ഒരു ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ കര്‍മ്മം-കേരളത്തിലും വിദേശത്തും!

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ എത്ര ഡിജിറ്റല്‍വല്‍ക്കരിച്ചു എന്ന് അവകാശപ്പെട്ടിട്ടും കാര്യമില്ല,പൊതുജനത്തിന് കൃത്യവും സുതാര്യവുമായ സേവനം പിന്നെയും അകലെയാണ്. നാട്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി കിട്ടാന്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെ പ്രവാസിമലയാളിയായ മനോജ്‌ വിവരിക്കുന്നു

ഒരു ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ കര്‍മ്മം-കേരളത്തിലും വിദേശത്തും!

മനോജ്‌.കെ.ജോണ്‍ 

പണ്ട് ഗൾഫിൽ നിന്നോ അമേരിക്കയിൽ നിന്നോ നാട്ടിൽ വരുന്നവർ നാട്ടിലെ റോഡിനു വീതിയില്ല , ഇവിടെ മുഴുവന്‍ പൊടിയാണ്, വെള്ളം കൊള്ളില്ല,വീട്ടുമുറ്റത്തെ വാഴ നോക്കി "അമ്മേ.. ഈ ചെടി പൂക്കുമോ?" എന്നൊക്കെ ചോദിച്ചിരുന്ന അണ്ണന്മാരെ നല്ല ഓര്‍മ്മയുള്ളത് കൊണ്ട്, ഇപ്പോൾ നാട്ടിൽ പോയാൽ നാടിനെ പറ്റി മോശമായി ഒന്നും പറയാതിരിക്കാൻ മനഃപൂർവമായി തന്നെ ശ്രമിക്കാറുണ്ട്.

ഏതായാലും ഇത്തവണ നാട്ടിൽ ചെന്നപ്പോഴാണ് ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി ഒരു മാസം മുൻപ് കഴിഞ്ഞെന്നു മനസിലായത്. വണ്ടി ഓടിക്കണമെങ്കിൽ പുതുക്കണം. കാര്യങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയ സ്ഥിതിക്ക് അതിനു വലിയ താമസം ഉണ്ടാകില്ലെന്ന് ഞാന്‍ വെറുതെ കരുതി.


ദിവസം 1

ഇതിനെ പറ്റി അറിയാവുന്ന കസിനോട് ചോദിച്ചപ്പോൾ ഇപ്പോള്‍ ഓൺലൈനില്‍ പണം അടക്കാം, പിന്നെ രണ്ടു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും, സ്റ്റാമ്പൊട്ടിച്ച കവറും, കാഴ്ചശക്തി തെളിയിക്കുന്ന ഒരു മെഡിക്കല്‍ സർട്ടിഫിക്കേറ്റുമായി ആർ.ടി ഓഫീസിൽ പോയാൽ സംഗതി നടക്കുമെന്ന് ഉപദേശവും കിട്ടി.

അപ്പോൾ തന്നെ ഞാന്‍ മോട്ടോർ വെഹിക്കിൾ വെബ്‌സൈറ്റിൽ 350 രൂപ അടക്കുകയും രസീതിന്റെ പ്രിന്റ് എടുക്കുകയും ചെയ്തു.

ദിവസം 2

ആർ.ടി ഓഫീസിൽ കൊണ്ടുപോകാനുള്ള രേഖകള്‍ എല്ലാം തയ്യാറാക്കുകയായിരുന്നു ഇന്നത്തെ ലക്ഷ്യം. ആദ്യം ഓട്ടോ വിളിച്ചു പോസ്റ്റ് ഓഫീസിലേക്ക്. സ്റ്റാമ്പ്/കവര്‍ വാങ്ങണം. സ്റ്റാമ്പ് വാങ്ങി, കവർ ചോദിച്ചപ്പോൾ അങ്ങനെയൊരു ഐറ്റം അവിടെ കിട്ടില്ലെന്ന്‌ മറുപടിയും കിട്ടി. (ഒരുപക്ഷെ കവർ വാങ്ങാന്‍ കഴിയാത്ത ലോകത്തിലെ ഏക പോസ്റ്റ്ഓഫീസ് നമ്മുടേത് മാത്രമായിരിക്കും)

കവര്‍ കിട്ടുന്ന സ്റ്റേഷനറി കട തിരക്കി അടുത്ത യാത്ര, അതും ഓട്ടോയില്‍.
ഇനി ഫോട്ടോ വേണം. അടുത്ത ഓട്ടോ വിളിച്ചു സ്റ്റുഡിയോയിലേക്ക്. എനിക്ക് മുൻപെ എത്തിയ രണ്ടു മൂന്നു പേര്‍ കാത്തിരിപ്പുണ്ട്‌. അര മണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വന്നു പക്ഷെ DSLR ക്യാമറ ഉപയോഗിച്ചു നല്ല ക്ലിയർ ഫോട്ടോ തന്നെ എടുത്തു പ്രിന്റ് തന്നു.

ദിവസം 3

ഇന്ന് മെഡിക്കല്‍ സർട്ടിഫിക്കേറ്റ് ഒപ്പിക്കണം. അന്വേഷിച്ചപ്പോൾ വീടിനു ഏറ്റവും അടുത്ത ഡോക്ടർക്ക് വൈകുന്നേരം നാലു മണി മുതലാണ്‌ പ്രാക്ടീസ്. നാലു മണിക്ക് തന്നെ ചെന്നു. 25ല്‍ കുറയാതെ ആളുകൾ അപ്പോള്‍ തന്നെ ക്യുവിൽ ഉണ്ട്. രണ്ടു മണിക്കൂർ കാത്തിരുന്നു ഡോക്ടറെ കണ്ടു സർട്ടിഫിക്കറ്റ് വാങ്ങി.

ദിവസം 4

ഉച്ചയ്ക്ക് ഒരു പന്ത്രണ്ടു മണി ആയപ്പോൾ ആർ.ടി ഓഫീസിൽ എത്തി. പൂരത്തിനുള്ള ആളുണ്ടവിടെ. ക്യുവിൽ നില്കുന്നവരോട് ചോദിച്ചപ്പോൾ അവരും ലൈസൻസ് റിന്യൂ ചെയ്യാന്‍ വന്നവരാണ് എന്ന് മനസിലായി പക്ഷെ രണ്ടു മണിക്ക് മാത്രമേ കൌണ്ടർ തുറക്കൂ. കൗണ്ടറിന്റെ കസേരയുടെ അടുത്ത തന്നെ ഒരു സ്ത്രീ പത്രമോ മറ്റോ വായിച്ചിരിപ്പുണ്ട്. ഡോക്യൂമെന്റസ് എല്ലാം കറക്റ്റാണോ എന്ന് അവിടെയുണ്ടായിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസറിനെ കാണിച്ചപ്പോള്‍ 'എല്ലാം ഓക്കേ, ക്യുവിൽ നിന്നോ' എന്ന അനുമതിയും കിട്ടി.

ക്യുവിൽ നിന്നപ്പോഴാണ് അറിഞ്ഞത് ഇത് 'സെയിം ഡേ സർവീസ്' ആണെന്ന്. അതായതു ഇന്ന് തന്നെ ലൈസൻസ് പുതുക്കി കിട്ടും. ചിന്തിച്ചപ്പോള്‍ രണ്ടു മണിക്കൂർ ക്യു നിന്നാലും വേണ്ടില്ല ഇന്ന് തന്നെ കിട്ടുകയാണേൽ നല്ല കാര്യമല്ലേ.


നാട്ടിലെ ക്യുവിന്റെ മറ്റൊരു കാര്യം പറയാതിരിക്കാന്‍ കഴിയില്ല. ജാക്കിവെപ്പ് മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായത് കൊണ്ടാകും, മുന്‍പിലും പുറകിലും ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിലും ദേഹത്ത് മുട്ടി ഇടിച്ചു തള്ളിയെ നില്ക്കു.

കറക്റ്റ് രണ്ടു മണിയായപ്പോ ഇപ്പുറത്തെ കസേരയിലിരുന്ന സ്ത്രീ നമ്മുടെ അപ്ലിക്കേഷൻ കൗണ്ടറിലെ കസേരയിലേക്ക് ഒന്ന് മാറിയിരുന്നു. നിന്നുനിന്നു തളർന്നു അവസാനം ഒരു മൂന്ന് മണിയായപ്പോഴേക്കും ഞാനും അപേക്ഷയുമായി അവരുടെ മുന്‍പിലെത്തി അപേക്ഷ വാങ്ങിയ പാടെ.

"ഇത് ബുക്ക് ലൈസൻസ് അല്ലെ ? ഇതിനു സെയിം ഡേ സർവീസ് ഇല്ല, ഇവിടെ എടുക്കുകയില്ല, റെഗുലർ കൗണ്ടറിൽ കൊടുക്കണം "

"എവിടെയാണ് റെഗുലർ കൌണ്ടർ?"

"അത് ഇന്ന് ക്ളോസ് ചെയ്തു. അടുത്ത ദിവസം വന്നു കൊടുത്തോ."

മൂന്നു മണിക്കൂർ വിയർത്തൊലിച്ചത് മിച്ചം, അങ്ങനെ ഒരു ദിവസവും പോയി കിട്ടി.

ദിവസം 5

വീണ്ടും ആർ ടി ഓഫീസിൽ ഓട്ടോയിൽ തന്നെയെത്തി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ തിരക്കില്ല, പക്ഷെ കൗണ്ടറുകൾ ഒന്നും തുറന്നിട്ടില്ല. പി.ആർ.ഓ മഹാന്റെ അടുത്ത് ചോദിച്ചപ്പോള്‍ ഇന്ന് ബുധനാഴ്ച ആണ് ഇന്ന് അപേക്ഷകൾ എടുക്കില്ല എന്ന മറുപടി.

അപ്പോൾ ഇന്നും നടക്കില്ല!

അവിടെ തന്നെ ജോലിചെയുന്ന മുഖപരിചയമുള്ള മറ്റൊരു ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് വർഷങ്ങളായി ബുധനാഴ്ച അപേക്ഷകൾ എടുക്കുന്ന പരിപാടി ഇല്ലെന്നു അറിയില്ലായിരുന്നോ?" എന്നായിരുന്നു പ്രതികരണം

അപ്പോൾ ഇതും എന്റെ തന്നെ കുറ്റമാണ്. വർഷങ്ങൾ കൊണ്ടുള്ള ശരിയായ ആചാരങ്ങളാണ്..മാറ്റാനൊന്നും പറ്റില്ല!

ദിവസം 6

പഴയത് പോലെ തിരക്ക് തന്നെ. റെഗുലർ കൗണ്ടറിൽ കയറി ക്യു നിന്ന് വിയർത്തൊലിച്ചു ഒടുവില്‍ ഇതെല്ലാം നീട്ടിയപ്പോള്‍ പുള്ളിയുടെ വക ചോദ്യം

"ഇതെല്ലാം ഒന്നു കെട്ടിക്കൊണ്ടു വരാൻ പറ്റില്ലാരുന്നോ?"
വീണ്ടും പെട്ടു!

സ്റ്റാമ്പൊട്ടിച്ച കവർ എങ്ങനെയാണ് കുത്തിക്കെട്ടുന്നതു ? ഇനി അത് നശിപ്പിച്ചു എന്നും പറഞ്ഞു അപേക്ഷ നിരസിച്ചാലോ എന്നൊക്കെ ഞാന്‍ കരുതിപോയി. കുത്തിക്കെട്ടാനുള്ള ചരട് ഇനി എവിടെ പോയി ഒപ്പിക്കാൻ? ക്യുവില്‍ നിന്ന് മാറിയാല്‍ ഒരു ദിവസം കൂടി പോയിക്കിട്ടും.ഏതായാലും കക്ഷി തന്നെ അത് സ്റ്റേപ്പിൾ ചെയ്ത്തെടുത്തു. അപേക്ഷ സ്വീകരിച്ചതിന്റെ രസീതും തന്നു പത്തു ദിവസത്തിനകം ലൈസൻസ് പോസ്റ്റലായി വീട്ടിൽ എത്തും എന്ന് അറിയിപ്പും നല്‍കി.

പത്തു ദിവസവും കഴിഞ്ഞു പതിനൊന്നു ദിവസവും കഴിഞ്ഞു. ലൈസൻസ് മാത്രം വന്നില്ല!
തിരിച്ചു അമേരിക്കയിലേക്ക് പോകേണ്ടതായ ദിവസവും വന്നു. രാത്രി ഫ്ലൈറ്റ് ആണ്. ഏതായാലും ഒന്ന് പോയി ചോദിക്കാമെന്ന് കരുതി. ഉച്ചക്ക് വീണ്ടും ഓട്ടോ പിടിച്ചു ആർ.ടി ഓഫീസിലേക്ക്. പതിവ് പോലെ സൂപ്പർ തിരക്ക്.

പി ആർ ഓ യുടെ അടുത്ത് റെസിപ്റ്റ് കാണിച്ചിട്ട് ഏറ്റവും വിനയാതീതനായി പറഞ്ഞു-

"സർ, ഞാൻ വിദേശത്തേക്ക് ഇന്ന് തിരിച്ചു പോകുകയാണ്, രണ്ടാഴ്ച മുൻപേ ലൈസൻസ് പുതുക്കാന്‍ കൊടുത്തിരുന്നു, തപാലില്‍ വരുമെന്നാണ് പറഞ്ഞത്, ഇതുവരെ കിട്ടിയിട്ടില്ല"

ഇദ്ദേഹം കമ്പ്യൂട്ടറിൽ ചെക്ക് ചെയ്തിട്ട് പുറകിലിരുന്ന സ്ത്രീയുടെ അടുത്ത് എന്തോ ചോദിച്ചു. എന്നിട്ട് മറുപടിയും തന്നു-

"ഒരു മാസം മുൻപേ കാലവധി കഴിഞ്ഞതിനാല്‍ ഇനി ഒരു 1500രൂപ കൂടി ആ റെഗുലർ കൗണ്ടറിൽ അടക്കണം.എങ്കിലേ നടപടികള്‍ ആരംഭിക്കൂ.."

ദൈവമേ! വീണ്ടും റെഗുലര്‍ കൌണ്ടര്‍!!"എന്നിട്ട്, ഇതിപ്പോഴാണോ പറയുന്നത്?"

"ഈ നിയമം കഴിഞ്ഞ ആഴ്ചയാണ് വന്നത്."

ഇന്ന് മടങ്ങുകയാണ്, ഏതായാലും ഇനി ഇത് നടക്കത്തില്ല എന്ന് ഏതാണ്ട് ഉറപ്പായി. ഇതുവരെ ചെയ്തതെല്ലാം വേസ്റ്റ്!

ലൈസൻസ് കിട്ടിയില്ലേലും വേണ്ടില്ല ഇവന്മാരെ രണ്ടു പറഞ്ഞിട്ടുപോകാമെന്ന് കരുതി ഞാന്‍ അവിടെ നിന്ന് ഒച്ചത്തില്‍ സംസാരിച്ചു. ഉറക്കെ സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊന്നും സ്വഭാവത്തിൽ പൊതുവെ ഉള്ള കാര്യങ്ങൾ അല്ലെങ്കില്‍ കൂടി അങ്ങനെ വേണ്ടിവന്നു.

"ഇത് ഞാൻ നാലാം ദിവസമാണ് ഇതിനു പുറകെ നടക്കുന്നത്. പത്ത് ദിവസങ്ങളും കഴിഞ്ഞു. ഇതൊക്കെ നിനക്കൊക്കെ നേരത്തെ പറയാൻ കഴിയില്ലേ? വെറുതെ ആളുകളെ വലയ്ക്കണോ ?

ആളുകള്‍ ഇത് ശ്രദ്ധിക്കുകയും, സംഗതി ചിലപ്പോള്‍ പ്രശ്നമാകും എന്ന് തോന്നിയതിനാലാകും 'എനിക്കൊന്നും അറിയില്ല ആർ ടി ഓ യെ കാണാൻ' പി ആര്‍ ഓ മൊഴിഞ്ഞത്.

ആർ ടി ഓയുടെ ഓഫീസ് സൈഡിൽ തന്നെ ആണ്. പുള്ളിയും ഈ ബഹളങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഏതായാലും അകത്തുകയറാന്‍ അദ്ദേഹം അനുവാദം തന്നു.

"സർ, ഇതാണ് സംഗതി, നാല് ദിവസമായി ഇതിനു പുറകെ ഓടുന്നു. ഓരോ പ്രാവശ്യവും ഓരോന്നാണ് പറയുന്നത്.." ആർ ടി ഓ ഒരു സമാധാനമുള്ള മനുഷ്യനാണെന്ന് തോന്നി.

"നിങ്ങൾ അവരെ ഒക്കെ ഇങ്ങനെ പേടിപ്പിച്ചാൽ എങ്ങനാണ്? എന്ത് പ്രശ്നമുണ്ടെങ്കിലും എന്റെ അടുത്ത് പറഞ്ഞാൽ പോരെ ? ഇതിനല്ലേ ഞാൻ ഇവിടെ ഇരിക്കുന്നത്" എന്ന് അദ്ദേഹത്തിന്റെ മറുപടി.

പഷ്ട്!

എന്തായാലും പുള്ളി എന്റെ കയ്യിൽ നിന്ന് അപേക്ഷ വാങ്ങി നോക്കി. ഇത്രയും രൂപയും കൂടി ഇപ്പോള്‍ അടച്ചാൽ ഉടനെത്തന്നെ ലൈസന്‍സ് പുതുക്കി നല്‍കാമെന്നു ഈ മാന്യദേഹം പറഞ്ഞു.
ആര്‍ ടി ഓ തന്നെ 1500 രൂപ വാങ്ങി രസീത് തരികയും ചെയ്തു. കഴിഞ്ഞില്ല, പത്തു മിനുട്ടിനുള്ളിൽ തന്നെ ലൈസൻസ് പുതുക്കിയും എന്റെ കയ്യിൽ തന്നു. ഫിനിഷ്!

അടുത്തെങ്ങും വേറെ ആർ ടി ഓഫീസുകൾ ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് അപേക്ഷകൾ ഈ ഒറ്റ ഓഫീസിൽ തന്നെ കൈ കാര്യം ചെയ്യേണ്ടി വരുന്നതിന്റെ കാര്യങ്ങള്‍ ഒക്കെ ഇദ്ദേഹം പറയുന്നുണ്ടായിരുന്നു.

കുറച്ചു താമസിച്ചാലും, ലൈസൻസ് വീട്ടിൽ പോസ്റ്റലായി എത്തുമെന്ന് കരുതിയിരുന്നെങ്കില്‍ മെനക്കെട്ടതെല്ലാം വെറുതെ ആയേനെ എന്നുള്ളത് വേറൊരു കാര്യം.

ഇനി അമേരിക്കന്‍ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാന്‍ പോയതും കൂടി പറയാം.

അവരുടെ വെബ്‌സൈറ്റിൽ എന്തൊക്കെ ഡോക്യൂമെന്റസ് വേണമെന്ന് ആദ്യമെ ചെക്ക് ചെയ്യാം. ബ്രോഷറിൽ അവ മനുഷ്യന് മനസിലാകുന്ന തരത്തില്‍ സിമ്പിൾ ആയി പറഞ്ഞിട്ടുമുണ്ട്. വളരെ സ്ട്രെയിറ്റ് ഫോർവേഡ് ആണ്. പോയിന്റ് സിസ്റ്റം ആയതു കൊണ്ട് ഒരു ഡോക്യുമെന്റ് ഇല്ലെങ്കിൽ വേറെ ഒരു ഡോക്യുമെന്റ് ഉപയോഗിക്കാം. അതായത് ഓരോ ഡോക്യൂമെന്റിനും ഓരോ പോയിന്റ്സ് ആണ്. ഉദാഹരണത്തിന് പാസ്‌പോർട്ടിന് ഇത്ര പോയിന്റ്, അഡ്രസ് വെരിഫൈ ചെയ്യാനുള്ള ഇലക്ട്രിസിറ്റി ബില്ല് തുടങ്ങിയവയ്ക്ക് ഇത്ര പോയിന്റ് അങ്ങനെ. ഇതെല്ലം കൂടെ കൂട്ടുമ്പോൾ അപേക്ഷകന്റെ ലീഗൽ സ്റ്റാറ്റസ് അനുസരിച്ചു നാലോ, ആറോ പോയിന്റ് വേണം.ഈ ഡോക്യൂമെന്റസ് എല്ലാം വീട്ടിൽ നിന്ന് തന്നെ സംഘടിപ്പിക്കാവുന്നതേയുള്ളു.
ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും മോട്ടോർ വെഹിക്കിൾ ഓഫീസിൽ എല്ലാ തരത്തിലുമുള്ള സർവീസും ഉണ്ട്. അവിടെ തന്നെ അവർ ഫോട്ടോ എടുക്കും, മെഡിക്കല്‍ സർട്ടിഫിക്കറ്റും വേണ്ട (അല്ലെങ്കിൽ തന്നെ തന്നെ കണ്ണ് കാണാത്തവർ എങ്ങനെയാണ് വണ്ടി ഓടിക്കുന്നത്?)

അപേക്ഷ കൊടുത്തു പത്തു മിനിറ്റിനുള്ളിൽ ലൈസൻസുമായി വീട്ടിൽ പോകാം. ഇനി ഏതെങ്കിലും കാരണവശാൽ പോസ്റ്റൽ ആയി അയച്ചു തരണമെങ്കിൽ അതിനു കവറും സ്റ്റാമ്പും ഒന്നും കൊടുക്കണ്ട അത് അപ്ലിക്കേഷൻ ഫീസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുംപൊതുവെ സായിപ്പന്മാർക്ക് മോട്ടോർ വെഹിക്കിൾ ഓഫീസിൽ പോകുന്നത് ഒരു താല്പര്യമില്ലാത്ത കാര്യമാണ്. ഏറ്റവും കാര്യക്ഷമതക്കുറവുള്ള ഓഫീസായി അവർ കാണുന്ന ഒരു പ്രസ്ഥാനവും ഇതാണ്.

പക്ഷെ നമ്മുടേത് അവരുമായി താരതമ്യം ചെയ്യുമ്പോൾ കാലത്തിനനുസരിച്ചു മാറേണ്ടതിന്റെ സമയം എപ്പോഴേ കഴിഞ്ഞു എന്ന് പറയാതിരിക്കാൻ വയ്യ.

Read More >>