ജീവിച്ചിരിക്കുമ്പോള്‍ നാട്ടിലെത്താന്‍ 300 ദിര്‍ഹം; മരിച്ചാല്‍ ഇത് 3000ത്തിലധികം!

മൃതദേഹത്തിന്എയർലൈൻ ടിക്കറ്റ് എടുക്കുകയാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ജീവിച്ചിരിക്കുമ്പോൾ നാട്ടിലെത്താൻ ഇപ്പോൾ ശരാശരി 300 ദിർഹം മതിയെങ്കിൽ മരിച്ചാൽ ചുരുങ്ങിയത് 3000ത്തിലധികം ദിർഹം വേണ്ടി വരും. തൂക്കി നോക്കിയാണ് ഇവിടെ കണക്ക്

ജീവിച്ചിരിക്കുമ്പോള്‍ നാട്ടിലെത്താന്‍ 300 ദിര്‍ഹം; മരിച്ചാല്‍ ഇത് 3000ത്തിലധികം!

കെ.എം.അബ്ബാസ്‌

സാധാരണക്കാരായ പ്രവാസികള്‍ ജീവിക്കുന്നതും മരിക്കുന്നതും ദുരിതത്തിലാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇനിയും പ്രവാസജീവിതത്തില്‍ സൗകര്യം വര്‍ധിപ്പിച്ചിട്ടില്ല എന്നുള്ളതാണ് അതിനു കാരണം. അഷ്‌റഫ് താമരശ്ശേരി അടക്കമുള്ള യുഎഇയിലെ സാമൂഹിക പ്രവർത്തകർ തദ്ദവസരത്തില്‍ പരക്കം പായുന്നത് ഇപ്പോള്‍ യുഎഎ മലയാളികള്‍ക്കിടയില്‍ പരിചിതമായ കാഴ്ചയാണ്.

ജീവിക്കുന്നതിനേക്കാള്‍ പരിതാപകരമാണ് പ്രവാസിയുടെ മരണം:മൃതദേഹത്തോട് ഇന്ത്യൻ ഭരണകൂടമോ നയതന്ത്ര കാര്യാലയങ്ങളോ വിമാനക്കമ്പനികളോ ചില സ്‌പോൺസർമാരോ യാതൊരു അനുഭാവവും കാണിക്കുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ഇപ്പോഴും എന്തൊരു പെടാപാടാണ്? നിര്‍ധനരുടെ മൃതദേഹം ദിവസങ്ങൾ എത്ര കഴിഞ്ഞാണ് നാട്ടിലെത്തിക്കാന്‍ കഴിയുന്നത്‌? നാട്ടിലെത്തിക്കാൻ വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ ഏറ്റെടുക്കാൻ ഉറ്റവർ മടിക്കുന്നു.

ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍:

പ്രവാസികളുടെ മരണം നയതന്ത്ര കാര്യാലയ പ്രതിനിധി സന്ദർശിച്ചു മരണം സാക്ഷ്യപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇതിന് മാത്രമായി ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആളെ നിയമിച്ചിട്ടില്ല. ദിവസം പത്തും പതിനഞ്ചും പേർ മരിക്കുന്ന യു എ ഇ, സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഈ സാക്ഷ്യപ്പെടുത്തല്‍ തന്നെ രണ്ടോ മൂന്നോ പേർക്കുള്ള പണിയുണ്ട്.

പല സ്ഥലങ്ങളിലായിരിക്കും മരണം എന്നുള്ളത് സ്വാഭാവികം. ഇവിടെയെല്ലാം പോയി മൃതദേഹം നാട്ടിലെത്തിക്കുന്നതു വരെയുള്ള നടപടിക്രമങ്ങളുടെ പിന്നാലെ കൂടണം. സ്ഥലത്തെ പോലീസ് സ്റ്റേഷൻ, ആംബുലൻസ്, മോർച്ചറി തുടങ്ങിവ സുപരിചിതമാകണം. ഇങ്ങനെയുള്ള നയതന്ത്ര കാര്യാലയങ്ങൾക്ക് സൗകര്യപ്രദം സാമൂഹിക പ്രവര്‍ത്തകരെ കാര്യങ്ങള്‍ ഏല്‍പ്പിക്കുകയെന്നതാണ്. ഇതിനെല്ലാം സാമൂഹിക പ്രവർത്തകർ സ്വന്തം പണം ഉപയോഗിച്ച് നെട്ടോട്ടമോടണം. കൂട്ടത്തിൽ ചിലപ്പോൾ ബന്ധുക്കളും ഉണ്ടാകുമെന്നു മാത്രം.

തൂക്കത്തിനാണ് ടിക്കറ്റ്:

മൃതദേഹത്തിന്എയർലൈൻ ടിക്കറ്റ് എടുക്കുകയാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ജീവിച്ചിരിക്കുമ്പോൾ നാട്ടിലെത്താൻ ഇപ്പോൾ ശരാശരി 300 ദിർഹം മതിയെങ്കിൽ മരിച്ചാൽ ചുരുങ്ങിയത് 3000ത്തിലധികം ദിർഹം വേണ്ടി വരും. തൂക്കി നോക്കിയാണ് ഇവിടെ കണക്ക്.

എയർ അറേബ്യ, എയർ ഇന്ത്യ എന്നിവയാണ് മൃതദേഹങ്ങള്‍ ഷാർജയിൽ നിന്നു കൊണ്ടു പോകാൻ തയാറാകുന്നത്. ദുബൈയിൽ നിന്ന് സ്‌പൈസ്, ജെറ്റ് എയർവേസ് എന്നിവയും ഈ സൗകര്യം നല്‍കുന്നുണ്ട്. ഷാർജയിൽ നിന്നാണെങ്കിൽ എയർ അറേബ്യ കിലോക്ക് 8.5 ദിർഹം ഈടാക്കും. എയർ ഇന്ത്യ 18 ദിർഹം. കാർഗോ വിഭാഗമാണ് തൂക്കി നോക്കുക. ശവപ്പെട്ടി അടക്കം സാധാരണ 130 കിലോ വരും. കൂടെ പോകുന്നത് ഒന്നിലധികം ആളാണെങ്കിൽ 5000 ദിർഹത്തോളം ആകും. സ്‌പൈസ് ജെറ്റ് 1,700 ദിർഹത്തിനു കൊണ്ടുപോകാൻ തയാറാകാറുണ്ടെന്നു അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. കുറഞ്ഞത് 100 കിലോ എന്നതാണ് കാർഗോയുടെ കീഴ്‌വഴക്കം. ഇതെല്ലാം സാമൂഹിക പ്രവർത്തകരോ സന്നദ്ധ സംഘടനകളോ വഹിക്കണം.

ദരിദ്രനാണെന്ന് തെളിഞ്ഞാൽ നയതന്ത്ര കാര്യാലയം പിന്നീട് ഈ പണം അനുവദിക്കും. എന്നിരുന്നാലും കുറച്ചു ദിവസങ്ങള്‍ കാത്തിരിക്കണം. 100ഓളം മൃതദേഹം പോകുന്നതിൽ ശരാശരി അഞ്ചു പേരുടെ മൃതദേഹത്തെയാണ് നയതന്ത്ര കാര്യാലയം 'സ്‌പോൺസർ' ചെയ്യുക. കഴിഞ്ഞ മാസം അജ്മാനിൽ മരിച്ചവരുടെ മൃതദേഹം ഒരു സംഘടന പിരിവെടുത്താണ് അയച്ചത്. സ്‌പോൺസർ കൈയൊഴിഞ്ഞു പാക്കിസ്ഥാൻ സ്വദേശികൾ മരിച്ചാൽ അവരുടെ സ്വകാര്യ വിമാനങ്ങൾ അടക്കം സൗജന്യമായി കൊണ്ടു പോകുന്നുവത്രെ.

ഒമാനിൽ ഐ സി എഫ്, കെ എം സി സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രവർത്തനം നടത്തുന്നുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽനിന്ന് സഹായമുണ്ട്. പക്ഷേ, ഇന്ത്യക്കാർ മരിച്ചാൽ, ഏത് രാജ്യത്തായാലും മൃതദേഹം നാട്ടിലെത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്. അവരാണ് എല്ലാത്തിനും മുൻകൈയെടുക്കേണ്ടത്.

സ്‌പോൺസർക്ക് സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. സാമൂഹിക പ്രവർത്തകരുടെ തലയിൽ ഭാരം കെട്ടിവെക്കുകയല്ല വേണ്ടത്. അതിന് നയതന്ത്ര കാര്യാലയങ്ങളിൽ സൗകര്യം വേണം.

മൃതദേഹത്തിന്റെ കൂടെ ഒന്നോ രണ്ടോ ആളുകൾ നാട്ടിലേക്ക് പോകാറുണ്ട്. അവർ ലഗേജുകൾ കൊണ്ടു പോകാറില്ല. ഒരാൾക്ക് 30 കിലോ വരെ അനുവദനീയം. ആ നിലയിൽ രണ്ടു പേരുണ്ടെങ്കിൽ 60 കിലോ ആയി. മൃതദേഹം തൂക്കുമ്പോൾ ആ 60 കിലോ ലഗേജ് കുറച്ചു കൊടുത്താൽ അത്രയെങ്കിലുമായി. പക്ഷേ എയർ ലൈനറുകൾ അതിന് ഒരുക്കമല്ല.

പാകിസ്ഥാന്‍ പ്രവാസികളുടെ കാര്യത്തില്‍ അവരുടെ സർക്കാരാണ് ഈ ചെലവുകള്‍ വഹിക്കുന്നത്. മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നത് സൗജന്യമാക്കുമെന്ന് കേന്ദ്ര ഭരണകൂടം പല പ്രവാസി ഭാരതീയ ദിവസുകളിൽ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് വരെ അത് യാഥാർഥ്യമായില്ല. നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. നിലവിലെ കേന്ദ്രഭരണകൂട നിർദേശം അനുസരിച്ചു മാത്രമേ അവർക്ക് പ്രവർത്തിക്കാൻ കഴിയൂ.

മൃതദേഹങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ പലപ്പോഴും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നതായി കണ്ടുവരുന്നു. 24 മണിക്കൂറും ജാഗ്രത കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അവർ 'ഔട്പാസ്' രാത്രി വീട്ടിൽ നിന്ന് പോലും സ്റ്റാമ്പ് ചെയ്തു നൽകും. പക്ഷേ മൃതദേഹപരിപാലനം പൂർണമായി ഏറ്റെടുക്കാറില്ല. അങ്ങിനെയൊരു കീഴ്‌വഴക്കം കേന്ദ്രം നിർദേശിച്ചിട്ടില്ല എന്നുള്ളതാണ് കാരണം.

അതിനാല്‍ ഒരു സുഹൃത്തോ ബന്ധുവോ പരിചയമില്ലാത്തവരോ മരണപ്പെടുമ്പോള്‍ പരക്കം പായേണ്ടതും പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെലവുകള്‍ വഹിക്കേണ്ടത്‌ സാമൂഹികപ്രവർത്തകരുടെ ഉത്തരവാദിത്തമായി മാറുന്നു.

Story by