കുടിയേറ്റക്കാരേയും ട്രംപിനേയും കൈവിടാതെ വാറൻ ബഫറ്റ്

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ജനങ്ങൾക്ക് ട്രംപിനോട് വിയോജിക്കാമെങ്കിലും പ്രസിഡന്റ് എല്ലാവരുടേയും ബഹുമാനം അർഹിക്കുന്നു എന്നായിരുന്നു.

കുടിയേറ്റക്കാരേയും ട്രംപിനേയും കൈവിടാതെ വാറൻ ബഫറ്റ്

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിശയകരമായ നേട്ടങ്ങൾ തന്നവരാണ് കുടിയേറ്റക്കാരെന്ന്‌
നിക്ഷേപകനും കോടീശ്വരനുമായ വാറൻ ബഫറ്റ്. സ്വന്തം നാടിനെ ഉപേക്ഷിച്ച് അമേരിക്കയിലേയ്ക്ക് വരാനുള്ള മനോബലം കാണിച്ചവർക്കും അമേരിക്കയുടെ വളർച്ചയിൽ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“240 വർഷങ്ങൾക്ക് മുമ്പുതൊട്ടേ അമേരിക്കക്കാർക്ക് ഏകീകരിച്ച മാനുഷികഗുണങ്ങളും വിപണിയും പ്രതിഭാധനരും ഉൽസാഹികളുമായ കുടിയേറ്റക്കാരുടെ ഒഴുക്കും, സ്വപ്നങ്ങൾക്കപ്പുറമുള്ള സമൃദ്ധി നേടാനുള്ള നിയമവും ഉണ്ടായിരുന്നു,” ബെർക്ക്ഷെയർ ഹാതവേ ഇൻകിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ബഫറ്റ് ഷെയർ ഹോല്ഡർമാർക്ക് അയക്കാറുള്ള വാർഷിക കത്തിൽ പറഞ്ഞു.


പ്രസിഡന്റ് ട്രംപിന്റെ പേര് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. എന്നാൽ, അമേരിക്കയുടെ വിപണിയെ ഫലപ്രദമായി നയിക്കുന്ന മൂലധനവും ബുദ്ധിയും മനുഷ്യശേഷിയും എന്ന് പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ഹിലരി ക്ലിന്റണെ പിന്തുണച്ച ആളാണെങ്കിലും ഒരു ബിസിനസ്സുകാരൻ എന്ന നിലയ്ക്ക് എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ബഫറ്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിനെതിരായി വിമർശനങ്ങൾ അഴിച്ചു വിട്ടിരുന്നു അദ്ദേഹം. എന്നാൽ തെരഞ്ഞെടുപ്പ് അവസാനിക്കാറായതോടെ വാക്കുകൾക്ക് മയം വരുത്തി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് 'ജനങ്ങൾക്ക് ട്രംപിനോട് വിയോജിക്കാമെങ്കിലും പ്രസിഡന്റ് എല്ലാവരുടേയും ബഹുമാനം അർഹിക്കുന്നു' എന്നായിരുന്നു.