യുഎപിഎ വേട്ടയില്‍ കുരുങ്ങിയ ആദ്യത്തെയാള്‍ ഒരു പത്രാധിപരാണ്, 'മാവോയിസ്റ്റാണ്; ഭാര്യയുടെ നീലച്ചിത്രം വരെ പൊലീസ് ബലമായി ചിത്രീകരിച്ചു; ഗോവിന്ദൻകുട്ടി പതറാതെ പോരാട്ടവഴിയിൽ തന്നെ

കേരളത്തില്‍ ആദ്യം യുഎപിഎ ചുമത്തി ജയിലില്‍ അടച്ചത് ഒരു പത്രാധിപരെയായിരുന്നു. ഐഎസ്ആര്‍ഒയിലെ മുന്‍ ഉദ്യോഗസ്ഥന്‍ പി. ഗോവിന്ദന്‍കുട്ടിയെ. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഭാര്യാമാതാവിനെയും ഭാര്യാസഹോദരനെയും തീ കൊളുത്തി കൊന്നുവെന്ന കേസില്‍ ജീവപര്യന്തം. ജയില്‍ ആയിരുന്നു നക്‌സല്‍ ആശയങ്ങളുടെ പാഠശാല. ഭാര്യയെ തട്ടിക്കൊണ്ടു പോയി നീലചിത്ര മാഫിയയുടെ സഹായത്തോടെ അശ്ലീല ചിത്രം നിര്‍മ്മിച്ചു പൊലീസ് പ്രചരിപ്പിച്ചുവെന്ന് ഗോവിന്ദന്‍കുട്ടി. നക്‌സല്‍ ആശയത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടല്‍. ഒടുവില്‍ രാജ്യദ്രോഹപരമായ മുഖപ്രസംഗത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യത്തെ യുഎപിഎ ചുമത്തി അറസ്റ്റ്. പി. ഗോവിന്ദന്‍കുട്ടി സംസാരിക്കുന്നു.

യുഎപിഎ വേട്ടയില്‍ കുരുങ്ങിയ ആദ്യത്തെയാള്‍ ഒരു പത്രാധിപരാണ്,

' ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്നു പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല നിശ്ചയം'  (സ്വദേശാഭിമാനി പത്രത്തിന്റെ പ്രഥമ മുഖപ്രസംഗത്തില്‍ നിന്ന്)

രാജ്യദ്രോഹപരമായ മുഖപ്രസംഗം എഴുതിയെന്ന് ആരോപണം.സംസ്ഥാനത്ത് യുഎപിഎ ചുമത്തിയുള്ള ആദ്യത്തെ അറസ്റ്റ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരിക്കേ 2007 ഡിസംബര്‍ 19 നു യുഎപിഎ ചുമത്തി പീപ്പീള്‍സ് മാര്‍ച്ച് പത്രാധിപര്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതില്‍ പേരൂര്‍ വീട്ടില്‍ ഗോവിന്ദന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2003 ല്‍ എഴുതിയ മുഖപ്രസംഗത്തിന്റെ പേരില്‍ 2007 ല്‍ അറസ്റ്റ്.

തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു പി. ഗോവിന്ദന്‍കുട്ടി. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടതും ആശയപരമായി നക്സല്‍ പോരാട്ടങ്ങളെ പിന്തുണച്ചതും ഗോവിന്ദന്‍കുട്ടിയ്ക്ക് വിനയായി. 'കൂസലില്ലാതെ നക്സല്‍ പത്രാധിപര്‍', 'മാവോവാദി പിടിയില്‍' എന്നൊക്കെ പത്രങ്ങളെഴുതി. ആന്ധ്രയില്‍ വച്ച് ഭാര്യയെ ചുട്ടു കൊന്നതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ഗോവിന്ദന്‍കുട്ടിയെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കുറ്റം ഏറ്റിരുന്നെങ്കില്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ട സമയമായി. പൊലീസ് ഇതു വരെ കുറ്റപത്രം സമര്‍പ്പിക്കുകയോ കേസ് റദ്ദാക്കുകയോ ചെയ്തിട്ടില്ല. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് പൊലീസിന്റേത്. 2007 ല്‍ തൃക്കാക്കര അസി. കമ്മീഷണര്‍ സേതുരാമന്‍ 780/07 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 68 ദിവസമാണ് ഗോവിന്ദന്‍കുട്ടി ജയിലില്‍ കിടന്നത്. രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മറ്റു കാരണങ്ങളാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

നിരുപാധികം വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദന്‍കുട്ടി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് ഓഫ് പ്രിവന്‍ഷന്‍ ആക്ട്) പത്രാധിപര്‍ക്കെതിരെ ചുമത്തപ്പെട്ടതു കൊണ്ട് പീപ്പീള്‍സ് മാര്‍ച്ച് മാസിക ജില്ലാ കളക്ടര്‍ ഇടപെട്ട് നിരോധിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 2008 ഫെബ്രുവരി 24 നു മോചിതനായെങ്കിലും പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടല്‍ തുടര്‍ന്നു. ദേശീയതലത്തില്‍ ന്യൂസ് പേപ്പര്‍ കേസുകള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിനെ സമീപിച്ചതോടെ മാസികയുടെ നിരോധനം പിന്‍വലിച്ചു. എന്നാല്‍ പത്തു വര്‍ഷമായി കേസ് ഇപ്പോഴും തുടരുകയാണ്.'അവര്‍ നിയമങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, നമുക്ക് നീതിയെക്കുറിച്ചു സംസാരിക്കാം,' പി. ഗോവിന്ദന്‍കുട്ടി പറയുന്നു. പ്രായം എഴുപതു കടന്നുവെങ്കിലും വാക്കിലും ശരീരത്തിലും പഴയ ആവേശം. തൃപ്പൂണിത്തുറയിലെ പാരമ്പര്യമായി കിട്ടിയ എട്ടു സെന്റു സ്ഥലത്ത് ചെറിയ കൂര കെട്ടി ഒറ്റയ്ക്കാണ് താമസം. കൊലപാതകിയും പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗത്തിനു ഇരയാക്കുന്നവനും നിയമത്തിന്റെ ആനുകൂല്യം പറ്റി ജീവിക്കുന്ന നാട്ടിലാണ് പോസ്റ്ററൊട്ടിച്ചതിനും മുഖപ്രസംഗം എഴുതിയതിനും ഒരാള്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നത്. പി. ഗോവിന്ദന്‍കുട്ടി സംസാരിക്കുന്നു.

ജനനേതാക്കളെ വേട്ടയാടി കൊല്ലുന്നത് ശരിയല്ലെന്ന നിലപാടെടുത്ത മുഖപ്രസംഗത്തിന്റെ പേരില്‍ ജയില്‍വാസം?

അപകടരമെന്നു ഭരണകൂടം വിശേഷിപ്പിച്ച മുഖപ്രസംഗത്തിന്റെ പേരിലായിരുന്നു സംസ്ഥാനത്ത് ആദ്യത്തെ യുഎപിഎ ചുമത്തി എന്നെ അറസ്റ്റ് ചെയ്തത്. ഈ അഞ്ചു കൊല്ലം എവിടെയായിരുന്നു രാജ്യസുരക്ഷയെ കുറിച്ചുള്ള ആകുലത? ഭാര്യയെ ചുട്ടുകൊന്നതിന് ജീവപര്യന്തം തടവ് അനുഭവിച്ചവന്‍ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.1999 ഡിസംബറില്‍ സിപിഐ(എംഎല്‍) നേതാക്കളായിരുന്ന ശ്യാം, മഹേഷ് മുരളി എന്നിവരെ ആന്ധ്രാ പൊലീസ് ബംഗളുരുവില്‍ നിന്നു പിടികൂടി കയ്യൂര്‍ വനത്തില്‍ കൊണ്ടു പോയി വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തു പറഞ്ഞിരുന്നത്. ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ജനനേതാക്കളെ വേട്ടയാടി കൊല്ലുന്നത് ശരിയല്ലെന്നായിരുന്നു മുഖപ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു വച്ചത്. മുഖപ്രസംഗം രാജ്യദ്രോഹപരമാണെങ്കില്‍ പത്രാധിപരെ ഇപ്രകാരമാണോ കൈകാര്യം ചെയ്യണ്ടിയിരുന്നത്?നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പ്രസിദ്ധീകരണമാണ് പീപ്പീള്‍സ് മാര്‍ച്ച്. 2007 മേയ് 11 ന് മാസികയുടെ രജിസ്റ്റര്‍ പുതുക്കി നല്‍കിയത് എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന സി. പി രാമചന്ദ്രന്‍നായര്‍ ആയിരുന്നു. 1300 കോപ്പികള്‍ വരെ 50 പൈസ നിരക്കില്‍ 2009 വരെ അയക്കാമെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സൗജന്യം പീപ്പീള്‍സ് മാര്‍ച്ചിനുണ്ടായിരുന്നു. ഇത്ര പരസ്യമായി പ്രവര്‍ത്തിക്കുന്ന മാസികയ്ക്കെതിരെ 2003 ല്‍ അച്ചടിച്ച മുഖപ്രസംഗത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണോ നടപടിയെടുക്കുന്നത്?

മല്ലരാജ റെഡ്ഡി അങ്കമാലിയില്‍ പിടിയിലാകുന്നതാണ് സംഭവങ്ങളുടെ തുടക്കം. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുകയായിരുന്നോ?


അങ്കമാലിയില്‍ വച്ച് 2007 ഡിസംബര്‍ 17 നാണു മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും (സത്യണ്ണ) ഭാര്യ സുഗുണയും പൊലീസിന്റെ പിടിയിലാകുന്നത്. അതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ സേതുരാമന്‍ എന്നെ കാണാന്‍ വന്നിരുന്നു. അയാളോടൊത്ത് പൊലീസ് സ്‌റ്റേഷനിലേയ്ക്ക് ചെല്ലണമെന്നായിരുന്നു ആവശ്യം. ഞാനത് കൂട്ടാക്കിയില്ല.

പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചാല്‍ സാധാരണ ഞങ്ങള്‍ പോകാറില്ല. നിങ്ങളുടെ കയ്യില്‍ വാറന്റ് ഉണ്ടെങ്കില്‍നടപടിയെടുത്തോളുവെന്നായിരുന്നു എന്റെ മറുപടി. ഒന്നും പറയാതെ അദ്ദേഹം ഇറങ്ങിപ്പോയി. ഡിസംബര്‍ 19 ന് മുപ്പതോളം പൊലീസുകാരുമായി വന്ന് അദ്ദേഹം എന്റെ ലോഡ്ജ് റെയ്ഡ് ചെയ്തു. അന്നു ഞാന്‍ കാക്കനാട് കുന്നുംപുറത്തുള്ള ലോഡ്ജിലാണ് താമസം. നാലു പേര്‍ക്കു മാത്രം സൗകര്യമായി നില്‍ക്കാവുന്ന കുടുസു മുറിയിലേയ്ക്ക് പൊലീസ് ഇരച്ചു കയറി. സംശയം തോന്നിയാല്‍ ഹാര്‍ഡ് ഡിസ്ക് മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കില്‍ അന്ന് മോണിറ്ററ്റും സിപിയുവും മൗസും കീബോര്‍ഡും എല്ലാം പിടിച്ചെടുത്തു. എന്റെ സെല്‍ഫോണും അവര്‍ കൊണ്ടു പോയി. മൂന്നു ജീപ്പ് ലോഡ് നിറയെ പുസ്തകങ്ങളാണു പൊലീസ് കൊണ്ടു പോയത്. എന്നെ അറസ്റ്റ് ചെയ്തു തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്നു. പൊലീസ്, ഐബി, സിബിഐ എന്നിവര്‍ ചേര്‍ന്നാണു ചോദ്യം ചെയ്തത്. മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡി, രാജമൗലി എന്നിവരെ അറിയുമോയെന്നായിരുന്നു ചോദ്യം. ആരെയും അറിയില്ലെന്നു ഞാന്‍ പറഞ്ഞു. ഒടുവില്‍ എഡിറ്റോറിയലിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു.

എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് അന്നും ഇന്നും എനിക്കറിയില്ല. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രാജമൗലിയെ കൊല്ലത്തു നിന്ന് പിടികൂടി ആന്ധ്രയില്‍ കൊണ്ടു പോയി പൊലീസ് വെടിവച്ചു കൊല്ലുകയാണ് ചെയ്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു പറഞ്ഞത്. മല്ലരാജ റെഡ്ഡിയെയും ഭാര്യ സുഗുണയെയും സമാന രീതിയില്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. രാജമൗലിയുടെ ഗതി മല്ലരാജ റെഡ്ഡിയ്ക്ക് വരാതിരുന്നത് അങ്കമാലിയിലെ വഴിയോര ജനതയുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ്. രാജമൗലിയുടെ കൊല മനുഷ്യാവകാശത്തിന്റെ തലത്തില്‍ പോലും കേരളത്തിലെ ഒരു മാദ്ധ്യമവും ചര്‍ച്ചയാക്കിയില്ല.

അങ്കമാലിയില്‍ നിന്ന് മല്ലരാജ റെഡ്ഡിയെ ആന്ധ്രാപൊലീസ് പിടികൂടിയതോടെ കേരള പൊലീസ് പ്രതിക്കൂട്ടിലായി. കേരളം മാവോയിസ്റ്റുകളുടെ കേന്ദ്രമെന്ന് പ്രചാരണം വന്നു. കേരള പൊലീസ് ഉറക്കം തൂങ്ങുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുറവിളി തുടങ്ങിയതോടെ ജയില്‍ നിറയ്ക്കാനുള്ള മാവോയിസ്റ്റുകളെ തേടി പൊലീസ് പരക്കം പാഞ്ഞു.

ആരെയും കിട്ടാതെ വന്നപ്പോഴാണ് നക്‌സല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണമുള്ള പീപ്പീള്‍സ് മാര്‍ച്ചും പത്രാധിപരായ ഞാനടക്കമുള്ളയാളുകളും പൊലീസിന്റെ കണ്ണില്‍പ്പെടുന്നത്. എന്നെ അറസ്റ്റ് ചെയ്താല്‍ താത്കാലികമായി വിവാദങ്ങള്‍ക്കു തടയിടാമെന്ന ചിന്തയാകും എന്റെ വിലാസം തേടിയിറങ്ങാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. എന്റെ പിതാവ് ശങ്കുണ്ണിയ്ക്കു പാരമ്പര്യമായി ലഭിച്ച തൃപ്പൂണിത്തുറയിലെ എട്ടുസെന്റു സ്ഥലമാണ് മാസികയുടെ രജിസ്‌ട്രേഷന്‍ വിലാസമായി ഞാന്‍ രേഖപ്പെടുത്തിയിരുന്നത്. ഈ സ്ഥലത്തെ കെട്ടിട്ടമോ വീടോ അന്നുണ്ടായിരുന്നില്ല.

ബൂര്‍ഷ്വ കോടതി നശിക്കട്ടെ... കോടതി മുറിയില്‍ പോലും പ്രതിഷേധം?

അകാരണമായാണ് എന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുള്ള കാരണം അറിയണമെന്ന് ആവശ്യപ്പെട്ടു ജയിലില്‍ ഞാന്‍ നിരാഹാര സമരം നടത്തി. എനിക്കു സര്‍ക്കാരിന്റെ റേഷന്‍ വേണ്ട. ഉച്ച കഴിഞ്ഞു രണ്ടു മണിയ്ക്ക് റെയ്ഡ് ചെയ്ത് നാലു മണിയ്ക്ക് കൊണ്ടു പോയിട്ടു രാത്രി 12 മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിലില്‍ നിന്നു ലഭിക്കുന്ന ചൂടുവെള്ളം ഒഴികെ യാതൊന്നും ഞാന്‍ കഴിച്ചിരുന്നില്ല. മാസികയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താത്ത തിനെ ചൊല്ലി തൃക്കാക്കര പൊലീസ്  സ്റ്റേഷനില്‍ ഞാന്‍ നടത്തിയ പ്രതിഷേധവും ഫലം കണ്ടു. പ്രതിഷേധത്തെ തുടര്‍ന്നു മാസികയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും എഫ്‌ഐആറില്‍ ഉള്‍ക്കൊള്ളിക്കാന്‍ പൊലീസ് തയ്യാറായി.

ആന്ധ്രയിലെ ജയിലില്‍ 31 ദിവസങ്ങളോളം നിരാഹാരസമരം നടത്തിയ പാരമ്പര്യവും എനിക്കുണ്ട്. പൊലീസ് ഭാഷ്യമായിരുന്നു പത്രക്കാര്‍ എഴുതിയത്. ഞാന്‍ ഭാര്യയെ ചുട്ടുകൊന്നതിന് തടവനുഭവിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ വരെ വാര്‍ത്ത എഴുതി. മുഷ്ടി ചുരുട്ടി ബുര്‍ഷ്വാകോടതി നശിക്കട്ടെ, മാവോയിസ്റ്റുകള്‍ ദേശദ്രോഹികള്‍ അല്ല, അന്യായത്തിനും അനീതിക്കും വേണ്ടി പോരാടിയ പോരാളികളാണ് മാവോയിസ്റ്റുകള്‍ എന്ന് ആലുവ കോടതിക്കുള്ളില്‍ ഞാന്‍ മുദ്രാവാക്യം വിളിച്ചു.

രാജ്യദ്രോഹക്കുറ്റത്തിന് നിങ്ങളെ തൂക്കിക്കൊല്ലാം. എന്നാല്‍ കോടതിയലക്ഷ്യത്തിനു വെറും എട്ടുമാസമേ ശിക്ഷയുള്ളു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതു കൊണ്ട് മാത്രമാണ് സര്‍ക്കാരിനു മാസികയോടു വിരോധമുള്ളത്. മാസികയുടെ നിരോധനം പൊതുജനശ്രദ്ധയില്‍പ്പെട്ടതും എന്റെ ഇടപെടല്‍ മൂലമാണ്.

മാവോയിസ്റ്റ് പാര്‍ട്ടി മെമ്പര്‍ അല്ലാത്ത എന്നെ അറസ്റ്റ് ചെയ്തിട്ടു വലിയ മാവോയിസ്റ്റ് നേതാവിനെ പിടികൂടിയെന്നൊക്കെയാണ് പത്രങ്ങള്‍ എഴുതിയത്. പോരാട്ടത്തിന്റെ എം എന്‍ രാവുണ്ണിയുടെ ഇടപെടല്‍ മൂലമാണ് ഫെബ്രുവരി 3 ആം തീയതി മാതൃഭൂമിയില്‍ ശരിയായ വാര്‍ത്ത വന്നത്. ശരിയറിയാവുന്ന കെ എം റോയിയെ പോലെയുള്ള പത്രക്കാരും തുണയായി. ഗ്രോ വാസുവേട്ടന്‍, മുണ്ടൂര്‍ രാമുണ്ണി, അഡ്വ: പൗരന്‍, ഡോ: അബ്ദു സലാം തുടങ്ങിയവർ കേരളം മുഴുവന്‍ നടന്ന് പ്രസംഗിച്ചു. സംസ്‌കാരിക നായകന്‍മാര്‍ എന്തു ചെയ്യുന്നുവെന്ന് ചോദിച്ച് എന്‍ പി ചേക്കുട്ടിയും കെ എം റോയിയുമാണ് മാദ്ധ്യമ ലോകത്തു നിന്ന് ആദ്യ ഇടപെടല്‍ നടത്തിയത്. വൈകിയാണെങ്കിലും കേരള കൗമുദി, തേജസ്, മാധ്യമം പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതി.

എന്നെ കാണാനെത്തിയ പി.യു. സി. എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ പൗരന്‍, ഡല്‍ഹിയിലെ ജനപ്രതിരോധ ത്രൈമാസിക എഡിറ്റര്‍ അഡ്വ: രാജ് കിഷോര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള അഡ്വ:കേശവ്, കേരള ഹൈക്കോടതി അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി, അഡ്വ:ഷൈന എന്നിവരെ പൊലീസ് സംഘം വീഡിയോ കാമറയില്‍ പകര്‍ത്തുകയും അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. നിര്‍ബന്ധിതമായി ട്രിപ്പ് കയറ്റുന്നതിന്റെ മറവില്‍ വായു അകത്തേയ്ക്കു കടത്തിവിട്ട് എന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചത്.

കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 24 ആം തീയതി ഞാന്‍ മോചിതനായി. ജയില്‍ മോചിതനായി തൃപ്പുണിത്തുറയിലുള്ള സ്ഥലത്തു ചെന്നപ്പോഴാണ് കല്ലില്‍ ഒട്ടിച്ച നിലയില്‍ കളക്ടറുടെ നിരോധന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടത്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള എന്നെ എന്തു കൊണ്ട് മാസിക നിരോധിച്ച കാര്യം പൊലീസ് അറിയിച്ചില്ല.

കാരണം വ്യക്തമാക്കാതെ അറസ്റ്റ് ചെയ്തതു കൊണ്ടാണ് ഞാന്‍ നിരാഹാര സമരം ആരംഭിച്ചത്. 68 ദിവസമാണ് ഞാന്‍ നിരാഹാരമിരുന്നത്. നിരാഹാരസമരം തുടങ്ങിയപ്പോള്‍ പെട്ടെന്നു തന്നെ അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്. ജയില്‍ മോചിതനാകുന്നതു വരെ ഞാനത് തുടര്‍ന്നു. ജയിലില്‍ എന്നെ കാണാന്‍ എത്തുന്ന സഹപ്രവര്‍ത്തകര്‍ പോലും നിരാഹാരസമരം തുടരരുതെന്ന നിലപാട് ഉള്ളവരായിരുന്നു. പൊലീസുകാർ എന്നോടു സൗമ്യമായാണ് പെരുമാറിയിരുന്നത്. ഞങ്ങള്‍ തെറ്റുകാരല്ലെന്ന് അവര്‍ എന്നോടു പറയുന്നുണ്ടായിരുന്നു. കാപ്പിയോ എന്തെങ്കിലും ആഹാരമോ ആവശ്യമുണ്ടോയെന്നും അവര്‍ എന്നോടു ചോദിക്കുമായിരുന്നു. ആകെ സിഗരറ്റ് മാത്രമേ ഞാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളു. പ്രഷര്‍ ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു മൂന്ന് ദിവസം കൂടുമ്പോള്‍ 50 ഗ്രാം ഉപ്പും രണ്ടര ലിറ്റര്‍ ഗ്ലൂക്കോസും ശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ചു കൊണ്ടിരുന്നു. എന്റെ സമ്മതമില്ലാതെ കട്ടിലില്‍ കെട്ടിയിട്ടു കൊണ്ടാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇതിനിടെ ജാമ്യപേക്ഷ കോടതിയില്‍ എത്തിയപ്പോള്‍ ഞാന്‍ ഭാര്യയെ കൊന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. എന്റെ ഭാര്യ ശാന്തകുമാരി ഇപ്പോഴും ഹൈദരാബാദില്‍ ജീവിക്കുന്നു.കാണാന്‍ വരുന്ന പൗരാവകാശ പ്രവര്‍ത്തകരെ പൊലീസ് വിരട്ടുമായിരുന്നു. മാവോയിസ്റ്റ് മുഖംമൂടി അണിഞ്ഞവരാണ് പൗരാവകാശ പ്രവര്‍ത്തകര്‍ എന്ന കോടിയേരിയുടെ പ്രസ്താവന പോലും ഈ ഘട്ടത്തിലാണ്. ഞാന്‍ ആന്ധ്രാപ്രദേശിലുള്ള ഒരു നക്‌സലെറ്റാണെന്നും സിപിഐഎം മാവോയിസ്റ്റ് മുഖപത്രത്തിന്റെ എഡിറ്ററാണെന്നുമുള്ള  പ്രചാരണം തടവുകാര്‍ക്കിടയില്‍ ഭയം ജനിപ്പിച്ചിരുന്നു. ജയിലില്‍ 10 പേരുടെ സെല്ലിലായിരുന്നു ഞാന്‍. എന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാണ്. പീപ്പീള്‍സ് മാര്‍ച്ചിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസിന് ഉറപ്പുണ്ടെങ്കില്‍ 2003 ല്‍ എഴുതിയ ലേഖനത്തിനു വര്‍ഷങ്ങള്‍ കഴിഞ്ഞല്ല അറസ്റ്റ് ചെയ്യേണ്ടത്. ഒരു പത്രാധിപരെ കൈകാര്യം ചെയ്യേണ്ട രീതിയും ഇതല്ല.

നിരോധിക്കപ്പെട്ട ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ആ സംഘടനയുടെ ആശയങ്ങള്‍ മുഖപത്രം വഴി പ്രചരിപ്പിക്കുന്നു. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ സാധിക്കുമോ?നിരോധിക്കപ്പെടുന്ന സംഘടനയില്‍ അംഗമാകുന്നത് കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലവില്‍ ഉണ്ട്. നിങ്ങളുടെ ചോദ്യം പൂര്‍ണ്ണമായും ഞാന്‍ ഉള്‍ക്കൊള്ളുന്നു. സിപിഐഎം മാവോയിസ്റ്റ് മുഖപത്രം എന്ന നിലയില്‍ മാസിക രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന ബോധ്യമുള്ളതു കൊണ്ടാണു പീപ്പീള്‍സ് മാര്‍ച്ച് എന്ന പേരില്‍ മാസിക തുടങ്ങിയത്. മാസികയുടെ രാഷ്ട്രീയം സിപിഐഎം മാവോയിസ്റ്റിന്റേതാണ്. രാഷ്ട്രീയത്തിന് ഉപരിയായി ഇതൊരു മൂവ്‌മെന്റാണ്. നക്‌സലുകള്‍ ജനിക്കുന്നത് സാഹചര്യങ്ങള്‍ മൂലമാണ്. വെറുമൊരു സാധാരണക്കാരനായ ഞാന്‍ നക്‌സല്‍ ആശയങ്ങള്‍ പിന്തുടരുന്നുണ്ടെങ്കില്‍ അകാരണമായി എന്നെ വേട്ടയാടിയ ഭരണകൂടമാണ് അതിനു കാരണക്കാരന്‍ എന്നതില്‍ യാതൊരു സംശയവും ഇല്ല.

ജയിലുകള്‍ പണിയാന്‍ ആരംഭിച്ചതു തന്നെ ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഒതുക്കാനും അടിച്ചമര്‍ത്താനും ആയിരുന്നു. മാസിക അച്ചടിക്കുന്ന അയ്യപ്പന്‍കാവിലെ പ്രസില്‍ പോലും പൊലീസ് ഭീഷണി മുഴക്കി. എന്റെ ലോഡ്ജിനു താഴെയുള്ള ഇമെയില്‍ കഫേയില്‍ പോലും എന്നെ കയറ്റരുതെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കി. ലോഡ്ജ് മുറി എനിക്ക് ഒഴിയേണ്ടതായി വന്നു.നിരോധിക്കപ്പെട്ടത് പാര്‍ട്ടിയാണ്, ആശയമല്ല. അതു കൊണ്ട് ആശയം ആര്‍ക്കും വേണേലും സൃഷ്ടിക്കാം. ഒരു തെളിവും ഇല്ലാതെയാണ് പൊലീസ് ആളുകളെ അറസ്റ്റു ചെയ്യുന്നത്. രാജന്‍ കേസില്‍ മുതല്‍ അതുണ്ട്. എനിക്ക് മല്യ രാജറെഡ്ഡിയെ അറിയുക പോലുമില്ല. റെഡ്ഡിയുടെ കൂടെയുള്ള ഒരു ചിത്രം എങ്കിലും കാണിക്കാന്‍ പൊലീസിനു സാധിച്ചതുമില്ല. മാവോയിസ്റ്റ് സിദ്ധാന്തങ്ങളില്‍ വിശ്വാസമുള്ളതു കൊണ്ടാണ് മാവോയിസ്റ്റ് ആശയങ്ങള്‍ ഞാന്‍ പ്രചരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം നാടു ഭരിക്കുമ്പോഴാണ് ഞാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടു പിടിയിലാകുന്നത്.

ഐസ്‌ആർഒയില്‍ ഉദ്യോഗസ്ഥനായിരിക്കുന്ന കാലഘട്ടത്തില്‍ കെ കരുണാകരന്‍ എന്നെ വേട്ടയാടിയിട്ടുണ്ട്. രാജന്‍ കേസിലും നമ്പി നാരായണന്‍ കേസിലും ഉള്ളതു പോലെ തന്നെ ഐസ്ആര്‍ഒയിലെ അഴിമതികള്‍ ജനങ്ങളുടെ മുന്‍പില്‍ വിളിച്ചു പറയാന്‍ ശ്രമിച്ചതിന് മാനസികരോഗിയായും കൊള്ളരുതാത്തവനായും എന്നെ ചിത്രീകരിക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്.

ആശയപരമായ പോരാട്ടത്തില്‍ സ്വകാര്യ ജീവിതം വലിച്ചിഴക്കപ്പെട്ടു?

1948 ഫെബ്രുവരി 20 ന് തമിഴ്‌നാട്ടിലെ താമ്പരത്താണ് ജനിച്ചതും വളര്‍ന്നതും. സാധാരണ കുടുംബത്തില്‍ ജനിച്ച ഞാന്‍ മെറിറ്റിലാണ് പാസ്സായത്. 1964 ല്‍ മാസം 50 രൂപ സ്‌കോളര്‍ഷിപ്പിലാണ് ഡിപ്ലോമ എന്‍ജീനിയിംഗ് പഠിച്ചു പാസായത്. 1970 കളില്‍ ഒരു ടെലിഫോണ്‍ വീട്ടില്‍ അനുവദിക്കണമെങ്കില്‍ എംപിയുടെ ഒപ്പ് വേണം. 50 രൂപ വലിയൊരു തുകയായിരുന്നു. 1978 ല്‍ വിവാഹിതനായി. മാറ്റക്കല്യാണമായിരുന്നു.

1974 ല്‍ അസി. ഫോര്‍മാനായി ബഹിരാകാശ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത് തുമ്പ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയതിനു ഭരണകൂടവും ഉദ്യോഗസ്ഥരും എന്നെ വേട്ടയാടി. 1978 ല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഈ കാലയളവില്‍ തടഞ്ഞു വെയ്ക്കപ്പെട്ട ശമ്പളം വിട്ടു കിട്ടാന്‍ 'no criminal case, no charge sheet, no enquiry initiated, promoted me after suspension, then why withhold my salary' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചു ജോലിയ്ക്കു കയറി പ്രതിഷേധിച്ചത് പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.1981 ല്‍ സമരം ചെയ്യുന്നതിനിടെ സിഐഎസ്എഫ് ഗാര്‍ഡുകള്‍ എന്നെ വലിച്ചിഴച്ചു കൊണ്ടു പോയി കൊലപാതക ശ്രമം ചുമത്തി ജയിലില്‍ അടച്ചു. ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഭാര്യ വീട്ടിലായിരുന്നു താമസം. ഭാര്യയുടെ വീട്ടുകാര്‍ ഭൂവുടമകളാണ്. തുടര്‍ച്ചയായ അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും മൂലം മാനസികമായി ഞാന്‍ ഏറെ തളര്‍ന്നിരുന്നു. പാടത്തു പണിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. സമൂഹം എന്നെ ഭ്രാന്തനെന്നു മുദ്രകുത്താന്‍ തുടങ്ങി. ഉദ്യോഗസ്ഥര്‍ വീണ്ടും പീഡനം തുടങ്ങി. അവരുടെ അഴിമതിക്കഥകള്‍ പുറത്ത് അറിഞ്ഞതു കൊണ്ടാകാം.

ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്തു ബലമായി കോഴിക്കോട്ടുള്ള ഡോ: വിജയന്റെ മാനസികാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മാനസിക രോഗിയാണെന്നു വരുത്തിത്തീര്‍ത്ത് സര്‍വീസില്‍ നിന്നും നീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. ഭാര്യാസഹോദരന്‍മാരും ഭാര്യാമാതാവുമായുള്ള വിദ്വേഷം കൂടി വന്നു. ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്ന് എന്നെ ഭ്രാന്താശുപത്രിയില്‍ അടച്ചു.

ഭാര്യ ശാന്തകുമാരി നിശബ്ദയും നിസ്സഹായയും ആയിരുന്നു. ആകെ എനിക്കു പിന്തുണ തന്നിരുന്നത് അവളാണ്. ഭാര്യയുടെ ബന്ധുക്കളുടെ പെരുമാറ്റം എന്നില്‍ പ്രതികാരം വളര്‍ത്തി. മാനസികമായി എന്നെ മുറിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു ഭാര്യാമാതാവിന്റേത്. 1984 ജൂലൈ 11 ന് ഭാര്യാമാതാവിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു ഞാന്‍ തീ കൊളുത്തി. അവരെ രക്ഷിക്കാനെത്തിയ ഭാര്യയുടെ സഹോദരനും മരിച്ചു. മൂന്നാം ദിവസം ഞാന്‍ അറസ്റ്റിലായി. 1985 ന് ജീവപരന്ത്യം തടവിന് വിധിച്ചു.ജയിലില്‍ വച്ചായിരുന്നു പീപ്പീള്‍സ് വാര്‍ എന്ന നക്‌സല്‍ ഗ്രൂപ്പുമായി അടുക്കാന്‍ തുടങ്ങിയത്. ആന്ധ്രാ ജയിലില്‍ വര്‍ഷങ്ങള്‍ കിടന്നപ്പോള്‍ നക്‌സലെറ്റ് തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലിലേയ്ക്ക് എന്നെ മാറ്റിയ അധികാരികളാണ് എന്നെ നക്‌സലിസത്തിലേയ്ക്ക് അടുപ്പിച്ചത്. ജയിലായിരുന്നു എന്റെ നക്‌സലിസം പാഠശാല എന്നു തന്നെ പറയേണ്ടി വരും. വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു തടവുകാര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് അറിയുന്നത്. കാലാവധി കഴിഞ്ഞിട്ടും ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം എത്രയോ അധികമാണ്.ഏഴു വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പീള്‍സ് വാര്‍ ഗ്രൂപ്പ് ജയിലില്‍ സമരം തുടങ്ങിയിരുന്നു. അക്കൊല്ലത്തെ തെരഞ്ഞെടുപ്പില്‍ രാമറാവു താന്‍ അധികാരത്തില്‍ വന്നാല്‍ ഈ ആവശ്യം നിറവേറ്റുമെന്ന് വാഗ്ദാനം നല്‍കി. മുഖ്യമന്ത്രിയായപ്പോള്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടുമില്ല. ഇതേ തുടര്‍ന്ന് ഞാനും 12 സഹതടവുകാരും സമരം തുടങ്ങി. പീപ്പീള്‍സ് വാര്‍ ഗ്രൂപ്പ് ഈ സമരത്തെ പിന്തുണച്ചു. ശാഖാമുറി അപ്പറാവു, എം ബാലകൃഷ്ണ തുടങ്ങിയ പ്രമുഖ മാവോവാദി നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഈ സമയത്ത് ഞാൻ പത്തു വര്‍ഷം തടവു പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെ വിട്ടയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ കണ്ണബിരാനാണ് കേസ് വാദിച്ചത്. എഴു വര്‍ഷം പൂര്‍ത്തിയാക്കിയവരെ വിട്ടയ്ക്കാന്‍ 1995 ഫെബ്രുവരിയില്‍ ഹൈക്കോടതി വിധിയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ കോടതിയക്ഷ്യത്തിന് ഹര്‍ജി നല്‍കി. വിട്ടയച്ചില്ലെങ്കില്‍ ജയില്‍ തകര്‍ക്കുമെന്ന് പീപ്പീള്‍സ് വാർ ഗ്രൂപ്പ് ഭീഷണിപ്പെടുത്തി.

1995 ജൂലൈയിൽ ജയിലില്‍ നിന്നു മോചിതനായി. ഒരു നക്‌സല്‍ അവിടെ പിറക്കുകയായിരുന്നു. ഏഴു വര്‍ഷം വിവിധ സംഘടനകള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം. 2003 ലാണ് എറണാകുളത്തു വന്നത്. ജൂണില്‍ പീപ്പീള്‍സ് മാര്‍ച്ച് ആരംഭിച്ചു. പീന്നീടുള്ള കാലം നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ആയിരുന്നു. ആശയപരമായ ജീവിതത്തില്‍ സ്വകാര്യ ജീവിതം ഏറെ വലിച്ചിഴക്കപ്പെട്ടു.

ഗോവിന്ദന്‍കുട്ടിയുടെ പോരാട്ടത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷമായിരുന്നു ഭാര്യയ്ക്ക്?

കൃത്യമാണ് നിരീക്ഷണം. ജീവിക്കുന്ന രക്തസാക്ഷിയെന്ന് അവരെ വിളിക്കാനാണ് എനിക്ക് ഇഷ്ടം. ഭാര്യാമാതാവിനെ ചുട്ടുകൊന്ന കേസില്‍ എനിക്കെതിരായിരുന്നു അവര്‍ മൊഴി നല്‍കിയത്. എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായതുമില്ല. 2004ല്‍ ഭാര്യ എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ വഴി അറിയിച്ചുവെങ്കിലും ഭാര്യയെയും മക്കളെയും കാണാന്‍ ഞാന്‍ തയ്യാറായില്ല. പൊലീസ് എന്റെ പുറകിലുണ്ട്. എനിക്കു വേണ്ടി എന്റെ ഭാര്യയെയും മക്കളെയും ഉപദ്രവിക്കാന്‍ അവര്‍ക്കു യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ഭാര്യയെ ഹൈദരാബാദില്‍ വച്ച് ആന്ധ്രാ പൊലീസ് തട്ടിക്കൊണ്ടു പോയി. പൈശാചികമായ ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയും നീലച്ചിത്ര മാഫിയയുടെ സഹായത്താല്‍ ലൈംഗിക പീഡനം ചിത്രീകരിക്കുകയും ചെയ്തു. ഈ നീലച്ചിത്ര സി ഡി കാണിച്ചു ഭീഷണിപ്പെടുത്തിയാണ് പൊലീസ് എനിക്കെതിരെ സാക്ഷി പറയിപ്പിച്ചത്.

കൊലക്കേസ് വിചാരണയ്ക്കിടെ ചിത്രീകരിച്ച എന്റെ ഭാര്യയുടെ നീലച്ചിത്രം അവര്‍ എനിക്ക് അയച്ചു തന്നു. 20 മിനിട്ടു ദൈര്‍ഘ്യമുണ്ട് ആ സി ഡിയ്ക്ക്. നീലച്ചിത്രം ഇപ്പോഴും അശ്ലീല വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പൊലീസ് കൂടെ നിന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതു സീ ഡിയില്‍ വ്യക്തമാണ്.

തൃപ്പുണിത്തുറ പോസ്റ്റ് ഓഫീസില്‍ എന്റെ പോസ്റ്റ് ബോക്‌സില്‍ നിന്നാണ് ആ സീ ഡി ലഭിക്കുന്നത് തന്നെ. എന്നെ മാനസികമായി തളര്‍ത്താന്‍ വേണ്ടിയാകും എനിക്ക് അയച്ചു തന്നിട്ടുണ്ടാകുക. മൂന്ന് മക്കളുടെ അമ്മയായ അവള്‍ക്കു 33 വയസ്സെങ്കിലും കാണും അന്ന്.വിപ്ലവ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ആന്ധ്രാ പൊലീസ് പിടികൂടി ലൈംഗികമായി പീഡിപ്പിച്ച് നീലച്ചിത്ര മാഫിയയുടെ സഹായത്തോടെ നീലച്ചിത്രങ്ങള്‍ ചിത്രീകരിച്ച് വന്‍ തുകയ്ക്കു കച്ചവടം നടത്തുന്നു എന്ന ആരോപണം ആ കാലങ്ങളില്‍ വളരെ ശക്തമായിരുന്നു താനും. നക്‌സല്‍ ബന്ധമില്ലാത്ത ഒരു വീട്ടമ്മ സഹിക്കാവുന്നതിലും അപ്പുറം എന്റെ ഭാര്യ സഹിച്ചു. ജീവിക്കുന്ന രക്തസാക്ഷിയാണ് അവര്‍.

മൂത്തമകന്‍ ഹിന്ദു ദിനപത്രത്തില്‍ ജേര്‍ണലിസ്റ്റാണ്. മൂന്ന് ആണ്‍മക്കളും നല്ല നിലയിലാണ്. ഒരിക്കല്‍ പോലും അവരെ കാണാന്‍ ഞാന്‍ ശ്രമിച്ചതേയില്ല.

മാവോവാദി പിടിയില്‍, കൂസലില്ലാതെ മാവോയിസ്റ്റ് പത്രാധിപര്‍ എന്നൊക്കെയായിരുന്നു പത്രങ്ങള്‍ എഴുതിയത്...

മാവോയിസ്റ്റ് വേട്ടയെക്കുറിച്ചു സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കുന്ന കുറിപ്പടികളാണ് അതേപടി പത്ര ദൃശ്യ മാദ്ധ്യമങ്ങള്‍ വാര്‍ത്തയായി അവതരിപ്പിക്കുന്നത്. മാവോവാദി എന്ന ലേബല്‍ ചാര്‍ത്തി ഇവര്‍ രാഷ്ട്രീയ തടവുകാരെ ഭീകരരും കോമാളികളുമായി മുദ്രകുത്തുന്നു. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കുറ്റകൃത്യങ്ങളെ അരാഷ്ട്രീയമായും അതിവൈകാരികമായും അവതരിപ്പിച്ച ചരിത്രമേ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കുള്ളു. ഇതേ മാനദണ്ഡം ഉപയോഗിച്ചാണ് ബിഹാറിലും ആന്ധ്രയിലും മറ്റും നടക്കുന്ന ഹിംസാത്മകമായ ജന്മിത്വത്തോടുള്ള ചെറുത്തുനില്‍പ്പുകളെയും രാഷ്ട്രീയത്തെയും ഇവര്‍ അവതരിപ്പിക്കുന്നത്. അങ്ങനെ എല്ലാ ഉയിര്‍ത്തേഴുന്നേല്‍പ്പും ഒറ്റയടിക്ക് മാദ്ധ്യമങ്ങളുടെ ഭീകരവാദ പ്രയോഗം അസാധുവാക്കിക്കളയുന്നു. ഹിംസാത്മകമായ അധികാര വ്യവസ്ഥയ്ക്കു നേരേ ഉയര്‍ന്നു വരുന്ന ജനങ്ങളുടെ അതിജീവനത്തെ മാവോയിസ്റ്റ് ലേബലില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്.ജീവിക്കാന്‍ വേണ്ടി കള്ളവാറ്റ് നടത്തുന്ന മനുഷ്യരെ സര്‍വസന്നാഹത്തോടെ പിന്തുടര്‍ന്ന് പിടികൂടി എക്‌സ്‌ക്ലൂസീവുകള്‍ അടിച്ചു വിടുന്ന പത്രക്കാര്‍ ഭരണകൂടം വേട്ടയാടിയും പിന്തുടര്‍ന്നും കൊലപ്പെടുത്തുന്ന പാവങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ പിടിച്ചിട്ടാല്‍ പീപ്പീള്‍സ് മാര്‍ച്ച് നിന്നു പോകുമെന്നാണ് അധികാരികള്‍ വിചാരിച്ചത്. എന്നാല്‍ എന്നെ പിടിച്ച് അകത്തിട്ട കാലം മാസികയുടെ കാമ്പയിന്‍ കാലമായിരുന്നു. ജനകീയ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ മാദ്ധ്യമങ്ങള്‍ക്കോ ഭരണകൂടത്തിനോ സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. ഭരണകൂട താത്പര്യങ്ങള്‍ കോടതിയെപ്പോലെയുള്ള അധീശത്വ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഭരണകൂടം മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതും ചൊല്‍പ്പടിയ്ക്കു നിര്‍ത്തുന്നതും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

രാജ്യസ്‌നേഹിയല്ലെന്നു പറയുമ്പോള്‍ രാജ്യദ്രോഹിയെന്ന് അര്‍ത്ഥമില്ലേ?

ഗോവിന്ദന്‍കുട്ടിയുടെ താമസ സ്ഥലത്തു നിന്നു നക്‌സല്‍ ബന്ധം തെളിയിക്കാന്‍ ആവശ്യമായ 33 രേഖകള്‍ കിട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രചാരണം. ഇതില്‍ 32 എണ്ണം പീപ്പീള്‍സ് മാര്‍ച്ച് മാസികയുടെ പഴയ ലക്കങ്ങളായിരുന്നു. പൊലീസിന്റെ മുഖം രക്ഷിക്കാന്‍ എന്നെ മാവോവാദിയായി ചിത്രീകരിക്കുകയായിരുന്നു. വിമര്‍ശിക്കുന്നതു കൊണ്ടാണ് സര്‍ക്കാരിന് എന്റെ മാസികയോടു വിരോധം.2005 ല്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ദമ്പതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നാടാണ് നമ്മുടേത്. ലഘുലേഖകള്‍ വിതരണം ചെയ്യുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതാണ് ഇവര്‍ ചെയ്ത കുറ്റം. ഇലക്ഷന്‍ കമ്മീഷന്‍ പോലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം അംഗീകരിക്കുന്ന ക്ലോസ് നിയമത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ആലോചിക്കുന്ന കാലത്താണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്തുള്ള അതേ രാജ്യദ്രോഹക്കുറ്റം നമ്മള്‍ ഇപ്പോഴും ചുമത്തുന്നത്. ഭരണകൂടത്തിന്റെ ബലപ്രയോഗങ്ങള്‍ക്ക് എതിരു നില്‍ക്കുന്നുവെന്ന കാരണത്താല്‍ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം രാജ്യദ്രോഹിയാണ് എന്നു പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.

വാര്‍ധ്യകം കണ്ണുകളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. പല നേതാക്കളും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. ഇപ്പോള്‍ പഴയതു പോലെ എഴുതാന്‍ സാധിക്കാത്തതു കൊണ്ട് രണ്ട് മൂന്ന് കൊല്ലമായി മാസിക ഇറങ്ങുന്നില്ല. ഈ ചെറിയ ഷെഡ്ഡിനുള്ളിലാണ് ജീവിതം. സുഖസൗകര്യങ്ങള്‍ കൈവിട്ടു പോയതിലോ, ഭാര്യയും മക്കളും കൈവിട്ടു പോയതിലൊന്നുമല്ല ആശങ്ക. പൊലീസ് ഭീകരതയുടെ ഇരയാണ് ഞാന്‍. കൊല്ലാനും വേട്ടയാടാനും അധികാരമുള്ളവരുടെ കൈകളില്‍ അറിയാതെ പെട്ടുപോകുന്ന നിസ്സഹായരായ സാധാരണക്കാരുടെ പ്രതീകമാണു ഞാന്‍. ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരിലോ, നിലവിലെ വ്യവസ്ഥകള്‍ക്കെതിരെ പോരാടിയതിന്റെ പേരിലോ ആരും ഭീകരരായി മുദ്രകുത്തപ്പെടരുത്. അതിനു വേണ്ടി മരിക്കുന്ന വരെ എന്റെ ശബ്ദമുയരുക തന്നെ ചെയ്യും. ഗോവിന്ദന്‍കുട്ടി പറഞ്ഞു നിര്‍ത്തി.

ചിത്രങ്ങള്‍: പ്രതീഷ് രമ