ജെ 154-ഫൈനല്‍ റാങ്ക് 59
15. ഡോ. രേഷ്മദേവി എം ആര്‍ 154- ഫൈനല്‍  റാങ്ക് 19

ഉേദ്യാഗാര്‍ത്ഥികള്‍ക്ക് എഴുത്തുപരീക്ഷയ്ക്കു ശേഷവും മുഖാമുഖത്തിനു ശേഷവും ലഭിച്ച റാങ്കിന്റെ ലിസ്റ്റുകള്‍ താഴെ ചേര്‍ക്കുന്നു. എഴുത്തു പരീക്ഷ കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15 പേര്‍ക്ക് മുഖാമുഖത്തിനു ശേഷം ലഭിച്ച റാങ്കാണ് ചുവന്ന നിറത്തില്‍ ചേര്‍ത്തിട്ടുള്ളത്. അതുപോലെ മുഖാമുഖം കഴിഞ്ഞ ലിസ്റ്റില്‍ ആദ്യ 15 പേര്‍ക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും റാങ്കും ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്.
കഷ്ടപ്പെട്ട് എഴുത്തുപരീക്ഷക്കും മുഖാമുഖത്തിനും എത്തിയ യുവ ഡോക്ടറുമാരെ ചതിക്കുകയാണ് കോളേജ് അധികൃതര്‍ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അനര്‍ഹരെ സര്‍ക്കാര്‍ ജോലിയിലേക്കു നിയമിക്കാന്‍ ശ്രമിക്കുന്നതുവഴി വലിയ അഴിമതിക്കു കൂട്ടുനില്‍ക്കുകയാണ് അവരെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

എം സഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>