ഇന്‍ഡിഗോ വിമാനയാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു; ഒരാള്‍ക്ക് പരിക്ക്

സംഭവത്തിന് കാരണക്കാരനായ യാത്രക്കാരനെ സി.ഐ.എസ്.എഫിന് കൈമാറി.

ഇന്‍ഡിഗോ വിമാനയാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു; ഒരാള്‍ക്ക് പരിക്ക്

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നതിനെത്തുടര്‍ന്ന് തൊട്ടടുത്തിരുന്ന യാത്രക്കാരന് വീണുപരിക്കേറ്റു. ഇന്ന് രാവിലെ 11ന് മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈസ് വിമാനത്തിലാണ് സംഭവം. മുംബൈയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ നടന്ന അസാധാരണ സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരനെതിരെ കേസെടുത്തു.

റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങുമ്പോള്‍ 12 സി സീറ്റിലിരുന്ന യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്ന് അപകടമുണ്ടാക്കിയത്. വാതില്‍ തുറന്നയുടന്‍ പാരച്യൂട്ടുകള്‍ മറിഞ്ഞുവീഴുകയും സഹയാത്രികന് പരുക്കേല്‍ക്കുകയുമായിരുന്നു.

സംഭവമുണ്ടായ ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ പൈലറ്റിനെ വിവരമറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. മൊത്തം 176 യാത്രക്കാരുണ്ടായത്. സംഭവത്തിന് കാരണക്കാരനായ യാത്രക്കാരനെ സി.ഐ.എസ്.എഫിന് കൈമാറി.