വംശീയ വിദ്വേഷം; അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചു

'എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ' എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിര്‍ത്തത്.

വംശീയ വിദ്വേഷം; അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയര്‍ വെടിയേറ്റുമരിച്ചു. ശ്രീനിവാസ് കുചിഭോത്‌ല എന്ന 31കാരനാണ് കൻസാസിലെ ഒരു ബാറില്‍ വെടിയേറ്റുമരിച്ചത്. തന്റെ രാജ്യത്തുനിന്ന് പോകൂ എന്ന് ആക്രോശിച്ച് 51കാരനായ  മുന്‍ നേവി ഉദ്യോഗസ്ഥന്‍ ആദം പ്യൂരിറ്റനാണ് ശ്രീനിവാസിനെ വെടിവെച്ചത്. സംഭവത്തില്‍ ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മദാസിനിക്ക് പരിക്കേറ്റു.

ബുധനാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം ശ്രീനിവാസ് ബാറില്‍ ചെലവഴിക്കവേയാണ് അപ്രതീക്ഷിതമായി തോക്ക് പുറത്തെടുത്ത് 'എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ' എന്ന് ആക്രോശിച്ച്‌ ആദം വെടിയുതിര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് ഓടിരക്ഷപെട്ട ഇയാളെ പിന്നീട് മിസൗറിയില്‍ നിന്ന് പോലീസ് പിടികൂടി. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയിലാണ് ശ്രീനിവാസ് ജോലി ചെയ്യുന്നത്. ഭാര്യ സുനന്യ ദുമാലയും അമേരിക്കയിലാണ് ജോലി ചെയ്യുന്നത്.

സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശ്രീനിവാസിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.