ഇന്ത്യന്‍ റെയില്‍വേ പുതിയ ഭക്ഷണനയം സ്വീകരിക്കുന്നു

7 വര്‍ഷം മുന്‍പ് സ്വീകരിച്ച രീതിയില്‍ മാറ്റം വരുത്തിയാണ് റെയില്‍വേ പുതിയ ഭക്ഷണനയത്തിന് ഒരുങ്ങുന്നത്.

ഇന്ത്യന്‍ റെയില്‍വേ പുതിയ ഭക്ഷണനയം സ്വീകരിക്കുന്നു

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണം വിശ്വാസത്തോടെ കഴിക്കാന്‍ ഇന്നും പലര്‍ക്കും മടിയാണ്. ഭക്ഷണത്തിന്റെ പഴക്കം, പാചകം ചെയ്യുന്ന സ്ഥലത്തിന്റെ ശുചിത്വം, അത് വിതരണം ചെയ്യുന്നവരുടെ വിശ്വാസ്യത എന്നിവയെല്ലാം റെയില്‍വേ വിളമ്പുന്ന ഭക്ഷണത്തിനോട് ഒരു അകല്‍ച്ചയുണ്ടാക്കാന്‍ ഇട വരുത്തുന്നുണ്ട്. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് 7 വര്‍ഷം മുന്‍പ് സ്വീകരിച്ച രീതിയില്‍ മാറ്റം വരുത്തി റെയില്‍വേ പുതിയ ഭക്ഷണനയത്തിന് ഒരുങ്ങുന്നത്.


പുതിയ കേറ്ററിംഗ് പോളിസി പ്രകാരം ട്രെയിനുകളില്‍ ഏതു തരം ഭക്ഷണം വിളമ്പണമെന്നു ഐആര്‍റ്റിസി റെയില്‍വേ ബോര്‍ഡ് എന്നിവരുമായി കൂടിയാലോചിക്കണം എന്നുള്ളതാണ് ഇതിലെ സുപ്രധാനമായ ഒരു നീക്കം.

പുതിയ ട്രെയിനുകളായ ഹംസഫര്‍ എക്പ്രസ്സും അന്ത്യോദയ എക്സ്പ്രസ്സും ഫ്ലാഗ് ഓഫ്‌ ചെയ്യുന്ന വേളയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചതാണ് ഇത്.

2010ല്‍ റെയിവേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി ട്രെയിനുകളിലെ കേറ്ററിംഗ് സര്‍വീസ് ചുമതലയില്‍ നിന്നും ഐആര്‍റ്റിസിയെ ഒഴിവാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.

  • ഇനി മുതല്‍ ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണം പാകം ചെയ്യുന്നതിന്റെയും അവ യാത്രക്കാര്‍ക്ക് എത്തിക്കുന്നത് വരെയുമുള്ള മേല്‍നോട്ടം ഐആര്‍റ്റിസിയ്ക്കായിരിക്കും. കൂടാതെ ഭക്ഷണമെനുവും അവയുടെ വിലയും നിര്‍ണ്ണയിക്കുന്നതില്‍ ഇവര്‍ക്കും തീരുമാനമെടുക്കാവുന്നതാണ്‌.

  • റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ 33 ശതമാനം വനിതാസംരംഭകര്‍ക്കായി അനുവദിക്കും. സാമൂഹികനീതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

  • കൂടാതെ റെയില്‍വേയുടെ കേറ്ററിംഗ് സര്‍വീസില്‍ കരാറുകാറെ കൂടാതെ ചെറുകിടവ്യവസായ സംരംഭ ഗ്രൂപ്പുകള്‍ക്കും തൊഴില്‍സാധ്യതകള്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.