2016ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്‌ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

പ്രശ്‌നബാധിത രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, സിറിയ, പാക്കിസ്താന്‍ എന്നിവയെക്കാള്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഇന്ത്യയിലാണ് നടന്നതെന്ന് എന്‍ബിഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു.

2016ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍  നടന്നത്‌ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ബോംബ് ഡാറ്റ സെന്ററാണ് (എന്‍ബിഡിസി) ഈ വിവരം പുറത്തുവിട്ടത്. ഇക്കാലയളവില്‍ രാജ്യത്ത് 406 ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. പ്രശ്‌നബാധിത രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, സിറിയ, പാക്കിസ്താന്‍ എന്നിവയെക്കാള്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഇന്ത്യയിലാണ് നടന്നതെന്ന് എന്‍ബിഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു.

ജമ്മു കശ്മീരില്‍ മാത്രം 121 സ്‌ഫോടനങ്ങളാണ് നടന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ഇറാഖില്‍ ഇക്കാലയളവില്‍ 221 ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. എന്‍എസ്ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജന്‍സിയാണ് എന്‍ബിഡിസി. അയല്‍രാജ്യമായ പാക്കിസ്താനില്‍ 161, അഫ്ഗാനിസ്ഥാനില്‍ 132, തുര്‍ക്കിയില്‍ 92, തായ്‌ലന്റില്‍ 71, ദക്ഷിണാഫ്രിക്കയില്‍ 63, സിറിയയില്‍ 56, ഈജിപ്തില്‍ 42, ബംഗ്ലാദേശില്‍ 29 എന്നിങ്ങനെയാണ് 2016ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ എണ്ണം.


406 ബോംബ് സ്‌ഫോടനങ്ങളില്‍ 337 എണ്ണത്തിലും വീര്യം കൂടിയ ബോംബാണ് ഉപയോഗിച്ചതെങ്കില്‍ 69 എണ്ണത്തില്‍ സ്‌ഫോടകശേഷി കുറഞ്ഞ ബോംബാണ് ഉപയോഗിച്ചിട്ടുള്ളത്. അതേസമയം ബോംബ് സ്‌ഫോടനങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും അതിനനുസരിച്ച് രാജ്യത്ത് ആളപായങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. തീവ്രവാദ ആക്രമണങ്ങളും ആഭ്യന്തര യുദ്ധങ്ങളും നടക്കുന്ന രാജ്യങ്ങളിലെ ആളപായത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.