പൊലീസിന് എന്താ പൂജയില്‍ കാര്യം? ദൈവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍: ക്ഷേത്രങ്ങളിലെ അനാചാരത്തിന് സല്യൂട്ടടിച്ച് പൊലീസും ദേവസ്വവും!

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദൈവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന അനാചാരം. കഴിഞ്ഞ ദിവസം എറണാകുളത്തപ്പനാണ് അവസാനമായി ഔദ്യോഗിക ആദരവ് നല്‍കിയത്. വിശദീകരണം ചോദിച്ചപ്പോള്‍ പൊലീസ് മേധാവിയും ദേവസ്വം പ്രസിഡന്റും ഉരുണ്ടുകളിക്കുന്നു- സര്‍ക്കാര്‍ സംവിധാനത്തെ ക്ഷേത്രത്തില്‍ പൂജാകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നു.

പൊലീസിന് എന്താ പൂജയില്‍ കാര്യം? ദൈവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍: ക്ഷേത്രങ്ങളിലെ അനാചാരത്തിന് സല്യൂട്ടടിച്ച് പൊലീസും ദേവസ്വവും!

ജനങ്ങളെ സേവിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് പൊലീസെന്നാണ് നമ്മുടെയൊക്കെ അറിവ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ പൊലീസിനെക്കൊണ്ട് ഭഗവാനും ഭഗവതിക്കും സല്യൂട്ട് ചെയ്യുന്ന ഏര്‍പ്പാടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ജനങ്ങളെ സേവിക്കുന്ന ജോലിക്ക് നിയുക്തരായ പൊലീസുകാരെയാണ് ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആരാധന ചടങ്ങുകളുടെ ഭാഗമാക്കുന്നത്. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും ഈ ഏര്‍പ്പാട് നടക്കുന്നുണ്ട്.


എറണാകുളം ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഉത്സവത്തിലാണ് പൊലീസുകാരെക്കൊണ്ട് അവസാനമായി ദൈവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുപ്പിച്ചത്. രാജഭരണകാലം തൊട്ടു നടന്നുവരുന്ന രീതിയാണത്രേ ഇത്. എന്നാല്‍ രാജ്യത്ത് ജനാധിപത്യം വന്നതൊന്നും ഇതിനു പിന്നിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനം ഒരു പ്രത്യേക മതത്തിന്റെ ചടങ്ങുകള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെ കാര്യമായ എതിര്‍പ്പുകളും ഉണ്ടാകുന്നില്ലെന്നതാണു കൗതുകം.

എറണാകുളം ജില്ലയില്‍ത്തന്നെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും പൊലീസുകാരെക്കൊണ്ട് ഇത്തരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ചെയ്യിക്കുന്നുണ്ട്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്ന മതേതരമായ പൊലീസ് സംവിധാനം ഉപയോഗിച്ചാണ് ഇതു നടത്തുന്നതെന്നത് സംഭവത്തെ ഗൗരവതരമാക്കുന്നു. രാജഭരണകാലത്ത് രാജാക്കന്‍മാര്‍ പൊലീസുകാരെ ഉപയോഗിച്ചു നടത്തിവന്ന മതാചാരമാണു ജനാധിപത്യ സംവിധാനത്തിലും യാതൊരു പുനര്‍ചിന്തനവുമില്ലാതെ തുടരുന്നത്.

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രമടക്കം കേരളത്തിലെ പ്രമുഖങ്ങളായ പല ക്ഷേത്രങ്ങളിലും ദൈവത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്നുണ്ട്. ഇതു രാജഭരണകാലത്ത് തുടങ്ങിയ മതാചാരം തുടരുന്നതിനാല്‍ സംഭവിച്ചതാണ്. നിലവിലുള്ള ആചാരങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചത്.

പലരും അനാചാരങ്ങളാണെന്നു മനസിലാക്കിത്തന്നെയാണു പല ആചാരങ്ങളും ചെയ്യുന്നത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടു പരാതികള്‍ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെട്ട് ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നൂറുകണക്കിനു പൊലീസുകാരെ വിന്യസിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ശബരിമലയില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതും മതാചാരങ്ങള്‍ക്കു പൊലീസുകാരെ ഉപയോഗിക്കുന്നതും എങ്ങനെ തുല്യമാകുമെന്ന ചോദ്യം ഉയരുന്നു.

കാലാകാലങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണു പൊലീസുകാരെ ക്ഷേത്രങ്ങളിലേക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിനു നിയോഗിക്കുന്നതെന്ന് കൊച്ചി ഐജി പി വിജയന്‍ പറഞ്ഞു. ഹിന്ദു മതവിശ്വാസികളായ പൊലീസുകാരെ മാത്രമല്ല ഈ ചടങ്ങിന് അയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ ഇതിനു പോകാന്‍ തയ്യാറല്ലാത്തവരെ ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ചടങ്ങുകള്‍ക്കു പൊലീസുകാരെ ഉപയോഗിക്കുന്നതിലെ അനൗചിത്യം പോലെ തന്നെയാണ് ഇതര മതത്തില്‍പ്പെട്ട പൊലീസുകാരെ ഹൈന്ദവാചാരം അനുഷ്ഠിക്കുന്നതിനു നിയോഗിക്കുന്നതും. ഔദ്യോഗിക ജോലി നിര്‍വഹിക്കുന്നതിനാലാണ് പല പൊലീസുകാരും ഇക്കാര്യത്തില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതെന്നു കരുതാം.

Read More >>